രോഹിണി-രൂപ പോര് ഏറ്റുപിടിച്ച് ഫാന്‍സും, പേരുകേട്ട ഉദ്യോഗസ്ഥരുടെ 'കലിപ്പിന്റെ' നാള്‍വഴി


By അഫീഫ് മുസ്തഫ

8 min read
Read later
Print
Share

രൂപയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച രോഹിണി, അവര്‍ക്ക് മാനസികപ്രശ്‌നമാണെന്നും ആരോപിച്ചു. താന്‍ ചിത്രങ്ങള്‍ പങ്കുവെച്ച ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടാനും രോഹിണി രൂപയെ വെല്ലുവിളിച്ചു.

ഡി.രൂപ, രോഹിണി സിന്ദൂരി | Photo: Instagram

ന്നത ഉദ്യോഗസ്ഥരായ രണ്ട് സ്ത്രീകളുടെ വാക്‌പോര്. അത് പരിധിവിട്ട് പരസ്പരം ചെളിവാരിയെറിയുന്നനിലയിലേക്ക് കടന്നതോടെ സര്‍ക്കാര്‍ തന്നെ മൂക്കുകയറിട്ടു
. പക്ഷേ, ദിവസങ്ങള്‍ പിന്നിട്ടിട്ടും കര്‍ണാടകത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥയായ രൂപയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിലുള്ള പോരിന് ശമനമില്ല. രണ്ടുപേരുടെ പിന്നിലും 'ഫാന്‍സ് അസോസിയേഷനുകളും' അണിനിരന്നതോടെ ഐ.എ.എസ്, ഐ.പി.എസ് പോര് അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ രൂപ ഐ.പി.എസിനെതിരേ അപകീര്‍ത്തി കേസ് ഫയല്‍ചെയ്തിരിക്കുകയാണ് രോഹിണി. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രോഹിണി കോടതിയെ സമീപിച്ചിരിക്കുന്നത്. രോഹിണിയുടെ ഹര്‍ജി മാര്‍ച്ച് മൂന്നിന് കോടതി പരിഗണിക്കും.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തുടക്കം, പിന്നെ കണ്ടത്...

കര്‍ണാടകത്തിലെ ദേവസ്വം കമ്മിഷണറായിരുന്ന രോഹിണി സിന്ദൂരിക്കെതിരേ കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡി.യായ ഡി.രൂപ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതാണ് പരസ്യവാക്‌പോരിന്റെ തുടക്കം. ജെ.ഡി.എസ്. എം.എല്‍.എ.യായ സാരാ മഹേഷും രോഹിണിയും ഒരു റെസ്‌റ്റോറന്റിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെ ഈ ചിത്രം സഹിതമാണ് രൂപ ആരോപണകെട്ടഴിച്ചത്. രോഹിണി സിന്ദൂരി നേരത്തെ മൈസൂരു ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സമയത്ത് സാരാ മഹേഷ് എം.എല്‍.എ.യുമായി പലതവണ 'ഏറ്റുമുട്ടിയിരുന്നു'.

രോഹിണിക്കെതിരേ ഒട്ടേറേ അഴിമതി ആരോപണങ്ങളാണ് എം.എല്‍.എ. ഉന്നയിച്ചിരുന്നത്. ഇതിനിടെ, കനാല്‍ കയ്യേറിയാണ് എം.എല്‍.എ. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചതെന്ന രോഹിണിയുടെ ആരോപണവും വലിയ വിവാദത്തിനിടയാക്കി. ഇതോടെ രോഹിണിക്കെതിരേ സാരാ മഹേഷ് അപകീര്‍ത്തി കേസ് ഉള്‍പ്പെടെ ഫയല്‍ചെയ്തു.

എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം എം.എല്‍.എയും രോഹിണിയും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നതില്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചാണ് രൂപ ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയത്. എം.എല്‍.എയുമായി രോഹിണി അനുരഞ്ജനത്തില്‍ എത്തിയോ എന്നായിരുന്നു രൂപയുടെ ചോദ്യം. മാത്രമല്ല, അഴിമതി ഉള്‍പ്പെടെ ഇരുപതോളം ആരോപണങ്ങളും രോഹിണിക്കെതിരേ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ രോഹിണിയുടെ ചില സ്വകാര്യചിത്രങ്ങളും രൂപ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു.

രോഹിണി സിന്ദൂരി മൂന്ന് പുരുഷ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയതാണെന്ന് അവകാശപ്പെട്ടാണ് അവരുടെ ചില സ്വകാര്യചിത്രങ്ങള്‍ രൂപ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ രോഹിണിയും പരസ്യപ്രതികരണവുമായി രംഗത്തെത്തി.

രൂപയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച രോഹിണി, അവര്‍ക്ക് മാനസികപ്രശ്‌നമാണെന്നും ആരോപിച്ചു. താന്‍ ചിത്രങ്ങള്‍ പങ്കുവെച്ച ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടാനും രോഹിണി രൂപയെ വെല്ലുവിളിച്ചു. ഇതോടെ അടുത്ത പോസ്റ്റുമായി വീണ്ടും രൂപ ഫെയ്‌സ്ബുക്കിലെത്തി. ഇത്തവണ എല്ലാ പരിധിയും കടന്നുള്ള ആരോപണമാണ് രൂപ ഉന്നയിച്ചത്. രോഹിണി സിന്ദൂരിയുടെ വാട്‌സാപ്പ് നമ്പറില്‍നിന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചെന്നായിരുന്നു രൂപയുടെ ആരോപണം. അയച്ച ചിത്രങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്നും ഒരു സ്‌ക്രീന്‍ഷോട്ട് സഹിതം രൂപ ആരോപിച്ചിരുന്നു.

ഇടപെട്ട് സര്‍ക്കാര്‍, സ്ഥലംമാറ്റം...

ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പോര് അതിരുവിട്ടതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ഇരുവര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കി. പിന്നാലെ ചീഫ് സെക്രട്ടറി രണ്ട് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി വിശദീകരണം തേടി. എന്നാല്‍ ചീഫ് സെക്രട്ടറിക്ക് മുന്നിലും ഇരുവരും തങ്ങളുടെ ആരോപണങ്ങളും പരാതികളും ആവര്‍ത്തിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടുപേരെയും സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പുതിയ ചുമതലകളൊന്നും നല്‍കാതെയാണ് രണ്ട് ഉദ്യോഗസ്ഥരെയും തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റിയത്. പരസ്യപ്രതികരണവും വിലക്കിയിരുന്നു. രൂപയുടെ ഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ മുനീഷ് മൗദ്ഗിലിനും സ്ഥലംമാറ്റമുണ്ടായി. പക്ഷേ, സര്‍ക്കാര്‍ നടപടിയുണ്ടായിട്ടും ഐ.എ.എസ് ഐ.പി.എസ് പോര് അവസാനിച്ചില്ല.

ഫോണ്‍സംഭാഷണം, പിന്നാലെ കേസും

രൂപയും വിവരാവകാശ പ്രവര്‍ത്തകനും തമ്മിലുള്ള ഒരു ഫോണ്‍സംഭാഷണമാണ് അടുത്തഘട്ടത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. രോഹിണിക്കെതിരേയുള്ള ആരോപണങ്ങളായിരുന്നു ഈ സംഭാഷണത്തിലും നിറഞ്ഞുനിന്നിരുന്നത്. രോഹിണിയുടെ കുടുംബത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കായി തന്റെ ഭര്‍ത്താവിന്റെ ഓഫീസില്‍നിന്ന് ചില രേഖകള്‍ സ്വന്തമാക്കിയെന്നും രോഹിണിയാണ് ഇതെല്ലാം ഓഫീസില്‍നിന്ന് ശേഖരിച്ചതെന്നുമായിരുന്നു പ്രധാന ആരോപണം. രോഹിണി കാരണം തന്റെ കുടുംബത്തിലും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നും രൂപ പറഞ്ഞിരുന്നു.

പരസ്യപ്രതികരണം പാടില്ലെന്ന് ഇരുവരോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ നിര്‍ദേശമൊന്നും രണ്ട് ഉദ്യോഗസ്ഥരും ഗൗനിച്ചില്ല. ഇതിനിടെ, രൂപയ്‌ക്കെതിരേ രോഹിണിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. രോഹിണിയുടെ ഫോണ്‍ ഹാക്ക് ചെയ്‌തെന്നടക്കം സംശയമുണ്ടെന്നായിരുന്നു ഭര്‍ത്താവ് സുധീര്‍ റെഡ്ഡിയുടെ പ്രതികരണം. രൂപയ്‌ക്കെതിരേ രോഹിണി സിന്ദൂരി മാനനഷ്ടത്തിന് നോട്ടീസും അയച്ചു. 24 മണിക്കൂറിനകം പരസ്യമായി മാപ്പ് പറയണമെന്നും ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു രോഹിണിയുടെ നോട്ടീസിലെ ആവശ്യം. എന്നാല്‍ ഈ നോട്ടീസിന് മറുപടി പോലും നല്‍കാതിരുന്ന രൂപ, വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.

രോഹിണി സിന്ദൂരിക്കെതിരേ താന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളിലാണ് മാധ്യമങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു രൂപയുടെ അഭ്യര്‍ഥന. ഇതിനൊപ്പം കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ചില ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ മരണങ്ങളും പരാമര്‍ശിച്ചിരുന്നു. താനും തന്റെ ഭര്‍ത്താവും ഇപ്പോഴും ഒരുമിച്ചാണെന്നും ദയവായി ഊഹാപോഹങ്ങള്‍ പടച്ചുവിടരുതെന്നും രൂപ പറഞ്ഞു. രോഹിണിക്കെതിരേ അഴിമതി ആരോപിച്ച് നല്‍കിയ പരാതികളുടെ പകര്‍പ്പും മറ്റുചില വാര്‍ത്തകളുടെ വിവരങ്ങളുമാണ് രൂപ പിന്നീട് പങ്കുവെച്ചത്. മൈസൂരു അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗസ്റ്റ്ഹൗസില്‍നിന്ന് ഇരുപതോളം സാധനങ്ങള്‍ നഷ്ടപ്പെട്ടതിന്റെയും കോവിഡ് മരണങ്ങളിലെ കണക്കുകളില്‍ കൃത്രിമം കാട്ടിയെന്ന ആരോപണങ്ങളുടെയും വാര്‍ത്താലിങ്കുകളായിരുന്നു ഇവയെല്ലാം. ഈ വിഷയങ്ങളിലെല്ലാം ആരോപണവിധേയയായിരുന്നത് രോഹിണി സിന്ദൂരിയായിരുന്നു.

രൂപയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് രോഹിണി സിന്ദൂരി അപകീര്‍ത്തിക്കേസുമായി കോടതിയെ സമീപിച്ചത്. നേരത്തെ രൂപയ്ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ ഉന്നയിച്ച അതേകാര്യങ്ങളാണ് കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയിലും ആരോപിക്കുന്നത്.

തുണി സഞ്ചിയിലെ അഴിമതി...രോഹിണിക്കെതിരായ ആരോപണങ്ങള്‍...

മൈസൂരു അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്(എ.ടി.ഐ)ഗസ്റ്റ്ഹൗസില്‍നിന്ന് ഇരുപതോളം സാധനങ്ങള്‍ കാണാതായതും തുണിസഞ്ചികള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന റിപ്പോര്‍ട്ടുകളുമാണ് ഏറ്റവുമൊടുവില്‍ രോഹിണിക്കെതിരേ രൂപ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മൈസൂരു ഡി.സി. ആയിരിക്കെ തുണിസഞ്ചികള്‍ വാങ്ങിയതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു രോഹിണിക്കെതിരായ പ്രധാന ആരോപണം. ഈ ആരോപണത്തില്‍ അന്വേഷണം നടത്തിയ സര്‍ക്കാര്‍ സമിതിയാണ് രോഹിണി വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഒന്നിന് 52 രൂപ നിരക്കിലാണ് 14 ലക്ഷത്തോളം സഞ്ചികള്‍ വാങ്ങാന്‍ രോഹിണി അനുമതി നല്‍കിയതെന്നായിരുന്നു പരാതിയിലെ ആരോപണം. ഇതേനിലവാരമുള്ള സഞ്ചികള്‍ 10 രൂപയ്ക്കും 13 രൂപയ്ക്കും വിപണിയില്‍ ലഭ്യമായിരിക്കെയാണ് ഇത്രയും വലിയ തുക നല്‍കി ഇവ വാങ്ങിയതെന്നും ഇതിനായി ഏഴുകോടിയോളം രൂപ ചെലവഴിച്ചെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഗസ്റ്റ് ഹൗസിലെ 'മോഷണം'

മൈസൂരു ഡി.സി. ആയിരിക്കെ 2020 ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ 14 വരെയാണ് രോഹിണിയും കുടുംബവും എ.ടി.ഐ. ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. തുടര്‍ന്ന് ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയെങ്കിലും ഇതിനുപിന്നാലെ ഏതാനുംസാധനങ്ങള്‍ ഗസ്റ്റ്ഹൗസില്‍നിന്ന് കാണാതായെന്നാണ് പരാതി ഉയര്‍ന്നിരുന്നത്. എ.ടി.ഐ. ജോയിന്റ് ഡയറക്ടര്‍ ഇതുസംബന്ധിച്ച് രോഹിണിക്ക് നല്‍കിയ കത്തും പുറത്തുവന്നിരുന്നു.

ഡി.സി.യും കുടുംബവും താമസം മാറിയതിന് പിന്നാലെ ഗസ്റ്റ് ഹൗസില്‍നിന്ന് ടെലഫോണ്‍ മേശകള്‍, ഹാംഗറുകള്‍, കസേരകള്‍, സ്റ്റൂളുകള്‍, മൈക്രോവേവ് ഓവന്‍, കട്ടില്‍, കിടക്ക, യോഗ മാറ്റ്, സ്റ്റീല്‍ ജഗ്ഗുകള്‍ തുടങ്ങിയ 20 സാധനങ്ങള്‍ കാണാതായെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. വീട് മാറുന്നതിനിടെ ഈ സാധനങ്ങള്‍ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയിരിക്കാമെന്നും അങ്ങനെയാണെങ്കില്‍ ഇവയെല്ലാം തിരികെ ഏല്‍പ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇനി സാധനങ്ങള്‍ വീട്ടില്‍ ഇല്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി മറുപടി നല്‍കണമെന്നും ജോയിന്റ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചിരുന്നു.

ആരാണ് രൂപയും രോഹിണിയും....

രൂപ ഐ.പി.എസ്, ആദ്യ വനിത ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി...

കര്‍ണാടകത്തിലെ ആദ്യ വനിതാ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡി.രൂപ ഐ.പി.എസ്. നേരത്തെയും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. കര്‍ണാടകത്തിലെ ദാവന്‍ഗരിയിലായിരുന്നു ദിവാകര്‍ രൂപ എന്ന ഡി.രൂപയുടെ ജനനം. അച്ഛന്‍ ജെ.എസ്. ദിവാകര്‍ റിട്ട. ടെലികോം എന്‍ജിനീയര്‍. അമ്മ ഹേമാവതി റിട്ട. തപാല്‍വകുപ്പ് ജീവനക്കാരിയും. ഏകസഹോദരി രോഹിണി ദിവാകര്‍ ഐ.ആര്‍.എസ്. ഉദ്യോഗസ്ഥയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥനായ മുനീഷ് മൗദ്ഗിലാണ് ഭര്‍ത്താവ്. രൂപമുനീഷ് ദമ്പതിമാര്‍ക്ക് രണ്ട് മക്കളുമുണ്ട്.

സ്‌കൂള്‍ പഠനകാലം തൊട്ട് പഠനപാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്ന രൂപ ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ ഏറ്റവും മികച്ച എന്‍.സി.സി. കേഡറ്റിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. കുവെംപു സര്‍വകലാശാലയില്‍നിന്ന് സ്വര്‍ണ മെഡലയോടെയാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ശേഷം ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും നേടി.

സംഗീതത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന രൂപ, കന്നഡ സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഭരതനാട്യം നര്‍ത്തകി കൂടിയാണ്. കോളേജ് പഠനകാലത്ത് മിസ് ദാവന്‍ഗരി പട്ടവും നേടി.

2000ല്‍ ഓള്‍ഇന്ത്യാ തലത്തില്‍ 43ാം റാങ്ക് നേടിയാണ് രൂപ സിവില്‍സര്‍വീസിലെത്തുന്നത്. ഐ.പി.എസ്. തിരഞ്ഞെടുത്ത രൂപ കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചു. ധര്‍വാഡ്, ഗദക്‌സ ബിദര്‍, യാദ്ഗിര്‍ ജില്ലകളിലാണ് എസ്.പി.യായി ജോലിചെയ്തത്.

2004ല്‍ ധര്‍വാഡ് എസ്.പി.യായിരിക്കെ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാ ഭാരതിയെ അറസ്റ്റ് ചെയ്തതോടെയാണ് രൂപ ഐ.പി.എസ് എന്ന പേര് രാജ്യമറിഞ്ഞത്. 1994ല്‍ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്തിലുണ്ടായ ലഹളയുമായി ബന്ധപ്പെട്ട കേസിലാണ് ഉമാ ഭാരതിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഉമാ ഭാരതിക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതോടെ അവരെ അറസ്റ്റ് ചെയ്യാനുള്ള ചുമതല രൂപ ഐ.പി.എസിനെയായിരുന്നു.

വിവിധ ജില്ലകളില്‍ പോലീസ് സൂപ്രണ്ടായ ശേഷം രൂപ ബെംഗളൂരു ഡി.സി.പി.യായി. ഇക്കാലയളവിലാണ് വി.ഐ.പി. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാരുടെ എണ്ണം കുറച്ച് വീണ്ടും ശ്രദ്ധനേടിയത്. മുന്‍മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരുടെ സുരക്ഷാസംഘത്തിലുണ്ടായിരുന്ന പോലീസുകാരുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. ഈ തീരുമാനത്തിനെതിരേ രാഷ്ട്രീയനേതാക്കളില്‍നിന്ന് വലിയ എതിര്‍പ്പും നേരിടേണ്ടിവന്നു.

2017ല്‍ ജയില്‍ ഡി.ഐ.ജി.യായി ചുമതലയേറ്റതിന് പിന്നാലെയാണ് രൂപ വീണ്ടും വാര്‍ത്തകളിലിടം നേടിയത്. പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന വി.കെ. ശശികലയ്ക്ക് വി.ഐ.പി. പരിഗണന ലഭിക്കുന്നുവെന്ന രൂപയുടെ റിപ്പോര്‍ട്ട് വന്‍വിവാദത്തിനിടയാക്കി. മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ ഈ റിപ്പോര്‍ട്ടില്‍ കുടുങ്ങി. ഇതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി നടത്തുകയും ചെയ്തു.

പിന്നീട് ഐ.ജി.യായിരിക്കെയും രൂപ ഉള്‍പ്പെട്ട വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം എ.സി.പി.യായിരുന്ന ഹേമന്ത് നിംബാല്‍ക്കറും രൂപയും തമ്മില്‍ 2020ലാണ് രൂക്ഷമായ വാക്‌പോരുണ്ടായത്. സേഫ് സിറ്റി പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളെച്ചൊല്ലിയായിരുന്നു വിവാദം.

2017 വരെയുള്ള 17 വര്‍ഷത്തെ സര്‍വീസ് കാലയളവിനുള്ളില്‍ 41 തവണയാണ് രൂപ ഐ.പി.എസിന് സ്ഥലംമാറ്റം കിട്ടിയത്. ഏറ്റവുമൊടുവില്‍ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡി.യായിരുന്നു രൂപയുടെ നിയമനം. ഇതിനിടെ, 2016ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും രൂപയ്ക്ക് ലഭിച്ചിരുന്നു.

രോഹിണി സിന്ദൂരി, വിവാദങ്ങള്‍ തുടര്‍ക്കഥ...

കര്‍ണാടക കേഡറിലെ 2009 ബാച്ച് ഉദ്യോഗസ്ഥയാണ് രോഹിണി സിന്ദൂരി ഐ.എ.എസ്. നേരത്തെ ആന്ധ്രപ്രദേശിന്റെ ഭാഗമായിരുന്ന ഖമ്മം ജില്ലയിലാണ് ജനനം. ഹൈദരാബാദ് സര്‍വകലാശാലയില്‍നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്ക് പൂര്‍ത്തിയാക്കിയ ശേഷം ഓള്‍ഇന്ത്യാതലത്തില്‍ 43ാം റാങ്ക് നേടിയാണ് രോഹിണി സിവില്‍സര്‍വീസിലെത്തുന്നത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സുധീര്‍ റെഡ്ഡിയാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്.

മാണ്ഡ്യ ജില്ലാ പഞ്ചായത്തില്‍ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസറായിരിക്കെയാണ് രോഹിണി സിന്ദൂരി ശ്രദ്ധനേടുന്നത്. 2014-15 കാലയളവില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് കീഴില്‍ മാണ്ഡ്യയില്‍ കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞത് രോഹിണിയുടെ നേട്ടമായിരുന്നു. എന്നാല്‍ അതിനുപിന്നാലെ തന്നെ മറ്റൊരുവിവാദവും രോഹിണിയെ തേടിയെത്തി.

ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി.കെ.രവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് രോഹിണിയുടെ പേരും ഉയര്‍ന്നുവന്നത്. ജീവനൊടുക്കുന്നതിന് മുമ്പ് രോഹിണിയുടെ ഫോണിലേക്ക് രവി നിരവധി തവണ വിളിച്ചെന്നും മെസേജ് അയച്ചെന്നുമുള്ള കണ്ടെത്തല്‍ വന്‍വിവാദത്തിനിടയാക്കി. ഒടുവില്‍ ഡി.കെ. രവിയുടെ മരണത്തില്‍ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറി. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് രവി ജീവനൊടുക്കിയതെന്നായിരുന്നു സി.ബി.ഐ.യുടെ കണ്ടെത്തല്‍.

2017ല്‍ ഹാസനില്‍ ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ രോഹിണി മണല്‍മാഫിയക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചു. അനധികൃത മണല്‍ഖനനവും മണല്‍ക്കടത്തുമെല്ലാം തടഞ്ഞതോടെ രോഹിണി സിന്ദൂരി പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടായി. മന്ത്രിയായ എ.മഞ്ജുവും രോഹിണിയും തമ്മിലുണ്ടായ പോരും വിവാദത്തിനിടയാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ സര്‍ക്കാര്‍ ബംഗ്ലാവ് രാഷ്ട്രീയ പരിപാടിക്ക് ഉപയോഗിച്ചതിന് എ.മഞ്ജുവിനോട് രോഹിണി വിശദീകരണം തേടുകയും ചെയ്തു.

പ്രാദേശിക രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് 2018 ജനുവരിയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ രോഹിണിയെ സ്ഥലംമാറ്റി. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ നടപടി റദ്ദാക്കി. പിന്നീട് സര്‍ക്കാരിന്റെ സ്ഥലംമാറ്റത്തിനെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച രോഹിണിക്ക് 2018 ഏപ്രിലില്‍ അനുകൂല ഉത്തരവും ലഭിച്ചു.

കോണ്‍ഗ്രസ്‌-ജെ.ഡി.എസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി എച്ച്.ഡി.രേവണ്ണയും രോഹിണിയും തമ്മില്‍ പലതവണ 'ഏറ്റുമുട്ടലുണ്ടായി'. പിന്നാലെ മൈസൂരൂ ഡെപ്യൂട്ടി കമ്മിഷണറായി രോഹിണിയെ സ്ഥലംമാറ്റി. ഇക്കാലയളവിലാണ് എം.എല്‍.എ. സാരാ മഹേഷും രോഹിണിയും കൊമ്പുകോര്‍ക്കുന്നത്.

രോഹിണിക്കെതിരേ നിരവധി അഴിമതി ആരോപണങ്ങളാണ് സാരാ മഹേഷ് ഉന്നയിച്ചിരുന്നത്. ഉയര്‍ന്നവിലയ്ക്ക് തുണിസഞ്ചികള്‍ വാങ്ങി ആറുകോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. മാത്രമല്ല, ഡെപ്യൂട്ടി കമ്മിഷണറുടെ ഔദ്യോഗിക വസതിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നീന്തല്‍ക്കുളം നിര്‍മിച്ചെന്നും ആരോപണമുയര്‍ന്നു. കോവിഡ് കാലത്തായിരുന്നു വിവാദമായ നീന്തല്‍ക്കുളത്തിന്റെ നിര്‍മാണം.

ഇതിനിടെ, സാരാ മഹേഷിനെതിരേ രോഹിണിയും അഴിമതി ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തി. എം.എല്‍.എ. കനാല്‍ കയ്യേറിയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചതെന്നായിരുന്നു രോഹിണിയുടെ ആരോപണം. ഇതോടെ രോഹിണിക്കെതിരേ സാരാ മഹേഷ് അപകീര്‍ത്തി കേസും ഫയല്‍ചെയ്തു.

കോവിഡ് കാലത്ത് ചാമരാജനഗറില്‍ 24 പേര്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതിലും രോഹിണി പ്രതിസ്ഥാനത്തായിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ സമിതി രോഹിണിക്ക് പിന്നീട് ക്ലീന്‍ചിറ്റ് നല്‍കി.

2021 ജൂണില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയും മൈസൂരു സിറ്റി കോര്‍പ്പറേഷന്‍ കമ്മിഷണറുമായ ശില്‍പ നാഗും രോഹിണിയും തമ്മിലുണ്ടായ വാക്‌പോരും വന്‍വിവാദങ്ങള്‍ക്കിടയാക്കി. രോഹിണിയുടെ ഉപദ്രവം കാരണം താന്‍ രാജിവെയ്ക്കുകയാണെന്ന് ശില്‍പ നാഗ് പറഞ്ഞിരുന്നു. ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തില്‍ തനിക്ക് ജോലി ചെയ്യാനാകില്ലെന്നും യുവ ഐ.എ.എസ്. ഉദ്യോഗസ്ഥ തുറന്നടിച്ചു. ഇതോടെ രണ്ട് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സ്ഥലംമാറ്റി. അതേസമയം, താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും കോവിഡ് കണക്കുകള്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു വിവാദത്തില്‍ രോഹിണിയുടെ പ്രതികരണം. എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ടതില്ലെന്നും രോഹിണി അന്നുപറഞ്ഞിരുന്നു.

രണ്ടുപേര്‍ക്കും പിന്തുണ, ഫാന്‍സ്

രോഹിണിയും രൂപയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ നിരവധിപേരാണ് ഇരുവര്‍ക്കും പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം രോഹിണിയെ അനുകൂലിക്കുന്നവര്‍ മൈസൂരുവില്‍ ധര്‍ണ വരെ സംഘടിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്‍പിലാണ് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ ഇരുപതിലേറെപേര്‍ ധര്‍ണ നടത്തിയത്.

ഗസ്റ്റ് ഹൗസില്‍നിന്ന് കാണാതായതിന് പകരമുള്ള സാധനങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. ഗസ്റ്റ് ഹൗസില്‍നിന്ന് കാണാതായതിന് പകരം ഇതെല്ലാം തിരികെ എടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതേസമയം, രോഹിണി സിന്ദൂരി ഫാന്‍സുകാര്‍ ഇത്തരമൊരു സമരം സംഘടിപ്പിച്ചത് തന്നെ കുറ്റം അംഗീകരിക്കുന്നതിന് തുല്യമാണെന്നായിരുന്നു രൂപയെ പിന്തുണക്കുന്നവരുടെ പ്രതികരണം. ഗസ്റ്റ് ഹൗസിലേക്ക് തിരികെ സാധനങ്ങള്‍ നല്‍കാനെത്തിയതിലൂടെ മോഷണത്തിന്റെ ഉത്തരവാദിത്തം പരോക്ഷമായി അവര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും ഇത് തങ്ങളുടെ വിജയമാണെന്നും രൂപയുടെ ആരാധകര്‍ പറഞ്ഞിരുന്നു.

Content Highlights: who is rohini sindhuri and d roopa ips ias officers spat

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented