തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും വിബിത ബാബു പിന്നീട് രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായി.

വിബിത ബാബു | Photo Courtesy: facebook.com/AdvVibithaBabu
തദ്ദേശതിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടൊരുങ്ങി. പ്രചാരണപ്രവര്‍ത്തനങ്ങളുമായി സ്ഥാനാര്‍ഥികളും കളംനിറഞ്ഞു. ഇക്കുറിയും സാമൂഹികമാധ്യമങ്ങളിലും തിരഞ്ഞെടുപ്പിന്റെ വീറുംവാശിയും പ്രകടമാണ്. ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പ്പ്രചാരണം നടക്കുന്നതും സാമൂഹികമാധ്യമങ്ങളിലൂടെയായിരിക്കും. ഇത്തവണയും പല സ്ഥാനാര്‍ഥികളും ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വ്യത്യസ്തമായ പോസ്റ്ററുകളിലൂടെയും പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെയും പല സ്ഥാനാര്‍ഥികളും സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടി.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഒരു സ്ഥാനാര്‍ഥിയുണ്ടായിരുന്നു പത്തനംതിട്ടയില്‍. മല്ലപ്പള്ളി ഡിവിഷനില്‍ യുഡിഎഫിന് വേണ്ടി മത്സരിച്ച അഡ്വ. വിബിത ബാബു. വിബിത ബാബുവിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ഇവരുടെ സാമൂഹികമാധ്യമങ്ങളിലെ മുണ്ടുടുത്ത ചിത്രങ്ങളെല്ലാം അന്ന് വൈറലായി. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സി.കെ. ലതാകുമാരിയോട് പരാജയപ്പെട്ടെങ്കിലും വിബിത ബാബു പിന്നീട് രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായി. നിലവില്‍ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണ് തിരുവല്ല ബാറിലെ അഭിഭാഷകയായ വിബിത. ഇത്തവണ മത്സരരംഗത്തില്ലെങ്കിലും സാമൂഹികമാധ്യമങ്ങളില്‍ വിവിധ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായുള്ള പ്രചാരണത്തില്‍ സജീവമാണ് അവര്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പിനിടെയും അഞ്ചുവര്‍ഷം മുന്‍പ് മത്സരിച്ച വിബിത ബാബുവിന്റെ പേരിലുള്ള ട്രോളുകളും സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഈ ട്രോളുകളും താന്‍ ആസ്വദിക്കുന്നുണ്ട് പറയുകയാണ് വിബിത.
അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ മറന്നില്ലല്ലോ... ട്രോളുകള്‍ ആസ്വദിക്കുന്നു...
‘’ട്രോളുകളെല്ലാം ഞാന്‍ കാണുന്നുണ്ട്. നെഗറ്റീവും പോസിറ്റീവും ആയിട്ടുള്ള ട്രോളുകളുണ്ടായെങ്കിലും ഞാന്‍ ഹാപ്പിയാണ്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ആളുകള്‍ മറന്നില്ലല്ലോ. നമ്മളെ ആള്‍ക്കാര്‍ ഓര്‍ക്കുന്നു എന്നുള്ളത് ഭയങ്കര അഭിമാനമല്ലേ. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റി. ജയം തോല്‍വി എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. ജീവിതത്തിലെ വലിയനേട്ടമായിരുന്നു അത്. എന്റെ പ്രൊഫഷന് അത് വളരെയധികം ഗുണം ചെയ്തു. വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും അന്നത്തെ തിരഞ്ഞെടുപ്പ് മത്സരം ഗുണമേ ചെയ്തിട്ടുള്ളൂ. പണ്ടൊക്കെ തിരഞ്ഞെടുപ്പിന് കുറച്ച് പ്രായമുള്ളവരൊക്കെയാണ് മത്സരിച്ചിരുന്നത്. ഇപ്പോള്‍ യുവാക്കള്‍ക്ക് ഭയങ്കരമായി അവസരങ്ങള്‍ കൊടുക്കുന്നുണ്ട്. യുവതലമുറ വേണം എന്ന ചിന്ത ആളുകള്‍ക്ക് വന്നു.
ഡ്രെസ്സിങ് സ്‌റ്റൈല്‍ ആണെങ്കിലും ഒരു കണ്ടീഷന്‍ ഇല്ലാതായി. ഒരു രാഷ്ട്രീയക്കാരന്‍ അല്ലെങ്കില്‍ രാഷ്ട്രീയക്കാരി ഇങ്ങനെയേ ആകാവൂ അല്ലെങ്കില്‍ അങ്ങനെ ആകാവൂ എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ, അതെല്ലാം മാറിയസമയമായിരുന്നു ഞാനടക്കമുള്ള കുറേ സ്ഥാനാര്‍ഥികളുടെ എന്‍ട്രി. ഇനിയും മത്സരിക്കണം. ജില്ലാ പഞ്ചായത്തിലേക്ക് തന്നെ മത്സരിക്കാനാണ് ആഗ്രഹം. കാരണം വേറൊന്നുമല്ല, നിസാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇപ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ച് കുറേകൂടെ കാര്യങ്ങള്‍ മനസിലായി. ആള്‍ക്കാള്‍ക്ക് നമ്മളെക്കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞു. കോവിഡ് കാലത്തൊക്കെ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിതിരിച്ചു. അന്നൊരു പുതുമുഖമായിരുന്നെങ്കിലും പിന്നീട് അഞ്ചുവര്‍ഷം ഒരുപാട് കാര്യങ്ങള്‍ ചെയ്യാനായി.’’
അന്ന് നേരിട്ട സൈബര്‍ ആക്രമണങ്ങള്‍...
''തിരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് സൈബര്‍ ആക്രമണങ്ങളുണ്ടായി. ഇനിയും രാഷ്ട്രീയത്തിലേക്ക് വരുന്ന പുതിയ കുട്ടികളോടും എനിക്ക് ഇതേക്കുറിച്ചാണ് പറയാനുള്ളത്. അവര്‍ നമ്മളെ രാഷ്ട്രീയമായി വിമര്‍ശിക്കുന്നതും കുറ്റപ്പെടുത്തുന്നതും നമുക്ക് പ്രശ്നമല്ല. പക്ഷേ, വ്യക്തിപരമായി അല്ലെങ്കില്‍ മാനസികമായി ആക്രമിക്കുകയായിരുന്നു. ഏതോ ഒരു സ്ത്രീ ഗോവയിലെ ബീച്ചിലൂടെ നടക്കുന്ന ദൃശ്യം എന്റെ വീഡിയോയാണെന്ന് വരുത്തിതീര്‍ക്കാന്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രമമുണ്ടായി. അത് മാത്രമാണ് എനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കിയത്. എന്റെ യഥാര്‍ഥ ഫോട്ടോ പ്രചരിപ്പിക്കുന്നതിലൊന്നും പ്രശ്നമില്ല. അത് ഞാനാണെന്ന് പറയുന്നതിനും പ്രശ്നമില്ല. പക്ഷേ, നമ്മുടെ അല്ലാത്ത ഒരു ചിത്രം നമ്മളാണെന്ന് പറഞ്ഞ് പ്രചരിക്കുമ്പോള്‍ അത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഇപ്പോള്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നവരോടും ഇതാണ് പറയാനുള്ളത്. നിങ്ങള്‍ രാഷ്ട്രീയമായി നേരിട്ടോള്ളൂ. അതിനപ്പുറം വ്യക്തിപരമായി ആക്രമിക്കുമ്പോള്‍ നമുക്കൊരു കുടുംബമുണ്ടെന്ന് ചിന്തിക്കുന്നില്ല. എനിക്കൊരു മകനുണ്ട്. അവന്‍ ഈ സൈബര്‍ ആക്രമണങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ഇത്തരം വ്യാജവീഡിയോ ഇറക്കിവിടുന്നവര്‍ അറിയുന്നില്ല.
രാഷ്ട്രീയത്തിലിറങ്ങുന്ന സ്ത്രീകള്‍ക്കെതിരേയാണ് ഇത്തരം ആക്രണങ്ങള്‍ കൂടുതല്‍. അന്ന് ആ വീഡിയോ എനിക്ക് ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കി. എന്റെ കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചു. അതോടെ ഞാന്‍ അതേക്കുറിച്ച് ഒരുവീഡിയോ ചെയ്തു. എന്നെ വെറുതെവിടണമെന്ന് പറഞ്ഞു. അന്ന് പ്രചരിച്ച വീഡിയോ എന്റേതല്ല, എന്റെ ആണെങ്കില്‍ അത് തുറന്നുപറയുന്നതില്‍ എനിക്കൊരു പ്രശ്നവുമില്ല. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും ഒത്തിരി സൈബര്‍ ആക്രമണങ്ങളുണ്ടായി. പക്ഷേ, അതൊക്കെ മറികടക്കാനുള്ള ഒരു ശക്തിയും ഈ ആക്രണങ്ങളില്‍നിന്ന് ലഭിച്ചു. നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ വരുമ്പോള്‍ നമുക്ക് മുന്നോട്ടുപോകാന്‍ ഒരുശക്തിയും കരുത്തും കിട്ടുമല്ലോ. അത് കിട്ടി. അന്ന് സൈബര്‍ കേസൊക്കെ കൊടുത്തിരുന്നു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അതൊക്കെവിട്ടു. ഏത് പ്രശ്നത്തിലും എല്ലാ നേതാക്കാന്മാരും ഒപ്പമുണ്ടായിരുന്നു. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ കുടുംബാംഗത്തെപ്പോലെ ചേര്‍ത്തുപിടിച്ചു.’’
മഹിളാകോണ്‍ഗ്രസില്‍...
മഹിളാ കോണ്‍ഗ്രസുകാര്‍ക്ക് ഇത്തവണ തിരഞ്ഞെടുപ്പില്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഏറെനാള്‍ പ്രവര്‍ത്തിച്ചിട്ട് പരിഗണിക്കുമെന്ന് കരുതുന്നവര്‍, അവസാനനിമിഷം വരുന്ന സര്‍പ്രൈസ് സ്ഥാനാര്‍ഥി കാരണം പുറത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. ഞാന്‍ മത്സരിച്ച മല്ലപ്പള്ളി ഡിവിഷന്‍ 40 വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്നതാണ്. അതിനാല്‍ ആര്‍ക്കും ആ സീറ്റില്‍ താത്പര്യമില്ലായിരുന്നു. അവിടെയാണ് ഞാന്‍ മത്സരിച്ചത്. എന്റെ സ്ഥാനാര്‍ഥിത്വംകൊണ്ട് ആര്‍ക്കും അവസരം നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ട് ഇന്നല്ലെങ്കില്‍ നാളെ തന്നെ പരിഗണിക്കുമെന്ന് കരുതുന്ന സ്ത്രീകളുണ്ട്. അവര്‍ അത് അര്‍ഹിക്കുന്നവരാണ്. എന്നാല്‍, അങ്ങനെയുള്ളവര്‍ക്ക് അവസരം നല്‍കാതെ അവസാനനിമിഷം മറ്റുപലരെയും കെട്ടിയിറക്കുന്നു. അങ്ങനെയുണ്ടാകുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍നിന്നടക്കം ഒരുപാടുപേര്‍ രാജിവെച്ചുപോയി സ്വതന്ത്രരായി മത്സരിക്കുന്നു. എന്നാല്‍, അങ്ങനെയുള്ളവരെ തഴയാതെ പാര്‍ട്ടി കൈ പിടിച്ചുയര്‍ത്തണം. വീട്ടില്‍ നിന്ന് സമരത്തിനും യോഗങ്ങള്‍ക്കുമെല്ലാം പോകുമ്പോള്‍ ആ സ്ത്രീകള്‍ പറയുന്നത് നാളെ തങ്ങളെ പാര്‍ട്ടി പരിഗണിക്കുമെന്നാണ്. എന്നാല്‍, അവര്‍ക്ക് അവസരം നല്‍കാതിരുന്നാല്‍ അത് അവരെ പിന്തിരിപ്പിക്കും.
വരട്ടെ പുതുതലമുറ...
രാഷ്ട്രീയത്തിലും പുതിയ ആള്‍ക്കാര്‍ വരണം. രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും മാത്രം നമ്മള്‍ പഴയ ആള്‍ക്കാരെ സ്വീകരിക്കണം എന്നില്ലല്ലോ. ബാക്കി എല്ലാത്തിലും പുതിയത് വേണം എന്നുണ്ടെങ്കില്‍ രാഷ്ട്രീയത്തിലും പുതിയ മാറ്റങ്ങള്‍ വരണം.
Content Highlights: Remember Vibitha Babu`s viral posters? She discusses cyber attacks, the changing face of politics, and women`s role in public life.
Published: 24 Nov 2025, 03:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented