
ദിവപ്രിയ അനില്‍ | Photo: Special Arrangement/ Mathrubhumi
തദ്ദേശതിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി 21-കാരിയും. നന്നൂര്‍ കണ്ണാട്ടുമലയില്‍ വിജയസദനത്തില്‍ ദിവപ്രിയ അനില്‍ ആണ് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് നന്നൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. നവംബര്‍ 16-ന് 21-ാം പിറന്നാള്‍ ദിനത്തിലാണ് ദിവപ്രിയയെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. 21 വയസ്സ് തികഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ദിവപ്രിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയുംചെയ്തു.
പാത്താംമുട്ടം സെയ്ന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ ബിടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഏഴാംസെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് ദിവപ്രിയ. സെമസ്റ്റര്‍ പരീക്ഷയുടെ തിരക്കിനിടെയാണ് ദിവപ്രിയയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും മുന്നോട്ടുപോകുന്നത്. പരീക്ഷയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെയും തിരക്കിനിടെ കേരളത്തിലെ പ്രായംകുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളായ ദിവപ്രിയ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
സ്ഥാനാര്‍ഥിയാകാന്‍ രണ്ടുദിവസം ആലോചിച്ചു...
അച്ഛന്‍ പാര്‍ട്ടി അനുഭാവിയും കെഎസ്ടിഎയുടെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമാണ്. അച്ഛന്‍ വഴിയാണ് പാര്‍ട്ടിക്കാര്‍ സ്ഥാനാര്‍ഥിയാകാമോ എന്ന ചോദ്യവുമായി ദിവപ്രിയയെ സമീപിച്ചത്. ''അവര്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ ആലോചിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. പിന്നെ രണ്ടുദിവസം ആലോചിച്ചിട്ടാണ് എന്റെ തീരുമാനം അറിയിച്ചത്. യുവതലമുറയിലെ ഒരാള്‍ക്ക് അവസരം ലഭിക്കുകയെന്ന് പറയുമ്പോള്‍ അത് നല്ലതാണെന്ന് തോന്നി. എന്നെക്കൊണ്ട് കുറേകാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും ആത്മവിശ്വാസമുണ്ടായി. അതുകൊണ്ടാണ് സ്ഥാനാര്‍ഥിയാകാന്‍ സമ്മതിച്ചത്'', ദിവപ്രിയ പറഞ്ഞു.
പഠനം, പരീക്ഷ.. ഒപ്പം തിരഞ്ഞെടുപ്പ് ചൂടും
പഠനവും പരീക്ഷയും അതിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണവും കൊണ്ടുപോകാന്‍ അല്പം പ്രയാസംതന്നെയാണെന്നാണ് 21-കാരിയുടെ പ്രതികരണം. ''ഞാന്‍ ഇപ്പോള്‍ ഏഴാംസെമസ്റ്ററാണ്. ഈ സെമസ്റ്ററില്‍ ഒരു ഇന്റേണ്‍ഷിപ്പുണ്ടായിരുന്നു. അതിനായി മൂന്നുമാസം തായ്‌വാനിലായിരുന്നു. രണ്ടുമാസത്തെ ക്ലാസുകള്‍ അങ്ങനെ നഷ്ടപ്പെട്ടു. അത് തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുന്ന സമയത്താണ് തിരഞ്ഞെടുപ്പും വന്നത്. അങ്ങനെ എല്ലാംകൂടി കുറച്ച് 'ടഫ് ടൈം' ആണ്. പക്ഷേ, എല്ലാം ഒരുമിച്ച് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. പരീക്ഷയുള്ള ദിവസം രാവിലെ പ്രചാരണത്തിനിറങ്ങും. ഉച്ചയ്ക്കാണ് പരീക്ഷ. ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍സമയവും പ്രചാരണത്തിരക്കിലാണ്.''
കൈമുതലായി ആത്മവിശ്വാസം...
ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും നാടിനും യുവതലമുറയ്ക്കുംവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമാണ് സ്ഥാനാര്‍ഥിത്വത്തിനോട് യെസ് പറയാന്‍ കാരണമായതെന്നാണ് ദിവപ്രിയ പറയുന്നത്. സ്‌കൂള്‍ ലീഡറായും എന്‍എസ്എസ് പ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ 21-കാരി. ബാഡ്മിന്റണ്‍ താരം കൂടിയായ ദിവപ്രിയ കോളേജിലെ ബാഡ്മിന്റണ്‍ ടീമിലും അംഗമായിരുന്നു. ഇതിനൊപ്പം കലാപ്രവര്‍ത്തനങ്ങളുമുണ്ട്. ഒപ്പം കരാട്ടെയും.
രാഷ്ട്രീയത്തില്‍ താന്‍ പുതിയതാണെങ്കിലും രാഷ്ട്രീയം തനിക്ക് പുതിയതല്ലെന്നാണ് ദിവപ്രിയ പറയുന്നത്. ''എല്ലാകാര്യങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും. പിന്നെ പാര്‍ട്ടിക്കാരും മുന്‍ മെമ്പറായ രാജീവേട്ടനും എല്ലാവരും കട്ടയ്ക്ക് കൂടെയുണ്ട്. അതുകൊണ്ട് ഞാന്‍ പരീക്ഷയ്ക്ക് പോകുന്ന സമയത്ത് അവരാണ് എനിക്കുവേണ്ടി വോട്ട് ചോദിച്ച് വീടുകള്‍ കയറിയിറങ്ങുന്നത്. പരീക്ഷ കഴിഞ്ഞെത്തിയാല്‍ ഞാനും പ്രചാരണത്തിനിറങ്ങും. ഈ തിരക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ശരിക്കും ഞാന്‍ ആസ്വദിക്കുകയാണ്''
പ്രായക്കുറവ് വെല്ലുവിളിയാണോ...
ജനസേവനത്തിനും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കാനും പ്രായക്കുറവൊന്നും ഒരു പ്രശ്‌നമേ അല്ലെന്ന് തറപ്പിച്ചുപറയുകയാണ് ദിവപ്രിയ. ''ഇതുവരെ ഞാന്‍ സന്ദര്‍ശിച്ച വീടുകളിൽനിന്നും വോട്ടർമാരിൽനിന്നുമൊക്കെ ഒരു 'നെഗറ്റീവ്' പ്രതികരണം എനിക്ക് തോന്നിയിട്ടില്ല. മാത്രമല്ല അവരും ഭയങ്കര ആവേശത്തിലാണ്. ഇതുപോലെയുള്ള പുതിയ ആള്‍ക്കാരും യുവാക്കളും അവരുടെ ആശയങ്ങളും എല്ലാം മുന്നോട്ടുവരണമെന്ന് അവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രായംകുറഞ്ഞയാള്‍ എന്ന ഒരു പ്രശ്‌നം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വികസനമായാലും ജനങ്ങളുടെ ആവശ്യങ്ങളായാലും എന്താണെന്ന് മനസിലാക്കി അത് നിറവേറ്റികൊടുക്കുമെന്നാണ് ഞാന്‍ നല്‍കുന്ന ഉറപ്പ്. എന്നിലൂടെ കേള്‍ക്കുന്നത് അവരുടെ ശബ്ദമായിരിക്കും. യുവതലമുറയ്ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നടക്കമുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ട്'', പ്രചാരണത്തിരക്കിനിടെ ദിവപ്രിയ പറഞ്ഞു.
റിട്ട. അധ്യാപകനായ കെ.എന്‍. അനില്‍കുമാറിന്റെയും അധ്യാപികയായിരുന്ന ജി. ബിന്ദുവിന്റെ രണ്ടാമത്തെ മകളാണ് ദിവപ്രിയ. ഏകസഹോദരി ദേവപ്രിയ പുണെയില്‍ ഇന്‍ഫോസിസില്‍ ഐടി ജീവനക്കാരിയാണ്. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ നന്നൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസിലെ ഷേര്‍ളി ജെയിംസും ബിജെപിയുടെ സുസ്മിത ബൈജുവുമാണ് മറ്റുസ്ഥാനാര്‍ഥികള്‍.
Content Highlights: Meet Divyapriya Anil, a 21-year-old B.Tech student contesting the local elections in Pathanamthitta. Learn about her journey, challenges, and aspirations.
Published: 26 Nov 2025, 04:59 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented