
കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ ഒടുവില്‍ പുറത്തേക്ക്. 14 വര്‍ഷത്തെ ജയില്‍വാസത്തിനൊടുവിലാണ് സംസ്ഥാന മന്ത്രിസഭ ഷെറിന് ശിക്ഷായിളവ് അനുവദിച്ചത്. 2009 നവംബര്‍ എട്ടിനാണ് ചെറിയനാട് കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാരണവരെ(66) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികള്‍.
ഭാസ്‌കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതല്‍ നാലുവരെ പ്രതികളായ കുറിച്ചി ബാസിത് അലി, കളമശേരി നിഥിന്‍, കൊച്ചി ഏലൂര്‍ ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ്പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
ഭാസ്‌കര കാരണവരുടെ ഇളയമകനായ ബിനു പീറ്റര്‍ കാരണവരുടെ ഭാര്യയാണ് ഷെറിന്‍. ശാരീരികവെല്ലുവിളികള്‍ നേരിടുന്ന ബിനുവിന്റെ സംരക്ഷണത്തിനായാണ് ഷെറിനുമായുള്ള വിവാഹം നടത്തിയത്. അമേരിക്കന്‍ മലയാളി കുടുംബാംഗമായ ബിനുവുമായുള്ള വിവാഹം സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഷെറിന്റെ കുടുംബത്തിന് സാമ്പത്തികപരാധീനതകളില്‍നിന്നുള്ള മോചനംകൂടിയായിരുന്നു.
2001 മെയ് 21-നാണ് ഷെറിനും ബിനുവും വിവാഹിതരായത്. ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലായിരുന്നു കല്യാണം. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയില്‍ എത്തി. അമേരിക്കയില്‍ ഭാസ്‌കരകാരണവര്‍ക്കും ഭാര്യ അന്നമ്മയ്ക്കും ഒപ്പമായിരുന്നു ഇവരുടെ താമസം. എന്നാല്‍, അവിടെ ജോലിക്കുനിന്നിരുന്ന സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിന് പിടിക്കപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. അമേരിക്കയില്‍വെച്ച് സാമ്പത്തികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ഷെറിനെതിരേ ആരോപണമുയര്‍ന്നു. ഇതോടെ ബിനുവിനെയും ഷെറിനെയും ഭാസ്‌കര കാരണവര്‍ നാട്ടിലേക്ക് പറഞ്ഞയച്ചു. കൈക്കുഞ്ഞുമായിട്ടായിരുന്നു ഇവരുടെ മടക്കം. കുഞ്ഞിന്റെ പിതൃത്വം വരെ തര്‍ക്കത്തിലെത്തിയതോടെ പിതൃത്വപരിശോധന വരെ നടത്തിയിരുന്നു.
2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കര കാരണവരും നാട്ടിലേക്ക് മടങ്ങി. ചെറിയനാട്ടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മരുമകളുടെ യഥാര്‍ഥമുഖം അദ്ദേഹത്തിന് പിടികിട്ടിയത്. മരുമകളുടെ വഴിവിട്ട ബന്ധങ്ങള്‍ക്കും മകന്റെ നിസ്സഹായതയ്ക്കും അദ്ദേഹം സാക്ഷിയായി.
ഷെറിനെ വിശ്വസിച്ച ഭര്‍ത്താവ് ബിനു പീറ്റര്‍ വീടിന്റെ മുകള്‍നിലയിലായിരുന്നു കിടന്നിരുന്നത്. ഷെറിന്‍ താഴത്തെനിലയിലെ മുറിയിലും. അന്നത്തെ സാമൂഹികമാധ്യമമായ ഓര്‍ക്കൂട്ട് വഴി പലരുമായും ഷെറിന് സൗഹൃദമുണ്ടായിരുന്നു. ഭാസ്‌കര കാരണവരുടെ സാന്നിധ്യത്തിലടക്കം ഇത്തരത്തില്‍ ഷെറിന്റെ പല സുഹൃത്തുക്കളും കാരണവേഴ്‌സ് വില്ലയില്‍ കയറിയിറങ്ങി. ഇതോടെ ഭാസ്‌കര കാരണവര്‍ തന്റെ ആത്മസുഹൃത്തിനോട് വിവരം പങ്കുവെച്ചു. ഒടുവില്‍ ഇദ്ദേഹവുമായി മധ്യസ്ഥശ്രമങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഭാസ്‌കര കാരണവരുടെ മുഖത്തടിച്ചാണ് ഷെറിന്‍ അരിശംതീര്‍ത്തത്. ഷെറിനെ വേഗം കുടുംബത്തില്‍നിന്ന് ഒഴിവാക്കുകയാണെന്ന് നല്ലതെന്ന് ഇതോടെ കാരണവര്‍ക്ക് ബോധ്യമായി. ആദ്യപടിയായി തന്റെ വസ്തുവില്‍ ഷെറിനുണ്ടായിരുന്ന അവകാശം ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കി.
രാത്രി രഹസ്യമദ്യപാനം, ധൂര്‍ത്ത്, കറക്കം...
നാട്ടിലെത്തിയതിന് പിന്നാലെ പണം ധൂര്‍ത്തടിക്കുകയായിരുന്നു ഷെറിന്‍. കാരണവര്‍ മാസംതോറും നല്‍കുന്ന 5000 രൂപ പോലും തികയാതായി. പലരില്‍നിന്നും കടം വാങ്ങി. ഒടുവില്‍ ഈ കടമെല്ലാം വീട്ടുന്നത് ഭാസ്‌കര കാരണവരും. സീരിയല്‍ നടന്മാര്‍ മുതല്‍ പലരും ഷെറിന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നതായി അന്ന് പോലീസ് പറഞ്ഞിരുന്നു. സീരിയല്‍ നടനൊപ്പം മൂന്നാറിലും ചെന്നൈയിലും ഷെറിന്‍ യാത്രപോയതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായി. രാത്രി വൈകുംവരെ മദ്യപാനമായിരുന്നുവത്രെ ഷെറിന്റെ പതിവ്. സുഹൃത്തുക്കളായിരുന്നു യുവതിക്ക് മദ്യം എത്തിച്ച് നല്‍കിയിരുന്നതെന്നും പോലീസ് അന്ന് പറഞ്ഞിരുന്നു.

ഷെറിന്റെ സൗഹൃദവലയത്തിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. ഓര്‍ക്കൂട്ട് വഴിയായിരുന്നു ഇയാളുമായി പരിചയം. സ്വത്തിലെ അവകാശം നഷ്ടമായതോടെ കാരണവരെ വകവരുത്തി ബാസിത് അലിക്കൊപ്പം ജീവിക്കാനായിരുന്നു ഷെറിന്‍ പദ്ധതിയിട്ടത്. ഇതിനായി വാതില്‍തുറന്ന് നല്‍കിയതും കിടപ്പുമുറിയിലേക്ക് കൂട്ടുപ്രതിയെ കൊണ്ടുപോയതുമെല്ലാം ഷെറിനായിരുന്നു.
അന്വേഷണം, ചോദ്യംചെയ്യല്‍; ഷെറിന്‍ പിടിയില്‍....
ഭാസ്‌കര കാരണവരുടെ കൊലപാതകത്തില്‍ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. സിനിമകളും സീരിയലുകളും കണ്ട് കൊലപാതകം ആസൂത്രണംചെയ്ത ഷെറിന് പോലീസിന്റെ ചോദ്യംചെയ്യലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായി.്.
മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ മരുമകള്‍ ഷെറിനാണു വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാള്‍ക്ക് എളുപ്പത്തില്‍ രണ്ടാംനിലയിലേക്കു പ്രവേശിക്കാമെന്നും പറഞ്ഞത്. എന്നാല്‍, ഒരു ഏണിയില്ലാതെ ഒരാള്‍ക്ക് അതിന്റെ മുകളില്‍ക്കയറി നില്‍ക്കാന്‍ കഴിയില്ല. തിരച്ചിലില്‍ പറമ്പില്‍ മതിലിനോടുചേര്‍ന്നു ഒരു ഏണി പോലീസ് സംഘം കണ്ടു. എന്നാല്‍, അതില്‍ മുഴുവന്‍ പൊടിപിടിച്ചിരിക്കുന്നതിനാല്‍ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നു പോലീസിന് മനസ്സിലായി.

കാരണവര്‍ രണ്ടു നായ്ക്കളെ വളര്‍ത്തിയിരുന്നു. സംഭവദിവസം അവ കുരച്ചിരുന്നില്ല. അതിനാല്‍ മോഷ്ടാക്കള്‍ക്കു വീട്ടില്‍നിന്ന് ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നു പോലീസിന് മനസ്സിലായി. ഇതിനിടെ ഷെറിന്റെ ഫോണ്‍ കോള്‍പട്ടിക എടുത്തപ്പോള്‍ ഒരു നമ്പരിലേക്കു 55 കോളുകള്‍ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു അത്.
കൊല്ലപ്പെട്ട കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയില്‍ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്നു പിന്നീടു തെളിഞ്ഞു. കൊലയ്ക്കുദിവസങ്ങള്‍ക്കു മുന്‍പ്, ഒന്നിച്ചുജീവിക്കാമെന്നു തീരുമാനിച്ച്, ബാസിത് ഷെറിന് അണിയിച്ച വെള്ളിമോതിരം ഷെറിന്റെ മുറിയില്‍നിന്നു ലഭിച്ചു. ഇതോടെ കേസില്‍ നിര്‍ണായക തെളിവുകളായി. പ്രതികളെല്ലാം പിടിയിലായി. 89-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. ഒടുവില്‍ പ്രതികളെ കോടതി ശിക്ഷിക്കുകയുംചെയ്തു.
ഡാഡിയെ കൊല്ലണമെങ്കില്‍ രണ്ട് ഗുളിക കൊടുത്താല്‍ പോരെ, കൂസലില്ലാതെ ഷെറിന്‍...
കേസിലെ വിധിപ്രസ്താവത്തിന് ശേഷവും താന്‍ ചെയ്ട്ടില്ലെന്നും എന്നാല്‍ കോടതിവിധിയെ മാനിക്കുകയാണെന്നുമാണ് ഷെറിന്‍ പ്രതികരിച്ചത്. തങ്ങളാണ് കൃത്യം ചെയ്തതെന്നും ഷെറിന്‍ നിരപരാധിയാണെന്നും കൂട്ടുപ്രതികളും പ്രതികരിച്ചു. ''ഡാഡിയെ കൊല്ലണമെങ്കില്‍ ഇവരുടെ സഹായം വേണോ, രണ്ട് ഗുളിക കൊടുത്താല്‍ പോരെ, അല്ലെങ്കിലും എന്നെ സംരക്ഷിക്കുന്ന ഡാഡിയെ ഞാന്‍ എന്തിന് കൊല്ലണം'', എന്നായിരുന്നു ഷെറിന്റെ ചോദ്യം.
അനാഥമായി കാരണവേഴ്സ് വില്ല
സംഭവത്തിന് ശേഷം ചെറിയനാട്ടെ കാരണവേഴ്്‌സ് വില്ലയില്‍ ആരും താമസിച്ചിരുന്നില്ല. ഷെറിന്റെമകന്‍ അന്നത്തെ നാലുവയസ്സുകാരന്‍ മുതിര്‍ന്ന കുട്ടിയായി. മകനെയും ബിനുവിനെയും സഹോദരങ്ങള്‍ പിന്നീട് അമേരിക്കയിലേക്കു കൊണ്ടുപോയി.
Content Highlights: sherin bhaskara karanavar murder case history
Published: 28 Jan 2025, 03:15 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented