
കേരളത്തെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരം മുല്ലൂര്‍ ശാന്തകുമാരി വധം. ഏഴു പവന്‍ സ്വര്‍ണത്തിനായി ഒറ്റയ്ക്ക് താമസിച്ചിരുന്ന ശാന്തകുമാരിയെന്ന 71-കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തട്ടിന്‍പുറത്ത് ഒളിപ്പിച്ച സംഭവം. ഒടുവില്‍ ശാന്തകുമാരി കൊലക്കേസില്‍ പ്രതികളായ വിഴിഞ്ഞം സ്വദേശി റഫീഖ ബീവി എന്ന 51-കാരിക്കും ഇവരുടെ മകന്‍ ഷെഫീക്കിനും റഫീഖയുടെ ആണ്‍സുഹൃത്തായ പട്ടാമ്പി സ്വദേശി അല്‍ അമീനും കോടതി വധശിക്ഷ വിധിച്ചു. മാതാവിനും മകനും ഒരുമിച്ച് വധശിക്ഷ ലഭിക്കുന്ന അപൂർവവിധികളിലൊന്നായിരുന്നു അത്. ശാന്തകുമാരി വധക്കേസിൽ പ്രതികളുടെ ചോദ്യംചെയ്യലില്‍ ഒരുവര്‍ഷം മുന്‍പ് നടന്ന കോവളത്തെ 14-കാരിയുടെ കൊലപാതകത്തിലും നിര്‍ണായകവിവരം ലഭിച്ചിരുന്നു. 14-കാരിയെ പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയതും റഫീഖയും മകനുമാണെന്ന് തെളിഞ്ഞതോടെ നാട്ടുകാര്‍ വീണ്ടും നടുങ്ങി.
2022 ജനുവരി 14-നാണ് മുല്ലൂരിലെ ശാന്തകുമാരി അതിക്രൂരമായി കൊല്ലപ്പെട്ടത്. ശാന്തകുമാരിയുടെ അയല്‍വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശാന്തകുമാരി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍, അത് മുഴുവനും വിറ്റഴിക്കും മുന്‍പേ മൂന്നു പ്രതികളും പോലീസിന്റെ വലയിലായി.
Also Read

ഭര്‍ത്താവിന്റെ മരണശേഷം മുല്ലൂരിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ശാന്തകുമാരിയുടെ താമസം. ഹോട്ടല്‍ വ്യവസായിയായ മകന്‍ മറ്റൊരിടത്തും മകള്‍ ആന്ധ്രാപ്രദേശിലുമായിരുന്നു. ഇതിനിടെയാണ് റഫീഖയും മകന്‍ ഷെഫീഖും റഫീഖയുടെ ആണ്‍സുഹൃത്തായ അല്‍ അമീനും ശാന്തകുമാരിയുടെ വീടിന് സമീപം വാടകക്കാരായി താമസം ആരംഭിക്കുന്നത്. പട്ടാമ്പി സ്വദേശിയായ അല്‍ അമീന്‍ കോവളത്തെ ഹോട്ടലില്‍ ജോലി തേടി എത്തിയപ്പോഴാണ് നേരത്തെ അവിടെ താമസിച്ചിരുന്ന റഫീഖയുമായി അടുപ്പത്തിലാകുന്നത്. പിന്നാലെ റഫീഖയ്ക്കൊപ്പമായി ഈ 27-കാരന്റെ താമസം. ഒപ്പം റഫീഖയുടെ മകനായ ഷെഫീക്കും വീട്ടിലുണ്ടായിരുന്നു.
മുല്ലൂരിലെ വാടകവീട്ടില്‍ താമസിച്ചുവരുന്നതിനിടെ ഭര്‍ത്താവിന്റെ അസ്ഥിത്തറയില്‍ പതിവായി വിളക്ക് കത്തിക്കാനെത്തുന്ന ശാന്തകുമാരിയെ റഫീഖ ശ്രദ്ധിച്ചിരുന്നു. ശാന്തകുമാരി അണിഞ്ഞിരുന്ന സ്വര്‍ണമാലയും കമ്മലുകളും വളകളുമായിരുന്നു റഫീഖയുടെ കണ്ണിലുടക്കിയത്. ശാന്തകുമാരി ഒറ്റയ്ക്കാണ് താമസമെന്ന് വ്യക്തമായതോടെ ഇവരുമായി സൗഹൃദം സ്ഥാപിക്കാനായിരുന്നു ശ്രമം. ശാന്തകുമാരി റഫീഖയുടെ വാടകവീടിനടുത്ത പുളിമരത്തില്‍നിന്ന് പുളി ശേഖരിക്കാനെത്തുന്നതും പതിവായിരുന്നു. ഈ വേളയിലാണ് റഫീഖ ശാന്തകുമാരിയുമായി സൗഹൃദം സ്ഥാപിച്ചത്.

അയല്‍വീട്ടിലെ താമസക്കാരിയുമായി സൗഹൃദം സ്ഥാപിച്ചതോടെ റഫീഖയും കൂട്ടുപ്രതികളും അടുത്ത കരുക്കള്‍ നീക്കി. ഇതിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തി.
വാടകവീട് ഒഴിയുമെന്ന് പറഞ്ഞ അതേദിവസം തന്നെയാണ് ശാന്തകുമാരിയെ കൊലപ്പെടുത്താനായി പ്രതികള്‍ തിരഞ്ഞെടുത്തത്. ഇതിനുമുന്‍പേ മൂവരുടെയും വസ്ത്രങ്ങളെല്ലാം അല്‍ അമീന്റെ നാട്ടിലെത്തിച്ചു. മറ്റു വീട്ടുപകരണങ്ങള്‍ സമീപത്തുള്ളവര്‍ക്കും ചിലത് ശാന്തകുമാരിക്കും വിറ്റു. തുടര്‍ന്ന് 2022 ജനുവരി 14-ന് രാവിലെ മുന്‍കൂട്ടി ആസൂത്രണംചെയ്തത് അനുസരിച്ച് റഫീഖ ശാന്തകുമാരിയെ വീട്ടിലേക്ക് തന്ത്രപൂര്‍വം കൊണ്ടുവന്നു.
സംഭവദിവസവും ശാന്തകുമാരി പതിവുപോലെ പുളി ശേഖരിക്കാനായി റഫീഖാ ബീവിയുടെ വാടകവീട്ടിലെത്തിയിരുന്നു. ഇതിനുശേഷം മടങ്ങിപ്പോയി. തൊട്ടുപിന്നാലെ റഫീഖാ ബീവി ശാന്തകുമാരിയുടെ വീട്ടിലെത്തി. കടം വാങ്ങിയ പതിനായിരം രൂപ തിരികെ തരാമെന്നും ഏതാനും ചില വീട്ടുസാധനങ്ങള്‍ കൂടി ഒഴിവാക്കാനുണ്ടെന്നും അത് വേണമെങ്കില്‍ നിങ്ങള്‍ക്ക് തരാമെന്നും പറഞ്ഞു. വീട്ടില്‍വന്ന് സാധനങ്ങളെല്ലാം ഒന്ന് നോക്കാമെന്നും അതിനുശേഷം തീരുമാനിച്ചാല്‍ മതിയെന്നും പറഞ്ഞു. തുടര്‍ന്ന് ശാന്തകുമാരിയെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
വീടൊഴിയുന്ന ദിവസം അയല്‍ക്കാരി ക്ഷണിച്ചതില്‍ ശാന്തകുമാരിക്ക് തെല്ലും സംശയമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വീട്ടിലെത്തിയ ശാന്തകുമാരിയെ മൂവരും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

റഫീഖയുമായി സംസാരിക്കുന്നതിനിടെ വീട്ടിനുള്ളില്‍ മറഞ്ഞിരുന്ന രണ്ടാംപ്രതിയായ അല്‍ അമീനും മൂന്നാംപ്രതി ഷെഫീക്കും ശാന്തകുമാരിയുടെ കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് കുരുക്കിട്ട് മുറുക്കി. ശാന്തകുമാരി നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷാളിന്റെ ബാക്കിഭാഗം വായില്‍ തിരുകികയറ്റി. ശ്വാസംകിട്ടാതെ ശാന്തകുമാരി നിലത്തുവീണു. ഈ സമയം തന്നെ റഫീഖ ചുറ്റിക കൊണ്ട് അവരുടെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് അല്‍ അമീന്‍ ആ ചുറ്റിക വാങ്ങി വീണ്ടും ശാന്തകുമാരിയെ ആക്രമിച്ച് മരണം ഉറപ്പുവരുത്തി. ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാലയും വളയും കമ്മലുമെല്ലാം പ്രതികള്‍ ഊരിയെടുത്തു. രക്തം വാര്‍ന്നൊഴുകിയതിനെത്തുടര്‍ന്ന് കൈലിമുണ്ടെടുത്ത് രക്തം തുടച്ചെടുത്തശേഷം ഇത് പുറത്തുകൊണ്ടുപോയി കത്തിച്ചു. തുടര്‍ന്ന് വരാന്തയിലെ തട്ടിനു മുകളില്‍ മൃതദേഹം ഒളിപ്പിക്കാന്‍ തീരുമാനിച്ചു.
വീടിന്റെ ആസ്ബറ്റോസ് മേല്‍ക്കൂരയ്ക്ക് താഴെ തട്ടിന്‍പുറത്ത് ഞെരുക്കിയാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. കസേരയിട്ട് വാതിലിനു മുകളില്‍ ചവിട്ടി തട്ടിനു മുകളിലേക്ക് അല്‍ അമീന്‍ കയറി. പിന്നാലെ സാരിയെടുത്ത് ശാന്തകുമാരിയുടെ ശരീരത്തിലെ ഇടുപ്പിലും തോളിലുമായി കൂട്ടിക്കെട്ടി. റഫീഖയും മകനും ചേര്‍ന്ന് എടുത്തു നല്‍കിയ മൃതദേഹം തട്ടിന്‍മുകളിലിരുന്ന് അല്‍അമീന്‍ അകത്തേക്ക് തള്ളിവെയ്ക്കുകയായിരുന്നു. പിന്നാലെ മൂവരും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ചുരുളഴിയുന്നത് ഇങ്ങനെ...
ശ്രീകുമാര്‍ എന്നയാളുടെ വാടകവീട്ടിലായിരുന്നു റഫീഖാ ബീവിയും കൂട്ടുപ്രതികളും താമസിച്ചിരുന്നത്. വാടകവീടിന്റെ തൊട്ടടുത്ത കെട്ടിടം കെട്ടിട ഉടമയുടെ മക്കളും ഇവരുടെ സുഹൃത്തുക്കളും പി.എസ്.സി. പഠനത്തിനായി ഉപയോഗിച്ചിരുന്നു. സംഭവദിവസം വൈകീട്ടും പതിവുപോലെ ഇവര്‍ പി.എസ്.സി. പരീക്ഷാ പരിശീലനത്തിനായി ഇവിടേക്കെത്തി. ഈ സമയം സമീപത്തെ വാടകവീടിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ലൈറ്റൊന്നും ഉണ്ടായിരുന്നില്ല. വാതിലില്‍ താക്കോലും ഉണ്ടായിരുന്നു. ഇതോടെ യുവാക്കള്‍ വീടിനകത്ത് കയറിനോക്കി. തട്ടിന്‍പുറത്തുനിന്ന് രക്തം വീഴുന്ന കാഴ്ചയാണ് ഇവര്‍ കണ്ടത്. ഇതോടെ പരിഭ്രാന്തരായ യുവാക്കള്‍ അയല്‍ക്കാരെ വിവരമറിയിച്ചു. അയല്‍ക്കാരിലൊരാള്‍ സ്ഥലത്തെത്തി തട്ടിന്‍പുറത്ത് കയറി നോക്കിയപ്പോള്‍ രണ്ടുകാലുകള്‍ മാത്രമാണ് ആദ്യം കണ്ടത്. തട്ടിവിളിച്ചെങ്കിലും ആള്‍ക്ക് അനക്കമുണ്ടായിരുന്നില്ല. ഇതോടെ പോലീസിനെ അറിയിച്ചു.

പോലീസ് സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ വീടിനകത്തെ പരിശോധന ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മേല്‍ക്കൂരയും തട്ടിന്‍പുറവും തമ്മിലുള്ള അകലവും വളരെക്കുറവായതും വെളിച്ചക്കുറവുമാണ് പരിശോധനയ്ക്ക് വെല്ലുവിളിയായത്.
തുടര്‍ന്ന് വാടകവീട്ടില്‍ താമസിച്ചിരുന്നവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ റഫീഖാ ബീവിയും സുഹൃത്തായ അല്‍ അമീനുമാണ് അവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ നിരന്തരം വഴക്കിടാറുണ്ടെന്നും അല്‍ അമീന്‍ മദ്യപിച്ച് ബഹളംവെയ്ക്കാറുണ്ടെന്നും സമീപവാസികള്‍ മൊഴിനല്‍കി. ഇതോടെ കൊല്ലപ്പെട്ടത് റഫീഖാ ബീവിയായിരിക്കാമെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. റഫീഖാ ബീവിയെ കൊലപ്പെടുത്തിയശേഷം അല്‍ അമീന്‍ രക്ഷപ്പെട്ടതായിരിക്കാമെന്നും പോലീസ് കരുതി. ഉടന്‍തന്നെ അല്‍ അമീനായി തിരച്ചില്‍ ആരംഭിച്ചു. മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചു. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തമ്പാനൂരിലാണെന്ന് വ്യക്തമായി.
അല്‍ അമീന്‍ പാലക്കാട് സ്വദേശിയാണെന്നും കോവളത്ത ഹോട്ടലിലാണ് ജോലിയെന്നും ഇതിനകം അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇയാളുടെ അവസാനത്തെ ടവര്‍ ലൊക്കേഷന്‍ തമ്പാനൂരിലാണെന്ന് വ്യക്തമായതോടെ ബസ്സിലോ ട്രെയിനിലോ ഇയാള്‍ പാലക്കാട്ടേക്ക് പോയേക്കാമെന്ന് പോലീസ് കരുതി. ഇതോടെ സിറ്റി പോലീസിന് വിവരം കൈമാറി. ട്രെയിനുകളിലും ദീര്‍ഘദൂര ബസ്സുകളിലും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി.
ഈ സമയത്താണ് അല്‍ അമീന്‍ എന്ന പേരില്‍ മൂന്ന് ബസ് ടിക്കറ്റുകള്‍ തൃശ്ശൂരിലേക്ക് ബുക്ക് ചെയ്തിരുന്നതായി ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍നിന്ന് വിവരം കിട്ടിയത്. അപ്പോഴേക്കും ഈ ബസ് കഴക്കൂട്ടം ഭാഗത്തെത്തിയിരുന്നു. ബസ്സിന്റെ ഡ്രൈവറെ ബന്ധപ്പെട്ടപ്പോള്‍ ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ ഒരു സ്ത്രീയും രണ്ടുയുവാക്കളുമാണ് യാത്രചെയ്യുന്നതെന്ന് ബസ് ജീവനക്കാര്‍ വിവരം നല്‍കി. ഉടന്‍തന്നെ കഴക്കൂട്ടം പോലീസിന് വിവരം നല്‍കി. രാത്രി ഒമ്പതുമണിയോടെ കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില്‍വെച്ച് പോലീസ് ബസ് തടഞ്ഞു. റഫീഖാ ബീവി അടക്കം മൂവരെയും കസ്റ്റഡിയിലെടുത്തു.
ഏഴുമണിക്ക് വാടകവീട്ടിലെ തട്ടിന്‍പുറത്ത് മൃതദേഹം കണ്ടെത്തി രണ്ടുമണിക്കൂറിനുള്ളില്‍ ഇവിടെ താമസിച്ചിരുന്ന മൂവരെയും പോലീസ് കണ്ടെത്തി. ഇതിനിടെയാണ് ഇവരുടെ സമീപത്തെ വീട്ടില്‍ താമസിച്ചിരുന്ന ശാന്തകുമാരിയെ കാണാനില്ലെന്ന് മകന്‍ പരാതി അറിയിച്ചത്. പകല്‍സമയത്ത് വീട്ടില്‍വന്നപ്പോളും അമ്മയെ കണ്ടില്ലെന്നും അമ്മ ക്ഷേത്രത്തിലോ മറ്റോ പോയതായിരിക്കുമെന്ന് കരുതിയെന്നും മകന്‍ പറഞ്ഞു. എന്നാല്‍, രാത്രിയായിട്ടും അമ്മ വീട്ടില്‍ വന്നിട്ടില്ലെന്നും മകന്‍ പോലീസിനെ അറിയിച്ചു. ഇതേസമയം പ്രതികളെ ചോദ്യംചെയ്തതോടെ തട്ടിന്‍പുറത്തെ മൃതദേഹം ശാന്തകുമാരിയുടേതാണെന്നും അവരുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനായാണ് കൊലപാതകം നടത്തിയതെന്നും വ്യക്തമായി.

സംഭവദിവസം തന്നെ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ ചിലത് പ്രതികള്‍ വിഴിഞ്ഞത്തെ ജൂവലറിയില്‍ വിറ്റഴിച്ചിരുന്നു. ഈ പണവുമായി മൂവരും തിരുവന്തപുരം നഗരത്തിലേക്കാണ് വണ്ടികയറിയത്. അവിടെ ഒരു ഹോട്ടലില്‍ എ.സി. മുറിയെടുത്ത് തങ്ങി.. പിന്നാലെ ബസില്‍ തൃശ്ശൂരിലേക്കും യാത്രതിരിച്ചു. എന്നാല്‍, ഇതിനകം ശാന്തകുമാരിയുടെ കൊലപാതകം പുറംലോകമറിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ച് പോലീസും പ്രതികളെ തേടിയിറങ്ങി. ഒടുവില്‍ ബസില്‍ യാത്രചെയ്യുന്നതിനിടെ കഴക്കൂട്ടത്തുവെച്ച് മൂവരും പോലീസിന്റെ പിടിലാവുകയായിരുന്നു.
ശാന്താകുമാരി കൊലക്കേസില്‍ പ്രതികളെ വിശദമായി ചോദ്യംചെയ്തതോടെയാണ് 2021-ല്‍ കോവളത്തെ 14 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലും ചുരുളഴിഞ്ഞത്. ഈ സംഭവത്തിന് പിന്നിലും റഫീഖയും മകന്‍ ഷെഫീക്കുമാണെന്ന് പോലീസ് കണ്ടെത്തി. കോവളത്ത് താമസിക്കുമ്പോള്‍ അടുത്തവീട്ടിലെ 14-കാരിയുമായി ഷെഫീക്ക് അടുപ്പത്തിലായിരുന്നു. ഈ പെണ്‍കുട്ടിയെ പലതവണ പ്രതി പീഡിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം പെണ്‍കുട്ടി വീട്ടുകാരോട് പറയുമെന്ന് തോന്നിയതോടെ അവളെ ഇല്ലാതാക്കാനായിരുന്നു റഫീഖയുടെയും മകന്‍ ഷെഫീക്കിന്റെയും തീരുമാനം. ശാന്തകുമാരിയെ കൊലപ്പെടുത്തിയത് പോലെ 14 വയസ്സുകാരിയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റഫീഖയായിരുന്നു. എന്നാല്‍, 14-കാരിയുടെ കൊലപാതകത്തില്‍ ഇവരിലേക്ക് അന്വേഷണമെത്തിയില്ല. മാത്രമല്ല, പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനെ പോലീസ് സംശയിക്കുകയുംചെയ്തു. ഇതിനിടെ കോവളത്തുനിന്ന് റഫീഖയും മകനും തന്ത്രപൂര്‍വം മുല്ലൂരിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു.
ശാന്തകുമാരി കൊലക്കേസില്‍ മൂന്നുപ്രതികള്‍ക്കും നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി വധശിക്ഷയാണ് വിധിച്ചത്. 34 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ ഈ കേസില്‍ വിസ്തരിച്ചത്. 61 രേഖകളും 34 തൊണ്ടിമുതലുകളും ഹാജരാക്കി. കൊലപാതകത്തിന് പുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച എന്നീ വകുപ്പുകള്‍പ്രകാരവും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, ഫോര്‍ട്ട് എ.സി. എസ്.ഷാജി, വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി. എസ്.ഐ. കെ.എല്‍.സമ്പത്ത് തുടങ്ങിയവരുള്‍പ്പെട്ട പോലീസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിര്‍ണായകമായി. 85 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. അതിനാല്‍ പ്രതികള്‍ക്ക് ജാമ്യംപോലും ലഭിച്ചില്ല.
റഫീഖ ബീവിയും മകനും സുഹൃത്തായ അല്‍ അമീനും ഒരുമിച്ച് ആസൂത്രണംചെയ്ത കൊടുംക്രൂരതയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ് കോടതി നല്‍കിയത്. അതേസമയം, 14-കാരിയുടെ കൊലപാതകത്തിലും പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലും കേസ് നടന്നുവരികയാണ്.
Content Highlights: thiruvananthapuram mullur santhakumari murder case: how accused killed her and police investigation
Published: 31 Dec 2024, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented