കണ്ണൂർ: കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ ലഹരിയുമായി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസും എക്‌സൈസും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടി. കണ്ണൂർ മർക്കാർക്കണ്ടി സ്വദേശിയായ അലീഷാൻ ഫായിസ് ആണ് പിടിയിലായത്. രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

To advertise here,

ഇന്ന് രാവിലെ 11 മണിയോടെ വിരാജ്‌പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്‌സൈസ് സംഘം പരിശോധിക്കുന്നതിനിടെയാണ് സംഭവം. ഇയാൾ പെട്ടെന്ന് ബസ്സിൽ നിന്നിറങ്ങി ബാഗും ചെരുപ്പും പാലത്തിൽ വെച്ച് പുഴയിലേക്ക് ചാടുകയായിരുന്നു.

കരിക്കോട്ടക്കരി എസ്.ഐ. ജോസിന്റെ കയ്യിൽ നിന്ന് വഴുതിമാറിയ ഇയാൾ പുഴയിലൂടെ മറുകരയിലേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസും എക്‌സൈസ് സംഘവും മറുകരയിലെത്തിയതോടെ ഇയാൾ തിരികെ നീന്തി പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി നിലയുറപ്പിച്ചു. പിടികൂടാൻ ശ്രമിച്ചാൽ പാറക്കല്ലിൽ തലയടിച്ച് മരിക്കുമെന്ന് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.

തുടർന്ന് പോലീസും എക്‌സൈസും നാട്ടുകാരും ചേർന്ന് അതിസാഹസികമായാണ് ഇയാളെ കീഴ്‌പ്പെടുത്തി കരയിലേക്ക് കൊണ്ടുവന്നത്. പ്രതിയെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ പോലീസുകാരുടെ മൊബൈൽ ഫോണുകളടക്കം നഷ്ടപ്പെട്ടു. ദേഹപരിശോധനയിൽ ഇയാളിൽ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

ഇയാളുടെ കയ്യിൽ എം.ഡി.എം.എ. ഉണ്ടായിരുന്നിരിക്കാമെന്നും അത് പുഴയിൽ വീണ് നശിച്ചുപോയതാകാം എന്നുമാണ് പോലീസ് സംശയിക്കുന്നത്. വളപട്ടണം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നേരത്തേയും കേസുകൾ നിലവിലുണ്ട് എന്നാണ് വിവരം.