തിരുവനന്തപുരം: ഉമറിന്റെ തന്ത്രം അതിഗംഭീരമായിരുന്നു, പക്ഷേ അതെല്ലാം പൊളിച്ചുകളഞ്ഞത് അവന്റെ കാമുകിയാണ്. പാങ്ങപ്പാറ കൊലപാതകത്തിൽ പോലീസ് പ്രതീക്ഷിച്ചതുപോലെ തന്നെ രക്ഷാപഴുത് അതിവിദഗ്ധമായി ഉമർ ഒരുക്കിയിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ആ പഴുത് കണ്ടെത്തി പരിഹരിക്കാനായിരുന്നു പോലീസിന്റെ കഠിനശ്രമം. അതിൽ ആദ്യഘട്ടത്തിൽ തന്നെ ഒരുവിധം വിജയിക്കാനായി. പക്ഷേ, ഉമർ കൂടുതൽ തന്ത്രങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ടാകുമോ എന്നാണ് പോലീസ് ഇപ്പോൾ ആശങ്കപ്പെടുന്നത്. തന്റെ ഫോൺ പരിശോധിച്ചാൽ രക്ഷപ്പെടാനുള്ള വഴി അഭിഭാഷകന് ലഭിക്കും എന്നായിരുന്നല്ലോ ചോദ്യം ചെയ്യലിൽ ഉമറിന്റെ വീമ്പുപറച്ചിൽ. അതാണ് കാമുകി വായതുറന്നതോടെ പൊളിഞ്ഞു പാളീസായത്. അത് എന്താണെന്നല്ലേ?

To advertise here,

അതിനുമുൻപ് കേസിന്റെ അന്വേഷണ വഴികളിൽ ഒന്നു പോയി നോക്കാം, അന്വേഷണത്തിൽ എത്രത്തോളം പുരോഗതിയുണ്ട് എന്ന് നോക്കാം... അഭിരാമിന്റെ കൊലപാതകത്തിൽ പോലീസിന് ഇനിയും കുറെയധികം ജോലികളുണ്ട്. കൊലപാതകത്തിന് കാരണമായ മോട്ടീവ്, ശക്തമായ ആ കാരണം ഇപ്പോഴും പോലീസിനു മുന്നിൽ വെളിവായിട്ടില്ല. പ്രതികൾ പറയുന്ന മൊഴികളിൽ കുറെയധികം കാര്യങ്ങളുണ്ട്, വിശദാംശങ്ങൾ ഉണ്ട്. അഭിരാമിനോടും കൂട്ടുകാരനോടും പ്രതികൾക്ക് പക തോന്നാൻ പലവിധ കാരണങ്ങളും ഉണ്ട്. അതിൽ അഭിരാമിന്റെ കൊലപാതകത്തിൽ കലാശിക്കാൻ തക്കതായി മാറിയ, കൃത്യമായ മോട്ടീവ് എന്താണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ആ കാരണം, കുറ്റമറ്റ രീതിയിൽ കണ്ടെത്തിയാൽ മാത്രമേ കേസ് കോടതിയിൽ എത്തുമ്പോൾ പ്രതികളെ ശക്തമായി പൂട്ടാൻ കഴിയുകയുള്ളൂ. കൊല്ലപ്പെട്ട ആളോട് നിലവിൽ പ്രതികാരത്തിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതിലൊന്ന് ഒന്നാം പ്രതിയായ 17-കാരന്റെ കാമുകി അഭിരാമിന്റെ സുഹൃത്തായി മാറിയതാണ്. ഉമറിന്റെയും ഒന്നാം പ്രതിയുടെയും കൂട്ടുകാരി, കേസിലെ പ്രതി ആനന്ദയുടെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് മറ്റൊരു കാരണം. അങ്ങനെ പലതുണ്ട്. ഇതിൽ കൊലപാതകത്തിന് ഇഗ്‌നൈറ്റ് ചെയ്ത കാരണമാണ് പോലീസിന് അറിയേണ്ടത്.

ഇതിനിടയിൽ, ശക്തമായ മറ്റനവധി തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതിൽ പ്രധാനം അഭിരാമിന്റെ കൂട്ടുകാരന്റെ മൊഴിയാണ്. അഭിരാമിനൊപ്പം ആ കൂട്ടുകാരനെ കൂടി കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഉദ്ദേശം. പക്ഷേ വിളിച്ചിട്ട് അവിടേക്ക് ചെല്ലാഞ്ഞതുകൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന്, ഒന്നാം പ്രതിയായ 17-കാരൻ തന്നെ മർദിച്ചിരുന്നു എന്നാണ് ആ കൂട്ടുകാരൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. 'മർദിച്ചു' എന്ന മൊഴിയിൽ എന്താണ് ഇത്ര കാര്യമെന്നല്ലേ? ആ മർദ്ദനത്തിന്റെ രീതിയാണ് പോലീസിന് കോടതിയിൽ ഗംഭീര തെളിവായി മാറാൻ പോകുന്നത്.

പ്രതികളുടെ മോഡസ് ഓപ്പറാണ്ടി, അതായത് 'കുറ്റകൃത്യ ശൈലി' തെളിയിക്കാൻ പറ്റുന്ന വിവരം അതിലുണ്ട്. 'വയറിൽ ഇടിച്ച ശേഷം നിലത്ത് മറിച്ചിട്ട് ശരീരത്തിന് മുകളിൽ കയറിയിരുന്ന് കഴുത്തമർത്തി' - എന്നാണ് ആ കൂട്ടുകാരൻ മൊഴി നൽകിയിരിക്കുന്നത്. ഇതേ രീതിയിലാണ് അയാളും ഉമറും ചേർന്ന് അഭിരാമിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിലും കൊലപാതകത്തിന് ഈ ശൈലിയായിരുന്നു എന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ മൊഴി പ്രതികൾക്കെതിരെ ശക്തമായ ഒരു തെളിവായി മാറും എന്ന കാര്യത്തിൽ സംശയമില്ല.

കൊലപാതകത്തിന് ദിവസങ്ങളുടെ ആസൂത്രണം ഉണ്ടായിരുന്നു എന്നും പോലീസ് കണ്ടെത്തിക്കഴിഞ്ഞു. മോഷണ കേസുകളിലെ പ്രതി ഉമർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായപ്പോഴേ പോലീസ് ജാഗ്രതയിലായിരുന്നു. പോലീസ് പ്രതീക്ഷിച്ചതുപോലെ തന്നെ ഉമർ അതിവിദഗ്ധമായ തന്ത്രങ്ങൾ ഇതിൽ പയറ്റിയിട്ടുണ്ട്. ഫോൺ പരിശോധനയിലാണ് പോലീസിന് ഇക്കാര്യം കണ്ടെത്താൻ കഴിഞ്ഞത്. തുടക്കത്തിൽ തന്നെ അത് കണ്ടെത്തിയതുകൊണ്ട് കേസിന്റെ അന്വേഷണത്തിൽ തിരിച്ചടി ഉണ്ടാക്കിയേക്കാവുന്ന ഒരു പിഴവ് പോലീസിന് ആദ്യമേ പരിഹരിക്കാൻ കഴിയുകയും ചെയ്തു.

ആ തന്ത്രം ഇങ്ങനെയായിരുന്നു; കുറ്റകൃത്യത്തിന് പുറപ്പെടും മുമ്പ് കാമുകിയോട് തന്റെ ഫോണിലേക്ക് വിളിക്കാൻ ഉമർ ആവശ്യപ്പെട്ടിരുന്നു. ഫോൺ അറ്റൻഡ് ചെയ്ത് വീട്ടിൽ വെച്ചിട്ടാണ് ഉമർ പാങ്ങപ്പാറയിൽ അഭിരാമിനെ എത്തിക്കാൻ തീരുമാനിച്ച, കുറ്റകൃത്യം നടന്ന സ്‌പോട്ടിലേക്ക് പോയത്. കൊലപാതകത്തിനുശേഷം ഏതാണ്ട് ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ഉമർ വീട്ടിലേക്ക് തിരിച്ചെത്തിയത്. അപ്പോഴും അയാളുടെ ഫോണിൽ കാമുകിയുടെ കോൾ കണക്റ്റ് ആയി തുടർന്നിരുന്നു.

വീട്ടിൽ വന്നപാടെ സംഭവങ്ങളെല്ലാം ഉമർ കാമുകിയോട് വിശദമായി പറഞ്ഞു, എങ്ങനെയാണ് കൊലപാതകം നടത്തിയത് എന്നതടക്കം വിശദമായി തന്നെ. പിന്നീട് ഇരുവരും തമ്മിൽ നടന്നത് പോലീസ് അന്വേഷണം ഉണ്ടായാൽ എങ്ങനെ രക്ഷപ്പെടാം എന്നതിന്റെ ചർച്ചയായിരുന്നു. പല തന്ത്രങ്ങൾ, പോലീസിനെ വഴിതെറ്റിക്കാൻ പോകുന്ന രീതിയിലുള്ള ചാറ്റുകൾ, ഒന്നാം പ്രതിയേയും അഭിരാമിനെയും കുറിച്ചുള്ള ചില വിവരങ്ങൾ അങ്ങനെ ചിലത്. കൊലപാതകം നടക്കുന്ന സമയത്ത് താൻ കാമുകിയുമായി ഫോണിലൂടെ സല്ലപിച്ചുകൊണ്ട് വീട്ടിൽ തന്നെ ആയിരുന്നു എന്ന് വരുത്താനായിരുന്നു ഉമറിന്റെ ശ്രമം. 

'ഫോൺ പരിശോധിച്ചാൽ തന്നെ രക്ഷിക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കൊള്ളും' എന്ന് ഉമർ കോൺഫിഡൻസിൽ ആയത് അങ്ങനെയാണ്. പക്ഷേ ആ ആത്മവിശ്വാസം ഉമറിന്റെ കാമുകി പോലീസിന്റെ മുന്നിൽ എത്തും വരെ മാത്രമാണ് ഉണ്ടായിരുന്നത്. പോലീസ് ഫോൺ പരിശോധിച്ചപ്പോൾ കാമുകിയാണ് ഉമറിനെ അവസാനം വിളിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ കേസിൽ നിന്ന് രക്ഷപ്പെടാൻ ഉമറിന്റെ തന്ത്രം അനുസരിച്ചാണ് അങ്ങനെ ചെയ്തതെന്ന് അവൾ സമ്മതിച്ചു. അതോടെ കാമുകിയും പ്രതിയായി, അറസ്റ്റിലായി.

ഇനിയും കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെടാനുള്ള സാധ്യതയാണ് പോലീസ് പറയുന്നത്. റിമാൻഡിലുള്ള പ്രതികളെ ഇനിയും കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ തെളിവുകൾ മാത്രമല്ല പ്രധാനപ്പെട്ട മിസ്സിങ് തെളിവുകളും കണ്ടെത്തേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനം കാണാതായ ഫോണുകളും വസ്ത്രവുമാണ്. ഉമറിന് മറ്റൊരു ഫോൺ കൂടി ഉണ്ട് എന്നാണ് പോലീസ് മനസ്സിലാക്കുന്നത്, അതും ഒളിപ്പിച്ചിരിക്കുകയാണ്.

അതെല്ലാം കണ്ടെത്തേണ്ടത് ഇൻവെസ്റ്റിഗേഷനിൽ നിർണായകമാണ്. ഈ വസ്തുക്കളെല്ലാം തോട്ടിൽ കളഞ്ഞു എന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവിടെ പരിശോധന നടത്തിയിട്ടും ഒന്നും കിട്ടിയിട്ടില്ല. അത് തോട്ടിൽ കളഞ്ഞു കാണില്ല എന്നാണ് പോലീസിന്റെ നിഗമനം, മറ്റെവിടെയോ ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും പോലീസിന് സംശയമുണ്ട്. അങ്ങനെയെങ്കിൽ, കേസിൽ ഉമർ ഒളിപ്പിച്ചുവെച്ചിരിക്കുന്ന, പോലീസിനെ വട്ടം ചുറ്റിക്കാൻ പോകുന്ന കൂടുതൽ തന്ത്രങ്ങൾ ഇനിയുമുണ്ടോ?