നാഗ്പുരിലെ കസ്തുര്‍ബാ നഗറിന്റെ ഗല്ലികളില്‍ അക്കു യാദവിന്റെ കാല്‍പെരുമാറ്റം കേട്ടപ്പോഴൊക്കെ സ്ത്രീകള്‍ വീടുകളുടെ മറവിലൊളിച്ചു. കസ്തൂര്‍ബാ നഗറിന്റെ ഗബ്ബര്‍ സിങ്ങ് വരുന്നുണ്ടെന്ന് ആണുങ്ങള്‍ പരസ്പരം പിറുപിറുത്തു. അക്കു യാദവ് എന്ന പിശാചുമായി താരതമ്യം ചെയ്യുമ്പോള്‍ ഷോലെ സിനിമയിലെ ഗബ്ബര്‍ സിങ് എത്രയോ ഭേദം. 

To advertise here,

ഭരത് കാളിചരണ്‍ യാദവ് അഥവാ അക്കു യാദവ് 90 കള്‍ക്കും 2000-ത്തിനുമിടയില്‍ ചെയ്തുകൂട്ടിയ അരുംകൊലകളിലൂടെയും അതിക്രൂരമായ ബലാത്സംഗങ്ങളിലൂടെയും കളവിലൂടെയും പിടിച്ചുപറിയിലൂടെയുമൊക്കെയാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കൊടുംകുറ്റവാളിയായി വളര്‍ന്നത്.

അക്കു യാദവിന്റെ മുന്‍കാല ജീവിതത്തെ കുറിച്ച് ആര്‍ക്കും ധാരണയില്ല. കുപ്രസിദ്ധിയിലേക്ക് വളര്‍ന്നപ്പോഴേക്കും പൈശാചികനായി ഒരു കുറ്റവാളിയായി അയാള്‍ സ്വയം സ്ഥാപിക്കപ്പെട്ടിരുന്നു. കസ്തൂര്‍ബ നഗറില്‍ അയാള്‍ ഒരു ഗുണ്ടാസംഘം രൂപീകരിച്ചു. അത് പ്രദേശവാസികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അക്കുവിനെ സഹായിച്ചു.

അക്കു കൂടുതലും ലക്ഷ്യം വെച്ചത് ദുര്‍ബലരായ ആളുകളെയായിരുന്നു. അതാണ് അയാളെ മറ്റ്  കുറ്റവാളികളില്‍ നിന്ന് വ്യത്യസ്തനാക്കിയതും. അധികവും സ്ത്രീകളെയായിരുന്നു അയാള്‍ തന്റെ കൊടുംക്രൂരതയ്ക്ക് പാത്രമാക്കിയിരുന്നത്. പോലീസും അധികാരികളും തനിക്കെതിരെ ഒരുചെറുവിരല്‍ പോലും അനക്കില്ലെന്ന ധാര്‍ഷ്ട്യവും വിശ്വാസവുമായിരുന്നു സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ അയാള്‍ക്ക് വളമായതും. ഒരിക്കലും ശിക്ഷിക്കപ്പെടില്ലെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു. സാമൂഹികപരമായും സാമ്പത്തികപരമായും അസ്ഥിരത അനുഭവിക്കുന്ന ദളിത് വിഭാഗങ്ങളുടെ ദൗര്‍ബല്യത്തെയും അയാള്‍ ചൂഷണം ചെയ്തു.

വാങ്ങിയ സാധനത്തിന്റെ പണം ചോദിച്ചതിന് സാധുക്കളായ ദത്തുവിന്റെയും പ്രതിഭയുടെയും പലചരക്കുകടയില്‍ അക്കുവും സംഘവും ഒരു ലഹള തന്നെയുണ്ടാക്കി. അക്കുവും ഗുണ്ടകളും കടയില്‍ വന്ന് സാധനങ്ങളെടുത്ത് പണം നല്‍കാതെ മടങ്ങുന്നത് സ്ഥിരം ഏര്‍പ്പാടാണ്. ഗതികെട്ട് ദത്തു ഇക്കുറി പണം വേണമെന്ന് പറഞ്ഞു. ' നീ എന്നോട് പണം ചോദിക്കാന്‍ മാത്രം വളര്‍ന്നോ?' ? എന്ന് ആക്രോശിച്ചു കൊണ്ടാണ് അക്കു ആ പാവത്തിനെ കഴുത്തിന് കുത്തിപിടിച്ച് മുകളിലേക്ക് ഉയര്‍ത്തിയത്. 

placeholder
Representational Image | Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ആ ഗല്ലിയിലെ ഒരു കച്ചവടക്കാരനെ പോലും അക്കുവും സംഘവും വെറുതെ വിട്ടിരുന്നില്ല. സാധനങ്ങള്‍ സൗജന്യമായി എടുത്തുകൊണ്ടുപോവുന്നത് കൂടാതെ അയാള്‍ക്ക് ആഴ്ചതോറും ചുങ്കം കൊടുക്കുകയും വേണം. അത് മുടക്കിയാല്‍ പൊതിരെ തല്ലും. മാഫിയ തലവനെ പോലെ കസ്തൂര്‍ബാ നഗറിലാകെ അക്കു വിഹരിച്ചു നടന്നു. പോലീസില്‍ പരാതി കൊടുത്തുവെന്നറിഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കും, ദേഹോപദ്രവം ഏല്‍പ്പിക്കും. പരസ്പരം ഇടപെഴുകാനോ കൂട്ടം കൂടാനോ ഒന്നും അയാള്‍ ആളുകളെ അനുവദിച്ചിരുന്നില്ല. സ്ത്രീകളെയും പുരുഷന്മാരെയും എന്തിന് കൊച്ചുകുട്ടികളെ പോലും അയാള്‍ മറ്റുള്ളവരുമായി കളിക്കുന്നതില്‍ നിന്നും ഇടപെഴുകുന്നതില്‍ നിന്നും വിലക്കി. ആരെങ്കിലും തന്റെ വിലക്ക് ലംഘിച്ചു എന്ന് അറിഞ്ഞാല്‍ അവരെ കൊന്നുകളയാന്‍ പോലും അയാള്‍ മടിച്ചില്ല. 

അക്കുവിന്റെ ചെയ്തികളോട് ലോക്കല്‍ പോലീസ് കണ്ണടച്ചു. ഒന്നെങ്കില്‍ അക്കു അവര്‍ക്ക് നല്ലൊരു തുക കൈക്കൂലിയായി നല്‍കുന്നുണ്ടാകാം, അല്ലെങ്കില്‍ അയാളെ എതിര്‍ക്കുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്ന് പാവം പോലീസുകാര്‍ കരുതുന്നുണ്ടാകാം. അയാളുടെ സ്വഭാവവും പെരുമാറ്റവുമൊക്കെ ആരെയും ഭയപ്പെടുത്തുന്നത്ര മൃഗീയമായിരുന്നു. മോട്ടോര്‍ സൈക്കിള്‍ വേണമെന്ന് തോന്നിയാല്‍ ആരുടെങ്കിലും കൈയില്‍ നിന്ന് പിടിച്ചു വാങ്ങും, മൊബൈല്‍ വേണമെന്ന് തോന്നിയാല്‍ അത് പിടിച്ചു പറിക്കും. അതൊക്കെ സഹിക്കാം, സ്വര്‍ണകമ്മല്‍ തട്ടിയെടുക്കാന്‍ ചെവിയറുക്കുകയും മോതിരമെടുക്കാന്‍ വിരല്‍ മുറിക്കുകയൊക്കെ ചെയ്തു കളയും ആ ക്രൂരന്‍. എതിര്‍ക്കുന്നവരുടെയൊക്കെ ജീവനെടുക്കും. എത്രയെത്ര മൃതദേഹങ്ങളാണ് റെയില്‍വേ ട്രാക്കുകളില്‍ നിന്ന് കണ്ടെടുത്തത്. 

ബലാത്സംഗമായിരുന്നു അക്കുവിന്റെ ഏറ്റവും വലിയ ആയുധം. സ്ത്രീയുടെ മാനത്തിന് ജീവന്റെ വിലയുള്ള ഒരു പുരുഷാധിപത്യ, സ്ത്രീവിരുദ്ധ സമൂഹത്തില്‍ ബലാത്സംഗം തന്നെയാണല്ലോ ഒരു സ്ത്രീയെ കീഴ്‌പ്പെടുത്താനുള്ള ഏറ്റവും ക്രൂരമായ മാര്‍ഗം. കാരണം ബലാത്സംഗം നേരിട്ട ഒരൊറ്റ സ്ത്രീ പോലും അയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തില്ലല്ലോ. നിയമപരിരക്ഷ ഏറെ അകലെയായ പാവപ്പെട്ട ദളിത് കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളായിരുന്നു അക്കുവിന്റെ ഇരകളിലധികവും. 1991-ല്‍ നടത്തിയ ഒരു കൂട്ടബലാത്സംഗമാണ് ഇതിന്റെയൊക്കെ തുടക്കം. 10 വയസ്സുള്ള പെണ്‍കുഞ്ഞ് വരെ അയാളുടെ കാമവെറിക്കിരയായി. ഒരു നേരത്തെ വിശപ്പടക്കാനുള്ള ഗതി പോലുമില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കൊക്കെ അയാളെ ചോദ്യം ചെയ്യുക എന്നതും നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നതും ഏറെക്കുറെ അസാധ്യമായിരുന്നു. 

അങ്ങനെ സീരിയല്‍ കില്ലര്‍ എന്ന കുപ്രസിദ്ധിയിലേക്ക് അക്കു യാദവ് വളര്‍ന്നു. തെരുവിലെ ഓരോ രണ്ടാമത്തെ വീട്ടിലും അക്കുവിന്റെ വൈകൃതങ്ങള്‍ക്ക് ഇരയായ ഒരു പെണ്‍കുട്ടി ഉണ്ടാവുമെന്നാണ് കസ്തൂര്‍ബ നഗറിലെ ജനങ്ങളുടെ കണക്ക്. അയാളുടെ ചെകുത്താന്‍ കണ്ണുകള്‍ ഏത് നിമിഷം, ഏത് രീതിയിലാണ് തങ്ങളുടെ മേല്‍ പതിക്കുക എന്ന് ആര്‍ക്കും പ്രവചിക്കാനാകുമായിരുന്നില്ല. അന്നൊരിക്കല്‍ ഗല്ലിയുടെ ഓരത്തുള്ള വീടിന്റെ വാതിലില്‍ ആരോ മുട്ടുന്നത് കേട്ടു. സമയം പുലര്‍ച്ചെ ഏതാണ്ട് അഞ്ചുമണിയോടെയടുത്തിട്ടുണ്ടാകും. ആരാണ് വാതിലില്‍ മുട്ടുന്നത് എന്ന് ഗൃഹനാഥന്‍ ചോദിച്ചു. പോലീസ് ആണെന്നായിരുന്നു മറുപടി. ഒന്നുമോര്‍ക്കാതെ അയാള്‍ വാതില്‍ തുറന്നു. അക്കുയാദവായിരുന്നു പുറത്ത്. വീട്ടില്‍ അതിക്രമിച്ചു കടന്ന അക്കു ഗൃഹനാഥനെ കുത്തിവീഴ്ത്തി. അയാളുടെ ഭാര്യയെ ബലമായി വലിച്ചിഴച്ച് പുറത്തെവിടേക്കോ കൊണ്ടുപോയി. അക്കുവും കൂട്ടാളികളും ചേര്‍ന്ന് മൂന്നുമണിക്കൂറോളം അതിക്രൂരമായി ആ സ്ത്രീയെ ബലാത്സംഗം ചെയ്തു.

placeholder
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കല്യാണപ്പിറ്റേന്ന് വരെ അക്കുവിനിരയായ പെണ്‍കുട്ടികളുണ്ട്. ആഷോ ബോര്‍ക്കര്‍ എന്ന സ്ത്രീക്കനുഭവിക്കേണ്ടി വന്നത് ഇന്നും വേദനയാണ്. സ്വന്തം മകളുടേയും അയല്‍ക്കാരുടേയും മുന്നില്‍ വെച്ചാണ് അവളെ അയാള്‍ ഉപദ്രവിച്ചത്. അവള്‍ക്കുനല്‍കിയ വേദനകളൊന്നും പോരാഞ്ഞ് ആ കാമഭ്രാന്തന്‍ പിശാച് അവളുടെ മാറിടം അറുത്തു. അവളെ ആ തെരുവിലിട്ട് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി. കല്‍മയെ അവള്‍ക്ക് കുഞ്ഞുജനിച്ച് പത്താം ദിവസമാണ് അക്കുവും സംഘവും കൂട്ടബലാത്സംഗം ചെയ്തത്. അതില്‍ മനംനൊന്ത് അവള്‍ സ്വയം ജീവനൊടുക്കി. മറ്റൊരിക്കല്‍ ഏഴുമാസം ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയേയാണ് അയാള്‍ വീട്ടില്‍ നിന്ന് വലിച്ചിറക്കി തെരുവിലിട്ട് അവര്‍ കൂട്ടബലാത്സംഗം ചെയ്തത്. പത്തും പന്ത്രണ്ടും വയസ്സ് മാത്രമുള്ള പെണ്‍കുഞ്ഞുങ്ങളെ വരെ അവന്‍ നരകം കാണിച്ചു. പരാതി കൊടുക്കാന്‍ മുതിര്‍ന്നവരെയെല്ലാം അയാള്‍ കൊന്നുകളഞ്ഞു, അല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പോലീസ് തന്നെ ഒന്നും ചെയ്യില്ലെന്ന് അയാള്‍ക്കുറപ്പായിരുന്നു. അഥവാ അറസ്റ്റ് ചെയ്താല്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ അയാള്‍ക്ക് ജാമ്യം ലഭിക്കും. 

1998-ല്‍ ഒരു പെണ്‍കുട്ടിയെ അക്കു ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയെങ്കിലും അധികാരികള്‍ക്കിടയില്‍ അയാള്‍ക്കുള്ള പിടിപാട് കാരണം നടപടികളൊന്നുമുണ്ടായില്ല. ആ പെണ്‍കുട്ടിയേയും കുടുംബത്തേയും ഉപദ്രവിക്കുന്നത് അയാളും സംഘവും തുടര്‍ന്നുകൊണ്ടേയിരുന്നു. അവരെ കസ്തൂര്‍ബാനഗറില്‍ നിന്നു തന്നെ ഓടിക്കാനായിരുന്നു അവരുടെ ലക്ഷ്യം. പോലീസ് അതിനൊക്കെ കണ്ണടച്ചു. ആരെങ്കിലും പരാതിയുമായി വന്നാല്‍ അക്കുവിന് ചോര്‍ത്തിക്കൊടുക്കും. ബലാത്സംഗം ചെയ്തു എന്ന് പരാതിപ്പെടാനെത്തുന്ന സ്ത്രീകളെ പോലീസുകാരും ബലാത്സംഗം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. അതിനോടകം 25-ഓളം കുടുംബങ്ങള്‍ അക്കുവില്‍ നിന്ന് രക്ഷപ്പെടാന്‍ കസ്തൂര്‍ബാ നഗര്‍ വിട്ടു. 

2000 എത്തിയപ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു. അക്കുവിന്റെ അക്രമം സഹിക്കാവുന്നതിലും അപ്പുറമായി. അപ്പോഴേക്കും നാല്‍പത് പേരെയാണ് അയാള്‍ ബലാത്സംഗം ചെയ്തത്. മറ്റു കേസുകള്‍ വേറെയും. എന്നാല്‍ സ്ഥിതിഗതികള്‍ മാറിമറിയാന്‍ തുടങ്ങുകയായിരുന്നു. അതിനു വഴിവെച്ചത് ഉഷ നാരായണ്‍ എന്ന ധൈര്യശാലിയായ സ്ത്രീയും. തന്റെ അയല്‍ക്കാരി രത്‌നയെ പണമാവശ്യപ്പെട്ട് അക്കുവും സംഘവും ആക്രമിച്ചു എന്ന പരാതിയുമായാണ് ഉഷ പോലീസ് സ്‌റ്റേഷനിലെത്തിയത്. രത്‌ന ഭയം കാരണം പോലീസ് സ്‌റ്റേഷനിലെത്താന്‍ വിസമ്മതിച്ചതോടെയാണ് ഉഷ ഒറ്റയ്ക്ക് വരാമെന്ന് തീരുമാനിച്ചത്. വിചാരിച്ചത് പോലെ തന്നെ പോലീസ് അക്കുവിനോട് ഉഷ പരാതി നല്‍കിയ വിവരം പറഞ്ഞു. അന്ന് രാത്രി അക്കു നാല്‍പ്പത് ഗുണ്ടകളുമായി ഉഷയുടെ വീട് വളഞ്ഞു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ അവളുടെ മുഖത്ത് ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. വാതില്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പേടിച്ച് പിന്മാറാന്‍ ഉഷ തയ്യാറായിരുന്നില്ല. പോലീസിന്റെ സഹായം തേടിയിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ ഇനിയുള്ള പോരാട്ടം താന്‍ ഒറ്റയ്ക്കാകാമെന്ന് അവള്‍ തീരുമാനിച്ചു. അവള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു. ഒരു തീപ്പെട്ടിയും കൈയിലെടുത്ത് ഉറക്കെ വിളിച്ചു പറഞ്ഞു. ഏതെങ്കിലും ഒരുത്തന്‍ തന്റെ വീട്ടില്‍ കാലെടുത്ത് വെക്കാന്‍ ധൈര്യപ്പെട്ടാല്‍ തീപ്പെട്ടി ഉരയ്ക്കുമെന്നും തന്റെ കൂടെ എല്ലാവരും ചാവുമെന്നും അവള്‍ ആക്രോശിച്ചു. ഗ്യാസിന്റെ മണം വീടിനു പുറത്തെത്തിയിരുന്നു. കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലായതോടെ അക്കുവും സംഘവും പിന്‍വാങ്ങി. 

ഉഷയുടെ ധീരകൃത്യത്തെ കുറിച്ചുള്ള വാര്‍ത്ത കസ്തൂര്‍ബാ നഗറിലാകെ പരന്നു. അത് അക്കുവിനെതിരെയുള്ള പ്രതികാരത്തിനായി വ്യഗ്രത കൊള്ളുന്ന അവരുടെ ഉള്ളിലെ തീക്കനലുകളെ ആളിപ്പിച്ചു. ഭയം അവരെ പൂര്‍ണമായും വിട്ടകന്നു. 2004 ഓഗസ്റ്റ് 6. തെരുവുകളില്‍ അവര്‍ തടിച്ചുകൂടി. കൈയില്‍ കിട്ടിയ കമ്പും വടിയും കല്ലുമൊക്കെ ആയുധങ്ങളായി എടുത്തു. അക്കുവിന്റെ കൂട്ടാളികളേയെല്ലാം ആക്രമിച്ചു. ഗത്യന്തരമില്ലാതെ അവര്‍ പാഞ്ഞു. അക്കുവിന്റെ സഹായികളെയെല്ലാം തുരത്തിയതോടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ചെറുതെങ്കിലും വിജയത്തിന്റെ ലാഞ്ഛന അവരറിഞ്ഞു. അക്കുവിന്റെ താമസസ്ഥലത്തേക്ക് അവര്‍ പാഞ്ഞുകയറി. ഭയന്നുവിറച്ച അക്കു പോലീസില്‍ അഭയം പ്രാപിച്ചു. പോലീസ് അയാളെ കസ്റ്റഡിയിലെടുത്തു. അക്കുവിന്റെ അമ്മ ആപത്ത് ഭയന്ന് നാടുവിട്ടു.

2004 ഓഗസ്റ്റ് 7-ന് അക്കുവിനെ നാഗ്പുര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. 500-ലധികം പേര്‍ കോടതിക്കു മുന്നിലും തടിച്ചുകൂടി. അയാളെ കോടതിയില്‍ ഹാജരാക്കുമെന്നറിഞ്ഞ് അക്കുവിന് രഹസ്യമായി ആയുധം നല്‍കാന്‍ ഏതോ വിശ്വസ്തന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാവല്‍ക്കാര്‍ കണ്ടുപിടിച്ചില്ലെങ്കിലും പ്രതികാരദാഹവുമായി കാത്തിരുന്ന അവന്റെ വൈകൃതങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെ കണ്ണുകള്‍ അത് കണ്ടുപിടിച്ചു. അവര്‍ ബഹളം കൂട്ടിയതോടെ പോലീസ് അയാളെ അറസ്റ്റു ചെയ്തു. ദേഷ്യം കൊണ്ട; ജ്വലിച്ച അക്കു ഇതിന് താന്‍ പകരംചോദിക്കുമെന്ന് അലറി. 

ആറു ദിവസം കഴിഞ്ഞു അടുത്ത വിചാരണയ്ക്ക് സമയമായി. നിയമത്തിന്റെ ചരട് പൊട്ടിച്ച് അക്കു അനായാസം പുറത്തുകടക്കുമെന്ന് ബോധ്യപ്പെട്ടതോടെ ഒരുകൂട്ടം സ്ത്രീകള്‍ കോടതിമുറിയിലേക്ക് ഇരച്ചെത്തി. അവരെ കണ്ട അക്കു ഉറക്കെ പൊട്ടിച്ചിരിക്കാനും അവരെ പരിഹസിക്കാനും തുടങ്ങി. അയാള്‍ ബലാത്സംഗം ചെയ്ത ഒരു പെണ്‍കുട്ടിയെ കൂട്ടത്തില്‍ നിന്ന് തിരഞ്ഞുപിടിച്ച് അയാള്‍ അവളെ വേശ്യയെന്ന് വിളിച്ചു. അതോടെ അവളുടെ ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്ന ക്രോധം സകല കെട്ടുകളും പൊട്ടിച്ച് പുറത്തേക്ക് കുത്തിയൊഴുകി. അവള്‍ തന്റെ ചെരുപ്പ് കൈയിലെടുത്തു. ഈ ഭൂമിയില്‍ നമ്മളിലൊരാളെ ഇനി ജീവിച്ചിരിക്കൂ എന്ന് ആക്രോശിച്ചു കൊണ്ട് അയാള്‍ക്ക് നേരെ പാഞ്ഞു. ഇത് കണ്ടുനിന്ന ബാക്കി 200 സ്ത്രീകളും കോപം കൊണ്ടു തിളിച്ച് അയാള്‍ക്ക് നേരെ കുതിച്ചു. അക്കുവിന്  നേരെ മുളകുപൊടിയെറിഞ്ഞു. കൈയില്‍ കരുതിയ കറികത്തികൊണ്ട് അയാളുടെ ജനനേന്ദ്രിയമറുത്തു. വര്‍ഷങ്ങളോളം തങ്ങളെ മുറുക്കിയ ക്രൂരതകള്‍ക്ക്, അടിച്ചമര്‍ത്തലിന്, ഉപദ്രവങ്ങള്‍ക്ക് എല്ലാം അവര്‍ മറുപടി പറഞ്ഞു. കുറഞ്ഞത് എഴുപത് കുത്തുകളെങ്കിലും അയാളുടെ ശരീരത്തിൽ കൊണ്ടിട്ടുണ്ടാവണം. 

ഈ സ്ത്രീകളെ സംബന്ധിച്ചിടത്തോളം നിയമവ്യവസ്ഥ തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയിട്ടില്ല. തങ്ങളുടെ അഭിമാനവും അന്തസ്സും വീണ്ടെടുക്കാന്‍ ഈ വഴിയെ അവര്‍ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. 
സീരിയല്‍ കില്ലറും റേപ്പിസ്റ്റുമായ അക്കു യാദവ് ആള്‍ക്കൂട്ടക്കൊലയ്ക്ക് പാത്രമായി എന്ന വാര്‍ത്ത ഇന്ത്യയെ നടുക്കി. അത് ഒരര്‍ഥത്തില്‍ നിയമവ്യവസ്ഥയുടെ ചീഞ്ഞഴുകിയ ഹൃദയത്തെയാണ് തുറന്നുകാട്ടിയത്. നിയമവ്യവസ്ഥ പരാജയപ്പെട്ടപ്പോള്‍ ഒരുകൂട്ടം പെണ്ണുങ്ങള്‍ പുതിയ നിയമമെഴുതി. അക്കുവിനെ കൊന്ന സ്ത്രീകളെയെല്ലാം പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ അത് അടുത്ത വിവാദത്തിന് തിരി കൊളുത്തി. രാജ്യത്തെ സ്ത്രീപക്ഷ സംഘടനകളെല്ലാം പ്രക്ഷോഭമാരംഭിച്ചു. നീതിന്യായവ്യവസ്ഥ പരിഷ്‌കരണത്തിന് തയ്യാറെടുത്തേ മതിയാകൂ എന്ന് ആഹ്വാനങ്ങളുയര്‍ന്നു. ചിലര്‍ക്ക് ഈ ആള്‍ക്കൂട്ടക്കൊല ഒരു കുറ്റകൃത്യമായിരുന്നു. എന്നാല്‍ മറ്റുപലര്‍ക്കും അതിജീവനത്തിനുള്ള അവസാന പിടിവള്ളിയായിരുന്നു അത്. നിയമത്തിന്റെ കണ്ണില്‍ ഇത് നീതിയല്ല. എന്നാല്‍ നിയമം തോല്‍പ്പിച്ചവരെ സംബന്ധിച്ച് ഇതാണ് നീതി. 

അക്കുവിന്റെ കഥയും കസ്തൂര്‍ബാ നഗറിലെ ധീരവനിതകളുടെ കഥയും 'ഇന്ത്യന്‍ പ്രിഡേറ്റര്‍: മര്‍ഡര്‍ ഇന്‍ എ കോര്‍ട്ട്‌റൂം' എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.

(മൊഴിമാറ്റം: അനന്യലക്ഷ്മി ബി.എസ്.)