1978 ഓഗസ്റ്റ് 26. ഡെല്‍ഹിക്ക് അത് മറ്റെന്നത്തേയും പോലൊരു സാധാരണ ദിവസം. ദൗല ക്വാനയിലെ ഓഫീസേഴ്‌സ് എന്‍ക്ലേവില്‍ അല്ലലും അലട്ടുമില്ലാതെ ഒഴുകുന്ന ഒരു സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു അന്ന് ക്യാപ്റ്റന്‍ മദന്‍ മോഹന്‍ ചോപ്രയുടെ കുടുംബം. നേവിയില്‍ ബഹുമാന്യനായ ഒരു ഉദ്യോഗസ്ഥനായിരുന്നു ക്യാപ്റ്റന്‍ ചോപ്ര. രണ്ട് മക്കളാണ് ഒപ്പം. പതിനാറുകാരിയായ മൂത്ത മകള്‍ ഗീത ചോപ്ര ജീസസ് ആന്‍ഡ് മേരി കോളേജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. ഇളയവന്‍ സഞ്ജയ്ക്ക് പതിനാല് വയസ്സാണ്. മോഡേണ്‍ സ്‌കൂളില്‍ പത്താം ക്ലാസിലായിരുന്നു അവന്‍.

To advertise here,

സ്വച്ഛ സുന്ദരമായ ആ ജീവിതത്തിലെവിടെയോ രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ ഒരു ദാരുണ സംഭവം തങ്ങളെ കാത്തിരിപ്പുണ്ടെന്ന യാഥാര്‍ഥ്യം അവരുടെ വിദൂര ചിന്തകളില്‍ പോലുമുണ്ടായിരുന്നില്ല. മക്കളായ ഗീതയും സഞ്ജയുമായിരുന്നു ആ വലിയ ദുരന്തത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ആകാശവാണിയിലെ യുവവാണിയില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ അവസരം കിട്ടിയിരുന്നു അവര്‍ക്ക്. അങ്ങനെ ആ ഓഗസ്റ്റ് 26ന് സന്‍സദ് മാര്‍ഗിലെ ആകാശവാണിയുടെ ഓഫീസിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. ഏഴു മണിക്കായിരുന്നു അവിടെ എത്തേണ്ടിയിരുന്നത്. റെക്കോഡിങ് കഴിഞ്ഞ് ഒന്‍പത് മണിക്ക് അച്ഛന്‍ വന്ന് കൂട്ടിക്കൊണ്ടുപോരുകയും ചെയ്യും. അതായിരുന്നു പദ്ധതി.

തിരക്കുപിടിച്ച ആ രാത്രി തങ്ങള്‍ക്കുവേണ്ടി ഒരുക്കിവെച്ച കെണിയറിയാതെ കൃത്യം ആറേ കാലിന് തന്നെ അവര്‍ വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടു, ജീവനോട് തിരികേ എത്തില്ലെന്ന നേരിയൊരു സൂചന പോലുമില്ലാതെ തന്നെ. ശൈത്യകാലത്തെ പതിവ് മഞ്ഞിന് പുറമെ ചെറിയൊരു ചാറ്റല്‍ മഴയുമുണ്ടായിരുന്നു അന്ന്. രാത്രി എട്ട് മണിയായതോടെ വീട്ടുകാര്‍ക്ക് ആകാംക്ഷയായി. മക്കളുടെ പരിപാടി കേള്‍ക്കാനായി അവര്‍ റേഡിയോയ്ക്ക് മുന്നില്‍ കാതൂ കൂര്‍പ്പിച്ചിരുന്നു. പക്ഷേ, റേഡിയോയിലൂടെ വന്ന് മക്കളുടേതല്ല, മറ്റൊരു ശബ്ദം. മക്കളുടെ പരിപാടിക്ക് എന്ത് സംഭവിച്ചു. അവര്‍ സ്‌റ്റേഷനും ബാന്‍ഡ് വിഡ്ത്തും മാറി മാറി ട്യൂണ്‍ ചെയ്തുനോക്കി. ഫലമുണ്ടായില്ല. ഒരു മുന്നറിയിപ്പുമില്ലാതെ പരിപാടി ക്യാന്‍സാലയതെന്തേ?  ആശങ്ക മനസിലേയ്ക്ക് അരിച്ചരിച്ചുകയറി. പല ചിന്തകളും മനസ്സിലൂടെ മിന്നിമാഞ്ഞു. എന്തു ചെയ്യണമെന്ന് അറിയാതെ അവരാകെ കുഴങ്ങി. പുറത്ത് രാത്രിയുടെ ഇരുട്ടില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞതൊന്നും അവര്‍ അറിഞ്ഞതേയില്ല.

വിവരമൊന്നും അറിയാതെ അച്ഛന്‍ മക്കളെ തിരക്കി പുറപ്പെടാന്‍ തീരുമാനിച്ചു. രാത്രി 8.45 ഓടെ തന്നെ സ്‌കൂട്ടറെടുത്ത് ആകാശവാണി ലക്ഷ്യമിട്ട് വേഗത്തില്‍ പുറപ്പെട്ടു. ചങ്കിടിപ്പോടെയാണ് ആകാശവാണിയുടെ പടിക്കെട്ടുകള്‍ കയറിയെത്തിയത്. എത്തിയപാടെ പരിസരമാകെ പരതി. പക്ഷേ, മക്കള്‍ അവിടെ വന്നതിന്റെ ഒരു ലക്ഷണവും കണ്ടില്ല. ഒടുവില്‍ ഞെട്ടുന്ന ആ സത്യ തിരിച്ചറിഞ്ഞു. മക്കള്‍ രണ്ടുപേരും ആകാശവാണിയില്‍ എത്തിയിട്ടേയില്ല. ഹൃദയം നിലച്ച അവസ്ഥയിലായിരുന്നു ആ അച്ഛന്‍. ആകെ മരവിച്ചുപോയ നിമിഷം. വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് വീട്ടിലേയ്ക്കുള്ള ഫോണ്‍ കറക്കി. ഭാര്യയാണ് ഫോണെടുത്തത്. കണ്ഠമിടറിക്കൊണ്ട് മറുതലയ്ക്കല്‍ അവര്‍ പറഞ്ഞു: മക്കള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലല്ലോ. ചോപ്രയുടെ കണ്ണില്‍ ഇരുട്ടുകയറി. ശ്വാസം നിലച്ച്, നെഞ്ചില്‍ കനംവിങ്ങി. കൈകാലുകളൊക്കെ കുഴഞ്ഞു. കാടുകയറുന്ന ചിന്തകളുമായി സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഇരുട്ട് കൂടുതല്‍ ഘനീഭവിച്ചതുപോലെ തോന്നി. ആ ഇരുട്ടില്‍ വഴികളൊക്കെ കണ്ണില്‍ മങ്ങിമറഞ്ഞുകൊണ്ടിരുന്നു. നെഞ്ചിടിപ്പ് രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു. കുഴയുന്ന കാലുകള്‍ വെച്ചുവെച്ച് ചോപ്ര ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലൊക്കെ അലഞ്ഞു. ആരെയൊക്കെയോ വിളിച്ചുകൊണ്ടിരുന്നു. എല്ലായിടത്ത് നിന്നും നിരാശ കലര്‍ന്ന മറുപടികള്‍ മാത്രം. ഇരുട്ട് കൂടുതല്‍ കൂടുതല്‍ കനത്ത് ആകെ മൂടുന്നതായി തോന്നി ചോപ്രയ്ക്ക്. ആ നിശബ്ദമായ ഇരുട്ടില്‍ ശ്വാസം നിലച്ചുപോകുന്നതുപോലെ.... പരിചിതമായ നഗരം തന്നില്‍ നിന്ന് എന്തൊക്കെയോ വിലപ്പെട്ട വിവരങ്ങള്‍ ഒളിപ്പിക്കുന്നതായി ചോപ്ര ഭയന്നു. തങ്ങളുടെ കുടുംബത്തെ ഒന്നാകെ കശക്കിയെറിയാന്‍ പോന്ന എന്തോ ഒരു വലിയ രഹസ്യം.

രാത്രി പത്തേകാല്‍ ആയപ്പോള്‍ ഭാര്യ പോലീസില്‍ വിളിച്ച് വിവരം പറഞ്ഞു. വില്ലിങ്ഡണ്‍ ഹോസ്പിറ്റില്‍ ഉള്‍പ്പടെ  മക്കള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അലഞ്ഞ് ചോപ്ര വീട്ടിലെത്തിയപ്പോള്‍ രാത്രി 11.30  ആയി. പോലീസ് ലഭ്യമായ വിവരം വച്ച് ഒരു ദിവസം മുഴുവന്‍ തിരഞ്ഞെങ്കിലും പിറ്റേന്നും കുട്ടികളെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. തുമ്പൊന്നും കിട്ടാതെ അങ്ങനെ രണ്ട് ദിവസം കടന്നുപോയി. ഇരുപത്തിയെട്ടിന് നഗരാതിര്‍ത്തിക്ക് പുറത്ത് കാടുമൂടിയ പാടത്ത് പശുക്കളെ മേച്ചുകൊണ്ടിരിക്കുകയായിരുന്നു ധനി റാം. പെട്ടന്നാണ് ആ കാഴ്ച കണ്ടത്. കാട്ടില്‍ രണ്ട് കുട്ടികുടെ ജീര്‍ണിച്ച ജഡം. ധനി റാം ഉടനെ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ റോഹ്താസ് സിങ്ങിനെ വിവരമറിയിച്ചു. സിങ് പറഞ്ഞത് അനുസരിച്ച് എസ്.എ. ഹരിചന്ദ് ഉടനെ സംഭവസ്ഥലത്തെത്തി. അവര്‍ക്ക് ലഭിച്ച പരാതിയുമായി ഒത്തുനോക്കി. അത് രണ്ട് ദിവസം മുന്‍പ് കാണാതായ സഞ്ജയും ഗീതയുമാണെന്ന് അവര്‍ അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞു. ജഡങ്ങള്‍ തിരിച്ചറിയാന്‍ ഉടനെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. നിനയ്ക്കാതെ കണ്‍മറഞ്ഞുപോയ മക്കളുടെ ഞെട്ടുന്ന കാഴ്ച കണ്ട് ക്യാപ്റ്റന്‍ മദനും ഭാര്യയും തളര്‍ന്നുവീണു. അരുതാത്ത ആ കാഴ്ച പിന്നീട് അവരുടെ മനസില്‍നിന്ന് മാഞ്ഞുപോയതേയില്ല.

പോലീസ് സര്‍ജന്‍ ഭരത് സിങ്ങാണ് പിറ്റേ ദിവസം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ജഡങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ അഴുകിക്കഴിഞ്ഞിരുന്നുവെന്ന്ശരീരങ്ങളില്‍ കത്തിയിറക്കുമ്പോള്‍ തന്നെ  സിങ്ങിന് ബോധ്യമായി. അതുകൊണ്ട് തന്നെ വിശദമായ പരിശോധന ക്ലേശകരമായി ഡോക്ടര്‍ക്ക്. പെണ്‍കുട്ടി ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമണത്തിന് ഇരയായ കാര്യം അന്നവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, പരിശോധനയില്‍, ഇരുവര്‍ക്കും പലവട്ടം കുത്തേറ്റതായും പെണ്‍കുട്ടിയുടെ താടിയെല്ല് പൊട്ടിയതായും കണ്ടെത്തി. ഭാഗികമായി ചതച്ചരയ്ക്കപ്പെട്ട മുഖം ജീര്‍ണിക്കുകയും നീലിച്ചുപോവുകയും ചെയ്തിരുന്നു. അഴുകിയതിനാല്‍ തലയില്‍ മുടി നഷ്ടപ്പെട്ടിരുന്നു. കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി, വായ തുറന്ന അവസ്ഥയിലായിരുന്നു മുഖം. നഖത്തിന്റെ നിറംമങ്ങിപ്പോയി. നാവും മൂക്കുമൊക്കെ ഏതാണ്ട് പൂര്‍ണമായിതന്നെ അഴുകി. എന്നാല്‍, ആന്തരികാവയവങ്ങള്‍ക്ക് പരിക്കുകളൊന്നും ദൃശ്യമായിരുന്നില്ല. അഴുകിയതുകാരണം അവയൊക്കെ ചീര്‍ത്ത അവസ്ഥയിലായിരുന്നു. കൈയ്ക്കും വിരലുകള്‍ക്കും കഴുത്തിനുമെല്ലാം പരിക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നു. അസ്ഥികള്‍ ഒടിഞ്ഞ അവസ്ഥയിൽ. ശ്വാസകോശവും ഹൃദയവുമെല്ലാം അഴുകിപ്പോയി. വാരിയെല്ലിന് പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. കഴുത്തിനേറ്റ പരിക്ക് സാധാരണനിലയില്‍ മരണത്തിന് വഴിവെക്കാവുന്ന തരത്തിലായിരുന്നു. രക്തസ്രാവമാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്ന് പരിശോധനയില്‍ വെളിവായി. പോലീസിനെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു കൊലപാതക രീതി. പ്രത്യേകിച്ച് ഇരകള്‍ കൊച്ചു കുട്ടികളാണെന്നിരിക്കെ. അത്രയ്ക്കും ക്രൂരമായിരുന്നു കൊലപാതകമെന്ന് വ്യക്തം.

കൊലപാതകത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം ഇരുട്ടില്‍ തപ്പിത്തുടങ്ങിയപ്പോഴാണ് ചോപ്ര സഹായത്തിന് മാധ്യമങ്ങളെ സമീപിച്ചത്. കുട്ടികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അങ്ങനെ സാക്ഷികള്‍ പലരും ഇരുട്ടില്‍ നിന്ന് മറനീക്കി പുറത്തുവന്നു. ഇവരിലൂടെയാണ് ദുരൂഹതയുടെ ചുരുളഴിച്ച് ഡെല്‍ഹി പോലീസിന് കേസന്വേഷണത്തില്‍ മുന്നോട്ടു നീങ്ങാനായത്.

കുലാ നാഥായിരുന്നു പ്രഥമ സാക്ഷി. ദൗല ക്വാന്‍ ജങ്ഷനില്‍ അയാള്‍ കുട്ടികളെ ഒരു നോക്ക് കണ്ടിരുന്നു. ഇതായിരുന്നു അന്വേഷണത്തിലെ ആദ്യ വഴിത്തിരിവ്. ഇവിടെ നിന്നാണ് എം.എസ്. നന്ദ എന്ന രണ്ടാമത്തെ സാക്ഷിയിലെത്തിയത്. ദൗല ക്വാനയില്‍ നിന്ന് ഗോലെ ദാക് ഘാനയിലേയ്ക്കുള്ള വഴിയില്‍ രണ്ട് കുട്ടികള്‍ മഴയില്‍ നടന്നുപോകുന്നത് നന്ദ കണ്ടിരുന്നു. അവിടെ വച്ച് അയാള്‍ കുട്ടികള്‍ക്ക് ലിഫ്റ്റ് ഓഫര്‍ ചെയ്യുക പോലുമുണ്ടായി. ഇവിടെ നിന്നുള്ള അന്വേഷണം പിന്നീട് എത്തിച്ചേര്‍ന്നത് ഭഗവാന്‍ ദാസ് എന്നൊരാളിലാണ്. വൈകീട്ട് ആറരയ്ക്ക് ഗുരുദ്വാര ബംഗ്ലാ സാഹിബില്‍ നിന്ന് നോര്‍ത്ത് അവന്യൂവിലേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ ഗോലെ ദാക് ഘാനയ്ക്കടുത്തുള്ള യോഗ ആശ്രമത്തിന് സമീപം പാര്‍ക്ക് ചെയ്ത നിലയിൽ മഞ്ഞ നിറത്തിലുള്ള ഒരു ഫിയറ്റ് കാര്‍ കണ്ടിരുന്നുവെന്ന് ദാസ് പോലീസിന് മൊഴി നല്‍കി. അതിനുള്ളില്‍ നിന്നുയര്‍ന്ന നിലവിളി കാരണമാണ് ദാസ് കാര്‍ ശ്രദ്ധിച്ചത്. ഉടനെ സ്‌കൂട്ടര്‍ നിര്‍ത്തി കാറിന്റെ സമീപത്തേയ്ക്ക് നടന്നപ്പോള്‍ ഞെട്ടുന്ന കാഴ്ചയാണ് ഉള്ളില്‍ കണ്ടത്. ഒരു പെണ്‍കുട്ടി കാറിന്റെ ഡ്രൈവറുടെ മുടി പിടിച്ചുവലിക്കുന്നു. മറ്റൊരു ആണ്‍കുട്ടി ഡ്രൈവറുടെ സമീപത്തുള്ള ആളുമായി മല്‍പ്പിടിത്തവും നടത്തുന്നുണ്ട്. ഭയന്നുപോയ ദാസ് ഉറക്കെ അലറി ആളെക്കൂട്ടാന്‍ ശ്രമിച്ചു. ശബ്ദം കേട്ടതോടെ  ഡ്രൈവര്‍ ആക്‌സിലറേറ്റര്‍ ആഞ്ഞുചവിട്ടി. കാര്‍ വില്ലിങ്ഡണ്‍ ആശുപത്രി ലക്ഷ്യമിട്ട് മുന്നോട്ട് കുതിച്ചു. ചീറിപ്പാഞ്ഞ കാര്‍ തടയാന്‍, പക്ഷേ, ദാസിന് കഴിഞ്ഞില്ല. ദാസിന്റെ നിലവിളി കേട്ട് ബാബു ലാല്‍ എന്നൊരാള്‍ സൈക്കിളില്‍ പാഞ്ഞെത്തി. ബാബു ലാല്‍ സൈക്കിള്‍ താഴെയിട്ട് കാറിന്റെ ഡോര്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചാടിയെഴുന്നേറ്റ ദാസ് ഉടനെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം പറഞ്ഞു. HRK 8930  ആണ് കാറിന്റെ നമ്പറെന്നും ദാസ് പോലീസിന് വിവരം കൊടുത്തു. അപ്പോള്‍ സമയം 6.45. കണ്‍ട്രോള്‍ റൂം ഈ വിവരം ഉടനെ തന്നെ മന്ദിര്‍ മാര്‍ഗ് പോലീസിന് സ്‌റ്റേഷന് കൈമാറി. സബ് ഇന്‍സ്‌പെക്ടര്‍ ഓം പ്രകാശിന് വിവരം ലഭിക്കുമ്പോള്‍ സമയം 7.05. ഓം പ്രകാശ് ഉടനെ ഗോലെ ദാക് ഘാനയില്‍ സംഭവസ്ഥലത്ത് ചെന്ന് അന്വേഷിച്ചു. പക്ഷേ, ഫലമൊന്നുമണ്ടായില്ല. രാത്രി 9.55 ഓടെ അവര്‍ ഒഴിഞ്ഞ കൈകളുമായി സ്‌റ്റേഷനില്‍ തിരിച്ചെത്തി.

പരാതികള്‍ ഒന്നുകൂടി എടുത്തു പരിശോധിക്കുമ്പോഴാണ് അന്വേഷണത്തില്‍ സംഭവിച്ച ഒരു വലിയ പിഴവ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.  MRK8930 എന്നായിരുന്നു ദാസിന്റെ സന്ദേശം കുറിച്ചെടുത്ത ഓപ്പറേറ്റര്‍ രേഖപ്പെടുത്തിയ വാഹനത്തിന്റെ നമ്പര്‍. ഇത് ഡെല്‍ഹി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയൊരു വീഴ്ചയായിരുന്നു. നമ്പര്‍ ശരിയായി രേഖപ്പെടുത്തിയിരുന്നെങ്കില്‍ തക്ക സമയത്ത് ശരിയായ വണ്ടി പിടികൂടാന്‍ പോലീസിന് കഴിയുമായിരുന്നു. അതുവഴി നിരപരാധികളായ രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനും കഴിയുമായിരുന്നു.

അന്വേഷണം മുറുകിയതോടെ കൂടുതല്‍ ദൃക്‌സാക്ഷികള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരുന്നു. ഡെല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ജൂനിയര്‍ എഞ്ചിനീയറായ ഇന്ദര്‍ജീത്ത് സിങ് ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് ബാബാ ഖരക് സിങ് മാര്‍ഗിലെ വില്ലിങ്ഡണ്‍ ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റി ബ്‌ളോക്കിന് സമീപത്തുവച്ച് ഒരു കാര്‍ ശ്രദ്ധിക്കുന്നത്. ഓടുന്ന കാറിന്റെ പിന്‍സീറ്റില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കാറിലുള്ളവരുമായി മല്‍പ്പിടിത്തം നടത്തുന്നതാണ് സിങ് കണ്ടത്. ഞെട്ടുന്ന കാഴ്ച കണ്ട് സിങ് ഉടനെ കാറിനടുത്തേയ്ക്ക് നീങ്ങി. കാറിലിരുന്ന് മുറിവേറ്റ ചുമല്‍ കാണിച്ചുകൊണ്ട് ആണ്‍കുട്ടി സിങ്ങിനോട് കൈവീശി ദയനീയമായി സഹായം അഭ്യര്‍ഥിച്ചുകൊണ്ടിരുന്നു. സിങ് സ്‌കൂട്ടര്‍ തിരിച്ച് തത്രപ്പെട്ട് കാറിനൊപ്പമെത്താന്‍ ശ്രമിച്ചു. ശങ്കര്‍ റോഡ് വരെ സിങ് കാറിനെ പിന്തുടര്‍ന്നു. എന്നാല്‍, കാര്‍ സിഗ്‌നല്‍ മറികടന്ന് അതിവേഗം പാഞ്ഞ് തിരക്കില്‍ ഊളിയിട്ട് മറഞ്ഞു. അപ്പോള്‍ സമയം ഏതാണ്ട് 6.45 ആയിക്കാണും. ഇന്ദ്രജിത്ത് കാറിന്റെ നമ്പര്‍ കൃത്യമായി എഴുതിയെടുത്ത് രാജേന്ദ്ര നഗര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍, ഇത് തങ്ങളുടെ അധികാര പരിധിയില്‍ പെടുന്ന കാര്യമല്ലെന്നും അറസ്റ്റ് ചെയ്യണമെങ്കില്‍ മീററ്റ് ഹൈക്കോടതിയുടെ വാറന്റ് ആവശ്യമാണെന്നും പറഞ്ഞ് രാജേന്ദ്ര നഗര്‍ പോലീസ് കൈയൊഴിഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അക്ഷന്തവ്യവും അതിഗുരുതരവുമായ വീഴ്ച.

placeholder
പ്രതീകാത്മക ചിത്രം | Photo: PTI

കുട്ടികളെ കാണാതായ ആ ശപിക്കപ്പെട്ട രാത്രി തന്നെ പൊലീസ് അറിയാത്ത മറ്റൊരു കാര്യം കൂടി നഗരത്തില്‍ സംഭവിച്ചിരുന്നു. തലയ്ക്ക് മുറിവേറ്റ രണ്ടുപേര്‍, തത്കാലം നമുക്ക് അവരെ രംഗ എന്നും ബില്ല എന്നും വിളിക്കാം, DH1280  എന്ന നമ്പറുള്ള കാറില്‍ വില്ലിങ്ഡണ്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോയവരായിരുന്നു ഇവര്‍. എത്തിയത് കള്ളപ്പേരിലാണ്. തലയുടെ എക്‌സ്‌റേ എടുത്ത ഡോക്ടര്‍ അവരോട് മുറിവ് പറ്റിയത് എങ്ങനെയാണെന്ന് ചോദിച്ചു. അവരപ്പോൾ കള്ളന്മാര്‍ ആക്രമിച്ചതാണ് എന്നൊരു കള്ളക്കഥ മെനഞ്ഞു. ആക്രമിക്കപ്പെട്ടതാണെന്ന് അറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. അതോടെ സംഭവം പോലീസ് കേസായി. ഹോസ്പിറ്റിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്‍ബീര്‍ സിങ് അപ്പോള്‍ തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്തി. ബംഗ്ലാ സാഹിബ് റോഡിലെ കാളി ക്ഷേത്രത്തിന് സമീപത്തുവച്ചാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടത് എന്നായിരുന്നു ഇവര്‍ പോലീസില്‍ മൊഴി നല്‍കിയത്. മോഷ്ടാക്കള്‍ ഒരു ഇരുമ്പ് ദണ്ഡ് കൊണ്ട് തല പൊളിച്ച് തന്റെ വാച്ച് കൈവശപ്പെടുത്തി എന്നായിരുന്നു ബില്ല മൊഴി നല്‍കിയത്. രണ്‍ബീര്‍ സിങ് ഉടനെ ഇക്കാര്യം മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. രാത്രി 10.50 ഓടെ കൂടുതല്‍ ചോദ്യംചെയ്യലിനായി മന്ദിര്‍ മാര്‍ഗ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് പോലീസുകാര്‍ ആശുപത്രിയിലെത്തി. സബ് ഇന്‍സ്‌പെക്ടര്‍ രാം ചന്ദറിനും കോണ്‍സ്റ്റബിള്‍ ഹരിഷ് റാമിനുമായിരുന്നു അന്വേഷണ ചുമതല. പരിക്കേറ്റവരുമായി ഒരു കാറില്‍ സംഭവം നടന്നുവെന്ന് അവര്‍ മൊഴി നല്‍കിയ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. എന്നാല്‍, അവിടെ അത്തരത്തില്‍ ഒരു സംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങളൊന്നും അവര്‍ക്ക് കണ്ടെത്താനായില്ല.

കൂടുതല്‍ പോലീസുകാര്‍ വന്നതോടെ രാത്രി 11.10 ഓടെ ഡോക്ടറുടെ എതിര്‍പ്പ് വകവയ്ക്കാതെ ആശുപത്രിയില്‍ നിന്ന് മുങ്ങാനായി അവരുടെ ആലോചന. എന്നാല്‍, പരിക്കേറ്റവരോട് സംഭവസ്ഥലത്തേയ്ക്ക് കൊണ്ടുപോകാൻ പോലീസ് ആവശ്യപ്പെട്ടതോടെ ആ പദ്ധതി പാളി. രാത്രി തന്നെ അവരങ്ങനെ സംഭവം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്തെത്തി.  എന്നാല്‍, അവിടെ അത്തരത്തിൽ എന്തെങ്കിലും ഒരു മല്‍പിടിത്തം നടന്നതിന്റെ യാതൊരു സൂചനയും പോലീസിന് കണ്ടെത്താനായില്ല. കാലത്ത് വീണ്ടും വരണമെന്ന് ആവശ്യപ്പെട്ട് പുലര്‍ച്ചെ 1.45ന്, പോലീസ് ബില്ലയെയും രംഗയെയും വിട്ടയച്ചു. ഓഗസ്റ്റ് 27ന് ഇരുവരും സ്‌റ്റേഷനില്‍ എത്താതായതോടെ പോലീസ് അവര്‍ കൊടുത്ത വിലാസം തേടിപ്പുറപ്പെട്ടു. അതൊരു വ്യാജ മേല്‍വിലാസമായിരുന്നുവെന്ന് തിരിച്ചറിവ്  പോലീസിനെ ഞെട്ടിച്ചു. ചന്ദര്‍ വാഹനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍.ടി. ഓഫീസിലെത്തിയപ്പോള്‍ അതൊരു സ്‌കൂട്ടറിന്റെ നമ്പറാണെന്ന വിവരമാണ് ലഭിച്ചത്. ഇതൊടെ സംഭവത്തില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്ന തോന്നല്‍ ചന്ദറിന്റെ മനസില്‍ പുകഞ്ഞുതുടങ്ങി. ഈ സമയം കാണാതായ കുട്ടികളുടെ ജഡം കണ്ടെത്താത്തതുകൊണ്ട് ഈ സമസ്യ അയാള്‍ക്ക് പൂരിപ്പിക്കാന്‍ കഴിഞ്ഞില്ല.

ഓഗസ്റ്റ് 31നാണ് DHD7034 നമ്പറുള്ള മഞ്ഞ നിറമുള്ള ഫിയറ്റ് കാര്‍ മജിലിസ് പാര്‍ക്കിനടുത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഫോറന്‍സിക് ടീം തുമ്പിനുവേണ്ടി കാര്‍ വിശദമായി പരിശോധിച്ചു. അതില്‍ നിന്ന് അവര്‍ക്ക് വേണ്ടുവോളം വിരലടയാളങ്ങള്‍ ലഭിച്ചു. ഒരു സിഗരറ്റ് കുറ്റിയും കുറച്ച് മുടിയും അതില്‍ നിന്ന് കണ്ടെടുക്കാനായി. കാറില്‍ പലയിടങ്ങളിലായി ചോരപ്പാടുമുണ്ടായിരുന്നു. കാറിന്റെ ഫ്‌ളോര്‍ മാറ്റില്‍ നിന്നും കുറച്ച് മണ്ണ് ലഭിച്ചിരുന്നു. കുട്ടികളുടെ ജഡം കണ്ടെിയ സ്ഥലത്തെ മണ്ണുതന്നെയായിരുന്നു ഇതെന്ന് പോലീസ് മനസിലാക്കി. ഇതോടെ ഈ കാറില്‍ തന്നെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് അവർക്ക് സ്ഥിരീകരിക്കാനായി.

ഇതിനെല്ലാം പുറമെ DEA121, HRF5411, HRK8930  തുടങ്ങിയ പല നമ്പര്‍ പ്ലേറ്റുകളും കാറില്‍ നിന്ന് കണ്ടെടുത്തു. ഇതിനര്‍ഥം DHD7034  എന്ന, പോലീസിന്റെ കൈവശമുള്ള നമ്പറും വ്യാജമാണ് എന്നായിരുന്നു. അവരുടെ അന്വേഷണം പിന്നെ ഡെല്‍ഹിയില്‍ നിന്ന് കാണാതായ കാറുകളുടെ പിറകേയായി. അങ്ങനെയാണ് DEA1221, എന്ന നമ്പറുള്ള തന്റെ കാര്‍ നഷ്ടപ്പെട്ട അശോക് ശര്‍മയുടെ പഴയൊരു പരാതി കണ്ണിൽപ്പെടുന്നത്. അത് അശോക ഹോട്ടലിന്റെ പുറത്ത് നിന്ന് കാണാതായ തന്റെ കാറാണെന്ന് അശോക് ശര്‍മ പോലീസിന് മൊഴി കൊടുത്തു. ഇതിന് തെളിവായി തന്റെ കൈവശമുള്ള താക്കോലെടുത്ത് ശര്‍മ കാര്‍ തുറന്നുകാണിക്കുകയും ചെയ്തു. 

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഒരു കേസായിരുന്നു ഇത്. കേസന്വേഷണത്തില്‍ പോലീസ് വരുത്തിയ വീഴ്ചയുടെ പേരില്‍ അന്ന് രാജ്യം ഭരിച്ചിരുന്ന ജനതാപാര്‍ട്ടി ഒരുപാട് പഴി കേള്‍ക്കേണ്ടിവന്നു. വലിയ തോതില്‍ പ്രതിഷേധാഗ്‌നിയും നേരിടേണ്ടിവന്നു. അതുകൊണ്ടുതന്നെ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി നേരിട്ട് കേസന്വേഷണത്തില്‍ താത്പര്യം പ്രകടിപ്പിച്ചു. പക്ഷേ, ഏറെക്കഴിയാതെ ജനതാ സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടു.

സമ്മര്‍ദം ശക്തായതോടെ പോലീസ് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ഒരു രേഖാചിത്രം തയ്യാറാക്കി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. അതിനിടെ സെപ്റ്റംബര്‍ എട്ടിന് വിചിത്രമായൊരു സംഭവം നടന്നു. കല്‍ക്കി എക്‌സ്പ്രസ് ട്രെയിന്‍ ആഗ്രയ്ക്ക് സമീപം യമുനാനദിയുടെ പാലത്തിലെത്തിയപ്പോള്‍ വേഗത കുറച്ചു. ആ തക്കത്തില്‍ അപ്പോള്‍ രണ്ടുപേര്‍ ട്രെയനിലേയ്ക്ക് ചാടിക്കയറി. അവരുടെ പക്കല്‍ ടിക്കറ്റുണ്ടായിരുന്നില്ല. അവരുടെ ഗതികേടിന് അത് സൈനികര്‍ക്ക് മാത്രമുള്ള കോച്ചായിരുന്നു. അപരിചിതരെ കണ്ട സൈനികര്‍ അവരോട് സൈന്യത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. അതോടെ പിടിവലിയും മല്‍പ്പിടിത്തവും ബഹളവുമായി. അതിനിടെ ഇവര്‍, പത്രത്തില്‍ കണ്ട, പോലീസിന്റെ രേഖാചിത്രത്തിലുള്ളവരാണെന്ന് സൈനികനായ ലാന്‍സ് നായിക് എ.വി.ഷെട്ടി തിരിച്ചറിഞ്ഞു. സൈനികര്‍ പിടികൂടിയ ഇവരെ സെപ്റ്റംബര്‍ ഒന്‍പതിന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഇന്‍സ്‌പെക്ടര്‍ വി.പി.ഗുപ്തയെ ഏല്‍പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് രണ്ട് വ്യത്യസ്ത ലോക്കപ്പുകളിലാണ് പാര്‍പ്പിച്ചത്. കുല്‍ജീത്ത് സിങ്, ജസ്ബീര്‍ സിങ് എന്നായിരുന്നു അവരുടെ യഥാര്‍ഥ പേരുകള്‍. പരിശോധനയില്‍ അവരുടെ കൈകയിലും ശരീരത്തിലുമെല്ലാം പിടിവലി നടന്നതിന്റെ പാടുകളും മുറിവുകളും കണ്ടെത്തി. ജസ്ബിറിന്റെ തലയില്‍ പതിനഞ്ച് ദിവസം പഴക്കമുള്ള ഒരു തുന്നിക്കെട്ടും കുല്‍ജീത്തിന്റെ കൈയില്‍ അത്രതന്നെ പഴക്കമുള്ള ഒരു മുറിവും പരിശോധനയില്‍ കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് പോലീസ് ചോദ്യംചെയ്യല്‍ ശക്തമാക്കിയതോടെ ഇരുവരും മനസ് തുറന്നു. ഈ കുറ്റസമ്മതത്തോടെ, നാളുകളായി പോലീസിനെയും സര്‍ക്കാരിനെയും വലച്ച കേസിന്റെ ചുരുള്‍ പൂര്‍ണമായി അഴിഞ്ഞു. കുട്ടികളുടെ മുടിയുടെയും രക്തത്തിന്റെയും സാമ്പിള്‍ പരിശോധനയും വിരലടയാളവും മാച്ച് ചെയ്തതോടെ അന്വേഷണം പൂര്‍ണമായി. കുറ്റക്കാര്‍ അവര്‍ തന്നെയാണെന്ന് സംശയലേശമന്യേ തെളിഞ്ഞു.

placeholder
Representational Image

ട്രക്ക് ഡ്രൈവറായിരുന്നു കുല്‍ജീത്ത്. പിന്നീട് മുംബൈയിലെത്തി. അവിടെ ഒരു ടാക്‌സിയായിരുന്നു ഉപജീവനമാര്‍ഗം. ഒരിക്കല്‍ ശ്യാം സിങ് എന്നൊരു ക്രിമിനലിനൊപ്പം ടാക്‌സിയില്‍ ഒരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായിരുന്നു ലക്ഷ്യം. വീട്ടില്‍ കുറച്ചുകാലം തടവില്‍ പാര്‍പ്പിച്ച കുട്ടിയെ പിന്നീട് കുല്‍ദീപ് വിട്ടയച്ചു. ഈ ശ്യാം സിങ് വഴിയാണ് കുല്‍ജീത്ത് ജസ്ബീറിനെക്കുറിച്ച് അറിയുന്നത്. രണ്ട് അറബികളെ കൊന്ന ജസ്ബീറിന്റെ ക്രിമിനൽ പശ്ചാത്തലം ശ്യാം വഴിയാണ് അവർ അറിയുന്നത്. കുല്‍ദീപും ജസ്ബീറും പെട്ടന്നു തന്നെ അടുപ്പത്തിലായി. അധികം വൈകാതെ ശ്യാം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായി. ശ്യാം വഴി പോലീസ് ഉടനെ തങ്ങളിലുമെത്തുമെന്ന് തിരിച്ചറിഞ്ഞ കുല്‍ജീത്തും ജസ്ബീറും രക്ഷപ്പെടാന്‍ തീരുമാനിച്ചു. . അവര്‍ ഉടനെ സൂറത്തിലേയ്ക്ക് യാത്രതിരിച്ചു. അവിടെ നിന്ന് അഹമ്മദാബാദിലേയ്ക്കും ഒടുവില്‍ ഓഗസ്റ്റ് 17ന് ഡെല്‍ഹിയിലുമെത്തി. ഡെല്‍ഹിയിലെത്തിയ രണ്ടാം ദിവസം തന്നെ ഇരുവരും ചേര്‍ന്ന് അശോക ഹോട്ടലില്‍നിന്ന് മഞ്ഞനിറമുള്ള ഒരു കാര്‍ കവര്‍ന്ന് അതിന്റെ നമ്പര്‍ പ്ലേറ്റൊക്കെ മാറ്റി. 24ന് മജ്‌ലിസ് പാര്‍ക്കില്‍ ഒരു വീട് വാടകയ്‌ക്കെടുത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മോചനദ്രവ്യം ലക്ഷ്യമിട്ട് ഏതെങ്കിലും ദമ്പതികളെ തട്ടിക്കൊണ്ടുപോവാനായിരുന്നു ആലോചന. 25ന് ഈ ഉദ്ദേശവുമായി കാറില്‍ കുറേ കറങ്ങിനടന്നെങ്കിലും ഫലമുണ്ടായില്ല. ഒരാള്‍ പോലും അവരുടെ വലയില്‍ വീണില്ല.

ഇരുപത്തിയാറിനും ഈ അന്വേഷണം തുടര്‍ന്നു. ഒരു ദിവസം മുഴുവന്‍ അലഞ്ഞശേഷമാണ് രാത്രി രണ്ട് കുട്ടികള്‍ കണ്ണില്‍പ്പെടുന്നത്. ആകാശവാണിയിലേയ്ക്ക് പോവുകയായിരുന്നു ഗീതയും സഞ്ജയുമായിരുന്നു അത്. ഏതെങ്കിലും സമ്പന്നരുടെ വീട്ടിലെ കുട്ടികളായിരിക്കുമെന്ന് കണ്ട മാത്രയില്‍ തന്നെ അവര്‍ക്ക് തോന്നി. കുട്ടികള്‍ക്ക് അടുത്തുചെന്ന് ലിഫ്റ്റ് കൊടുക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. അവരുടെ വാക്കുകള്‍ വിശ്വസിച്ച്  കുട്ടികള്‍ സംശയമൊന്നുമില്ലാതെ കാറില്‍ കയറി.

കാര്‍ ആകാശവാണിയിലേയ്ക്കല്ല പോകുന്നത് എന്ന് മനസ്സിലാക്കിയതോടെ ഗീത ബഹളം തുടങ്ങി. പേടിച്ച സഞ്ജയ് കുല്‍ദീപിനെയും ജസ്ബീറിനെയും ആക്രമിച്ചു. അവരില്‍ ആരോ ഒരാള്‍ ഒരു കൃപാണ്‍ എടുത്തുവീശുകയും സഞ്ജയിന്റെ തോളില്‍ ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തു. ഷര്‍ട്ട് ഒന്നാകെ ചോരയില്‍ കുളിച്ചു. ഇതിനിടെയാണ് അതുവഴി പോവുകയായിരുന്നു ഭഗവാന്‍ ദാസിന്റെ ശ്രദ്ധയില്‍ കാര്‍  പെടുന്നത്. ദാസ് സംശയത്തോടെ കാറിന്റെ അടുത്തേയ്ക്ക് എത്തിയപ്പോഴാണ് കുട്ടികള്‍ക്കെതിരായ ആക്രമണം തത്കാലം നിന്നത്. ഇതിനിടെ ഒരു സിഖുകാരന്‍ തങ്ങളെ പിന്തുരുന്ന കാര്യം ജസ്ബീര്‍ മനസിലാക്കി. രാജേന്ദര്‍ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വാഹനത്തിന്റെ നമ്പര്‍ കൊടുത്ത ഇന്ദര്‍ജീത്ത്‌സിങ്ങായിരുന്നു അത്. കുട്ടികളെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാമെന്ന ചിന്ത തുടങ്ങിയത് അപ്പോഴാണ്. എന്നാല്‍, കുല്‍ജീത്ത് ഇതിനോട് യോജിച്ചില്ല. അങ്ങനെ അവര്‍ കുട്ടികളെയുംകൊണ്ട് നേരെ ബുദ്ധ ജയന്തി പാര്‍ക്കിലേയ്ക്ക് പോയി. ഇതിനിടെ, പരിക്കേറ്റ സഞ്ജയ് വെള്ളത്തിനുവേണ്ടി യാജിച്ചുകൊണ്ടിരുന്നു. അക്രമികള്‍ അവന് കുറച്ച് കോള ഒഴിച്ചുകൊടുത്തു. സഞ്ജയ് അത് വേണ്ടെന്ന് പറഞ്ഞ് ബഹളമായി. ഒടുവില്‍ പേടിച്ചരണ്ട സഹോദരി നിർബന്ധിച്ചപ്പോൾ  അവര്‍കൊടുത്ത ഐസ്‌ക്രീം അവന്‍ വാങ്ങിക്കഴിച്ചു.

ഒന്നു ശാന്തരായപ്പോള്‍ അതിനുശേഷം അക്രമികള്‍ കുട്ടികളോട് വീട്ടുകാരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അച്ഛന്‍ ഒരു നാവികസേനാ ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതോടെ കുട്ടികളെ വിട്ടയക്കുന്നതാണ് നല്ലതെന്ന് ജസ്ബീര്‍ വാദിച്ചു. അത്ര വലിയ വരുമാനമില്ലാത്ത അയാളില്‍നിന്ന് കാര്യമായ മോചനദ്രവ്യമൊന്നും ലഭിക്കില്ലെന്നും ജസ്ബീര്‍ പറഞ്ഞുനോക്കി. എന്നാല്‍, അന്നേരം അതിലും വലിയൊരു ഗൂഢാലോചന കുല്‍ജീത്തിന്റെ മനസ്സില്‍ രൂപപ്പെട്ടുതുടങ്ങിയിരുന്നു.

ഒരു കവര്‍ച്ചയ്ക്ക് തങ്ങളെ സഹായിച്ചാല്‍ രണ്ടുപേരെയും വിട്ടയക്കാമെന്ന് കുല്‍ജീത്ത് ഗീതയോട് വാഗ്ദാനം ചെയ്തു. അതനുസരിച്ച് ന്യൂഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍നിന്ന് വരുന്ന ഒരു ജ്വല്ലറി ഉടമയുടെ കാറിന് ഗീത കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കണം. ബാക്കി കാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും. രണ്ടുപേര്‍ക്കും വീട്ടിലേയ്ക്ക് മടങ്ങിപ്പോവുകയും ചെയ്യാം.

നേരം ഇരുട്ടിത്തുടങ്ങി. അവര്‍ കാര്‍ ഓടിച്ച് ടാറിടാത്ത ഒരു റോഡിലെത്തി. അടുത്തൊന്നും ആരുമില്ലെന്ന് മനസിലാക്കിയപ്പോള്‍ അവര്‍ കാര്‍ വിജനമായ ആ സ്ഥലത്ത് നിര്‍ത്തി. പെട്ടന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മൂന്നടിയെങ്കിലും നീളമുള്ള  കൃപാണ്‍ നീട്ടി, ആണ്‍കുട്ടിയെ പെട്ടന്നുതന്നെ കാറില്‍ നിന്ന് മാറ്റാന്‍ കുല്‍ജീത്ത്  ജസ്ബീറിനോട് ആവശ്യപ്പെട്ടു. ജസ്ബീറിന്റെ ഒരൊറ്റ അടിക്ക് തന്നെ സഞ്ജയ് ബോധരഹിതനായി വീണു. അയാള്‍ക്ക്, പക്ഷേ, മര്‍ദനം തുടരാനായില്ല. ഉടനെ കൃപാണ്‍ പിടിച്ചെടുത്ത കുല്‍ജീത്ത് സഞ്ജയ്‌നെ ആഞ്ഞാഞ്ഞു വെട്ടി. പതിനാലുകാരനായ സഞ്ജയ് തല്‍ക്ഷണം മരിച്ചുവീഴുകയും ചെയ്തു.

placeholder
Representational Image | Photo: AFP

ജസ്ബീര്‍ കൃപാണ്‍ കഴുകുമ്പോള്‍, സഹോദരന്റെ ദുര്‍ഗതിയറിയാത്ത ഗീതയെ കുല്‍ജീത്ത് ആക്രമിച്ചു കീഴടക്കി ബലാല്‍കാരം ചെയ്തു. അതിനുശേഷം ജസ്ബീറിനോട് അതാവര്‍ത്തിക്കാനും പറഞ്ഞു. ക്രൂരമായ ബലാത്സംഗം നടക്കുന്നതിനിടെ തളര്‍ന്നുപോയെങ്കിലും ഗീത കൃപാണ്‍ തപ്പിയെടുത്ത് ജസ്ബീറിനു നേരെ ആഞ്ഞുവീശി. അയളുടെ തല പൊട്ടി ചോരയൊലിച്ചു. ഇതോടെ അക്രമികള്‍ അങ്കലാപ്പിലായി. ഈ അവസരം മുതലാക്കി ഗീത രക്ഷപ്പെടാനായി റോഡിലേയ്ക്ക് കുതിച്ചു. പക്ഷേ, അപ്പൊഴേയ്ക്കും ജസ്ബീര്‍ അവളെ പിന്തുടര്‍ന്ന് പിടികൂടി. വസ്ത്രമൊക്കെ ഉടുപ്പിച്ച് സഹോദരന്റെ അടുക്കലേയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് മനസ് മാറ്റി. അവള്‍ സഹോദരനെ കാണാമെന്ന പ്രതീക്ഷയില്‍ വെച്ചുവെച്ചു നടക്കുന്നതിനിടെ കുല്‍ജീത്ത് പെട്ടന്ന് പിന്നില്‍ നിന്ന് ആഞ്ഞുവെട്ടി. അവള്‍ അവിടെ തന്നെ വീണു മരിച്ചു. അക്രമികള്‍ പിന്നീട് ചോരപ്പാടൊക്കെ കഴുകി വൃത്തിയാക്കി കാര്‍ ഉപേക്ഷിച്ചു. മനഃസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. രാജ്യം ഞെട്ടിവിറച്ചാണ് അവരുടെ സമാനതകളില്ലാത്ത ക്രൂരതയുടെ കഥകള്‍ വാര്‍ത്തകില്‍ വായിച്ചറിഞ്ഞത്. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കൊടുത്ത് കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നത്.

അറസ്റ്റിലായ കുല്‍ജീത്ത് സിങ്ങിനും ജസ്ബിര്‍ സിങ്ങിനും, കണ്ണില്‍ ചോരയില്ലാത്ത ക്രൂരകൃത്യത്തിന്, കോടതി വധശിക്ഷ തന്നെ വിധിച്ചു. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ ഇരുവരെയും 1982 ജനുവരി 31ന് തൂക്കിക്കൊല്ലുകയും ചെയ്തു. തീര്‍ത്തും ശാന്തനായാണത്രെ ജസ്ബിര്‍ കൊലമുറിയിലേയ്ക്ക് നടന്നുനീങ്ങിയത്. പേടിച്ച് വിറച്ച് അലറിക്കരഞ്ഞായിരുന്നു കൊലക്കയറിലേയ്ക്കുള്ള കുല്‍ജീത്തിന്റെ അവസാനയാത്ര. വധശിക്ഷയ്ക്കുശേഷം ഇരുവരുടെയും ജഡങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കളാരും തിഹാര്‍ ജയിലില്‍ എത്തിയിരുന്നില്ല.

ദാരുണമായാണ് കൊല്ലപ്പെട്ടതെങ്കിലും കുട്ടികളുടെ ധീരമായ ചെറുത്തുനില്‍പ്പ് ശ്രമങ്ങള്‍ രാജ്യം കാണാതിരുന്നില്ല. ആ വര്‍ഷം തന്നെ ഏപ്രില്‍ അഞ്ചിന് കീര്‍ത്തിചക്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് സര്‍ക്കാര്‍ ഇരുവരെയും ആദരിച്ചു. പിന്നീട് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഇവരുടെ പേരില്‍ ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തി. പതിനാറ് വയസിന് താഴേ ഉള്ളവര്‍ക്കാണ് ഈ പുരസ്‌കാരങ്ങള്‍ നൽകുന്നത്. ആണ്‍കുട്ടികള്‍ക്ക് സഞ്ജയ് ചോപ്ര അവാര്‍ഡും പെണ്‍കുട്ടികള്‍ക്ക് ഗീത ചോപ്ര അവാര്‍ഡും.