ഡോ.ദേവേന്ദ്ര ശർമയുടെ ജനത ഹോസ്പിറ്റൽ ആൻഡ് ഡയഗ്‌നോസ്റ്റിക്‌സിൽ അന്നും പതിവ് പോലെ നല്ല തിരക്കായിരുന്നു. മരുന്നുകൾ തിളയ്ക്കുന്നതിന്റെ ഗന്ധം മുറിയിലാകെ നിറഞ്ഞുന്നു. പഠിക്കുന്ന കാലം മുതൽ ഡോക്ടർക്ക് പരിചിതമായ ഗന്ധമാണത്. നിറവയറിൽ കൈവച്ച് ഒരു ഗർഭിണി ക്ഷമയോടെ കാത്തിരിപ്പുണ്ട്. ചുമച്ചിരിക്കുന്ന ഒരാൾ കൂടിയുണ്ട്. ജീവിതവ്യഥയത്രയും ആ മുഖത്ത് നിഴലിട്ടുനിൽക്കുന്നുണ്ട്. പശമുക്കി തേച്ച് വടിപോലെയാക്കിയ തൂവെള്ള കുർത്ത ധരിച്ച് അതിലും തിളക്കമുള്ള ചിരിയുമായാണ് ഡോ. ശർമ ക്ലിനിക്കിലെത്തിയത്. ആയുർവേദത്തിൽ അഭയം കണ്ടെത്തുന്നവർക്ക് വലിയൊരാശ്രയമായിരുന്നു അദ്ദേഹം.

To advertise here,

ചികിത്സ തേടിയെത്തുന്നവർക്ക് ഡോ. ശർമയുടെ പഠനപാര്യത്തെക്കുറിച്ച് കാര്യമായ ധാരണയൊന്നും ഉണ്ടാവാൻ വഴിയില്ല. ബിഹാറിലെ പ്രശസ്തമായ ഒരു ആയുർവേദ കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. മഞ്ഞളിന്റെ രോഗശമന ശേഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം അധ്യാപകരിൽ നിന്നു വരെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പഠനശേഷം, നാട്ടുകാർക്ക് കുറഞ്ഞ ചെലവിലുളള ഗുണമേന്മയുളള ചികിത്സ ലഭ്യമാക്കാനായി ജന്മനാടായ അലിഗഢിൽ ജനത ഹോസ്പിറ്റിൽ എന്ന പേരിൽ ഒരു ആശുപത്രി ആരംഭിച്ചു. ക്ലിനിക്ക് അതിവേഗം പച്ചപിടിച്ചു. രോഗികളുടെ ഒരു ശരണാലയമായി മാറി.

വൈകാതെ അഞ്ജലി എന്ന സത്രീയെ വിവാഹം കഴിച്ചു. അവർക്ക് കുട്ടികളുമുണ്ടായി. വീട്ടിൽ ചിരികളികൾ നിറഞ്ഞു. സ്വച്ഛന്ദമായിരുന്നു അക്കാലത്തൊക്കെ ജീവിതം. എന്നാൽ ആരും അസൂയപ്പെടുന്ന അവരുടെ ജീവിതത്തിൽ ഒരു വിഷസർപ്പം ആരുമറിയാതെ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയായിരുന്നു അത്.

ഒരു സെയ്ൽസ്മാന്റെ വലയിൽപ്പെട്ട് ശർമ ഒരു ഗ്യാസ് ഡീലർഷിപ്പ് പദ്ധതിയിൽ നിക്ഷേപം നടത്തി. വലിയ ഒരു ചതിക്കുഴിയിലേക്കാണ് താൻ ചെന്നു പതിക്കുകയെന്ന് അന്ന് ശർമ അറിഞ്ഞില്ല. ബിസിനസിലെ പരിചയക്കുറവും വിനയായി. അയാളെ കണ്ണടച്ച് വിശ്വസിച്ച ശർമ വലിയൊരു തുക നിക്ഷേപിച്ചു. അയാൾ ശർമയെ കബളിപ്പിച്ച് കടന്നുകളഞ്ഞു. നിക്ഷേപിച്ച പണം മുഴുവൻ ശർമയ്ക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതമാകെ താളംതെറ്റിക്കാൻ മാത്രം വലിയ തുകയായിരുന്നു അത്. ശർമ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. നിലനിൽപ്പിനായി അദ്ദേഹം കടം വാങ്ങിക്കൂട്ടി. അപമാനഭാരം അദ്ദേഹത്തെ കീഴ്പ്പെടുത്തി. ഭാര്യ അഞ്ജലിയുടെ പ്രതികരണം എന്താകുമെന്ന് അറിയാത്തതു കൊണ്ട് അദ്ദേഹം എല്ലാം അഞ്ജലിയിൽ നിന്ന് മറച്ചുവെച്ചു. സന്തോഷകരമായിരുന്ന ശർമയുടെ ജീവിത്തിൽ അങ്ങനെ കരിനിഴൽ മൂടിത്തുടങ്ങി.

എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന ചിന്ത ശർമയെ അലട്ടി. നിവൃത്തിയില്ലാതെ ഒരു കടുംകൈയ്ക്ക് മുതിരാൻ ശർമ ഒരുങ്ങി. അങ്ങനെയിരിക്കെയാണ് പ്രകാശ് എന്നൊരു മെക്കാനിക്കിനെ ശർമ പരിചയപ്പെടുന്നത്. സ്ഥലത്തെ അറിയപ്പെടുന്ന ഒരു തട്ടിപ്പുകാരനായിരുന്നു പ്രകാശ്. അയാളുമായി കൂട്ടുകച്ചവടമുറപ്പിച്ച ശർമ അപകടങ്ങളിലും മറ്റും പെടുന്ന വാഹനങ്ങളുടെ ഭാഗങ്ങൾ അനധികൃതമായി വാങ്ങാനും വിൽക്കാനും തുടങ്ങി. അധികം കഷ്ടപ്പാടില്ലാതെ കൈനിറയെ പണം കിട്ടുന്ന ഏർപ്പാട് ശർമയ്ക്ക് ആദ്യം ഇഷ്ടപ്പെട്ടെങ്കിലും തന്റെ പ്രവൃത്തിയിലെ അധാർമികത ശർമയെ തളർത്തി. പക്ഷേ, ശർമയെ വരിഞ്ഞ സാമ്പത്തിക പ്രതിസന്ധിക്ക് മുന്നിൽ ധാർമികതയുടെ സ്ഥാനം തീരെ ചെറുതായിരുന്നു. താത്കാലിക മാർഗം മാത്രമാണെന്നും കുടുംബത്തെ സംരക്ഷിക്കാനാണ് എന്നും അയാൾ സ്വയം സമാധാനിപ്പിച്ചു.

ഒരുച്ച നേരത്ത് പ്രകാശുമായി കച്ചവടമുറപ്പിക്കാനെത്തിയപ്പോഴാണ് ശർമ ഒരു സംഭാഷണം കേൾക്കാനിടയായത്. അത് തന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോന്നതായിരുന്നു എന്ന് ശർമ അറിഞ്ഞിരുന്നില്ല. വർക്ക് ഷോപ്പിൻ്റെ പിന്നിൽ  രണ്ട് പേരുമായി എന്തോ ചർച്ചയിലാണ് പ്രകാശ്. കാത് കൂർപ്പിച്ചപ്പോൾ ഹൈവേയിലെ വിജനമായ പ്രദേശങ്ങളിലെത്തുന്ന ടാക്സി ഡ്രൈവർമാരെ ആക്രമിച്ച് കീഴ്പ്പെടുത്തി അവരുടെ ടാക്സിയുമായി കടന്നുകളയുക എന്നതാണ് അവരുടെ പദ്ധതിയെന്ന് ശർമയ്ക്ക് മനസ്സിലായി. അവരുമായി സംസാരിച്ചു തിരിച്ചെത്തിയശേഷം വേട്ടക്കാരന്റെ കണ്ണുകളോടെ പ്രകാശ് ശർമയെ ഒന്ന് നോക്കി. 'നിങ്ങളാണ് ഇതിനു പറ്റിയ ആൾ. ഡോക്ടറെ കണ്ടാൽ ആർക്കും ഒരു സംശയവും തോന്നില്ല.'

ശർമയുടെ മനസ്സിൽ തന്റെ രോഗികളുടെ മുഖങ്ങൾ മിന്നിമാഞ്ഞു. താൻ വേദനയകറ്റുന്നവനാണ്. അല്ലാതെ അന്യനെ മുറിവേൽപ്പിക്കുന്ന, അവർക്ക് വേദനയുണ്ടാക്കുന്ന കുറ്റവാളിയല്ല എന്ന ചിന്ത ഡോക്ടറെ അലട്ടി. പക്ഷേ, സാമ്പത്തിക പ്രതിസന്ധി, കുടുംബത്തെ സംരക്ഷിക്കുക തുടങ്ങിയ  ന്യായങ്ങളിലൂടെ ശർമ സ്വയം സമാധാനിച്ചു. അവരുടെ ആവശ്യത്തിന് സമ്മതം മൂളി.

അന്ന് രാത്രി ഭാര്യ അഞ്ജലി ഉറക്കമായെന്നുറപ്പിച്ച ശർമ ആരുമറിയാതെ പുറത്തിറങ്ങി. ശർമയ്ക്കുള്ളിലെ ഡോക്ടറും അച്ഛനും ഭർത്താവും തമ്മിൽ കലഹിച്ചു. പക്ഷേ, തന്നെ വിഴുങ്ങിയ വിഷസർപ്പത്തിനു മുന്നിൽ ശർമ അടിയറവു പറഞ്ഞു. അന്ന് ആ ഇരുട്ടിലേക്കിറങ്ങുമ്പോൾ ശർമ  അറിഞ്ഞിരുന്നില്ല ആ ചുവടുവെപ്പ് തന്റെ ജീവിതത്തെ ഒന്നാകെ മാറ്റിക്കളയുമെന്ന്, ഡോ ശർമയിൽ നിന്ന് ഡോ. ഡെത്തിലേക്കുള്ള പരിവർത്തനമാകുമതെന്ന്. 

കുറ്റബോധം ശർമയ്ക്കുള്ളിൽ നുരഞ്ഞുകൊണ്ടേയിരുന്നു. പ്രകാശുമായുള്ള ഇടപാടുകൾ വഴി ലഭിച്ച പണം ആദ്യം സന്തോഷം നൽകിയെങ്കിലും പതിയെ പതിയെ അപമാനഭാരം ശർമയെ മൂടി. അപമാനത്തിനും മുകളിൽ കുമിഞ്ഞുകൂടിക്കിടന്ന കടങ്ങൾ ഇത്തവണയും ശർമയെ നോക്കി ചിരിച്ചു. കുടുംബത്തിനു വേണ്ടിയാണെന്ന സ്ഥിരം പല്ലവിയിൽ ഇക്കുറിയും ശർമ സമാധാനം കണ്ടെത്തി. പകൽവെളിച്ചത്തിൽ ആളുകൾ ബഹുമാനിക്കുന്ന അവർ ആശ്രയം കണ്ടെത്തുന്ന ആയുർവേദ ഡോക്ടറുടെ വേഷം ശർമ സന്ദേഹങ്ങളുടെ കണിക പോലുമില്ലാതെ കെട്ടിയാടി. പക്ഷേ, രാത്രിയുടെ ഇരുട്ടിനെയും പിന്നിലാക്കുന്ന അന്ധകാരം അയാളുടെ തൂവെള്ള കുർത്തയ്ക്ക് പിന്നിൽ മുഴച്ചുനിന്നു. 

1994. ഒരു ഡോക്ടറുടെ അധഃപതനത്തിന്റെ പാരമ്യം ശർമ തൊട്ട വർഷം. അക്കാലത്താണ് ഒരു അന്തർ സംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ കുറിച്ചുള്ള വാർത്ത ശർമയുടെ കണ്ണിലുടക്കുന്നത്. റാക്കറ്റിന്റെ ഇടനിലക്കാരിലൊരാൾ പ്രകാശിന്റെ പരിചയക്കാരനായിരുന്നു. പ്രകാശിനൊപ്പം അയാളെ ശർമ ഒന്നിലധികം തവണ കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ട്. ആ പരിചയത്തിൽ അയാളെ കാണാൻ ശർമ പുറപ്പെട്ടു. അയാൾ വഴി ഗുഡ്ഗാവിലുള്ള ഒരു ഡോക്ടറെ ശർമ പരിചയപ്പെട്ടു. അങ്ങനെ പഴയതിലും ലാഭകരമായ ഒരു ബിസിനസ് കണ്ടെത്തിയ സന്തോഷത്തിൽ ശർമ അവർക്കൊപ്പം അവയവക്കടത്തിൽ പങ്കാളിയായി.

ജീവൻ രക്ഷിക്കാനുള്ള അവസാനമാർഗമായി അവയവം കാത്തിരിക്കുന്ന രോഗികളെയും സാധാരണക്കാരായ അവയവദാതാക്കളെയും ചൂഷണം ചെയ്ത് ശർമ പണം വാരി. കുറ്റബോധം ശർമയുടെ നെഞ്ചിൽ വീണ്ടും ആഞ്ഞു കുത്തി. എന്നാൽ, കണ്ണ് മഞ്ഞളിക്കുന്ന പണത്തിന്റെ ആകർഷകത ചെറുക്കാൻ കഴിയാത്തത്ര ശക്തമാണെന്ന് വീണ്ടും തെളിഞ്ഞു. കഥയിലെ വില്ലൻ താനല്ല, വെറുമൊരു ഇടനിലക്കാരനോ സഹായിയോ മാത്രമാണെന്ന് ശർമ സ്വയം ബോധ്യപ്പെടുത്തി. എന്നാൽ, അറുത്തുമാറ്റിയ ഓരോ അവയവങ്ങൾക്കൊപ്പം ശർമ പോലും അറിയാതെ അയാളുടെ മനുഷ്യത്വത്തിൻ്റെ ഒരു ഭാഗം കൂടി ഇല്ലാതായി. 

അങ്ങനെയിരിക്കെ ഒരു വൈകുന്നേരമാണ് കണ്ണുകളിൽ ഒരു ദുഷിച്ച തിളക്കവുമായി ശർമയുടെ ക്ലിനിക്കിലേക്ക് പ്രകാശ് കയറിവന്നത്. പുതിയ ഒരു പദ്ധതി ശർമയുമായി ചർച്ച ചെയ്യാനാണ് പ്രകാശിന്റെ വരവ്. പുതിയ അവയവം വിറ്റ വകയിൽ കിട്ടിയ പണം എണ്ണുകയായിരുന്ന ശർമയുടെ കൈകൾ വിറച്ചു. ‘എന്താണ് പുതിയ ഓപ്പറേഷൻ?' ശർമ്മ സംശയത്തോടെ ചോദിച്ചു. പ്രകാശ് വക്രിച്ച ചിരിയുമായി രഹസ്യം പറയാനെന്നോണം ശർമയുടെ അടുത്തേക്ക് കൂടുതൽ ചാഞ്ഞിരുന്നു. 

അന്ന് പ്ലാനിങ് മാത്രമായി ഒതുങ്ങിയ ആ പഴയ പദ്ധതി നടത്താൻ ആയിരുന്നു പ്രകാശിന്റെ വരവ്. വിജനമായ റോഡിലൂടെ യാത്ര ചെയ്യുന്ന ടാക്സി ഡ്രൈവർമാരെ ആക്രമിച്ച് അവരുടെ കാറുമായി കടന്നുകളയുന്ന പദ്ധതി പ്രകാശ് കൂടുതൽ വ്യക്തമായി അവതരിപ്പിച്ചു. പുതിയ വാഹനങ്ങളാണെങ്കിൽ കരിഞ്ചന്തയിൽ കൂടുതൽ വില ലഭിക്കും പ്രകാശ് ചൂണ്ട് കൂർപ്പിച്ച് ആഞ്ഞു ചിരിച്ചു. ഒഴിവാകാൻ നോക്കുംന്തോറും തന്നെ വരിഞ്ഞുമുറുക്കുന്ന കുറ്റകൃത്യങ്ങൾ ശർമയെ ശ്വാസംമുട്ടിച്ചു. ഇത്തവണ താൻ ഇതിനില്ലെന്ന് ശർമ മനസ്സിലുറപ്പി‍ച്ചു. എനിക്ക് സാധിക്കില്ല പ്രകാശ് ഗൗരവത്തോടെ തന്നെ ശർമ പറഞ്ഞു. പ്രകാശിൻ്റെ മുഖം ഇരുളുന്നത് ശർമ വ്യക്തമായി തന്നെ കണ്ടു.  അയാളുടെ പുഞ്ചിരി പേടിപ്പിക്കുന്ന അട്ടഹാസമായി മാറി. 'എന്താണ് ഡോക്ടർ പേടിയാണോ? അതോ നല്ലപിള്ള ചമയാനുള്ള ഉദ്ദേശമാണോ. നമുക്ക് രണ്ടുപേർക്കും പണത്തിന് അത്യാവശ്യമുണ്ടെന്ന കാര്യം നിങ്ങൾ മറന്നുപോയോ?' പണം, ആ വാക്ക് ശർമയെ വീണ്ടും മുറിവേൽപ്പിച്ചു. കാലിയായ ബാങ്ക് അക്കൗണ്ടും അഞ്‍ജലിയുടെ നിരാശ കലർന്ന മുഖവും ഇനി ഒരു കുറ്റകൃത്യത്തിന് മുതിരില്ലെന്ന അയാളുടെ നിശ്ചയദാർഢ്യം തച്ചുടച്ചു. ശർമ പിന്നീട് ഒന്നും പറഞ്ഞില്ല. അയാളുടെ മൗനത്തിലൊളിപ്പിച്ച  ഉത്തരം ലഭിച്ച പ്രകാശ് സംഭാഷണം മതിയാക്കി ആ വക്രിച്ച ചിരിയുമായി തന്നെ മടങ്ങി.

ഭയം ശർമയെ ശ്വാസം മുട്ടിച്ചുവെങ്കിലും സ്വന്തം നിരാശയിൽ കുടുങ്ങി അദ്ദേഹം കൃത്യത്തിനായി ഇറങ്ങിപ്പുറപ്പെടുക തന്നെ ചെയ്തു. അർധരാത്രിയോടടുപ്പിച്ച് ശർമ വീട്ടിൽ നിന്നിറങ്ങും. ഹൈവേയുടെ ഒരു ഭാഗത്ത് കാറു നി‍ർത്തിയിട്ട് ടാക്സികൾ വരുന്നതും കാത്തിരിക്കും. ടാക്സിയിൽ കയറിപ്പറ്റി പ്രകാശും സംഘവും ഒളിച്ചുനിൽക്കുന്ന വിജനമായ ആൾപ്പാർപ്പില്ലാത്ത വഴിയിലേക്ക് ടാക്സി വി‍ടാൻ‌ നിർദേശിക്കും. ടാക്സി അവിടെയത്തുന്നതോടെ ശർമയുടെ ജോലി കഴിഞ്ഞു. ബാക്കി പണി പ്രകാശിന്റേതും സംഘത്തിന്റേതുമാണ്. ഡ‍്രൈവറെ ആക്രമിച്ചശേഷം അവർ കാറുമായി കടക്കും. കരിഞ്ച‍ന്തയിൽ വാഹനം വിറ്റു ലഭിക്കുന്നതിൽ ഒരു പങ്ക് പ്രകാശ് ശർമയ്ക്കും നൽകും. അങ്ങനെയിരിക്കെയാണ് ശർമയുടെ ആത്മാവിനെ എന്നന്നേക്കുമായി കളങ്കപ്പെടുത്തിയ ആ ദിവസം വന്നെത്തുന്നത്. അന്ന് രാത്രി പതിവ് ഓപ്പറേഷനായി ശർമ കയറിയത് കണ്ണുകളിൽ ദയനീയത നിഴലിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ ടാക്സിയിലായിരുന്നു.

എന്നാൽ പ്രതീക്ഷിക്കാതെ അയാൾ ചെറുത്തുനിന്നു. പ്രകാശിനെയും സംഘത്തെയും പ്രതിരോധിച്ചു. രണ്ടാമതൊന്നാലോചിക്കാതെ പ്രകാശ് കയ്യിൽ കരുതിയ ഇരുമ്പ് പൈപ്പ് കൊണ്ട് ആ ചെറുപ്പക്കാരന്റെ തലയുടെ പിന്നിലടിച്ചു. അയാൾ ചലനമറ്റ് നിലത്തുവീണു. ഭയത്തിന്റെ ഒരു കൊള്ളിയാൻ ശർമയ്ക്കുള്ളിലൂടെ പാഞ്ഞു. ശർമയ്ക്ക് എവിടേക്കെങ്കിലും ഓടിയൊളിക്കാനും നിലവിളിക്കാനും തോന്നി. എന്നാൽ, ഭയം കാരണം അനങ്ങാനായില്ല. വേരുറച്ച പോലെ അയാൾ അവിടെ തന്നെ നിന്നു. "നോക്കൂ, ഡോക്ടർ? ഞാൻ അത്ര മോശമല്ല, അല്ലേ?  പ്രകാശ് പേടിപ്പെടുത്തുന്ന ആ ചിരിയോടെ ശർമയെ നോക്കി.

ശർമയുടെ വെള്ളകുർത്തയിൽ രക്തത്തിന്റെ ചുവപ്പു കലർന്നു. പതിയെ ശർമയും രക്തത്തിൻറെ കയ്പു നിറഞ്ഞ രുചി ആസ്വദിക്കാൻ തുടങ്ങി. അവർ കൂടുതൽ വാഹനങ്ങൾ ലക്ഷ്യം വെച്ചു. ചെറുത്തു നിൽക്കാൻ ശ്രമിച്ചവരെയെല്ലാം ഇല്ലാതാക്കി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ മുതലകൾ നിറഞ്ഞ ഹസാര കനാലി‌ലേക്ക് മൃതദേഹങ്ങൾ വലിച്ചെറിഞ്ഞു. അവരുടെ കുറ്റകൃത്യങ്ങളുടെ തെളിവുകൾ മുഴുവൻ വിഴുങ്ങിക്കൊണ്ട് ഇരുണ്ട ജലവും അതിലെ മുതലകളും അവരുടെ ക്രൂരകൃത്യങ്ങൾക്ക്  കൂട്ടാളികളായി മാറി. ടാക്സി ഡ്രൈവർമാരുടെ തിരോധാനം പല അന്വേഷണങ്ങൾക്കും വഴിവെച്ചുവെങ്കിലും മതിയായ തെളിവുകളുടെ ‌ അഭാവത്തിൽ പോലീസിന് വഴിമുട്ടി. വർഷങ്ങൾ പിന്നെയും കടന്നുപോയി.

2003 ആണ് തന്റെ ചെയ്തികൾക്ക് ശർമ വിലകൊടുക്കേണ്ടി വന്ന വർഷം. നിരപരാധികളായ മനുഷ്യരുടെ ദയനീത നിറഞ്ഞ മുഖവും രക്തത്തിന്റെ ഗന്ധവും ശർമയുടെ ഉറക്കം കെടുത്തി. പല രാത്രികളിലും അയാൾ ഉറക്കമില്ലാതെ അലഞ്ഞു. കുറ്റബോധത്തിൽ അയാൾക്ക് ശ്വാസംമുട്ടി.  ജയ്പുർ വിടണമെന്ന ചിന്ത ശർമയിൽ നിറഞ്ഞു. ക്ലിനിക്കിൽ ആളുകുറഞ്ഞത് മറയാക്കി ജയ്പുർ ഉപേക്ഷിച്ച് തന്റെ ജന്മനാടായ അലിഗഢിലേക്ക് പോകാൻ ശർമ തീരുമാനിച്ചു. എന്നാൽ അലിഗഢിലെത്തിയിട്ടും പ്രകാശുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ശർമ തയ്യാറായില്ല. കാരണം പണത്തിനോടുള്ള അത്യാർത്തി ശർമയെ കാൻസർ പോലെ പിടിമുറുക്കിക്കഴിഞ്ഞിരുന്നു.

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

എന്നാൽ അലിഗഢിൻ്റെ തിരക്കുകളിൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന ശർമയുടെ ധാരണ തെറ്റി. അടുത്ത ഓപ്പറേഷൻ ആസൂത്രണം ചെയ്യാനായി പ്രകാശിനൊപ്പമായിരുന്നു അന്ന് ശർമ. മോഷ്ടിച്ച കാറിലായിരുന്നു ഇരുവരുടെയും യാത്ര. യാത്രയ്ക്കിടെ ട്രാഫിക് പോലീസ് ഇവരുടെ കാറിനു കൈകാണിച്ചു. പതിവ് പരിശോധനയ്ക്കിടെ കാറിന്റെ നമ്പർ കണ്ട ഉദ്യോഗസ്ഥന് സംശയം തോന്നി. ഈ കാർ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്", പോലീസുദ്യോഗസ്ഥൻ ശർമയോടു പറഞ്ഞു. ശർമ പരിഭ്രാന്തിയിൽ നിന്നുരുകി. പ്രകാശിന്റെ കുശാഗ്രബുദ്ധി അവിടെയും ഉണർന്നു പ്രവർത്തിച്ചു. "എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടാകണം, ഓഫീസർ, ഇതു ഞങ്ങളുടെ കാർ തന്നെയാണ്. ദേഹപരിശോധനയ്ക്കിടെ പ്രകാശിൻ്റെ പോക്കറ്റിൽ ചെന്ന് രക്തക്കറയുള്ള ചെറിയ കത്തി കണ്ടെടുത്തു. ഉദ്യോഗസ്ഥൻ ഇരുവരെയും അറസ്റ്റ് ചെയ്തതോടെ അന്തരീക്ഷം സംഘർഷഭരിതമായി. അറസ്റ്റിനെക്കുറിച്ചുള്ള വാർത്ത അലിഗഢിലുടനീളം കാട്ടുതീ പോലെ പടർന്നു. കൂടുതൽ അന്വേഷണത്തിൽ ശർമയുടെയും പ്രകാശിന്റെയും മോഷണ ശൃംഖല പോലീസ് കണ്ടെത്തി. തുടക്കത്തിൽ താൻ നിരപരാധിയാണെന്ന് വരുത്തി തീർക്കാൻ ശർമ ആവുന്നത്ര ശ്രമിച്ചെങ്കിലും പോലീസിൻ്റെ പഴുതുകളടച്ച ചോദ്യം ചെയ്യലിൽ ശർമയ്ക്ക് കാലിടറി. ടാക്സി ഡ്രൈവറുടെ കൊലപാതകത്തിൽ തനിക്ക് പങ്കുണ്ടെന്ന് ശർമ സമ്മതിച്ചു. അലിഗഡ് നഗരം ഒന്നാകെ ഞെട്ടി. മാന്യനായ ഒരു ഡോക്ടർ ഇരുട്ടിന്റെ മറവിൽ ക്രൂരനായ ഒരു കൊലയാളിയാകുന്ന വാർത്ത കേട്ടവരെല്ലാം വിറങ്ങലിച്ചു. ഭർത്താവിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞ അഞ്ജലി ആകെ തകർന്നുപോയി. താൻ അറിയുന്ന സൗമ്യനായ ഡോക്ടർ ഒരു രാക്ഷസനായി തീർന്ന വസ്തുതയുമായി അവൾക്ക്  പൊരുത്തപ്പെടുത്താൻ കഴിഞ്ഞില്ല. നിഷ്കളങ്കരായ ശർമയുടെ കുഞ്ഞുങ്ങളുടെ ജീവിതം അവരുടെ പിതാവിന്റെ പ്രവൃത്തികളാൽ എന്നെന്നേക്കുമായി കളങ്കപ്പെട്ടു.  

വെള്ളക്കോട്ടിൽ നിരപരാധികളുടെ രക്തക്കറ പുരണ്ട ഡോ. ഡെത്തിനെ കുറിച്ചുള്ള തലക്കെട്ടുകളാൽ പത്രങ്ങളിൽ നിറഞ്ഞു. ശർമയുടെ കൂരകൃത്യങ്ങളുടെ കെട്ടഴിക്കാൻ വാർത്താചാനലുകൾ മത്സരിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ഉറപ്പിച്ച പോലീസ് ശർമ്മയ്ക്കെതിരായ തെളിവുകൾ സൂക്ഷ്മമായി ശേഖരിച്ചു. പിന്നാലെ ശർമ്മയുടെ ക്രൂരതയുടെ യഥാർത്ഥ വ്യാപ്തി പുറത്തു വന്നു. അന്തർ സംസ്ഥാന അവയവ റാക്കറ്റിൽ ശർമയുടെ പങ്കാളിത്തം പോലീസ് കണ്ടെത്തി. ഇതിനകം തകർന്ന ശർമയുടെ മാന്യതയുടെ മൂടുപടം കൂടുതൽ വികൃതമായി. സൗമ്യനായ ഡോക്ടർ അത്യാഗ്രഹത്തിന്റെയും ക്രൂരതയുടെയും പ്രതീകമായി. കോടതിയിൽ നടന്ന ശർമയുടെ കുറ്റസമ്മതം നീതിപീഠത്തെയും പൊതുജനങ്ങളെയും ഒരുപോലെ സ്തബ്ധരാക്കി. അത്രയ്ക്കുണ്ടായിരുന്നു അയാൾ ചെയ്തുകൂട്ടിയ ക്രൂരതയുടെ ഭാരം. ഒടുവിൽ, നീതി വൈകിയെങ്കിലും നടപ്പാക്കപ്പെട്ടു. ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ ശർമ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അവരുടെ ജീവിതത്തിൽ അവശേഷിക്കുന്ന വിടവ് മായ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ ശിക്ഷ ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസം ആയിരുന്നു.

2007-ലെ ഒരു തണുത്ത വൈകുന്നേരം. ഡോ.ഡെത്ത് എന്ന് കുപ്രസിദ്ധിയാർജിച്ച ദേവേന്ദ്ര ശർമ്മ ജയിലിലെ ആ കുടുസ്സു സെല്ലിൽ തലകുനിച്ചു ഇരിപ്പാണ്. ആ വെളുത്ത കുർത്ത തകർന്ന ഭൂതകാലത്തിന്റെ അവശിഷ്ടമായി നിലകൊണ്ടു. ചെയ്തു കൂട്ടിയ തെറ്റുകളിൽ നിന്ന് ഉരുത്തിരിഞ്ഞ കുറ്റബോധത്തിന്റെ ഭാരം മനസ്സാക്ഷിയെ ശ്വാസം മുട്ടിക്കുന്നുണ്ട്. 

ശർമയുൾപ്പെട്ട അവയവറാക്കറ്റിന്റെ കൂടുതൽ കണ്ണികളെ വെളിച്ചത്തെത്തിക്കാൻ നഗരത്തിലുടനീളം വ്യാപകമായ അന്വേഷണങ്ങൾ നടന്നു. ശർമ്മ 125-ലധികം അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾക്ക് സൗകര്യമൊരുക്കിയതായി വെളിപ്പെട്ടു, നിയമവിരുദ്ധമായ അവയവ വ്യാപാരങ്ങളുടെ ചുഴികളെല്ലാം തുറന്നുകാട്ടപ്പെട്ടു, ആരോഗ്യരംഗത്ത് നിയന്ത്രണങ്ങളും പരിശോധനയും കർശനമാക്കി. ഇത്തരം ചൂഷണങ്ങൾ തടയുന്നതിനായി നടപടികൾ കൊണ്ടുവന്നു. 

ശർമയുടെ കേസിൽ ഹൈക്കോടതി പ്രത്യേക വിചാരണ നടത്തി. വൃക്ക റാക്കറ്റ് കേസിലെ സാധ്യമായ ഘടകങ്ങളും കണക്കിലെടുത്ത കോടതി, ടാക്സി ഡ്രൈവർമാരിൽ ഒരാളായ നരേഷ് വർമ്മയുടെ കൊലപാതകത്തിന് ശർമ്മയ്ക്ക് വധശിക്ഷ വിധിച്ചു. അങ്ങേയറ്റം ഹീനമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നിർദേശിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ  303-ആം വകുപ്പ് അടിസ്ഥാനമാക്കിയുള്ള ഈ തീരുമാനം ഇന്ത്യയിൽ വധശിക്ഷയെക്കുറിച്ചുള്ള ഒരു പുതിയ ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു. 

ജയിലിന്റെ ഏകാന്തമായ മതിൽക്കെട്ടുകൾക്കുള്ളിൽ ശർമ ദിവസങ്ങളെണ്ണിക്കഴിഞ്ഞു. കുടുംബം ശർമയെ കൈയൊഴിഞ്ഞു. ചെയ്തികളറിഞ്ഞ സഹതടവുകാരും അയാളെ അവഗണിച്ചു.

വർഷങ്ങൾ കടന്നുപോയി. 2020-ൽ ജയ്പൂരിനെയാകെ പിടിച്ചുലച്ച് ഒരു വാർത്ത പരന്നു. "ഡോക്ടർ ഡെത്തിന് പരോൾ നൽകുന്നു". പൊതുജന രോഷം പൊട്ടിപ്പുറപ്പെട്ടു. അയാൾക്ക് ഇരയായവരുടെ കുടുംബങ്ങൾ അവിശ്വാസവും രോഷവും പ്രകടിപ്പിച്ചു. ജയിലിലെ നല്ല നടപ്പിന്റെ പേരിൽ ആയിരുന്നു ശർമയ്ക്ക് പരോൾ ലഭിച്ചത്.

ശർമ പരോളിൽ പുറത്തിറങ്ങി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു പ്രേതത്തെ പോലെ അയാൾ അപ്രത്യക്ഷനായി. മുങ്ങിയ ശർമയെ കണ്ടെത്താൻ നഗരത്തിലുടനീളം പോലീസ് തലങ്ങും വിലങ്ങും പാഞ്ഞു. അയാളെ കണ്ടെത്താൻ ഒരു പ്രത്യേക പോലീസ് സംഘത്തെ തന്നെ നിയോഗിച്ചു. ഇത്തരത്തിൽ ധാരാളം കേസുകൾക്ക് തുമ്പുണ്ടാക്കിയ അതിപ്രഗത്ഭയായ പോലീസ് ഉദ്യോഗസ്ഥ മീര സിങ്  ആയിരുന്നു തലപ്പത്ത്.

കൃഷ്ണവർമ എന്ന വ്യാജ പേരിൽ മറ്റൊരിടത്ത് ഒളിച്ചു കഴിയുന്നുണ്ടായിരുന്നു. വ്യാജ മേൽവിലാസവും വ്യാജ രേഖകളുമൊക്കെ കെട്ടിച്ചമച്ചതോടെ തന്നെ ഒരിക്കലും പോലീസ് പിടികൂടുകയില്ല എന്ന ചിന്തയിലായിരുന്നു ശർമ. തൻ്റെ ഇരുണ്ട ഭൂതകാലം മറച്ചുവെക്കാൻ നുണകളുടെ ഒരു വല നെയ്ത ശർമ മറ്റൊരു ജീവിതം തന്നെ ഉണ്ടാക്കി. വീണ്ടും വിവാഹം കഴിച്ച് ഒരു സാധാരണക്കാരനെന്ന പോലെ കുടുംബജീവിതവും ആരംഭിച്ചു. 

ഇതിനിടയിൽ പോലീസിന് ശർമയെ കുറിച്ചുള്ള നിർണായകമായ ഒരു വിവരം ലഭിച്ചു. ഡൽഹിയിലെ ചാന്ദ്നി ചൗക്കിനു സമീപമുള്ള സിസിടിവിയിൽ ശർമയുടെ രൂപസാദൃശ്യമുള്ള ഒരാളുടെ മുഖം പതിഞ്ഞു. സാങ്കേതികവിദ്യകളുടെ സഹായത്തോടെ പോലീസ് അത് ശർമയാണോ എന്ന് തെളിയിക്കാനുള്ള വഴികൾ തേടി. അങ്ങനെ 2023-ൽ പരിശോധനാഫലം വന്നു. ഡൽഹിയിൽ കണ്ടത് ശർമ തന്നെയാണെന്ന് തെളിഞ്ഞു. പോലീസ് അയാളെ പിടകൂടി. ശർമ വീണ്ടും പിടിയിലായ വിവരം നഗരത്തിന് ആശ്വാസമായി. 2024-ൽ ശർമയെ വീണ്ടും കോടതി വിസ്താരിച്ചു. പരോളിൽ രക്ഷപ്പെട്ടതിനും വ്യാജമേൽവിലാസം ഉണ്ടാക്കിയതിനും ഉൾപ്പെടെ അധിക തടവിന് വിധിച്ചു.

പണത്തോടുള്ള അത്യാഗ്രഹം മനുഷ്യനെ എങ്ങനെ ഹീനനാക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ശർമ. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ദൗർബല്യവും അത് ചൂഷണം ചെയ്യുന്ന അവയവ റാക്കറ്റുകളും സമൂഹത്തെ എത്രത്തോളം അധഃപതിപ്പിച്ചു എന്നത് എടുത്തുകാണിക്കുന്നു. ശർമ്മയുടെ കഥ കുറ്റകൃത്യത്തിന്റെ ഇരുണ്ട ഇടവഴികളിലേയ്ക്ക് ചുവടുവെക്കുന്നവർക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ്. നാം ചെയ്യുന്ന എല്ലാ  പ്രവൃത്തികൾക്കും അനന്തരഫലങ്ങളുണ്ടെന്ന ഓർമപ്പെടുത്തലാണിത്. അവയുടെ ശേഷിപ്പുകൾ വരുംതലമുറകളിൽ പ്രതിധ്വനിക്കും. ഒരു അവസാന ചോദ്യം അവശേഷിക്കുന്നു, സമൂഹത്തിന് അത്തരം മുറിവുകളിൽ നിന്ന് ശരിക്കും സുഖം പ്രാപിക്കാൻ കഴിയുമോ? അതോ ഭൂതകാലത്തെ പേടിപ്പിക്കുന്ന ഓർമകൾ വർത്തമാനകാലത്തെ എന്നെന്നേക്കുമായി വേട്ടയാടുമോ?

മൊഴിമാറ്റം: അനന്യലക്ഷ്മി.ബി.എസ്