
ലോകമെമ്പാടും ആരാധകരുള്ള ഒരു വെബ് സീരീസാണ് മണി ഹെയ്സ്റ്റ്. അതിബുദ്ധിമാനായ ഒരു പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സീരീസിന്റെ പ്രമേയം. മണി ഹെയ്സ്റ്റിന്റെ ഓരോ സീസണും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയതിന് അതിന്റെ വിജയം തന്നെ തെളിവാണ്. കൊള്ള എന്നത് ഒരു നിയമവിരുദ്ധപ്രവർത്തനമാണെന്നും വലിയ തെറ്റാണെന്നും അറിയാമെങ്കിൽ പോലും നമ്മൾ എന്തുകൊണ്ടായിരിക്കും അവരെ ആരാധിക്കുന്നത്. സങ്കീർണമാണ് അതിനുള്ള ഉത്തരം. ലോകത്തിന്റെ വിവിധ കോണുകളിൽ നടന്ന യഥാർഥ കൊള്ളകളാണ് പലപ്പോഴും സീരീസുകൾക്കും സിനിമകൾക്കും പ്രചോദനമാകുന്നത്. അതിലൊരു കേസാണ് അതിസുരക്ഷാ സംവിധാനങ്ങളുള്ള ഫ്രാൻസിലെ നീസിലുള്ള സോസിറ്റി ജനറൽ ബാങ്കിലെ 20 മില്യൺ ഡോളറിന്റെ കൊള്ള. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന, പോലീസിനെ വട്ടംകറക്കിയ അതിസമർഥനായ ഒരാളുടെ നേതൃത്വത്തിൽ നടന്ന ഈ ദൗത്യം സിനിമയെ വെല്ലുന്നതാണ്.
1976 ജൂലായ് 17, നീസിലെ ഒരു സാധാരണ ദിവസം. സോസിറ്റി ജനറലിലെ ജീവനക്കാർ പതിലുപോലെ ബാങ്കിലെത്തി അവരുടെ ജോലികൾ ആരംഭിക്കുന്നു. പണം നിക്ഷേപിക്കാനും പിൻവലിക്കാനും വായ്പയെടുക്കാനും ഉപഭോക്താക്കൾ ഇടതടവില്ലാതെ ബാങ്കിലേക്കൊഴുകിയെത്തുകയാണ്. നല്ല തിരക്കുള്ള ദിവസം. പണവും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന അലമാര ലക്ഷ്യമാക്കി ബാങ്കിന്റെ ഡയറക്ടറും നാല് സുരക്ഷാ ഉദ്യോഗസ്ഥരും നടന്നുനീങ്ങുകയാണ്. ഒട്ടേറെ ലോക്കിങ് സംവിധാനങ്ങളുള്ള ഒരു ലോക്കറാണത്. വൻ സുരക്ഷ ഉറപ്പാക്കുന്നതിനാൽ തന്നെ അലാറം പോലും ഘടിപ്പിച്ചിരുന്നില്ല. ആദ്യ വാതിൽ തുറന്ന് ഡയറക്ടറും സംഘവും ചേമ്പറിനുള്ളിലേക്ക് പ്രവേശിച്ചു. ഇനി ഒരു വാതിൽ കൂടി തുറന്നെങ്കിൽ മാത്രമേ അകത്തേക്ക് പ്രവേശിക്കാനാകൂ. അതിനുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുകയും ചെയ്തു. എന്നാൽ പതിവിന് വിപരീതമായി ആ വാതിൽ തുറക്കാനാകുന്നില്ല. ഇതെന്താണ് ഇങ്ങനെ എന്നറിയാതെ അവർ മുഖത്തോട് മുഖം നോക്കി നിന്നു. വാതിലിന്റെ ഏതെങ്കിലും ലോക്ക് എവിടെയെങ്കിലും ഉടക്കി നിൽക്കുന്നതായിരിക്കാം എന്നാശ്വസിച്ച് തുറക്കാനുള്ള ശ്രമങ്ങൾ തുടർന്നു. ഓരോരുത്തരും മാറി മാറി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
മണിക്കൂറുകൾ കടന്നുപോവുകയാണ്, ബാങ്കിനുള്ളിലും പുറത്തും ഉപഭോക്താക്കൾ നിറഞ്ഞു. എത്രസമയമായി കാത്തുനിൽക്കുന്നു, എന്താണിവിടെ നടക്കുന്നത് എന്ന് ചോദിച്ച് അവരിൽ പലരും ജീവനക്കാരോട് കയർത്തു. ഒന്നു ക്ഷമിക്കൂ, എന്തോ സാങ്കേതിക തകരാറാണ് എന്ന് പറഞ്ഞ് ജീവനക്കാർ ഉപഭോക്താക്കളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. ക്ഷമ നശിച്ച ചിലർ ജീവനക്കാർക്ക് നേരെ അസഭ്യം ചൊരിഞ്ഞു. എന്തു ചെയ്യണമെന്നറിയില്ല, ജനക്കൂട്ടം നിയന്ത്രണാതീതമാകുന്നു. എന്താണ് ഇത്ര താമസമെന്നറിയാൻ ജീവനക്കാരിൽ ഒരാൾ ഡയറക്ടറുടെ അരികിലേക്ക് പാഞ്ഞു. സർ, അവർ ആകെ ക്ഷമ നശിച്ച് നിൽക്കുകയാണ്, എന്തെങ്കിലും ചെയ്തില്ലെങ്കിൽ സ്ഥിതി വഷളാകും, അയാൾ പറഞ്ഞു. കടുത്ത സമ്മർദത്തിലായ ഡയറക്ടർ പറഞ്ഞു; 'ഞങ്ങൾക്കാർക്കും വാതിൽ തുറക്കാൻ സാധിക്കുന്നില്ല, ഇനി ഒരേയൊരു വഴി മാത്രമേ ബാക്കിയുള്ളൂ. ലോക്കറുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകിയ കമ്പനിയെ സമീപിക്കുക. അതുവരെ നിങ്ങൾ എല്ലാ ജീവനക്കാരും ചേർന്ന് ഉപഭോക്താക്കളെ ശാന്തരാക്കാൻ ശ്രമിക്കണം. ഡയറക്ടർ സമയം പാഴാക്കാതെ കമ്പനിയുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ ഇവിടെ എത്തണമെന്നും സംഗതി ഗുരുതരമാണെന്നും കടുത്ത ഭാഷയിൽ പറഞ്ഞു. അധികം താമസിയാതെ തന്നെ കമ്പനിയുടെ വിദഗ്ധരായ ജോലിക്കാർ ബാങ്കിലെത്തി വാതിൽ തുറക്കാനുള്ള ശ്രമം ആരംഭിച്ചു. പക്ഷേ എത്ര നോക്കിയിട്ടും വാതിൽ തുറക്കുന്നില്ല, എന്താണ് പ്രശ്‌നമെന്ന് മനസ്സിലാകുന്നുമില്ല. ശക്തമായ സ്റ്റീൽ വാതിലാണ് ലോക്കറിന്റേത്. അത് തകർക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കൈവശമുണ്ടായിരുന്ന എല്ലാ പണിയായുധങ്ങളും അവർ പരീക്ഷിച്ചു. എന്നാൽ അവയ്‌ക്കൊന്നും മുന്നിൽ വാതിൽ മുട്ടുകുത്തുന്നില്ല. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ സംശയത്തോടെ ഒരു കാര്യം പറഞ്ഞു, ഈ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണെന്ന് തോന്നുന്നു. ഇത് കേട്ടയുടൻ ഡയറക്ടറും സുരക്ഷാജീവനക്കാരും മുഖത്തോട് മുഖം നോക്കി. അതെങ്ങനെ സാധിക്കും? അതിനുള്ളിൽ ആരുണ്ടാകാൻ? അകത്ത് നിന്നു പൂട്ടുന്നത് അസാധ്യമാണ്, നിങ്ങൾ ഒരിക്കൽ കൂടി ശ്രമിക്കൂ. ഇല്ല സാർ അതങ്ങനെയല്ല, വാതിലിന് യാതൊരു തകരാറും കാണുന്നില്ല. എവിടെയും ഉടക്കി നിൽക്കുന്നതായി തോന്നുന്നില്ല. എന്തോ പ്രശ്‌നമുണ്ട്. ഒടുവിൽ ഡയറക്ടർ ഒരു തീരുമാനമെടുത്തു. ഇന്നർ വാൾട്ടിന്റെ ചുമരിൽ ഒരു ദ്വാരമുണ്ടാക്കാം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാം. മറ്റുള്ളവരും അതിന് സമ്മതം മൂളിയതോടെ ചുമർ തുളയ്ക്കുന്നതിൽ വിദഗ്ധരായ ഒരു സംഘത്തെ ബാങ്കിലേക്ക് വിളിച്ചുവരുത്തി. അവർ ഉടൻ തന്നെ ജോലി ആരംഭിച്ചു. അതിശക്തമായ വീതി കൂടിയ ചുമരാണ്. അത് തുളയ്ക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ, മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ചുമരിൽ അവർ ദ്വാരമുണ്ടാക്കി. ആകാംക്ഷയോടെ അതിനുള്ളിലേക്ക് ടോർച്ച് അടിച്ചു നോക്കിയപ്പോൾ കണ്ടത് ഏറെ അവിശ്വസനീയമായ കാഴ്ചയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പെട്ടികൾ തറയിൽ ചിതറിക്കിടക്കുകയാണ്. അതിനുള്ളിലെ ലോക്കറുകൾ പലതും തുറന്ന നിലയിലാണ്. കൂടുതൽ സൂക്ഷമായി നോക്കിയപ്പോൾ മറുവശത്തെ ചുമരിൽ ഒരാൾക്ക് നൂണ്ടുപോകാൻ തക്കതായ വലിപ്പമുള്ള ഒരു ദ്വാരം. കടുത്ത ഞെട്ടലോടെ അവർ ആ സത്യം അവർ മനസ്സിലാക്കുന്നു, അതെ ബാങ്ക് കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.

ബാങ്കിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം ലഭിക്കാതെ വന്നപ്പോൾ ജനക്കൂട്ടം കൂടുതൽ പ്രക്ഷുബ്ധമാവുകയാണ്. അതിനിടെയാണ് ബാങ്കിനെ ലക്ഷ്യമാക്കി വലിയ വാനുകളിലും കാറുകളിലുമായി പോലീസിന്റെ ഒരു വലിയ സംഘം വരുന്നതിന് അവർ സാക്ഷിയാകുന്നത്. വാഹനങ്ങളിൽ നിന്നിറങ്ങിയ ഒരു സംഘം ബാങ്കിനകത്തേക്ക് കയറിപ്പോയി. മറ്റൊരു സംഘം ബാങ്കിന്റെ കവാടത്തിന് ചുറ്റം അണിനിരന്ന് ജനക്കൂട്ടത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
വാൾട്ടിന്റെ ചുമരിനടുത്തെത്തിയ പോലീസുകാർ ദ്വാരത്തിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് ഫ്രഞ്ച് ഭാഷയിൽ ചുമരിൽ എന്തോ എഴുതിയത് ശ്രദ്ധയിൽപ്പെട്ടത്. ആയുധങ്ങളില്ലാതെ, അക്രമങ്ങളില്ലാതെ, വെറുപ്പില്ലാതെ, അതായിരുന്നു ഈ വാക്കുകളുടെ അർഥം. ചുമരിലെ ദ്വാരം വലുതാക്കി വാൾട്ടിന് അകത്തേക്ക് പ്രവേശിച്ച പോലീസ് വിശദമായ പരിശോധന ആരംഭിച്ചു. കൊള്ളക്കാരുണ്ടാക്കിയ ദ്വാരത്തിനപ്പുറം ഒരു തുരങ്കമാണ് കാണുന്നത്. അതിലൂടെ ഇറങ്ങി മൂന്നോട്ട് നടന്നപ്പോൾ ഗ്യാസ് സിലിണ്ടറുകൾ, മണ്ണ് തുരക്കാനുള്ള ആയുധങ്ങൾ, കയറുകൾ, മൺചട്ടികൾ എന്നിവ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. തുരങ്കം ചെന്ന് അവസാനിച്ചത് ഭൂമിക്കടിയിൽ നിർമിച്ചിരിക്കുന്ന അഴുക്കുചാലിലാണ്. നീസ് പട്ടണത്തിലെ പല ഭാഗങ്ങളിലേക്കും ഈ അഴുക്കുചാൽ വ്യാപിച്ചു കിടക്കുന്നു. കൊള്ളക്കാർ ബാങ്കിൽ പ്രവേശിച്ചത് എങ്ങിനെ എന്ന ചോദ്യത്തിന് ഇതോടെ പോലീസിന് കൃത്യമായ ഉത്തരം ലഭിച്ചു.

ബാങ്ക് കൊള്ളയടിക്കപ്പെട്ട വിവരം കാട്ടുതീ പോലെ പടരാൻ അധിക സമയമൊന്നും വേണ്ടിവന്നില്ല. പിറ്റേ ദിവസത്തെ പത്രങ്ങളിലെല്ലാം വലിയ പ്രാധാന്യത്തോടെ വാർത്ത പ്രസിദ്ധീകരിച്ചു വന്നു. സർക്കാർ അടിയന്തര യോഗം വിളിച്ചു. വലിയ റാങ്കിലുള്ള പോലീസ് ഡിറ്റക്ടീവ് സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ബാങ്ക് ജീവനക്കാർ, നിക്ഷേപകർ, സമീപപ്രദേശത്ത് താമസിക്കുന്നവർ എന്നിങ്ങനെ നൂറുകണക്കിന് ആളുകളുമായാണ് പോലീസ് അഭിമുഖം നടത്തിയത്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് വലിയ തുക പാരിതോഷികമായി പ്രഖ്യാപിച്ചു. എന്നാൽ യാതൊരു തുമ്പും ലഭിക്കാതെ പോലീസ് ഇരുട്ടിൽ തപ്പി. അന്വേഷണ ഉദ്യോഗസ്ഥരെ നോക്കി ജനങ്ങൾ പരിഹസിക്കാൻ തുടങ്ങി. ഇത് കടുത്ത സമ്മർദമാണ് പോലീസിന് നൽകിയത്. മാസങ്ങൾ അങ്ങനെ കടന്നുപോയി.
ടണലിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ സീൽ ചെയ്യുന്ന തിരക്കിലായിരുന്നു അന്ന് പോലീസ്. അതിനിടെയാണ് ചുവന്ന നിറത്തിലുള്ള ഒരു ഉളി ഒരു ഉദ്യോഗസ്ഥന്റെ കണ്ണിൽപ്പെട്ടത്. മാസങ്ങൾക്ക് മുൻപ് നടന്ന വാഹനപരിശോധനയ്ക്കിടെ ഒരാളുടെ കാറിന്റെ ഡിക്കിയിൽ സമാനമായ ഒരു ഉളി ഈ പോലീസുകാരൻ കാണുകയുണ്ടായി. അയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയെങ്കിലും രേഖകളെല്ലാം കൃത്യമായതിനാൽ പോകാൻ അനുവദിക്കുകായിരുന്നു. എന്നിരുന്നാലും അയാളുടെ പേരും കാർ നമ്പറുമെല്ലാം കുറിച്ചെടുത്തു. ഡാനിയൽ മിക്കുളോച്ചി എന്നായിരുന്നു അയാളുടെ പേര്. വൈകാതെ നീസിലെ ഒരു ചെറിയ ടൗണിൽ താമസിക്കുന്ന ഒരു സ്ത്രീ ഒരിക്കൽ പോലീസിനെ വിളിക്കുന്നു. തന്റെ വീടിന് എതിർവശത്തുള്ള ഒരു വീട്ടിൽ ഏതാനും പുരുഷൻമാർ താമസിക്കുന്നുവെന്നും അവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നുമായിരുന്നു എപ്പോഴും പാർട്ടി നടത്തുന്നുവെന്നുമായിരുന്നു അവരുടെ പരാതി. തുടർന്ന് രണ്ട് പോലീസുകാർ അവിടേയ്ക്ക് ചെല്ലുന്നു. അതിലൊരാൾ അന്ന് വാഹനങ്ങൾ പരിശോധിച്ച അതേ ഉദ്യോഗസ്ഥനായിരുന്നു. വീട്ടിലെത്തിയ പോലീസുകാർ അവിടെ ഒരു പാർട്ടി നടക്കുന്നതാണ്. എല്ലാവരും പുരുഷൻമാർ. അതിലൊരാളെ ഇദ്ദേഹം തിരിച്ചറിഞ്ഞു. വാഹനപരിശോധനയ്ക്കിടെ കണ്ട അതേ ആൾ, ഡാനിയൽ മിക്കുളോച്ചി. മറ്റുള്ളവരെ ശല്യം ചെയ്യുന്ന തരത്തിൽ പാർട്ടി നടത്തരുത് എന്നതിനപ്പുറം പോലീസിന് അവരോടൊന്നും പറയാൻ സാധിച്ചില്ല. ഈ സംഭവത്തിനുശേഷം ഏതാനും ദിവസങ്ങൾക്കകമായിരുന്നു സോസിറ്റി ജനറലിൽ കൊള്ള നടന്നത്.
തനിക്കുണ്ടായ അനുഭവം ആ പോലീസുകാരൻ ഉടൻ തന്നെ മേലുദ്യോഗസ്ഥരെ അറിയിക്കുന്നു. സമയം ഒട്ടും പാഴാക്കിയില്ല. ഉടൻ തന്നെ ഒരു സംഘം പോലീസ് വീട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ പൂട്ടിയിട്ട നിലയിലായിരുന്നു. എന്നാൽ അവർ പുറത്തുപോകുന്നത് കണ്ടുവെന്നാണ് പരിസരവാസികൾ പറഞ്ഞത്. വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ, ടണലിൽ നിന്ന് ലഭിച്ചതിന് സമാനമായ ഒരു ടോർച്ചും ഡക്റ്റ് ടേപ്പുകളും പോലീസിന് കണ്ടെത്താനായി. ഇവരെ നിരീക്ഷിക്കാൻ ഒരു സംഘത്തെ നിയോഗിക്കുകയാണ് പിന്നീട് ചെയ്തത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണ ബിസ്‌കറ്റ് പണയം വയ്ക്കാൻ രണ്ടു യുവാക്കൾ ഒരു ബാങ്കിലെത്തി. സംശയം തോന്നിയ ബാങ്കുദ്യോഗസ്ഥ പോലീസിനെ വിവരം അറിയിച്ചു. കാരണം മറ്റൊന്നും ആയിരുന്നില്ല, യുവാക്കളുടെ പെരുമാറ്റം അസ്വാഭാവികമായിരുന്നു. ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരം ബാങ്കിലെത്തിയ പോലീസ് ഈ യുവാക്കളെ പിടികൂടി അവരുടെ പക്കലുണ്ടായ സ്വർണ ബിസ്‌കറ്റ് പിടിച്ചെടുത്തു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറിൽ നിന്ന് അത് സോസിറ്റി ജനറൽ ബാങ്കിൽ നിന്ന് കൊള്ളയടിക്കപ്പെട്ടതാണെന്ന് മനസ്സിലാകുന്നു.
ഡിറ്റക്ടീവ് കമ്മീഷണറുടെ ആസ്ഥാനത്തേയ്ക്കാണ് യുവാക്കളെ ആദ്യം എത്തിച്ചത്. ഫ്രാൻസിലെ നിയപ്രകാരം, പ്രതികളാണെന്ന് സംശയിക്കുന്ന വ്യക്തികളെ വാറന്റില്ലാതെ 48 മണിക്കൂർ കസ്റ്റഡിയിൽ സൂക്ഷിക്കാം. പ്രതികളെ കടുത്ത സമ്മർദത്തിലാക്കുന്ന തരത്തിലാണ് പോലീസ് ചോദ്യം ചെയ്തത്. പിടിച്ചു നിൽക്കാതായപ്പോൾ അവർ പറഞ്ഞു, ഞങ്ങൾ സ്വീവർ റാറ്റ്‌സ് എന്ന കൊള്ളസംഘത്തിലെ അംഗങ്ങളാണ്. പക്ഷേ ഇതിനു പിന്നിലുള്ള ബുദ്ധി ഞങ്ങളുടേതല്ല. അയാൾ ഞങ്ങളുടെ സഹായം തേടിവരികയായിരുന്നു. ആരാണ് ആ വ്യക്തിയെന്ന് പോലീസ് ചോദിച്ചപ്പോൾ അവർ ഉത്തരം നൽകി, ആൽബർട്ട് സ്പജ്യാരി. അയാളെ തേടിയുള്ള അന്വേഷണം ഒടുവിൽ ചെന്ന് അവസാനിച്ചത് ഒരു ഫോട്ടോ സ്റ്റുഡിയോയിലായിരുന്നു.
ആരാണ് ആൽബർട്ട് സ്പജ്യാരി?

ഫ്രാൻസിലെ ഒരു സാധാരണ കുടുംബത്തിലാണ് ആൽബർട്ട് സ്പജ്യാരിയുടെ ജനനം. പത്തൊൻപതാം വയസ്സിൽ സൈന്യത്തിൽ ചേർന്ന ആൽബർട്ട് സ്പജ്യാരി തട്ടിപ്പ് നടത്തിയതിന് ഒരു വർഷം ജയിലിൽ കിടന്നു. പിന്നീട് സീക്രട്ട് ആംഡ് ഓർഗനൈസേഷനിൽ ചേരാനായി നോർത്ത് അമേരിക്കയിലേക്ക് താമസം മാറുകയും ഒടുവിൽ ഫ്രാൻസിലേക്ക് മടങ്ങുകയും ചെയ്തു. ഫോട്ടോഗ്രഫിയാണ് സ്പജ്യാരി ജീവിതമാർഗമായി തിരഞ്ഞെടുത്തത്. അതിൽ അയാൾ നന്നായി തിളങ്ങുകയും ചെയ്തു. വൈകാതെ ഔഡി എന്ന യുവതി അയാളുടെ ജീവിത പങ്കാളിയായി. തികച്ചും സാധാരണ ജീവതം നയിക്കുന്ന സമൂഹത്തിൽ നന്നായി ഇടപെടുന്ന ഒരാളായിരുന്നു സ്പജ്യാരി. അന്വേഷണം അയാളിൽ ചെന്നെത്തിയത് ആർക്കും ഉൾക്കൊള്ളാനായില്ല. അറസ്റ്റിന് ശേഷം സ്പജ്യാരിയെ കമ്മീഷണറുടെ ഓഫീസിലെത്തിച്ചു. എത്ര ചോദ്യം ചെയ്തിട്ടും അയാൾ പോലീസിന് മുന്നിൽ വഴങ്ങിയില്ല. ഭാര്യയെക്കൂടെ കേസിൽ കുടുക്കി അകത്താക്കുമെന്ന ഭീഷണിയിൽ അയാൾ എല്ലാ തുറന്ന് പറയാൻ തയ്യാറായി. ആ കഥ ഇങ്ങനെയാരുന്നു.
സാധാരണക്കാരനായി ജീവിക്കാൻ സ്പജ്യാരിയ്ക്ക് യാതൊരു താൽപര്യവുമുണ്ടായിരുന്നില്ല. അയാളുടെ സ്വപ്‌നങ്ങൾ വലുതായിരുന്നു. എത്രയും വേഗം കോടീശ്വരനാകണം. അതിലേക്കുള്ള യാത്ര ലക്ഷ്യത്തിലെത്താൻ കണ്ടെത്തിയ എളുപ്പമാർഗമായിരുന്നു കൊള്ള. മുൻവാതിലൂടെ പ്രവേശിച്ചുള്ള കൊള്ള ഒരിക്കലും പ്രായോഗികമായിരുന്നില്ല. അതുകൊണ്ടാണ് തുരങ്കം നിർമിക്കാമെന്ന തീരുമാനത്തിലെത്തുന്നത്. നഗരത്തിന്റെ വിവിധ മാപ്പുകൾ സംഘടിപ്പിച്ച്, ഓടകളുടെ പാത എങ്ങിനെയാണ് കടന്നുപോകുന്നതെന്ന് അയാൾ മനസ്സിലാക്കി. തനിയ്ക്ക് ഒറ്റയ്ക്ക് ഇത്രയും വലിയ കൊള്ള തനിക്ക് ഒരിക്കലും ഒറ്റയ്ക്ക് സാധിക്കുകയില്ലെന്ന് സ്പജ്യാരിയ്ക്ക് അറിയാമായിരുന്നു. അങ്ങനെയാണ് സീവര്‍ റാറ്റ്‌സ് എന്ന സംഘത്തെ കണ്ടുമുട്ടി അവരോട് സഹായം അഭ്യർഥിക്കുന്നത്. രണ്ടു വർഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് സ്പജ്യാരി മോഷണത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇത് വിജയകരമാകുമെന്ന് തോന്നിയതോടെ സീവര്‍
റാറ്റ്‌സ് സ്പജ്യാരിയ്ക്ക് കൈകൊടുത്തു. തുരംഗ നിർമിക്കുമ്പോൾ മദ്യപിക്കാനോ ലഹരി പാദർഥങ്ങൾ ഉപയോഗിക്കാനോ സ്പജ്യാരി അനുവദിക്കാറില്ല. അയാൾ ഒരു മാസ്റ്ററെപ്പോലെ എല്ലാവരെയും അയാൾ നിയന്ത്രിച്ചു. വാൾട്ടിന്റെ ചുമർ തുളച്ച് അകത്ത് കടക്കാനായി അയാൾ തിരഞ്ഞെടുത്തത് ഒരു അവധി ദിനമായിരുന്നു. മോഷത്തിന് ശേഷം 27 മണിക്കൂറോളമാണ് അയാളും സംഘവും അവിടെ ചെലവഴിച്ചത്.
കോടതിയെ ഞെട്ടിച്ച സാഹസം

കുറ്റസമ്മതം നടത്തിയതിനുശേഷം കേസിൽ താൻ പൂർണമായും സഹകരിക്കാൻ തയ്യാറാണെന്ന് സ്പജ്യാരി പോലീസിനോട് പറഞ്ഞു. അങ്ങനെ ചെയ്താൽ പരമാവധി കുറഞ്ഞ ശിക്ഷ ലഭിക്കാൻ സഹായിക്കാമെന്നും പോലീസ് വാക്ക് നൽകി. എന്നാൽ, സ്പജ്യാരിയുടെ മനസ്സിൽ മറ്റുലക്ഷ്യങ്ങളുണ്ടായിരുന്നു. കോടതിയിൽ ഹാജരായ ഒരു ദിവസം സ്പജ്യാരി ജഡ്ജിയോട് ഒരു ആവശ്യം ഉന്നയിച്ചു. എന്റെ പക്കൽ കുറച്ച് തെളിവുകളുണ്ട്, അത് കൈമാറണം. ഇതു കേട്ട ജഡ്ജി അയാളെ ചേമ്പറിന് അരികിലേക്ക് വിളിച്ചു. അതിനരികിൽ ഒരു ജനാലയുണ്ടായിരുന്നു. കൈമാറിയ പേപ്പർ കെട്ട് ജഡ്ജി സൂക്ഷ്മമായി പരിശോധിക്കുന്നതിനിടെ സ്പജ്യാരി ജനലിലൂടെ നിലത്തേക്ക് ചാടി. ഒരു കാറിന് മുകളിലേയ്ക്കായിരുന്നു അയാൾ വീണത്. പിന്നീട് ധ്രുതഗതിയിൽ താഴെയിറങ്ങി റോഡിന്റെ അരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ അയാൾ എങ്ങോട്ടോ മറഞ്ഞു. ഈ സംഭവത്തിനുശേഷം ഇതുവരെ ഇയാളെ ആരും കണ്ടിട്ടില്ല.
ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ സംഘടിപ്പിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. മുഖ്യപ്രതി കോടതിയിൽ നിന്ന് നാടകീയമായി രക്ഷപ്പെട്ടതും കടുത്ത വിമർശനത്തിന് കാരണമായി. സംശയത്തിന്റെ പേരിൽ പിടികൂടിയവരിൽ ഒരാളെ മാത്രമാണ് ശിക്ഷിക്കാനായത്. ബാക്കിയുള്ളവരെ വെറുതേ വിട്ടു. അതിലുമുപരി ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട പണവും മറ്റു വസ്തുക്കളും കണ്ടെടുക്കാനായില്ല. അവയെല്ലാം സ്പജ്യാരി അതിവിദ്ഗ്ധമായി ഫ്രാൻസിന് പുറത്തേക്ക് കടത്തിയെന്നാണ് കരുതപ്പെടുന്നത്. ഒളിവിലിരുന്ന് ഇയാൾ പോലീസിന് കത്തയച്ചുകൊണ്ടേയിരുന്നു. ഏതാനും മാസികകൾക്ക് അഭിമുഖങ്ങളും നൽകി. 1989 ൽ സ്പജ്യാരി മരണപ്പെട്ടു. ഫ്രാൻസിലെ അമ്മയുടെ വീടിന് മുന്നിൽ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്നും അതല്ല രക്താർബുദമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്തു തന്നെയാണെങ്കിലും വലിയ ഒരു കൊള്ള ആസൂത്രണം ചെയ്ത് അത് വിജയകരമായി നടപ്പാക്കുകയും പിടിയിലായി കോടതി വരെ എത്തിയിട്ടും പോലീസിനെ വെട്ടിച്ച് അതിവിദഗ്ധമായി രക്ഷപ്പെടുകയും ചെയ്ത സ്പജ്യാരിയ്ക്ക് നായക പരിവേഷമാണ് ലഭിച്ചത്. പിൽകാലത്ത് ഇയാളുടെ ജീവിതത്തെ ആസ്പദമാക്കി സിനിമകളും സീരിയലുകളും നോവലുകളുമെല്ലാം സൃഷ്ടിക്കപ്പെട്ടു.
Content Highlights: heist of the century, robbery, Albert Spaggiari, France, crime, sins and sorrows, bank robbery
Published: 01 Feb 2024, 10:45 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented