
കോഴിക്കോട്: പോലീസ് പിടിമുറുക്കുംതോറും തട്ടിപ്പിന്റെ നൂതനവഴികൾ തേടി ജനങ്ങളെ വലയിൽ കുരുക്കുകയാണ് ഓൺലൈൻ, ടെലിഫോൺ തട്ടിപ്പുകാർ. അത്തരത്തിലൊരു പുതിയ തട്ടിപ്പ് ഇപ്പോൾ കേരളത്തിലും വ്യാപകമാവുകയാണ്. വിദ്യാസമ്പന്നരെയും ഉയർന്ന ജോലിയുള്ളവരെയും വിദേശയാത്ര ചെയ്യുന്നവരെയുമെല്ലാമാണ് ഈ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.
അതാണ് കസ്റ്റംസിന്റെ പേരിലുള്ള പാർസൽ തട്ടിപ്പ്. ഇത്തരമൊരു തട്ടിപ്പിന് ഇരയായ ആളാണ് കാെച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ സുശാന്ത് (പേരിൽ സാങ്കൽപികം). സംഗതി ഇത്രയേ ഉള്ളൂ. സുശാന്തിന് ഒരു ദിവസം ഒരു ഫോൺകോൾ വരുന്നു. ഇനി ആ ഫോൺ കോളിലേയ്ക്ക്.
തട്ടിപ്പുകാർ: ഞാന്‍ കൊറിയര്‍ സര്‍വീസ് കമ്പനിയില്‍ നിന്നാണ് വിളിക്കുന്നത്. നിങ്ങളുടെ പേരിലുള്ള ഒരു പാഴ്സല്‍ തടഞ്ഞു വച്ചിരിക്കുകയാണ്. കസ്റ്റംസിന് നിങ്ങളോട് ഏന്തോ ഗുരുതരമായ വിഷയം പറയാനുണ്ട്. ഞാന്‍ അവര്‍ക്ക് കോള്‍ കൈമാറാം.
കസ്റ്റംസ് ഓഫീസര്‍: നിങ്ങളുടെ പേരിലുള്ള ഒരു കൊറിയര്‍ പാഴ്സലില്‍ നിന്ന് ആറ് പാസ്പോര്‍ട്ടുകളും അഞ്ച് ക്രെഡിറ്റ് കാര്‍ഡുകളും 100 ഗ്രാം എം.ഡി.എം.എ. (ലഹരിമരുന്ന്) പിടിച്ചെടുത്തിട്ടുണ്ട്. ഇത് എത്ര ഗുരതരമായ കുറ്റകൃത്യമാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ?
സുശാന്ത്: ഇല്ല സാര്‍ ഞാന്‍ പാഴ്സല്‍ അയച്ചിട്ടില്ല.
ഓഫീസര്‍: നിങ്ങള്‍ വിദേശത്തേക്ക് ഇതിന് മുന്‍പ് പാഴ്സല്‍ അയച്ചിട്ടുണ്ടോ?
ഉവ്വ്, അയച്ചിട്ടുണ്ട്, പക്ഷേ അന്നൊന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല
ഓഫീസര്‍: എന്തായാലും ശരി, നിങ്ങള്‍ നിരപരാധിയാണെങ്കില്‍ കൂടി അത് തെളിയിക്കാന്‍ സമയമെടുക്കും. തത്കാലം നിങ്ങളുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ കോള്‍ കൈമാറാം.
(ഫോണ്‍ കോള്‍ കൈമാറുന്നു)
ക്രൈംബാഞ്ച് ഓഫീസര്‍: ഗൗരവകരമായ കേസാണ്, നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടി വരും. അല്ലെങ്കില്‍ നിങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് വരേണ്ടി വരും. ചിലപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവേണ്ടി വരും. (ഈ സമയം പശ്ചാത്തലത്തിൽ ഒരു പോലീസ് സ്റ്റേഷനില്‍ ഉണ്ടാകുന്ന സ്വാഭാവിക സംഭാഷണങ്ങളും ശബ്ദങ്ങളും കേള്‍ക്കാം). നിങ്ങളുടെ പേരില്‍ നാല് അക്കൗണ്ടുകള്‍ (രാജ്യത്തെ വിവിധ നഗരങ്ങളുടെ പേരുകള്‍ പറഞ്ഞ് അവിടെയുള്ള ബാങ്കുകളിലാണ് അക്കൗണ്ടുകളുള്ളതെന്ന് പറയും) തുറന്നിട്ടുണ്ടല്ലോ, അതെക്കുറിച്ച് അറിയാമോ?
സുശാന്ത്; ഇല്ല, എനിക്കറിയില്ല
എന്തായാലും പരിശോധിക്കട്ടെ... (കോള്‍ കട്ട് ചെയ്യുന്നു).
കുറച്ച് നേരം കഴിഞ്ഞ് മറ്റൊരു കോള്‍ വരുന്നു. നേരത്തേ വിളിച്ച അതേ നമ്പറില്‍ നിന്ന്. ഈ അവസരത്തില്‍ മറ്റൊരു ഓഫീസറായിരിക്കും സംസാരിക്കുക. ആ വ്യക്തി ആശ്വാസം നല്‍കി നിങ്ങളെ കയ്യിലെടുക്കുന്നു.
നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നറിയാം, പക്ഷേ നിങ്ങളെ ചതിക്കാനായി ആരോ ചെയ്തതായിരിക്കാം. ഇക്കാലത്ത് തട്ടിപ്പുകള്‍ സര്‍വസാധാരണമാണല്ലോ. സൂക്ഷിക്കണം. എന്നാല്‍ ഞങ്ങള്‍ സഹായിക്കാം. നിങ്ങളുടെ പേരില്‍ വെവ്വേറെ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ. നിങ്ങളുടെ യഥാര്‍ഥ അക്കൗണ്ടിന്റെ വിവരങ്ങള്‍ അയച്ച് നല്‍കുക. ഞങ്ങള്‍ ഒന്നു പരിശോധിക്കട്ടെ.
ഭീതിയുടെ മുള്‍മനയില്‍ നില്‍ക്കുന്ന വ്യക്തി ചിലപ്പോള്‍ അപ്പോള്‍ തന്നെ യഥാര്‍ഥ അക്കൗണ്ട് വിവരങ്ങള്‍ കൈമാറും. നിങ്ങള്‍ എന്തെങ്കിലും സംശയം പ്രകടിപ്പിക്കുകയാണെങ്കില്‍ സ്‌കൈപ്പില്‍ നേരില്‍ സംസാരിക്കാന്‍ അവര്‍ തയ്യാറാകും. എന്നിട്ട് ഔദ്യോഗിക ഐ.ഡി. കാര്‍ഡുകള്‍ കാണിച്ചു തരും. ഇവരെ വിശ്വാസത്തിലെടുത്ത് നമ്മള്‍ ബാങ്ക് വിവരങ്ങള്‍ കൈമാറും. തൊട്ടുപിന്നാലെ ഒരു മെസേജ് വരും. നിങ്ങളുടെ അക്കൗണ്ടില്‍നിന്ന് പണം പിൻവലിച്ചതായി അറിയിപ്പ് വരും. അപ്പോൾ മാത്രമാവും തട്ടിപ്പിന്റെ ചുരുൾ നിവരുക. പിന്നീട് ഈ നമ്പറില്‍നിന്ന് പതിവ് പോലെ പ്രതികരണമൊന്നുമുണ്ടാകില്ല. മറ്റ് കേസുകൾ പോലെ തട്ടിപ്പുകാരും പണവും ആവിയാവും. കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ ഇത്തരം തട്ടിപ്പ് ഇപ്പോൾ വ്യാപകമാവുകയാണ്. സുശാന്തിന് നഷ്ടപ്പെട്ടത് 41 ലക്ഷം രൂപയാണ്.
തട്ടിപ്പിന് ഇരയായി നിരവധി മലയാളികൾ
കൊച്ചിയിൽ 41 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട്ടെ ഒരു കോളേജ് പ്രൊഫസര്‍ക്ക് വന്നത് ഓട്ടേമേറ്റഡ് കോള്‍ ആണ്. ഒരു നമ്പറില്‍ പ്രസ് ചെയ്തപ്പോള്‍ ഡല്‍ഹിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ സംസാരിച്ചുതുടങ്ങി. നിങ്ങളുടെ ഒരു പാര്‍സലുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. മലേഷ്യയിലേക്കുള്ള മേല്‍വിലാസത്തില്‍ അയച്ചിരിക്കുന്നത്. ഈ പാര്‍സല്‍ വളരെ സംശയം ജനിപ്പിക്കുന്നതായിരുന്നു. തുറന്ന് പരിശോധിച്ചപ്പോള്‍ എ.ടി.എം. കാര്‍ഡ്, എം.ഡി.എം.എ., കള്ള പാസ്‌പോര്‍ട്ടുകള്‍. മുകളിലെ സംഭവം പോലെ തന്നെ. ഇങ്ങനെയൊരു സാധനം അയച്ചിട്ടില്ലെന്ന് അധ്യാപകന്‍ ഉറപ്പിച്ചു പറഞ്ഞു. തന്റെ പേരും ഫോണ്‍ നമ്പറും ഇതു തന്നെയല്ലേ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ വ്യക്തി വീണ്ടും ചോദിച്ചു. അതെ, എന്നാല്‍ അധ്യാപകനായി ജോലി ചെയ്യുന്ന തന്റെ വിവരങ്ങള്‍ സ്ഥാപനത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് അതൊരു രഹസ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയിലെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് നേരില്‍ സംസാരിക്കാനാണ് പിന്നീട് ഈ വ്യക്തി അധ്യാപകനോട് ആവശ്യപ്പെട്ടത്. തങ്ങള്‍ അവരുമായി ബന്ധപ്പെടുത്തിത്തരാമെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞു, വേണ്ട താന്‍ ഇവിടെ പോലീസില്‍ പരാതി നല്‍കിക്കോളാമെന്ന്. എന്നാല്‍ ഇത് ഇവിടുത്തെ അന്വേഷണ പരിധിയില്‍ വരുന്ന കേസാണെന്നും ക്രൈം ബ്രാഞ്ചുമായി സംസാരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിനുശേഷം ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഒരു കോള്‍ വന്നു. ഡല്‍ഹിയിലേക്ക് വരണം എന്നായിരുന്നു ആവശ്യം. ഡല്‍ഹിയില്‍ വരാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ വിവരങ്ങള്‍ അയച്ചുതരാനായി ആവശ്യം. ഇതിന് വഴങ്ങാതായതോടെ വിളി നിലച്ചു.
കാലം മാറും തോറും മുഖംമാറുന്ന സൈബര്‍ കൊള്ളക്കാര്‍
സൈബര്‍ ലോകത്തെ വിവിധ തട്ടിപ്പുകളെക്കുറിച്ച് ഇന്ന് നമ്മളില്‍ പലര്‍ക്കും അറിയാം. ഒ.ടി.പി. നമ്പര്‍ ചോദിച്ചുള്ള തട്ടിപ്പ്, ലോണ്‍ തട്ടിപ്പ്, ലോട്ടറി തട്ടിപ്പ്, ചാറ്റിങ്തട്ടിപ്പ് എന്നിങ്ങനെ കാലംപോകും തോറും തട്ടിപ്പിന്റെ കോലവും മാറും. കോവിഡ് കാലത്താണ് ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ സജീവമായത്. അതുവരെ സ്മാര്‍ട്ട് ഫോണില്‍ നിന്ന് അകലം പാലിച്ചവരും പുതിയസാധ്യതകളെക്കുറിച്ച് പഠിക്കാനും അവ ഉപയോഗിക്കാനും തയ്യാറായി. അതേ സമയം മറ്റൊരു സമാന്തരലോകത്ത് നമ്മുടെ അറിവില്ലായ്മയെയോ ജാഗ്രതക്കുറവിനെയോ മുതലെടുക്കാന്‍ സൈബര്‍ കൊള്ളക്കാര്‍ പുതിയ തട്ടിപ്പുകള്‍ ആവിഷ്‌കരിച്ചു.
CERT-In (ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം) ഡേറ്റ പ്രകാരം 2022-ലെ ആദ്യ രണ്ട് മാസങ്ങളില്‍ 2018-നെക്കാള്‍ കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈബര്‍ സുരക്ഷാ ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഏജന്‍സിയാണ് സി.ഇ.ആര്‍.ടി.-ഇന്‍, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 2018 മുതല്‍ സൈബര്‍ ക്രൈം കേസുകള്‍ക്ക് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2018-ല്‍ ഇന്ത്യയില്‍ 2,08,456 സൈബര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019-ല്‍ 3,94,499-ഉം 2020-ല്‍ 11,58,208 കേസുകളും 2021-ല്‍ 14,02,809 കേസുകളുമാണ് പി.ഐ.ബി.(പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018-നും 2021-നും ഇടയില്‍ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ കേസുകളുടെ എണ്ണം ഏഴ് മടങ്ങ് വര്‍ധിച്ചതായി കാണാം. ഇനി 2023 ലേക്ക് വരുമ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധനവുണ്ടായി.
ഇനി പാഴ്സല്‍ തട്ടിപ്പിലേക്ക് വരുമ്പോള്‍, ലോകത്തെ പ്രമുഖ കൊറിയര്‍ കമ്പനികളുടേ പേരിലാണ് ഇവര്‍ ആദ്യം വിളിക്കുന്നത്. മയക്കുമരുന്ന്, കള്ളക്കടത്ത് എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്ന ഭയം തന്നെയാണ് തട്ടിപ്പുകാരുടെ ആയുധം. ഈ ഭയം തണുക്കാതെ കൊണ്ടുപോകാന്‍ അവര്‍ മണിക്കൂറുകളോളം സ്‌കൈപ്പില്‍ സംസാരിക്കാന്‍ തയ്യാറാകും. അതിന്റെ ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ നിങ്ങള്‍ തെറ്റു ചെയ്തില്ല, ആരോ വഞ്ചിച്ചതാണെന്ന് തോന്നുന്നു എന്ന അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആശ്വാസം നിറയും. ഈ ഘട്ടത്തിലാണ് നിങ്ങള്‍ ബാങ്ക് വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാകുക.
ഇരകളെ തിരഞ്ഞെടുക്കുന്നതില്‍ സൈബര്‍ കൊള്ളക്കാര്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നാണ് കേസുകളില്‍നിന്ന് മനസ്സിലാകുന്നത്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ നന്നായി സംസാരിക്കാന്‍ കഴിയുന്നവര്‍, നല്ല ബാങ്ക് സേവിങ്സുള്ളവര്‍, ഇടയ്ക്കിടെ വിമാനയാത്രകള്‍ ചെയ്യുന്നവര്‍ തുടങ്ങിയവരാണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത്. പാര്‍സല്‍ കമ്പനി ജീവനക്കാരനായും കസ്റ്റംസായും ക്രൈംബ്രാഞ്ചായും മാറിമാറി അഭിനയിച്ച് ആവശ്യമെങ്കില്‍ സ്‌കൈപ്പിലൂടെ സംസാരിച്ചാണ് ഇവര്‍ വിശ്വാസം നേടിയെടുക്കുന്നത്. ഇത്രയും സമയം ഒരു ഇരയ്ക്കായി മാറ്റിവയ്ക്കണമെങ്കില്‍ ആ വ്യക്തിയെക്കുറിച്ച് കൃത്യമായി പഠിക്കാതെ തട്ടിപ്പുകാര്‍ രംഗത്തിറങ്ങാന്‍ യാതൊരു സാധ്യതയില്ല.
എങ്ങിനെ വലയില്‍ വീഴാതിരിക്കാം?
1. അജ്ഞാത നമ്പരുകളില്‍നിന്നു വരുന്ന ഫോണ്‍ കോളുകള്‍ എപ്പോഴും ശ്രദ്ധയോടെ സമീപിക്കണം. ഹിന്ദി, തമിഴ് മുതലായ അന്യഭാഷകളിലാണ് അജ്ഞാതന്‍ സംസാരിക്കുന്നതെങ്കില്‍ പ്രത്യേക കരുതല്‍ ഉറപ്പായും വേണം. കസ്റ്റംസ് ഉദ്യോഗസ്ഥരോ ക്രൈംബ്രാഞ്ചോ നിങ്ങളെ ഫോണില്‍ വിളിച്ച് ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കുകയില്ല. വിളിക്കുന്നര്‍ തങ്ങള്‍ യഥാര്‍ഥത്തിലുള്ള ഉദ്യോഗസ്ഥരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരോട് നിങ്ങളുടെ നഗരത്തിലെ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുക. അല്ലെങ്കില്‍ നിങ്ങള്‍ പോലീസിനെ സമീപിച്ചോളാം എന്ന് പറയുക. അതിനവര്‍ വഴങ്ങാതെ വന്നാല്‍ പിന്നീട് വരുന്ന കോളുകളോട് പ്രതികരിക്കാതെ ഇരിക്കുകയോ നമ്പര്‍ ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്നതോ ആണ് നല്ലത്. സൈബര്‍ സെല്ലിനെ വിളിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്യുക.
2. ഉറപ്പായും വേണം രണ്ട് ബാങ്ക് അക്കൗണ്ടുകള്‍
ടെക്‌നോളജി വളര്‍ന്ന ഇക്കാലത്ത് ഉറപ്പായും രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കണം. ഒന്ന് നമ്മുടെ ശമ്പളവും സമ്പാദ്യവും സൂക്ഷിക്കുന്ന ഒരു മെയിന്‍ അക്കൗണ്ട്. രണ്ടാമത്തേത് ട്രാന്‍സാക്ഷനുകള്‍ക്കായി ഉപയോഗിക്കേണ്ട പുതിയൊരു അക്കൗണ്ട്. എന്തിന് ഇങ്ങനെ ഉപയോഗിക്കണം എന്ന് സംശയം തോന്നാം. അതിന് കാരണമുണ്ട്.
ട്രാന്‍സാക്ഷനുകള്‍ക്കായി നമ്മള്‍ ഉപയോഗിക്കുന്ന അക്കൗണ്ട് പ്രത്യക്ഷത്തില്‍ പലയിടത്തും എക്‌സ്‌പോസ് ആകുന്നുണ്ട്. ഡെബിറ്റ് കാര്‍ഡുകള്‍ ആയാലും ഇത്തരത്തില്‍ വെളിപ്പെടുന്നു. ദിനംപ്രതിയുള്ള ആവശ്യങ്ങള്‍ക്ക് ആ അക്കൗണ്ടില്‍നിന്നു നിരവധി ട്രാന്‍സാക്ഷനുകളാണ് നടത്തുന്നത്. എത്രയെത്ര ഇടങ്ങളില്‍ ആ അക്കൗണ്ടിലൂടെ ഇടപാട് നടത്തുന്നു. എത്രയെത്ര മെഷീനുകളിലാണ് ആ അക്കൗണ്ടിന്റെ ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നത്. എത്രയെത്ര ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഈ അക്കൗണ്ടിന്റെ ഡീറ്റെയില്‍സ് നല്‍കുന്നു. ട്രാന്‍സാക്ഷന് ഉപയോഗിക്കുന്ന ഈ അക്കൗണ്ട് എപ്പോഴെങ്കിലും തട്ടിപ്പിനിരയായാലോ? പൈസ മുഴുവന്‍ പോകുമെന്ന് ഉറപ്പാണ്. സാലറി വരുന്ന അക്കൗണ്ട് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായാലോ, നഷ്ടം ഭീകരമായിരിക്കും.
ഇവിടെയാണ് രണ്ട് അക്കൗണ്ടുകളുടെ ഗുണം. സാലറി വരുന്ന, നമ്മുടെ വരുമാനം സൂക്ഷിക്കുന്ന അക്കൗണ്ട് എക്‌സ്‌പോസ് ആകാതെ സൂക്ഷിക്കുക. ട്രാന്‍സാക്ഷനുകള്‍ക്കും മറ്റുമായി രണ്ടാമത്തെ അക്കൗണ്ട് ഉപയോ?ഗിക്കുക. ആ അക്കൗണ്ടില്‍ കുറച്ച് പണം മാത്രം സൂക്ഷിക്കുക. അബദ്ധത്തില്‍ അക്കൗണ്ട് തട്ടിപ്പിനിരയായാലും നഷ്ടമാകുക വളരെ തുച്ഛമായ തുക മാത്രമായിരിക്കും. ഒരു പരിധി വരെ ഭീമമായ നഷ്ടമുണ്ടാകുന്നത് ഇത്തരത്തില്‍ ഒഴിവാക്കാം.
3. കരുതാം രണ്ട് ഫോണുകളും നമ്പരും
ഒട്ടുമിക്ക ആളുകള്‍ക്കും രണ്ട് നമ്പറുകള്‍ കാണും. എന്നാല്‍ രണ്ട് ഫോണുകള്‍ കൈയില്‍ കരുതണമെന്ന് പറയുന്നത് പ്രായോഗികമാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. പക്ഷേ ഒരുപാട് ട്രാന്‍സാക്ഷനുകളും ഫോണ്‍ വിളികളും പണമിടപാടും നിത്യേന നടത്തുന്നവരെ സംബന്ധിച്ച് ഇത് ഉപകാരപ്രദമാണ്. രണ്ട് ഫോണുകളും നമ്പരും കരുതുന്നത് കൊണ്ട് ഉപകാരങ്ങളേറെയാണ്.
ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും നമ്മുടെ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടാമതൊരു നമ്പര്‍ കൈവശമുണ്ടെങ്കില്‍ ഈ സ്ഥലങ്ങളില്‍ അത് ഉപയോഗിക്കാനാകും. ഇതിലൂടെ നമ്മുടെ പ്രൈവെറ്റ് നമ്പര്‍ പുറത്ത് പോകുന്നത് തടയാം. ബാങ്കുമായി ബന്ധപ്പെടുത്തിയിരിക്കുന്ന നമ്പര്‍ ഇത്തരത്തില്‍ സുരക്ഷിതമായി സൂക്ഷിക്കാം. ആപ്പുകളിലും മറ്റും പാന്‍, ആധാര്‍ എന്നിവയുമായി ബന്ധിപ്പിക്കാത്ത നമ്പര്‍ ഉപയോ?ഗിക്കുന്നത് നമ്മുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു.
തട്ടിപ്പിന് ഇരയായാല്‍
സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ ആശങ്കപ്പെടാതെ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പണം അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടാല്‍ എത്രയും വേഗം ബാങ്കില്‍ ബന്ധപ്പെടുകയും സൈബര്‍ പോലീസില്‍ വിവരം അറിയിക്കുകയും വേണം. ഇക്കാര്യത്തില്‍ താമസം പാടില്ല. സൈബര്‍ സെല്ലിന്റെ 1930 എന്ന നമ്പരില്‍ വിളിച്ച് വിവരം അറിയിക്കുക. പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യാന്‍ ഇതുവഴി സാധിച്ചേക്കാം. നിയമനപടികളിലൂടെ 75 ശതമാനമെങ്കിലും പണം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നു. അതേസമയം, റിപ്പോര്‍ട്ട് ചെയ്യാന്‍ കൂടുതല്‍ സമയമെടുത്താന്‍ പണം പൂര്‍ണമായും നഷ്ടമായേക്കും. പണം നഷ്ടപ്പെട്ടാല്‍ പരിഭ്രാന്തരാകുന്നതിന് പകരം ജാഗ്രതയോടെ പ്രവര്‍ത്തിക്കുക.
Content Highlights: Beware of Parcel online scams, method, investigation agencies, ATM, MDMA Drug, Fake passports
Published: 19 Jan 2024, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented