കേരളം ഞെട്ടിയ ഇലന്തൂര്‍ നരബലിക്കേസിന് ഒരാണ്ട്. സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി രണ്ടു സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി കുഴിച്ചിട്ടതിന്റെയും വാര്‍ത്തകള്‍ ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസം പുറത്തുവന്നപ്പോള്‍ നടുക്കത്തോടെയാണ് കേരളം അതെല്ലാം കേട്ടത്. ഇങ്ങനെയൊക്കെ കേരളത്തില്‍ നടക്കുമോ എന്നായിരുന്നു നരബലിക്കേസ് പുറത്തറിഞ്ഞപ്പോള്‍ പലരുടെയും ചോദ്യം. ഈ ചോദിച്ചവരെയെല്ലാം അമ്പരപ്പിക്കുന്ന, സിനിമകളെപ്പോലും വെല്ലുന്ന രീതിയിലുള്ള നടുക്കുന്ന കുറ്റകൃത്യമായിരുന്നു ഇലന്തൂരിലെ ആഞ്ഞിലിമൂട്ടില്‍ കടകമ്പള്ളി വീട്ടില്‍ അരങ്ങേറിയത്. 

To advertise here,

നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന അന്ധവിശ്വാസത്തില്‍, രണ്ട് സ്ത്രീകളെയാണ് ഇലന്തൂരിലെ വീട്ടില്‍ കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടത്. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി കച്ചവടക്കാരായിരുന്നു.

പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി (53) ആണ് നരബലിക്കേസിലെ ഒന്നാം പ്രതി. തിരുമ്മുചികിത്സകന്‍ ഇലന്തൂര്‍ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിങ് (71), ഭാര്യ ലൈല (67) എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 

കൊച്ചിയിലെ മിസ്സിങ് കേസ്, പുറത്തറിഞ്ഞത് ഇരട്ടനരബലി 

ലോട്ടറി വില്‍പ്പനക്കാരിയായ തമിഴ്‌നാട് സ്വദേശിനിയെ കാണാനില്ലെന്ന് പറഞ്ഞ് കൊച്ചി പോലീസിന് കിട്ടിയ ഒരു പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച നരബലിക്കേസിന്റെ ചുരുളഴിച്ചത്. 2022 സെപ്റ്റംബര്‍ 26 മുതല്‍ തമിഴ്‌നാട് സ്വദേശിനിയെ കാണാനില്ലെന്നായിരുന്നു പരാതി.

കൊച്ചി കടവന്ത്രയില്‍ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ആദ്യഘട്ടത്തില്‍ കിട്ടിയില്ല. ഇതിനിടെ സ്ത്രീയുടെ അവസാനത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരുവല്ല ഭാഗത്താണെന്ന് വ്യക്തമായി. ഇതോടെ കടവന്ത്ര മുതല്‍ തിരുവല്ല വരെയുള്ള നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഈ പരിശോധനയിലാണ് കാണാതായ ലോട്ടറി കച്ചവടക്കാരി സെപ്റ്റംബര്‍ 26-ന് എറണാകുളത്തുനിന്ന് ഒരു സ്‌കോര്‍പ്പിയോ കാറില്‍ കയറിപ്പോകുന്ന സിസിടിവി ദൃശ്യം കണ്ടെത്തിയത്. അവ്യക്തമായ ആ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് കൊച്ചി ഡി.സി.പി. എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അരിച്ചുപെറുക്കി അന്വേഷണം നടത്തി. ദിവസങ്ങള്‍ക്കുള്ളില്‍ ആ അന്വേഷണത്തിന് ഫലമുണ്ടായി. ലോട്ടറിക്കച്ചവടക്കാരിയെ കാറില്‍ കയറ്റി കൊണ്ടുപോയ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തതോടെയാണ് കേരളം ഞെട്ടിയ ഇരട്ടനരബലി പുറംലോകമറിഞ്ഞത്. 

ശ്രീദേവിയായി ചാറ്റിങ്, ആഭിചാരക്രിയകളും മന്ത്രവാദവും

വയോധികയെ പീഡിപ്പിച്ച കേസിലടക്കം പ്രതിയായിട്ടുള്ള മുഹമ്മദ് ഷാഫി പണം തട്ടാനായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഇരട്ടനരബലിയില്‍ കലാശിച്ചത്. മുഹമ്മദ് ഷാഫി ഫെയ്‌സ്ബുക്കില്‍ 'ശ്രീദേവി' എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചിരുന്നു. ശ്രീദേവി എന്നപേരില്‍ സ്ത്രീയാണെന്ന വ്യാജേനെയാണ് മുഹമ്മദ് ഷാഫി തിരുമ്മുചികിത്സകനും വൈദ്യനുമായ ഭഗവല്‍സിങ്ങിനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് തിരുമ്മുചികിത്സ നടത്തിയിരുന്ന ഭഗവല്‍സിങ് ഹൈക്കു കവിതകളുമായി ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്നു. എന്തെങ്കിലും രീതിയില്‍ പണം തട്ടാന്‍ ലക്ഷ്യമിട്ട് 'ശ്രീദേവി'  ഫെയ്‌സ്ബുക്കിലൂടെ ഭഗവല്‍സിങ്ങിനെ 'ചൂണ്ടയിട്ടു'. ശ്രീദേവിയുടെ നിരന്തരമായ ചാറ്റിങ്ങിലും ഫോണ്‍വിളിയിലും ഭഗവല്‍സിങ് വീണു. ഇവരുടെ സൗഹൃദം വളര്‍ന്നു. 

placeholder
Shafi, Laila, Bhagaval Singh (screengrab) | Photo: Mathrubhumi News
മുഹമ്മദ് ഷാഫി, ലൈല, ഭഗവല്‍സിങ്

ഭര്‍ത്താവ് മരിച്ചെന്നും പിന്നീട് തന്റെ കുടുംബത്തിന് സാമ്പത്തികനേട്ടമുണ്ടായത് ഒരു സിദ്ധന്റെ ആഭിചാരക്രിയകള്‍ കാരണമാണെന്നും ചാറ്റിങ്ങിനിടെ 'ശ്രീദേവി' ഭഗവല്‍സിങ്ങിനോട് പറഞ്ഞിരുന്നു. സാമ്പത്തിക അഭിവൃദ്ധിക്കായി ഈ സിദ്ധനെ സമീപിച്ചാല്‍ മതിയെന്നും ഫലമുണ്ടാകുമെന്നും 'ശ്രീദേവി' ഇയാളെ വിശ്വസിപ്പിച്ചു. പണ്ടേ അന്ധവിശ്വാസങ്ങള്‍ പിന്തുടര്‍ന്നിരുന്ന ഭഗവല്‍സിങ്ങും ഭാര്യ ലൈലയും ഈ കെണിയില്‍വീണു. ഇതോടെ സിദ്ധനായി മുഹമ്മദ് ഷാഫി തന്നെ ദമ്പതിമാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് നടന്നത് ആരെയും ഞെട്ടിക്കുന്ന അതിക്രൂരമായ രണ്ട് കൊലപാതകങ്ങള്‍. മനസിനെ മരവിപ്പിക്കുന്ന ഇരട്ടനരബലി. 

ആദ്യ നരബലി ജൂണില്‍, രണ്ടാം കൊലപാതകം സെപ്റ്റംബറില്‍

കൊച്ചിയില്‍നിന്ന് കാണാതായ ലോട്ടറിക്കച്ചവടക്കാരിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് മുഹമ്മദ് ഷാഫിയിലേക്കും ഇലന്തൂരിലെ ദമ്പതിമാരിലേക്കും എത്തിയത്. ഈ സ്ത്രീയെ നരബലി നല്‍കിയെന്ന് പോലീസിനോട് പറഞ്ഞ പ്രതികള്‍, നാലു മാസം മുന്‍പ് മറ്റൊരു സ്ത്രീയെയും സമാനരീതിയില്‍ നരബലി നല്‍കിയെന്ന് വെളിപ്പെടുത്തിയിരുന്നു. 2022 ജൂണിലാണ് ഇലന്തൂരിലെ വീട്ടില്‍ ആദ്യത്തെ നരബലി അരങ്ങേറിയത്.

Read Also: കൊച്ചി ടു വാൽപ്പാറ, കൊടുംകാട്ടിൽ രാത്രി തിരച്ചിൽ; കൊല്ലപ്പെടുമ്പോൾ 17-കാരി നാലരമാസം ഗർഭിണി

എറണാകുളം കാലടിയില്‍ താമസക്കാരിയായ വടക്കാഞ്ചേരി സ്വദേശിനിയെയാണ് മൂവരും ചേര്‍ന്ന് ആദ്യം കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കുഴിച്ചിട്ടത്. ഇതിനു ശേഷവും സാമ്പത്തിക അഭിവൃദ്ധി ലഭിച്ചില്ലെന്ന് ദമ്പതിമാര്‍ പരാതിപ്പെട്ടതോടെ മുഹമ്മദ് ഷാഫി രണ്ടാമത്തെ നരബലി ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് കൊച്ചിയില്‍നിന്ന് ലോട്ടറി കച്ചവടക്കാരിയെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് നരബലിക്കിരയാക്കിയത്. 

placeholder
ഇരട്ടക്കൊലപാതകം നടന്ന ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീട്‌

ഫെയ്‌സ്ബുക്ക് സുഹൃത്തായ 'ശ്രീദേവി'യുടെ ചാറ്റിങ്ങില്‍ കുരുങ്ങിയ ഭഗവല്‍സിങ് ഇവരുടെ നിര്‍ദേശമനുസരിച്ചാണ് ആഭിചാരക്രിയകളിലേക്ക് നീങ്ങിയത്. കടുത്ത അന്ധവിശ്വാസിയായിരുന്ന ഭഗവല്‍സിങ്ങിന്റെ ഭാര്യ ലൈലയും ഇതിന് സമ്മതംമൂളി. നേരത്തെ അമ്മയുടെ മരണാനന്തരച്ചടങ്ങ് വീണ്ടും നടത്തിയ ആളായിരുന്നു ലൈല. അമ്മയുടെ മരണാനന്തരച്ചടങ്ങ് വീണ്ടും നടത്തിയില്ലെങ്കില്‍ താന്‍ ഉള്‍പ്പെടെ അഞ്ചു മക്കളും കൊല്ലപ്പെടുമെന്ന് ലൈലയെ ആരോ വിശ്വസിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ പണം മുടക്കി വീണ്ടും ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇത്തവണ സാമ്പത്തികനേട്ടത്തിനായി ആഭിചാരക്രിയകള്‍ നടത്താമെന്ന് സിദ്ധനായി അവതരിച്ച മുഹമ്മദ് ഷാഫി നിര്‍ദേശിച്ചപ്പോഴും ലൈലയ്ക്ക് എതിര്‍പ്പുണ്ടായില്ല. ഷാഫി പറയുന്നത് പോലെ എന്തുചെയ്യാനും ലൈലയും ഭഗവല്‍സിങ്ങും തയ്യാറായി. 

ഷാഫിയുടെ കെണി, നഷ്ടമായത് രണ്ടു ജീവന്‍

ആഭിചാരക്രിയകളുടെ ഭാഗമായി ഷാഫി ഇലന്തൂരിലെ വീട്ടിലെത്തി ദമ്പതിമാരെ നേരിട്ടുകണ്ട് സംസാരിച്ചു. ഇതിനിടെ കടുത്ത ലൈംഗികവൈകൃതത്തിന് അടിമയായ മുഹമ്മദ് ഷാഫി ആഭിചാരത്തിന്റെ മറവില്‍ പലതും കാണിച്ചുകൂട്ടി. ആഭിചാരക്രിയകളുടെ ഭാഗമായി സിദ്ധനായെത്തിയ ഷാഫിയും ലൈലയും ലൈംഗികവേഴ്ചയിലേര്‍പ്പെട്ടു. ഭര്‍ത്താവായ ഭഗവല്‍സിങ്ങിന്റെ മുന്നില്‍വെച്ചാണ് ഇരുവരും ലൈംഗികവേഴ്ചയിലേര്‍പ്പെട്ടതെന്ന് പോലീസ് പറയുന്നു. ഇതിനു പിന്നാലെയാണ് നരബലി അടക്കമുള്ള കാര്യങ്ങളിലേക്ക് കടന്നത്. 

placeholder
ഇലന്തൂരിലെ വീട്ടുപറമ്പിൽനിന്ന് പോലിസ് തെളിവുകൾ കണ്ടെടുക്കുന്നു. ഇൻസൈറ്റിൽ പ്രതികൾ

കാലടിയില്‍ താമസിച്ച് ലോട്ടറിക്കച്ചവടം നടത്തിയിരുന്ന വടക്കാഞ്ചേരി സ്വദേശിനിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും ഇതിലൂടെ വലിയ തുക സമ്പാദിക്കാമെന്നുമാണ് ഇവരെ ഷാഫി വിശ്വസിപ്പിച്ചത്. ഇതനുസരിച്ച് ഷാഫിയ്‌ക്കൊപ്പം ഇവര്‍ ഇലന്തൂരിലെ വീട്ടിലെത്തി. എന്നാല്‍, വീട്ടിലെത്തിയ സ്ത്രീയെ പ്രതികള്‍ ആദ്യം കട്ടിലില്‍ കെട്ടിയിട്ടു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇങ്ങനെ ചെയ്തത്. ഇതിനു പിന്നാലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി സ്ത്രീയെ ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

Read Also: സോംബികൾ സിനിമയിൽ മാത്രമല്ല, അമേരിക്കൻ തെരുവുകളിലും ഉണ്ട്; 'ട്രാങ്കി'ൽ തകരുന്ന യുവത 

സ്ത്രീയുടെ ശരീരമാസകലം കത്തി കൊണ്ട് മുറിവേല്‍പ്പിച്ച പ്രതികള്‍ രക്തവും ശേഖരിച്ചിരുന്നു. പിന്നാലെ അവയവങ്ങളും മുറിച്ചുമാറ്റി. മൃതദേഹം പല കഷണങ്ങളാക്കി വെട്ടിമുറിച്ചു. ഏകദേശം 30 കഷണങ്ങളാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയതെന്നായിരുന്നു പ്രതികളുടെ മൊഴി. തുടര്‍ന്ന് നേരത്തെ ശേഖരിച്ച രക്തം വീടിന് ചുറ്റും തളിക്കുകയും വെട്ടിമാറ്റിയ മൃതദേഹാവശിഷ്ടങ്ങള്‍ ഉപ്പു വിതറി കുഴിച്ചിടുകയും ചെയ്തു. കുഴി മൂടിയ ശേഷം ഇതിന് മുകളില്‍ മഞ്ഞള്‍ചെടികളും നട്ടു. 

ആദ്യം കൊലപ്പെടുത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ കൈക്കലാക്കിയിരുന്നു. ഈ ആഭരണങ്ങള്‍ പിന്നീട് ഇലന്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ചു. ഈ പണവും കൈക്കലാക്കിയാണ് ആദ്യത്തെ കൊലപാതകത്തിന് ശേഷം ഷാഫി ഇലന്തൂരില്‍നിന്ന് മടങ്ങിയത്. 

placeholder
ലൈല, ഭഗവൽ സിങ്‌

ജൂണില്‍ നരബലി നടത്തിയിട്ടും പ്രതീക്ഷിച്ചപോലെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായില്ലെന്നായിരുന്നു ഭഗവല്‍ സിങ്ങും ലൈലയും വീണ്ടും ഉന്നയിച്ച പരാതി. ഇതോടെ ശാപം മാറിയിട്ടില്ലെന്നും വീണ്ടും നരബലി നടത്തണമെന്നും ഷാഫി നിര്‍ദേശിച്ചു. ദമ്പതിമാരില്‍നിന്ന് വീണ്ടും പണം കൈക്കലാക്കാനുള്ള വഴി തെളിഞ്ഞതോടെ ഇയാള്‍ അടുത്ത ഇരയെ തേടിയിറങ്ങി. അങ്ങനെയാണ് 2022 സെപ്റ്റംബറില്‍ കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ തമിഴ്‌നാട് സ്വദേശിനി ഷാഫിയുടെ കെണിയിൽ കുടുങ്ങിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഇവരുമായി ഷാഫി അടുപ്പം സ്ഥാപിച്ചു. ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇലന്തൂരിലെ വീട്ടിലെത്തിച്ച ശേഷം ഇവരെയും മൂന്ന് പ്രതികളുംചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ നരബലിയില്‍ ലൈലയാണ് ആദ്യം സ്ത്രീയുടെ ശരീരത്തില്‍ കത്തിവെച്ചത്. കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി 56 കഷണങ്ങളാക്കി. രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു. ജൂണിലെ ആദ്യകൊലപാതകത്തിന് സമാനമായി വെട്ടിനുറുക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിടുകയും ചെയ്തു. 

അന്വേഷണത്തിന്റെ വഴി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

തമിഴ്‌നാട് സ്വദേശിനിയുടെ തിരോധാനത്തില്‍ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും ആയിരക്കണക്കിന് ഫോണ്‍വിളികളും പരിശോധിച്ച ശേഷമാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. കടവന്ത്രയിലെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ തന്നെ സ്ത്രീ എവിടെയും പോയതല്ല, കൊല്ലപ്പെട്ടതാകാം എന്ന് ഡി.സി.പി. സംശയിച്ചിരുന്നു. തുടക്കത്തില്‍ ഡി.സി.പിക്ക് തോന്നിയ ഈ സംശയമാണ് അന്വേഷണത്തിന്റെ വേഗം കൂട്ടിയത്. 

placeholder
മുഖ്യപ്രതിയെ പോലീസ് ബന്തവസ്സിൽ കൊണ്ടുപോവുന്നു

തമിഴ്‌നാട് സ്വദേശിനി മുഹമ്മദ് ഷാഫിയുടെ വാഹനത്തില്‍ കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും ഷാഫിയുടെ മൊബൈല്‍ഫോണ്‍ വിളികളുമാണ് കേസില്‍ വഴിത്തിരിവായത്. ചോദ്യംചെയ്യലില്‍ ഷാഫി ഇലന്തൂരിലെ ദമ്പതിമാരെക്കുറിച്ച് വെളിപ്പെടുത്തിയതോടെ അന്വേഷണം അവിടേക്ക് നീണ്ടു. കൊച്ചി പോലീസില്‍നിന്ന് ഒട്ടും വൈകാതെ ആറന്മുള പോലീസിലേക്ക് സന്ദേശമെത്തി. തമിഴ്‌നാട് സ്വദേശിനിയുടെ ചിത്രം അയച്ചുനല്‍കിയ കൊച്ചി പോലീസ്, ഇവരെക്കുറിച്ച് ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തി അന്വേഷിക്കണമെന്നായിരുന്നു നിര്‍ദേശിച്ചത്. ഇതനുസരിച്ച് ആറന്മുള പോലീസ് ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തി. ഫോട്ടോ കാണിച്ച് ഈ സ്ത്രീയെ അറിയാമോ എന്ന് തിരക്കിയപ്പോള്‍ ഇല്ലെന്നായിരുന്നു ഭഗവല്‍സിങ്ങിന്റെ മറുപടി.

എന്നാല്‍, ഫോട്ടോ കണ്ടതിന് പിന്നാലെ ലൈല ഞെട്ടിയത് പോലീസ് സംഘം ശ്രദ്ധിച്ചു. പിന്നാലെ ഭഗവല്‍സിങ്ങിന്റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഈ പരിശോധനയില്‍ ഷാഫി ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ കുറ്റകൃത്യത്തില്‍ ദമ്പതിമാരുടെ പങ്ക് ഉറപ്പിച്ച അന്വേഷണസംഘം ഒക്ടോബര്‍ പത്താം തീയതി ഭഗവല്‍സിങ്ങിനെയും ലൈലയെയും കസ്റ്റഡിയിലെടുത്തു. 

ശരീരഭാഗങ്ങള്‍ ഫ്രീസറില്‍വെച്ചു, വേവിച്ച് കഴിച്ചു

മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തി പോലീസ് സംഘം തെളിവെടുപ്പ് നടത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലം പ്രതികള്‍ കാണിച്ചു നല്‍കി. തുടര്‍ന്ന് ഇവിടെനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തു. ഒപ്പം കൊല്ലപ്പെട്ട സ്ത്രീകളുടെ ബാഗും മറ്റു തെളിവുകളും കുഴിയില്‍നിന്ന് കണ്ടെടുത്തു. 

placeholder

തമിഴ്‌നാട് സ്വദേശിനിയെ കൊലപ്പെടുത്തിയ ശേഷം മാംസം പാകംചെയ്ത് കഴിച്ചെന്ന ഞെട്ടിക്കുന്ന മൊഴിയും പ്രതികള്‍ പോലീസിന് നല്‍കിയിരുന്നു. ശരീരം വെട്ടിമുറിച്ച ശേഷം ചില ഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. ചിലത് വേവിച്ച് പാകംചെയ്ത് കഴിച്ചു. ഷാഫിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ ഫലം കിട്ടാനായാണ് ഇവ കഴിച്ചതെന്നായിരുന്നു ലൈലയുടെ മൊഴി. ഭഗവല്‍സിങ് ആദ്യം കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധിച്ച് വായില്‍വെച്ച് നല്‍കിയെന്നും ഇവര്‍ പറഞ്ഞിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചിട്ടപ്പോള്‍ ഇതിനൊപ്പം വലിയ തുക എഴുതിയ ചെക്കും കുഴിയിലിട്ടിരുന്നതായും പ്രതികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

അതേസമയം, ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളിലൊന്നും മുഖ്യപ്രതി ഷാഫി അന്വേഷണസംഘവുമായി സഹകരിച്ചിരുന്നില്ല. 'നീ മനുഷ്യമാംസം കഴിച്ചോ' എന്ന ചോദ്യത്തിന് ഒരു ചെറുചിരി മാത്രമായിരുന്നു ഷാഫിയുടെ മറുപടി. ഇരട്ടനരബലിക്ക് മുന്‍പ് വിവിധയിടങ്ങളില്‍ കറങ്ങിനടന്ന് സ്ത്രീകളെ കെണിയില്‍വീഴ്ത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായുള്ള വിവരങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു.

പ്രതികള്‍ ജയിലില്‍

ഒരു വര്‍ഷം മുന്‍പ് പോലീസ് പിടിയിലായ മൂന്ന് പ്രതികളും ഇപ്പോള്‍ വിചാരണത്തടവുകാരായി ജയിലില്‍ തുടരുകയാണ്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട പല നിര്‍ണായക തെളിവുകളും തൊണ്ടിമുതലുകളും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണങ്ങള്‍ പണയംവെച്ച സ്ഥലം, കത്തി വാങ്ങിയ വ്യാപാരസ്ഥാപനം എന്നിവടങ്ങളിലെല്ലാം പ്രതികളുമായി തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ തോട്ടില്‍ എറിഞ്ഞെന്നായിരുന്നു പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, ചെളിനിറഞ്ഞ തോട്ടില്‍നിന്ന് തമിഴ്‌നാട് സ്വദേശിനിയുടെ മൊബൈല്‍ഫോണ്‍ മാത്രം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. 

ഞെട്ടല്‍ മാറാതെ നാട്ടുകാര്‍, സന്ദര്‍ശകരുടെ തിരക്ക്

നരബലിക്കേസ് പുറത്തറിഞ്ഞതോടെ വിവിധഭാഗങ്ങളില്‍നിന്നും ഇലന്തൂര്‍ മണ്ണപ്പുറം ആഞ്ഞിലിമൂട്ടില്‍ വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. 2022 ഒക്ടോബര്‍ 11 മുതല്‍ ദിവസങ്ങളോളം ഇലന്തൂരിലെ വീടു കാണാനായി മാത്രം നിരവധി പേരാണ് എത്തിയത്. തെളിവെടുപ്പിനിടെയും വന്‍ജനക്കൂട്ടമുണ്ടായി. ഇതോടെ ബാരിക്കേഡ് ഉള്‍പ്പെടെ സ്ഥാപിച്ചാണ് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നരബലി നടന്ന വീടും പരിസരവും പകര്‍ത്താന്‍ യൂട്യൂബര്‍മാരുടെ തിരക്കും അനുഭവപ്പെട്ടു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ ഇലന്തൂരിലെ വീട് ശ്മശാനമൂകമായി. മൂന്നു വശവും ഒഴിഞ്ഞുകിടക്കുന്ന മൂന്നരയേക്കര്‍ സ്ഥലത്തുള്ള പഴയ വീടും തിരുമ്മല്‍ കേന്ദ്രവും ഇന്നൊരു പ്രേതാലയത്തിന് തുല്യമാണ്. വീട് പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് ആളുകള്‍ വരുന്നതിനും പോലീസിന്റെ നിരോധനമുണ്ട്. 

placeholder
elanthoor narabali bhagavalsingh house
ഇലന്തൂരിലെ വീട്‌

പാരമ്പര്യ വൈദ്യന്മാരായ ആഞ്ഞിലിമൂട്ടില്‍ വീട്ടിലെ ഭഗവല്‍സിങ്ങും ലൈലയും ഇത്തരമൊരു ക്രൂരകൃത്യം ചെയ്‌തെന്ന് കേട്ട് നാട്ടുകാരിലും ഞെട്ടലുണ്ടായി. വര്‍ഷങ്ങളായി തിരുമ്മുചികിത്സ നടത്തിയിരുന്ന ഭഗവല്‍സിങ്ങിനെക്കുറിച്ച് ഇത്തരമൊരു സംശയം ആര്‍ക്കും ഉണ്ടായിരുന്നില്ല. ഹൈക്കു കവിതകളുമായി ഫെയ്‌സ്ബുക്കിലും ഇയാള്‍ സജീവമായിരുന്നു.