സൗഹൃദത്തില്‍നിന്ന് പിന്മാറിയതിന്റെ പകയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. എറണാകുളം കലൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 17-കാരിയെ അതിര്‍ത്തിഗ്രാമമായ മലക്കപ്പാറയ്ക്ക് സമീപംവെച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി നെട്ടൂര്‍ സ്വദേശി സഫര്‍ ഷാ(29)യെ കോടതി ഇരട്ടജീവപര്യന്തത്തിന് ശിക്ഷിച്ചത്. കേരളത്തെ നടുക്കിയ കൊലപാതകം നടന്ന് മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് എറണാകുളം പോക്‌സോ കോടതി കേസില്‍ വിധി പറഞ്ഞത്. 

To advertise here,

2020 ജനുവരി ഏഴിനാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയെ സഫര്‍ ഷാ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയ പ്രതി, മലക്കപ്പാറയ്ക്കും വാല്‍പ്പാറയ്ക്കും ഇടയിലുള്ള വനപ്രദേശത്തുവെച്ചാണ് കൃത്യം നടത്തിയത്. കാറിലിട്ട് പെണ്‍കുട്ടിയെ കുത്തിക്കൊന്ന ഇയാള്‍ മൃതദേഹം വനമേഖലയിലെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് വാല്‍പ്പാറ-പൊള്ളാച്ചി വഴി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ പിടിവീഴുകയായിരുന്നു. 

ബന്ധത്തില്‍നിന്ന് പിന്മാറിയതിന്റെ പക, അരുംകൊല....

മരടിലെ കാര്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരനായ സഫര്‍ഷായും നഗരത്തിലെ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. ഇതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അരുംകൊലയ്ക്ക് കാരണമായതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. 

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പുറമേ ലൈംഗികമായി പീഡിപ്പിച്ചതിനും ഗര്‍ഭിണിയാക്കിയതിനും പ്രതിക്കെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു. കൊല്ലപ്പെടുമ്പോള്‍ പെണ്‍കുട്ടി നാലരമാസം ഗര്‍ഭിണിയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

മൂന്നുവര്‍ഷം മുന്‍പ് ആ ദിവസം...

2020 ജനുവരി ഏഴാം തീയതിയായിരുന്നു കേരളത്തെ നടുക്കിയ ക്രൂരത അരങ്ങേറിയത്. സര്‍വീസ് സെന്റര്‍ ജീവനക്കാരനായ പ്രതി സഫര്‍ ഷാ സര്‍വീസ് കഴിഞ്ഞ് ഉടമയ്ക്ക് കൈമാറാനുള്ള കാറുമായാണ് സ്ഥാപനത്തില്‍നിന്ന് പോയത്. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇയാളെക്കുറിച്ച് വിവരം ലഭിച്ചില്ല. ഇതിനിടെ, നഗരത്തിലെ സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങിയ 17-കാരിയെ കാണാനില്ലെന്ന പരാതിയും പോലീസിന് ലഭിച്ചു. ജനുവരി ഏഴാം തീയതി ചൊവ്വാഴ്ച വൈകിട്ടോടെയാണ് മകളെ കാണാനില്ലെന്ന് അച്ഛന്‍ പരാതി നല്‍കിയത്. നെട്ടൂര്‍ സ്വദേശിയായ സഫര്‍ഷായെക്കുറിച്ച് ഈ പരാതിയില്‍ സൂചിപ്പിച്ചിരുന്നത് നിര്‍ണായകമായി. ഇതോടെയാണ് സര്‍വീസ് സെന്ററില്‍നിന്ന് വാഹനവുമായി കടന്നതും ഇതേ യുവാവ് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. 

placeholder
വാല്‍പ്പാറയില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം | Screengrab: Mathrubhumi News

സര്‍വീസ് സെന്ററില്‍നിന്ന് കാറുമായി കടന്നുകളഞ്ഞ ജീവനക്കാരനാണ് പെണ്‍കുട്ടിയെയും കടത്തിക്കൊണ്ടുപോയതെന്ന് ഉറപ്പിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മരടിലെ സര്‍വീസ് സെന്ററില്‍നിന്ന് പോലീസ് സംഘം പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. യുവാവിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അതിരപ്പിള്ളി, മലക്കപ്പാറ ഭാഗത്താണെന്ന് മനസിലായി. ഇതോടെ കൊച്ചി പോലീസ് അതിരപ്പിള്ളി, മലക്കപ്പാറ പോലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറി. സര്‍വീസ് സെന്ററില്‍നിന്ന് കടത്തിക്കൊണ്ടുപോയ കാറിന്റെ വിശദാംശങ്ങളും പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരവും പോലീസ് അറിയിച്ചിരുന്നു. 

കാര്‍ ചെക്ക്‌പോസ്റ്റ് കടന്നു, പിടിയിലായത് വാല്‍പ്പാറയില്‍...

കൊച്ചി പോലീസില്‍നിന്ന് അറിയിപ്പ് ലഭിച്ചതിന് പിന്നാലെ വാഴച്ചാലിലെ ചെക്ക്‌പോസ്റ്റില്‍നിന്ന് പോലീസുകാര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ചെക്ക്‌പോസ്റ്റിലെ രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ചുവന്ന നിറത്തിലുള്ള കാര്‍ ഇതുവഴി കടന്നുപോയതായി സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ മലക്കപ്പാറയിലെ രജിസ്റ്റര്‍ നോക്കിയപ്പോള്‍ ആറരയോടെ ഇതേ വാഹനം ഇവിടെയും പിന്നിട്ടതായി മനസിലായി. ഇതോടെ വാല്‍പ്പാറ, പൊള്ളാച്ചി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായി പോലീസിന്റെ പരിശോധന. ഈ മേഖലയിലെ പോലീസ് സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറി. ഇതോടെ തമിഴ്‌നാട് പോലീസ് കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി പരിശോധന ആരംഭിച്ചു. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ വാല്‍പ്പാറ വാട്ടര്‍ഫാള്‍സ് പോലീസ് പ്രതിയായ സഫര്‍ഷായെ കൈയോടെ പിടികൂടിയത്. 

പൊള്ളാച്ചിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പോലീസിന്റെ വാഹനപരിശോധനയിലാണ് സഫര്‍ഷായ്ക്ക് പിടിവീണത്. കാറിന്റെ മുന്‍സീറ്റില്‍ ചോരപ്പാടുകള്‍ കണ്ടതോടെ യുവാവിനെ വാട്ടര്‍ഫാള്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞയുടന്‍ മലക്കപ്പാറയില്‍നിന്ന് കേരള പോലീസ് സംഘവും ഇവിടേക്കെത്തി. തുടര്‍ന്ന് യുവാവിനെ വിശദമായി ചോദ്യംചെയ്തതോടെയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. 

കൊച്ചി To മലക്കപ്പാറ, 130 കിലോമീറ്റര്‍....

ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍നിന്ന് മടങ്ങിയ 17-കാരിയെ സുഹൃത്തായ സഫര്‍ ഷാ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയായിരുന്നു. ഇതുവരെയുണ്ടായ പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ക്കാമെന്നും യാത്രപോകാമെന്നും പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍കയറ്റിയത്. സര്‍വീസ് സെന്ററില്‍നിന്ന് ഉടമയ്ക്ക് കൈമാറേണ്ട കാറുമായി പെണ്‍കുട്ടിയെ കാണാനെത്തിയ പ്രതി, ഇവിടെനിന്ന് അതിരപ്പിള്ളി ഭാഗത്തേക്കാണ് പോയത്. ഈ സമയമത്രയും 130 കിലോമീറ്ററോളം ദൂരം യൂണിഫോം ധരിച്ച പെണ്‍കുട്ടിയും കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്നു. 

മൂന്ന് മണിക്കൂറിനുള്ളില്‍ പെണ്‍കുട്ടിയുമായി അതിരപ്പിള്ളി മേഖലയിലെത്തിയ പ്രതി ചെക്‌പോസ്റ്റും കടന്ന് മലക്കപ്പാറ ഭാഗത്തേക്ക് പോയി. കാറില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയെ കണ്ടിരുന്നെങ്കിലും അസ്വാഭാവികതയൊന്നും തോന്നാത്തതിനാല്‍ ചെക്‌പോസ്റ്റുകളില്‍ കാര്യമായ പരിശോധനയുണ്ടായില്ല. തുടര്‍ന്ന് വാഴച്ചാല്‍ ചെക്‌പോസ്റ്റും കടന്ന് വനമേഖലയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. 

കത്തി നേരത്തെ വാങ്ങി, കാറിനുള്ളില്‍ കുത്തിവീഴ്ത്തി...

പെണ്‍കുട്ടിയെ കൊലപ്പെടുത്താനായി കത്തി നേരത്തെ വാങ്ങിവെച്ചിരുന്നതായാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. കൃത്യം നടന്നതിന്റെ രണ്ടുദിവസം മുമ്പാണ് എറണാകുളത്തെ കടയില്‍നിന്ന് കത്തി വാങ്ങിയത്. തുടര്‍ന്ന് കാറുമായി മലക്കപ്പാറ ഭാഗത്തേക്ക് പ്രവേശിച്ചതോടെ ഇയാളും പെണ്‍കുട്ടിയുമായി വഴക്കിട്ടു. പിന്നാലെ പ്രതി കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തി. 

placeholder
കാറിലെ മുന്‍സീറ്റില്‍ കണ്ടെത്തിയ ചോരപ്പാടുകള്‍ | ഫയല്‍ചിത്രം

പെണ്‍കുട്ടിയുടെ നെഞ്ചിലും വയറ്റിലും ഒട്ടേറെതവണയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിയുടെ കൈയിലും കുത്തേറ്റിരുന്നു. ക്രൂരമായ കൊലയ്ക്ക് ശേഷം മൃതദേഹം റോഡിരികിലെ കാപ്പിത്തോട്ടത്തില്‍ തള്ളി. ഇതിനുശേഷം കാറുമായി പൊള്ളാച്ചി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സഫര്‍ ഷാ പോലീസിന്റെ പിടിയിലായത്. 

ആനയും പുലിയും ഇറങ്ങുന്ന കാട്, മൃതദേഹത്തിനായി അഞ്ചുമണിക്കൂറോളം നീണ്ട തിരച്ചില്‍

ചൊവ്വാഴ്ച രാത്രി വാല്‍പ്പാറയില്‍വെച്ച് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ 17-കാരിയെ കൊന്ന് മൃതദേഹം കാട്ടില്‍ തള്ളിയതായി പ്രതി വെളിപ്പെടുത്തിയിരുന്നു. ഇതോടെ എത്രയുംവേഗം മൃതദേഹം കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. എന്നാല്‍, പ്രതിക്ക് സ്ഥലത്തെപ്പറ്റി കൃത്യമായ ധാരണയില്ലാത്തത് തിരച്ചിലിന് വെല്ലുവിളിയായി. മാത്രമല്ല, ആനയും പുലിയും ഇറങ്ങുന്ന വനമായതിനാല്‍ പോലീസിനും ആശങ്ക വര്‍ധിച്ചു. 

തമിഴ്‌നാട് മേഖലയിലും കേരളത്തിലുമായി രണ്ടുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് സംഘം അന്ന് രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയത്. ഷോളയാര്‍ ഡാമിനും വാല്‍പ്പാറയ്ക്കും ഇടയിലാണ് മൃതദേഹം തള്ളിയതെന്ന് പ്രതി ആദ്യം മൊഴി നല്‍കിയതിനാല്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം പരിശോധന നടന്നത്. എന്നാല്‍, മണിക്കൂറുകള്‍ തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതിനിടെ വശങ്ങളില്‍ സെര്‍ച്ച് ലൈറ്റുകള്‍ ഘടിപ്പിച്ച ജീപ്പുമായി മലക്കപ്പാറ-വാല്‍പ്പാറ റോഡിലെ വനത്തിലൂടെ വീണ്ടും തിരച്ചില്‍ നടത്തി. ഈ പരിശോധനയ്ക്കിടെയാണ് മലക്കപ്പാറ പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മലക്കപ്പാറ വരട്ടുപാറ മേഖലയില്‍ വനത്തിന്റെ എതിര്‍ഭാഗത്തുള്ള കാപ്പിത്തോട്ടത്തിലായിരുന്നു ചോരയില്‍കുളിച്ചനിലയില്‍ മൃതദേഹം. ഒരു കല്ലില്‍ തട്ടിനിന്നതിനാല്‍ മൃതദേഹം തോട്ടത്തില്‍നിന്ന് താഴ്ചയിലേക്ക് വീണിരുന്നില്ല. 

കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം, വീണ്ടും പിടിയിലായി...

കൊലക്കേസില്‍ റിമാന്‍ഡിലായിരുന്ന സഫര്‍ഷാ ഇതിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യത്തിലിറങ്ങിയതും ഏറെ വിവാദമായിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ജാമ്യം നേടിയത്. ഇക്കാര്യം വ്യക്തമായതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.