കൊച്ചി: കൊല്ലങ്കോട് പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ, അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലഖക്കെതിരേ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മാവൻ. കുട്ടിയുടെ അമ്മ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും എറണാകുളത്ത് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യലിനിടെ വളരെ മോശമായി പെരുമാറിയെന്നും ഇതോടെ അമ്മയുടെ അവസ്ഥ മോശമാവുകയും അവർ ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് ആരോപണം. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ് കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം സിബിഐക്ക് വിടുകയും പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തത്.

'2010-ലാണ് സഹോദരി ഭർത്താവിന്റെ വീട്ടിൽനിന്ന് പിണങ്ങി രണ്ടു മക്കളുമായിട്ട് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. ഭർത്താവിന്റെ വീട്ടിൽനിന്ന് വളരെ മോശം സാഹചര്യത്തിലാണ് സഹോദരി കുട്ടികളുമായി വീട്ടിലേക്ക് വന്നത്. വരുമ്പോൾ തന്നെ സഹോദരിക്ക് പല കാര്യങ്ങളും കൃത്യമായി അറിയാത്ത തരത്തിലുള്ള മോശം മാനസികാവസ്ഥയിലായിരുന്നു. ശാരീരികമായും ഭർത്താവിന്റെ വീട്ടിൽ നിന്നും ഏറെ മർദ്ദനം ഏറ്റുവാങ്ങിയിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തി സാധാരണ നിലയിലേക്ക് എത്തുന്നതിനിടെയാണ് മകളുടെ മരണം സംഭവിച്ചത്. പിന്നീട് വീണ്ടും സഹോദരിയുടെ അവസ്ഥ മോശമായി.

കൊല്ലങ്കോട് മുതൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം അതുകഴിഞ്ഞ് മലപ്പുറം ഇത്രയും സ്റ്റേഷനുകൾ വരെ വിളിച്ചു വരുത്തി ഞങ്ങളെ ചോദ്യം ചെയ്തിരുന്നു.  ഇടവിട്ടുള്ള ദിവസങ്ങളിൽ ഞങ്ങളെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. എറണാകുളത്ത് വെച്ച് നടത്തിയ ഒരു ചോദ്യം ചെയ്യലിലാണ് പെങ്ങൾ കൂടുതൽ മാനസികമായി തകർന്നു പോയത്. അന്ന് ഐപിഎസ് ഉള്ള ഒരു മേഡമാണ് കേസ് അന്വേഷിച്ചിരുന്നത്. അവർ വളരെ മോശമായാണ് പെങ്ങളോട് പെരുമാറിയത്. മകളെ കൊലപ്പെടുത്തിയത് അവളാണെന്നും കൂട്ടു നിന്ന് എന്നെല്ലാം അവർ അവളോട് പറഞ്ഞു.

അതിൽ അവൾ ആകെ തകർന്നുപോയി. അത്രക്കും മാരകമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. അവളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്ന തരത്തിലാണ് പല കാര്യങ്ങളും അവളോട് ചോദിച്ചത്. അതോടെ മാനസികനില വളരെ മോശമായി. സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ അവളുടെ അവസ്ഥ മോശമായിരുന്നു. ഇതോടെ സഹോദരി ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്.

ഇതൊന്നും ഞങ്ങൾക്ക് ആരോടും പറയാൻ പറ്റിയില്ല, ഞങ്ങൾ മാത്രം അനുഭവിച്ച വേദനയാണ്.' - അമ്മാവൻ പറഞ്ഞു.

ഇന്നും ചുരുളഴിയാതെ നിഗൂഡമായി തുടരുകയാണ് പാലക്കാട് കൊല്ലങ്കോട്ടെ പതിനൊന്നുകാരിയുടെ മരണത്തിന് പിന്നിലെ കാരണം. ആത്മഹത്യയെന്ന് എഴുതിയ പോലീസ് റിപ്പോർട്ടിന് പിന്നാലെ വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. മരിക്കുന്നതിന് മുൻപ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ മുറിവുകളും ചതവുകളുമുണ്ടായിരുന്നു. കൂടാതെ സ്വകാര്യഭാഗത്ത് ബീജത്തിന്റെ സാന്നിദ്ധ്യവും പോസ്റ്റ്‌മോർട്ടത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടും ആത്മഹത്യയെന്ന് പോലീസ് റിപ്പോർട്ടെഴുതി. 10 വർഷത്തിലേറെയായി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ചുരുളഴിയാത്ത കേസ് ഇപ്പോൾ സിബിഐക്ക് വിട്ടിരിക്കുകയാണ് ഹൈക്കോടതി.

2010ലാണ് കൊല്ലങ്കോട്ട് പതിനൊന്നുകാരി മരിക്കുന്നത്. കുടുംബ കലഹത്തെ തുടർന്ന് അച്ഛനുമായി പിണങ്ങി കഴിയുകായായിരുന്ന അമ്മയും സഹോദരനുമായി അമ്മാവന്റെ വീട്ടിലായിരുന്നു പെൺകുട്ടിയുടെ താമസം. അമ്മാവന്റെ വീട്ടിലെത്തി മൂന്നാം മാസത്തിലാണ് കുട്ടി മരിക്കുന്നത്. കുട്ടിയുടെ മറ്റൊരു അമ്മാവനും അടുത്ത ബന്ധവുമാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽമുറുകി പെൺകുട്ടി മരിച്ചു എന്നായിരുന്നു അന്നത്തെ വാർത്തകൾ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടുകൂടിയാണ് പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ള വിവരം പുറത്ത് വന്നത്. പക്ഷേ 'അൺ ഡിറ്റക്ടഡ്' എന്ന ക്ലോഷർ റിപ്പോർട്ടാണ് ക്രൈംബ്രാഞ്ചിന് കോടതിയിൽ സമർപ്പിക്കാനായത്.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ രംഗത്തെത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായിഅമ്മയെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മരണത്തിൽദുരൂഹതയുണ്ടെന്ന് അന്നേ കണ്ടെത്തിയിരുന്നുവെന്നുംശ്രീലേഖ മാതൃഭൂമി ഡോട്ട്കോമിനോട് വ്യക്തമാക്കി.

കുട്ടിയുടേത് ആത്മഹത്യയാണെന്ന ലോക്കൽ പോലീസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു അന്നത്തെ സാഹചര്യങ്ങളെന്ന് ശ്രീലേഖ പറഞ്ഞു.ആറോ ഏഴോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക് വീടിന്റെ മുകളിലെ കഴുക്കോലിൽ സാരി ഉപയോഗിച്ച് തനിയെ തൂങ്ങിമരിക്കാൻ സാധിക്കില്ലെന്നും ഫോട്ടോഗ്രാഫുകൾ പരിശോധിച്ചതിൽനിന്നും കുട്ടിക്ക് അത്രയും ഉയരത്തിൽ എത്താൻ ഒരു വഴിയുമില്ലെന്ന് വ്യക്തമായതായും അവർ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ കുട്ടി ടിവി കാണുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്തിരുന്നുവെന്നത് കുട്ടി മാനസികമായി സന്തോഷവതിയായിരുന്നു എന്നതിന് തെളിവാണെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി.

കുട്ടിയുടെമരണത്തിൽ അമ്മയ്ക്ക് പങ്കുണ്ടെന്നാണ്താൻ സംശയിച്ചിരുന്നതെന്നും ശ്രീലേഖ പറഞ്ഞു. അമ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായി കുട്ടിയുടെ അച്ഛൻ അന്ന് പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അമ്മയെ എറണാകുളം പോലീസ് ക്ലബ്ബിൽ വിളിപ്പിച്ച് ചോദ്യം ചെയ്തത്. അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ ഇടയ്ക്ക് വരാറുള്ള പുരുഷനെപ്പറ്റി ചോദിച്ചപ്പോൾ അമ്മ അപസ്മാരം വന്നപോലെ നിലത്തുകിടന്ന് ഉരുളുകയായിരുന്നു. ഉടൻതന്നെ താൻ അവരെ ആശുപത്രിയിൽ എത്തിച്ചുവെന്നും അവർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായും ശ്രീലേഖ പറയുന്നു.

അന്നത്തെ എഡിജിപി വിൻസന്റ് പോളിനോട് താൻ അമ്മയെ അറസ്റ്റ് ചെയ്യാൻ അനുവാദം ചോദിച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ അറസ്റ്റ് വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചതിനാലാണ് കേസ് അന്ന് തെളിയാത്ത കേസ് ആയി അവസാനിച്ചതെന്നും അവർ വിശദീകരിച്ചു.

കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളെക്കുറിച്ച് സംശയമുണ്ടെങ്കിലും ആരോ കുട്ടിയെ കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന നിഗമനത്തിലാണ് താൻ എത്തിയതെന്ന് അവർ വ്യക്തമാക്കി. ബന്ധുക്കൾ ഉന്നയിക്കുന്ന മാനസിക പീഡന ആരോപണം അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യൽ മാത്രമാണെന്നും അവരെ ചികിത്സിക്കാൻ താൻ മുൻകൈ എടുത്തിട്ടുണ്ടെന്നും ശ്രീലേഖ പ്രതികരിച്ചു.

വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ് കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം സിബിഐക്ക് വിടുകയും പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

2010-ലാണ് കൊല്ലങ്കോട്ട് പെൺകുട്ടി മരിക്കുന്നത്. കുടുംബ കലഹത്തെ തുടർന്ന് അച്ഛനുമായി പിണങ്ങി കഴിയുകയായിരുന്ന അമ്മയും സഹോദരനുമായി അമ്മാവന്റെ വീട്ടിലായിരുന്നു പെൺകുട്ടിയുടെ താമസം. അമ്മാവന്റെ വീട്ടിലെത്തി മൂന്നാം മാസത്തിലാണ് കുട്ടി മരിക്കുന്നത്. കുട്ടിയുടെ മറ്റൊരു അമ്മാവനും അടുത്ത ബന്ധുവുമാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽമുറുകി പെൺകുട്ടി മരിച്ചു എന്നായിരുന്നു അന്നത്തെ വാർത്തകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വിവരവുംപുറത്തുവന്നു. പക്ഷേ, 'അൺ ഡിറ്റക്ടഡ്' എന്ന ക്ലോഷർ റിപ്പോർട്ടാണ് ക്രൈംബ്രാഞ്ചിന് കോടതിയിൽ സമർപ്പിക്കാനായത്.