മുംബൈ: ജാതിവ്യത്യാസത്തെ തുടർന്ന്  പ്രണയബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുപതുകാരനെ കൊലപ്പെടുത്തി. യുവാവിന്റെ സംസ്കാരച്ചടങ്ങിൽ നെറ്റിയിൽ സിന്ദൂരം ചാർത്തി താനിനി കാമുകന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് പ്രഖ്യാപിച്ച് പെൺകുട്ടി.

To advertise here,

മഹാരാഷ്ട്രയിലെ നാന്ദെഡിലാണ് സംഭവം. സാക്ഷം ടാറ്റ എന്ന യുവാവിനാണ് മൂന്നുവർഷം നീണ്ട പ്രണയത്തിന്റെ പേരിൽ അതിദാരുണ അന്ത്യം സംഭവിച്ചത്.

ആഞ്ചൽ എന്ന പെൺകുട്ടി തന്റെ സഹോദരൻമാർ വഴിയാണ് സാക്ഷമുമായി പരിചയത്തിലായത്. വീട്ടിലെ തുടർച്ചയായ സന്ദർശനങ്ങളിലൂടെ ആഞ്ചൽ സാക്ഷമുമായി കൂടുതൽ അടുത്തു. ജാതിയിലെ വ്യത്യാസം കാരണം അവരുടെ ബന്ധത്തെ എതിർത്ത ആഞ്ചലിന്റെ കുടുംബത്തിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നു. നിരവധി ഭീഷണികളുണ്ടായിട്ടും ആഞ്ചൽ സാക്ഷമുമായുള്ള ബന്ധം തുടർന്നു.

ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതറിഞ്ഞതോടെ ആഞ്ചലിന്റെ സഹോദരന്മാരും അച്ഛനും ചേർന്ന് വ്യാഴാഴ്ച സാക്ഷമിനെ മർദ്ദിക്കുകയും തലയ്ക്ക് വെടിവെച്ച ശെഷം കല്ലുകൊണ്ട് തല തകർക്കുകയും ചെയ്തു. സാക്ഷമിന്റെ അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെ ആഞ്ചൽ സാക്ഷമിന്റെ വീട്ടിലെത്തി. അവൾ അവന്റെ ശരീരത്തിൽ മഞ്ഞൾ പുരട്ടുകയും സ്വന്തം നെറ്റിയിൽ സിന്ദൂരം ചാർത്തുകയും മരിച്ച കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തു. അതിനുശേഷം, ജീവിതകാലം മുഴുവൻ അവന്റെ ഭാര്യയായി ആ വീട്ടിൽ ജീവിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

സാക്ഷമിന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആഞ്ചൽ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകൾ പ്രകാരം ആറ് പ്രതികൾക്കെതിരെ പോലീസ് കേസെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.