
മെക്‌സിക്കോ സിറ്റി: പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് മയക്കുമരുന്ന് മാഫിയയുടെ തലവനിലേക്ക്- മെക്‌സിക്കോയിൽ ഞായറാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന 'എൽ മെൻചോ'യുടെ ജീവചരിത്രം ഒറ്റവരിയിൽ അങ്ങനെ പറയാം. സാധാരണ പോലീസുകാരനായി ജോലിചെയ്തിരുന്ന എൽ മെൻചോ പിന്നീട് പോലീസ് യൂണിഫോം ഉപേക്ഷിച്ച് നടന്നുകയറിയത് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കായിരുന്നു. ഒടുവിൽ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടൽ(സിജെഎൻജി) എന്ന ക്രിമിനൽ മാഫിയസംഘത്തിന്റെ തലവനായി മാറിയപ്പോൾ ലോകത്തെ ഏറ്റവും അപകടകാരിയായ കുറ്റവാളിയെന്ന വിശേഷണവും ഈ കൊടുംക്രിമിനലിനെ തേടിയെത്തി.
എൽ മെൻചോയെ പിടികൂടാൻ സഹായിക്കുന്ന വിവരം കൈമാറുന്നവർക്ക് 15 മില്യൺ ഡോളറാണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. അമേരിക്കയുടെ നോട്ടപ്പുള്ളിയായി മാറിയിട്ടും എൽ മെൻചോ വർഷങ്ങളോളം അന്വേഷണ ഏജൻസികളുടെ കണ്ണുകളിൽനിന്ന് തന്ത്രപൂർവം രക്ഷപ്പെട്ടു. എന്നാൽ, ഫെബ്രുവരി 22-ന് യുഎസ് നൽകിയ ഇന്റലിജൻസ് വിവരങ്ങളുടെ സഹായത്തോടെ മെക്‌സിക്കൻ സൈന്യം നടത്തിയ ഓപ്പറേഷനിൽ എൽ മെൻചോ കുടുങ്ങി. ഏറ്റുമുട്ടലിൽ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ എൽ മെൻചോ, ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയുംചെയ്തു.
എൽ മെൻചോ അടക്കം മാഫിയസംഘത്തിലെ ഒൻപതുപേരെ ഏറ്റുമുട്ടലിൽ വധിച്ചതായാണ് മെക്‌സിക്കൻ അധികൃതരുടെ വിശദീകരണം. അതേസമയം, എൽ മെൻചോ മരിച്ചതിന് പിന്നാലെ മെക്‌സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. എൽ മെൻചോയുടെ അനുയായികളും കാർട്ടൽ അംഗങ്ങളുമാണ് ആയുധങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത്. എല്ലാവരും സമാധാനം പാലിക്കണമെന്ന് മെക്‌സിക്കൻ പ്രസിഡന്റ് ആഹ്വാനംചെയ്‌തെങ്കിലും പലയിടത്തും അക്രമങ്ങൾ തുടരുകയാണ്. അക്രമങ്ങൾ അടിച്ചമർത്തനായി വൻ പോലീസ് സന്നാഹവും തെരുവുകളിലുണ്ട്.
പോലീസിൽനിന്ന് മാഫിയ ഡോണിലേക്ക്...
മെക്‌സിക്കോയിലെ ഏറ്റവും ശക്തനായ മാഫിയതലവനായാണ് എൽ മെൻചോയെ വിശേഷിപ്പിക്കുന്നത്. സിജെഎൻജി എന്ന മാഫിയസംഘത്തിന്റെ സ്ഥാപകനും തലവനുമായ എൽ മെൻചോ, ദരിദ്രമായ സാഹചര്യത്തിൽനിന്നാണ് മെക്‌സിക്കൻ അധോലോകത്തിന്റെ തലപ്പത്തേക്കെത്തിയത്.
1980-കളിൽ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുൻപ് മെക്‌സിക്കോയിലെ കാർഷികരംഗവുമായി ബന്ധപ്പെട്ടാണ് എൽ മെൻചോ ജോലിചെയ്തിരുന്നത്. അമേരിക്കയിലേക്ക് കുടിയേറിയ എൽ മെൻചോ പിന്നീട് കാലിഫോർണിയയിൽ ഹെറോയിൻ കടത്തിന് പിടിയിലായി ജയിലിലായി. തുടർന്ന് മെക്‌സിക്കോയിലേക്ക് നാടുകടത്തപ്പെട്ടതോടെ പ്രാദേശിക പോലീസ് സേനയിൽ അംഗമായി. പോലീസ് സേനയിൽ ജോലിചെയ്യുന്നതിനിടെയാണ് എൽ മെൻചോ തന്റെ ക്രിമിനൽ ബന്ധങ്ങൾ സ്ഥാപിക്കുന്നത്. മാഫിയസംഘങ്ങളുടെ പ്രവർത്തനരീതിയും മനസിലാക്കി. തുടർന്ന് മെക്‌സിക്കോയിലെ കുപ്രസിദ്ധ മാഫിയസംഘമായ സിനലോവ കാർട്ടലുമായി ബന്ധമുള്ള മിലേനിയോ കാർട്ടലിലൂടെ കുറ്റകൃത്യങ്ങളിൽ പങ്കാളിയായി.
മിലേനിയോ കാർട്ടൽ ഭിന്നിച്ചതോടെ എൽ മെൻചോ തന്റെ വിശ്വസ്തരെ കൂടെ കൂട്ടി. തുടർന്ന് സിനലോവ കാർട്ടലിലെ മുൻ അംഗങ്ങൾക്കെതിരേ ആക്രമണങ്ങളും നടത്തി. 2009-11 കാലഘട്ടത്തിൽ സ്വന്തം സംഘമായ സിജെഎൻജി സ്ഥാപിച്ചു. മെക്‌സിക്കോയുടെ കുറ്റകൃത്യചരിത്രത്തിലെ പ്രധാന വഴിത്തിരിവുകളിലൊന്നായിരുന്നു സിജെഎൻജിയുടെ രൂപീകരണം.
സൈനിക ഹെലികോപ്റ്റർ വരെ വെടിവെച്ചിട്ടു...
ഒരു അർധസൈനിക വിഭാഗത്തെ അനുകരിക്കുംവിധമായിരുന്നു എൽ മെൻചോയുടെ സിജെഎൻജിയുടെ പ്രവർത്തനം. സൈന്യം ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങൾ, കവചിത വാഹനങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയവ സിജെഎൻജി സ്വന്തമാക്കി. പ്രത്യേക യൂണിഫോം ധരിച്ച ആയുധധാരികളായ അംഗങ്ങളായിരുന്നു സിജെഎൻജിയിലുണ്ടായിരുന്നത്. മാഫിയസംഘത്തിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവിട്ടും എൽ മെൻചോ ഭീതി സൃഷ്ടിച്ചു.
ഒരു പതിറ്റാണ്ടിനിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനൽസംഘമായി സിജെഎൻജി വളർന്നിരുന്നു. സംഘടിത കുറ്റകൃത്യങ്ങളിലൂടെ കോടികൾ വന്നതോടെ മാഫിയസംഘത്തിന്റെ ശൃംഖലയും വളർന്നു. കൊക്കെയ്ൻ, മെത്താംഫെറ്റമിൻ, ഹെറോയിൻ തുടങ്ങിയ മയക്കുമരുന്നുകളുടെ കടത്തലായിരുന്നു സിജെഎൻജിയുടെ പ്രധാന വരുമാനം. പ്രധാനമായും അമേരിക്കയായിരുന്നു എൽ മെൻചോയുടെ വിപണി. പിന്നീട് ലോകത്തെ വിവിധരാജ്യങ്ങളിലേക്കും മെക്‌സിക്കോയിൽനിന്ന് എൽ മെൻചോ മയക്കുമരുന്ന് കടത്തി. മയക്കുമരുന്ന് കടത്തിന് പുറമേ പിടിച്ചുപറി, കവർച്ച, ഇന്ധനമോഷണം, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലും സിജെഎൻജി പങ്കാളിയായിരുന്നു. ക്രിമിനൽലോകത്തെ വിവിധമേഖലകളിൽ ഇതോടെ സിജെഎൻജി സാന്നിധ്യമുറപ്പിച്ചു. ഒപ്പം എൽ മെൻചോയും വളർന്നു.
അങ്ങേയറ്റത്തെ അക്രമം എന്നതായിരുന്നു എൽ മെൻചോയുടെയും സിജെഎൻജിയുടെയും രീതി. നിരവധി പോലീസ് ഉദ്യോഗസ്ഥരെയും വിവിധ സേനാംഗങ്ങളെയും മാഫിയ സംഘം നിഷ്‌കരുണം കൊലപ്പെടുത്തി. കൂട്ടക്കൊലകളിലൂടെ മെക്‌സിക്കോയിൽ ചോരപ്പുഴ ഒഴുക്കി. 2015-ൽ മെക്‌സിക്കൻ സൈന്യം എൽ മെൻചോയെ പിടികൂടാൻ ശ്രമിച്ചപ്പോൾ, സൈന്യത്തിന്റെ ഹെലികോപ്റ്റർ വെടിവെച്ചിട്ടാണ് സിജെഎൻജി തിരിച്ചടിച്ചത്. ഇതേവർഷം തന്നെ പടിഞ്ഞാറൻ മെക്‌സിക്കോയിൽ 24 പോലീസുകാരെയും സംഘം കൊലപ്പെടുത്തി.
ഒളിവുജീവിതം...
പൊതുജനങ്ങൾക്കിടയിൽ അപൂർവമായി പ്രത്യക്ഷപ്പെടുന്ന മാഫിയ തലവനായിരുന്നു എൽ മെൻചോ. അന്വേഷണ ഏജൻസികളിൽനിന്ന് മറഞ്ഞിരിക്കാൻ ഗ്രാമങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഇടനിലക്കാർ മുഖനേയായിരുന്നു ഇടപാടുകൾ. സുരക്ഷയ്ക്കായി മുൻ സൈനിക ഉദ്യോഗസ്ഥരടക്കമുള്ള അംഗരക്ഷകരെയും എൽ മെൻചോ നിയോഗിച്ചിരുന്നു.
ക്രിമിനൽപ്രവർത്തനങ്ങൾക്കൊപ്പം പ്രാദേശികമായി രാഷ്ട്രീയ സ്വാധീനം ഉറപ്പാക്കാനും എൽ മെൻചോ ശ്രമിച്ചിരുന്നു. ഇതിനായി ജാലിസ്‌കോ സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കൾക്കും പാർട്ടികൾക്കും പണം നൽകി. സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയും കൂടെനിർത്തി. കോവിഡ് കാലത്ത് സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടയിടത്ത് സിജെഎൻജി ജനങ്ങളുടെ ആശ്രയകേന്ദ്രമായി. കോവിഡ് സമയത്ത് ഭക്ഷണസാധനങ്ങളും മറ്റും വിതരണംചെയ്താണ് സിജെഎൻജി ജനങ്ങളുടെ പ്രീതിപിടിച്ചുപറ്റിയത്. ഈ തന്ത്രം ജനങ്ങൾക്കിടയിൽനിന്നുള്ള എതിർപ്പുകൾ കുറയ്ക്കാൻ സഹായിച്ചു. പ്രാദേശിക പിന്തുണയും ഉറപ്പാക്കാനായി.
പണം കൈകാര്യംചെയ്യാൻ ഭാര്യ, മകൻ യുഎസിൽ തടവിൽ...
എൽ മെൻചോയുടെ ഭാര്യയും മകനുമെല്ലാം ക്രിമിനൽസംഘത്തിൽ സജീവമായിരുന്നെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എൽ മെൻചോയുടെ ഭാര്യയായ റോസലിൻഡ ഗോൺസാലസാണ് സിജെഎൻജിയുടെ സാമ്പത്തികകാര്യങ്ങൾ കൈകാര്യംചെയ്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ പോലെയുള്ള കുറ്റകൃത്യങ്ങളിലും ഇവർ പങ്കാളിയായി. 'എൽ മെൻചിറ്റോ' എന്നറിയപ്പെടുന്ന റൂബൻ ഒസ്വേഗുവേരയാണ് എൽ മെൻചോയുടെ മകൻ. മയക്കുമരുന്ന് കടത്തിനും ആയുധക്കടത്തിനും 2025-ൽ യുഎസിലെ കോടതി റൂബനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
Content Highlights: Explore the life of Nemesio Oseguera Cervantes, `El Mencho`, from police officer to CJNG cartel leader. Discover his violent reign and eventual demise.
Published: 23 Feb 2026, 02:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented