ലുധിയാന: വ്യത്യസ്ത കാരണങ്ങളുടെ പേരിൽ പഞ്ചാബിലെ രണ്ട് യൂണിവേഴ്സിറ്റികളിൽ വൻ വിദ്യാർഥി പ്രക്ഷോഭമാണ് അരങ്ങേറുന്നത്. വിദ്യാർഥിനി ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ പേരിലാണ് ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ വലിയ പ്രക്ഷോഭവും തുടർന്ന് സംഘർഷങ്ങളും അരങ്ങേറുന്നതെങ്കിൽ ചിറ്റ്കാര സർവകലാശാലയിൽ തികച്ചും വിചിത്രമായ മറ്റൊരു കാരണത്താലാണെന്നു മാത്രം. ഹോസ്റ്റലിൽ പ്രേതങ്ങളുടെ സാന്നിധ്യമുണ്ടെന്ന കിംവദന്തിയാണ് ഇവിടെ പ്രശ്നങ്ങൾക്കിടയാക്കിയത്.
സെപ്റ്റംബർ 25-ന് ചിറ്റ്കാരയിലാണ് ആദ്യം പ്രതിഷേധമുണ്ടായത്. 26, 27 തീയതികളിൽ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലും സംഘർഷങ്ങളുണ്ടായി. രണ്ടിടങ്ങളിലും വിദ്യാർഥിനികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതെന്നതാണ് സമാനത. എന്നാൽ, രണ്ടിടങ്ങളിലേയും പ്രതിഷേധങ്ങൾ തമ്മിൽ ബന്ധമില്ലെന്ന് സ്‌പെഷ്യൽ ഡി.ജി.പി. പർവീൺ സിൻഹ അറിയിച്ചു.
ചിറ്റ്കാര സർവകലാശാലയിൽ സെപ്റ്റംബർ 23 മുതലാണ് പ്രേതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഹോസ്റ്റലിലെ ചില വിദ്യാർഥിനികൾ സ്പീക്കറിലൂടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ കേട്ടതായാണ് പറയുന്നത്. തുടർന്ന് വാർഡൻ മുറികളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. പിന്നാലെ, ഹോസ്റ്റലിൽ മൂന്നുവർഷംമുൻപ് ആത്മഹത്യചെയ്ത വിദ്യാർഥിനിയുടെ പ്രേതബാധയാണ് ഈ അപശബ്ദങ്ങളെന്ന പ്രചാരണമുണ്ടായി.
സെപ്റ്റംബർ 24-ന് അർധരാത്രി കാമ്പസിൽ ഒരാംബുലൻസെത്തിയതും പിന്നീട് ഒരു പുരോഹിതനെത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി. പുലർച്ചെ 2.50-ഓടെ ആശുപത്രിയിൽനിന്ന് ഒരു വിദ്യാർഥിയെ തിരിച്ചെത്തിക്കാനാണ് ആംബുലൻസെത്തിയതെന്ന് സർവകലാശാല വിശദീകരിച്ചു. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഒരു വിദ്യാർഥിനിയുടെ പിതാവായ പുരോഹിതൻ മകളെ കാണാനാണ് കാമ്പസിലെത്തിയത്. അതല്ലാതെ മരണങ്ങളോ ആത്മഹത്യയോ ഉണ്ടായിട്ടില്ലെന്നും സർവകലാശാല വിശദീകരിച്ചു.
എന്നാൽ, ഇത് വിദ്യാർഥികളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഭീതിപരക്കുകയും ചെയ്തു. ഈ ഭീതികളാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണമായത്. രണ്ട് വിദ്യാർഥികളെ കാണാതായെന്ന് കാട്ടിയാണ് പ്രക്ഷോഭം നടന്നത്. സംഘർഷത്തിനിടെ രണ്ട് പോലീസ് വാഹനങ്ങളും കാമ്പസിലെ സാധനസാമഗ്രികളും തകർത്തു. ഒരു പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതായും ആരോപണമുണ്ട്.
അതേസമയം, രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് മാത്രമാണ് പ്രക്ഷോഭകർ പ്രചരിപ്പിച്ചതെന്നും അവരുടെ പേരോ ചിത്രമോ മറ്റു തിരിച്ചറിയൽ വിവരങ്ങളോ ഒന്നും പ്രതിഷേധക്കാർക്ക് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് പോലീസ് പറയുന്നത്. ഒരു വിദ്യാർഥിയേയും കാണാതായിട്ടില്ല. അഭ്യൂഹങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.
പുറത്തുനിന്നെത്തിയ ആൾ ഹോസ്റ്റൽ വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണമാണ് എൽ.പി.യു.വിലെ പ്രതിഷേധത്തിന് കാരണം. ഇയാൾ പെയിന്ററാണെന്നും പ്ലംബറാണെന്നും നിർമാണത്തൊഴിലാളിയാണെന്നും തുടങ്ങി വിദ്യാർഥികളിൽനിന്ന് പല മൊഴികളാണ് ലഭിച്ചതെന്ന് പോലീസ് അറിയിക്കുന്നു. സംഭവത്തിൽ കപൂർത്തല പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. സംഭവത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.
വ്യോമസേനയുടെ മിഗ്-23 യു.എം. വിമാനത്തിന് മുകളിൽക്കയറിയും കാമ്പസിലെ സൈനിക ടാങ്കറിന് മുകളിൽക്കയറിയും വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. സർവകലാശാല കെട്ടിടത്തിനും വാഹനങ്ങൾക്കും തീയിടുകയും കടകളുൾപ്പെടെ അടിച്ചുതകർക്കുകയും ചെയ്തു. പ്രക്ഷോഭം പിന്നീട് ജലന്ധർ - ഫഗ്‌വാര ദേശീയപാത ഉപരോധിക്കുന്ന വിധത്തിലേക്ക് വഴിമാറി. ഇതോടെ പ്രദേശത്ത് വൻ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.
കാമ്പസിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു മലയാളി വിദ്യാർഥി അറസ്റ്റിലായതായും വിവരമുണ്ട്. ഹോസ്റ്റലുകളിൽ വനിതാ ജീവനക്കാരെമാത്രം നിയമിക്കുക, അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങി വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ പേലീസും സർവകലാശാല മാനേജ്മെന്റും ചർച്ചകൾ നടത്തിയിരുന്നു. ദിവസങ്ങൾക്കുമുൻപ് സർവകലാശാലയിൽ ആത്മഹത്യചെയ്ത തെലങ്കാന സ്വദേശിയായ വിദ്യാർഥിയുടെ വിഷയത്തിലും അന്വേഷണം വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
Content Highlights: Chitkara University and LPU faced violent student protests due to unverified social media rumours regarding student safety.
Published: 28 Sept 2026, 09:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented