മുംബൈ: അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായി ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ വൻ ഓപ്പറേഷനിൽ അന്താരാഷ്ട്ര വിപണിയിൽ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. 526 കിലോഗ്രാം ഹെറോയിനും മെത്താംഫെറ്റാമൈനുമാണ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇറാനിയൻ പായ്ക്കപ്പലും അതിലുണ്ടായിരുന്ന അഞ്ച് പാകിസ്താൻ സ്വദേശികളെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

To advertise here,

കൃത്യമായ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശമാർഗ്ഗവും കടൽമാർഗ്ഗവും നടത്തിയ കർശന നിരീക്ഷണത്തിനൊടുവിൽ സെപ്റ്റംബർ 25-നാണ് കോസ്റ്റ് ഗാർഡ് സംശയസ്പദമായ ബോട്ടിനെ പിന്തുടർന്ന് പിടികൂടിയത്. കോസ്റ്റ് ഗാർഡും ഗുജറാത്ത് എ.ടി.എസ്സും തമ്മിലുള്ള മികച്ച ഏകോപനമാണ് ഈ ദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്.

പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്നും കസ്റ്റഡിയിലായ ജീവനക്കാരെയും കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി മുംബൈയിലേക്ക് കൊണ്ടുപോയി. രാജ്യത്തിന്റെ തീരസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സർക്കാരിന്റെ 'നശാ മുക്ത് ഭാരത് അഭിയാൻ' ലക്ഷ്യത്തിന് വലിയ കരുത്തു പകരുന്നതാണ് ഈ ദൗത്യമെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. രാജ്യത്തിന്റെ സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിനും യുവാക്കളെ ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സമുദ്രമേഖലയിൽ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനും കോസ്റ്റ് ഗാർഡ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.