2018 ജൂണിൽ വടക്കുകിഴക്കൻ ഡൽഹിയിലെ ഒരു പ്രാർഥനാകേന്ദ്രത്തിൽ രണ്ട് ​ഗുണ്ടാസംഘങ്ങളുടെ യോ​ഗം നടന്നു. അബ്ദുൾ നസീറും ചെനു പെഹൽവാനുമായിരുന്നു യോഗത്തിനെത്തിയ കുപ്രസിദ്ധ ഗുണ്ടാനേതാക്കൾ. ദശാബ്ദങ്ങൾ നീണ്ട ശത്രുത അവസാനിപ്പിക്കാനും അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാനുമായിരുന്നു യോഗം. ഒടുവിൽ, സംസാരിച്ച് തങ്ങളുടെ പ്രവർത്തന മേഖല വിഭജിക്കാൻ തീരുമാനിച്ച് ഇരുസംഘങ്ങളും സമവായത്തിലെത്തി. ഇതോടെ, രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനും രക്തച്ചൊരിച്ചിലും താത്ക്കാലിക ശമനമുണ്ടായി. എന്നാൽ, ഒരു അപ്രതീക്ഷിത വെല്ലുവിളി ഇവരെ കാത്തുനിൽപ്പുണ്ടായിരുന്നു. 

To advertise here,

ഹാഷിം ബാബ എന്ന് അറിയപ്പെടുന്ന ആഷിം അഹമ്മദ്. ശത്രുത പറഞ്ഞ് തീർത്തതിൽ കടുത്ത അമർഷമുണ്ടായിരുന്ന ഹാഷിം നസീറുമായി തെറ്റിപ്പിരിഞ്ഞ് പുതിയൊരു സംഘത്തിന് നേതൃത്വം നൽകി. അധികം വൈകാതെ ഹാഷിം കിഴക്കൻ ഡൽഹിയിലെ വാതുവെപ്പിന്റേയും ലഹരിക്കടത്തിന്റേയും അനിഷേധ്യ രാജാവായി സ്വയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയതോടെ വീണ്ടും സമാധാനത്തിന് വിള്ളൽവീണു. തെരുവുകളിൽ രക്തം പടർന്നു. 2020 നവംബർ 12-ന് ബാബയെ പോലീസ് പൂട്ടുന്നതുവരെ കിഴക്കൻ ഡൽഹിയിൽ കൊലപാതകങ്ങൾ തുടർന്നു. അഞ്ച് വർഷം മുമ്പ് പിടിവീണെങ്കിലും ബാബയുടെ നേതൃത്വത്തിലുള്ള ലഹരിക്കടത്തിന് യാതൊരു അറുതിയുമുണ്ടായില്ല. അഴിക്കുള്ളിലിരുന്നുകൊണ്ട് തന്നെ ബാബ കാര്യങ്ങൾ ആസൂത്രണം ചെയ്തു. ​ഗ്രൗണ്ട് ലെവലിൽ കാര്യങ്ങൾ പ്രാവർത്തികമാക്കിയതാകട്ടെ... ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനും.

കുറ്റകൃത്യങ്ങളുടെ സാമ്രാജ്യം

2017-ലാണ് സോയ ഹാഷിം ബാബയും സോയയും വിവാഹിതരാകുന്നത്. കിഴക്കൻ ഡൽഹിയിൽ  അയൽക്കാരായിരുന്നു ഇരുവരും. ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ് സോയ. സോയ നേരത്തേ ഒരു വിവാഹം കഴിച്ചിരുന്നു. അയാളെ ഉപേക്ഷിച്ച ശേഷമാണ് ഹാഷിം ബാബയുമായുള്ള പ്രണയവും വിവാഹവും. 

ഹാഷിം ബാബ ജയിലിലാകുന്നതോടെയാണ് സംഘത്തിന്റെ പ്രവർത്തനങ്ങൾ സോയ ഏറ്റെടുക്കുന്നത്. കള്ളക്കടത്ത്, കൊലപാതകം, മയക്കുമരുന്ന് വിതരണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സോയ നിരന്തരം ഏർപ്പെട്ടിരുന്നതായാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിലെ ഉദ്യോ​ഗസ്ഥർ‌ പറയുന്നത്. സാധാരണ അധോലോക നേതാക്കളിൽ നിന്ന് വ്യത്യസ്തയായി നല്ല പ്രതിച്ഛായ നിലനിർത്തുന്നതിലും അവർ ഏറെ ശ്രദ്ധിച്ചു. ആഡംബര പാർട്ടികളിൽ പങ്കെടുത്തും അവ സംഘടിപ്പിച്ചും നേതൃനിരയിൽ തിളങ്ങിനിൽക്കാൻ സോയക്ക് കഴിഞ്ഞു. വില കൂടിയ വസ്ത്രങ്ങളും ആഡംബര ബ്രാൻഡുകളും മാത്രമേ ഉപയോഗിക്കൂ. നാല്‌ ബോഡി ഗാർഡുകളുടെ അകമ്പടിയോടെയാണ് സഞ്ചാരം. സമൂഹമാധ്യമങ്ങളിലും ഇവർക്ക് നിരവധി ആരാധകരുണ്ടായി. 

അഴിക്കുള്ളിലായ ഭർത്താവിനെ സോയ ഇടയ്ക്കിടെ സന്ദർശിക്കുമായിരുന്നു. സംഘത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ സോയയ്ക്ക് കൃത്യമായ നിർദേശങ്ങളും ലഭിച്ചിരുന്നു. കുറ്റകൃത്യങ്ങളുടെ ലോകത്തെ കോഡ് ഭാഷ ബാബ പറഞ്ഞുകൊടുത്തത് സോയയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയതായി നേരത്തെ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഇതോടെ, ജയിലിന് പുറത്തുള്ള ബാബയുടെ കൂട്ടാളികളുമായും മറ്റ് കുറ്റവാളികളുമായും അവർ നേരിട്ട് ബന്ധം പുലർത്തി.

വർഷങ്ങളോളം കിണഞ്ഞ് പരിശ്രമിച്ചതിന്റെ ഫലമായാണ് സോയയെ വലയിലാക്കാൻ ഡൽഹി സ്പെഷ്യൽ സെല്ലിന് സാധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അന്താരാഷ്ട്രവിപണിയിൽ ഒരുകോടി രൂപ വിലവരുന്ന 225 ഗ്രാം ഹെറോയിനുമായി സോയ പിടിയിലാകുന്നത്. 2024 സെപ്റ്റംബറിൽ ഡൽഹിയിൽ ജിം ഉടമ നാദിർഷായുടെ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ കുറ്റക്കാർക്ക് സോയ അഭയം നൽകിയിരുന്നതായി പോലീസിന് സംശയമുണ്ട്. ഷായ്ക്കുനേരെ വെടിയുതിർത്തവരെ സംരക്ഷിച്ചത് സോയയാണെന്ന സംശയത്തിലാണ് പോലീസ്.

placeholder
Zoya Khan
സോയ ഖാൻ

കുടുംബപശ്ചാത്തലം

ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമാണ് സോയ. ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന് സ്ത്രീകളെ കടത്തുന്ന ഒരു സംഘവുമായുള്ള ബന്ധത്തിന്റെ പേരിൽ സോയയുടെ മാതാവിന് പോലീസ്  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. ലഹരിമരുന്ന് കടത്ത് സംഘത്തിലെ അംഗമാണ് പിതാവ്. വടക്ക് കിഴക്കൻ ഡൽഹിയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ കുടുംബം പ്രവർത്തിക്കുന്നത്. ചെനു ​ഗ്യാങ്. ഹാഷിം ബാബ ​ഗ്യാങ്, നാസിർ ഗ്യാങ് എന്നിവരായിരുന്നു വടക്കൻ ഡൽഹിയെ വിറപ്പിച്ചിരുന്ന ​ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങൾ. തുടക്കകാലങ്ങളിൽ മയക്കുമരുന്ന് കടത്തിലായിരുന്നു ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിൽ പിൽക്കാലത്ത് അക്രമാസക്തമായ ​ഗ്യാങ്ങുകൾ കൊലപാതകം അടക്കമുള്ള കുറ്റകൃത്യത്തിലേക്ക് കടന്നു.

ആരാണ് ഹാഷിം ബാബ

1982-ൽ ഉത്തർപ്രദേശിലെ അലിഗഢിലെ ഒരു ഒരു ദരിദ്ര മുസ്ലിം കുടുംബത്തിലാണ് ഹാഷിം ബാബയുടെ ജനനം. 1990-കളുടെ തുടക്കത്തിൽ കുടുംബം ഡൽഹിയിലേക്ക് ചേക്കേറുന്നതോടെയാണ് ബാബയുടെ തലവര മാറുന്നത്. തലസ്ഥാനത്ത് എത്തിയ കുഞ്ഞ് ഹാഷിമിന് മുന്നിൽ കുറ്റകൃത്യങ്ങളുടെ ലോകം വാതിൽ തുറന്നു. എന്നാൽ, 18 തികയാതിരുന്ന ഹാഷിമിന് മുന്നിൽ ഇന്ത്യൻ നിയമവ്യവസ്ഥ കണ്ണടച്ചു. ഹാഷിം ചെയ്തുകൂട്ടിയ പല കാര്യങ്ങൾക്കും അക്കാലത്ത് രേഖകളൊന്നും പോലീസ് സൂക്ഷിച്ചില്ല. അതിനിടെ, നസീർ ​ഗ്യാങ്ങിന്റെ ഭാ​ഗമായി മാറിയ ഹാഷിം പതുക്കെ പതുക്കെ ഹാഷിം ബാബ ആയി മാറി. 

placeholder
Representational image. | PTI

2013-ൽ ജാഫ്രാബാദിൽ നടന്ന ഒരു ശവസംസ്കാരച്ചടങ്ങിനിടെ എതിരാളികളായ ചേനു ​ഗ്യാങ്ങിൽപ്പെട്ട ഒരാളുടെ കൊലപാതകത്തിന് നേതൃത്വം നൽകിയതോടയാണ് ബാബ പോലീസ് റഡാറിൽ പെടുന്നത്. അവിടെ നിന്ന് ആരംഭിച്ചതാണ് ഇയാളുടെ വളർച്ച. 2017-ൽ നസീർ അറസ്റ്റിലായെങ്കിലും ഹാഷിം ​സംഘത്തെ മുന്നോട്ടുനയിച്ചു. എന്നാൽ, 2018-ൽ ജയിൽമോചിതനായ നസീർ ചേനു ​ഗ്യാങ്ങുമായി സമാധാനം സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത് ബാബയെ ചൊടിപ്പിച്ചു. ഇതോടെ, സംഘത്തിൽ നിന്ന് പുറത്തുപോയ ഇയാൾ മറ്റൊരു ​ക്രിമിനൽ സംഘത്തിന് രൂപംനൽകി. 12 കൊലപാതകങ്ങൾ ഉൾപ്പെടെ 35 കുറ്റകൃത്യങ്ങളിൽ ഹാഷിം ബാബ ഏർപ്പെട്ടിട്ടുണ്ടെന്നാണ് നിലവിലെ കണക്കുകൾ.

അഴിയ്ക്കുള്ളിൽ നിന്ന് ഭരണം?

ഡൽഹിയിലെ തിരക്കേറിയ ജി.കെ. സ്ട്രീറ്റ് ഒന്നിൽ വെച്ച് 2024 സെപ്റ്റംബർ 12-നാണ് ജിം ഉടമ നാദിർഷാ വെടിയേറ്റ് മരിച്ചുവീഴുന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പതുപേരെയാണ് ഡൽഹി പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കുറ്റകൃത്യത്തിൽ ഹാഷിം ബാബയുടെ പങ്ക് പോലീസിന് വ്യക്തമായത്. വിഷയത്തിൽ ബാബയെ പോലീസ് സംഘം ചോദ്യം ചെയ്തു. എന്നാൽ, മതിയായ തെളിവുകളില്ലാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ അധികൃതർക്ക് സാധിച്ചില്ല.

തടവിൽ കഴിയുന്ന ബാബയുടെ പേര് ഇത് ആദ്യമായല്ല ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പുറത്തുകേൾക്കുന്നത്. 2023 ജൂണിനും 2024 ഓഗറ്റിനും ഇടയിൽ തലസ്ഥാനത്ത് അരങ്ങേറിയ കൊലപാതകങ്ങളിൽ കുറഞ്ഞത് നാലെണ്ണമെങ്കിലും ജയിലിൽ കഴിയുന്ന ​ഗുണ്ടാസംഘത്തിന്റെ നിർദേശപ്രകാരമായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്. ജൂലായ് 14-ന് ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ വെച്ച് 32-കാരനായ മുഹമ്മദ് റിയാസുദ്ദീന്റെ കൊലപാതകമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ബാബയുടെ കൂട്ടാളികളാണഅ ആശുപത്രി വാർഡിനുള്ളിൽ കയറി റിയാസുദ്ദീനുനേരെ വെടിയുതിർത്തത് എന്നാണ് പോലീസ് പറയുന്നത്. എതിർചേരിയിൽപ്പെട്ട വസീമിനെയായിരുന്നു സംഘം ലക്ഷ്യമിട്ടതെങ്കിലും ആളുമാറിയുണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത് റിയാസുദ്ദീനാണ്. 

2022 മേയിൽ പഞ്ചാബി ​ഗായകൻ സിദ്ധു മൂസേ​വാലയുടെ കൊലപാതകത്തോടെയാണ് ബാബ-ബിഷ്ണോയി സൗഹൃദത്തെ അധികൃതർ ശ്രദ്ധിക്കാൻ ആരംഭിക്കുന്നത്. ഇരുവരുടേയും പദ്ധതിയാണ് സിദ്ധുവിന്റെ കൊലപാതകമെന്ന നി​ഗമനത്തിലാണ് പോലീസ്. സിദ്ധുവിനെ കൊലപ്പെടുത്താൻ  ബാബ കൂട്ടാളിയായ ഷാരൂഖിനെ ഏൽപ്പിച്ചതായും പോലീസിന്റെ അന്വേഷണത്തിൽ നിന്ന് വ്യക്തമായിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ മണ്ഡോലി ജയിലിലേക്ക് ഹാഷിം ബാബയെ മാറ്റിയതുമുതൽ കുറ്റകൃത്യങ്ങൾ ഏറിയതായും പോലീസിന് വിവരമുണ്ട്. 

ആദ്യം ബാബ, പിന്നാലെ കൂട്ടാളികൾ, ഇപ്പോഴിതാ സോയ ഖാനും. കെട്ടിപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ സാമ്രാജ്യം ഇതോടെ തകർന്നടിയുമോ എന്നതാണ് ഇനി അറിയാമുള്ളത്. അതല്ല, ലോറൻസ് ബിഷ്ണോയിയെ പോലെയുള്ള വൻ സ്രാവുകളുമായുള്ള കൂട്ടുകെട്ട് ബാബയുടേയും കുടുംബത്തിന്റേയും വിധി മറ്റൊന്നാക്കുമോ എന്നത് ഇനി കണ്ടറിയേണ്ടതാണ്.