
'എല്ലാവരും ചെയ്യുന്നത് പിന്തുടരാന്‍ എനിക്കിഷ്ടമല്ലായിരുന്നു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുന്നതായിരുന്നു എന്നെ സന്തോഷിപ്പിച്ചിരുന്നത് .'
ഡോ. ധന്യ മേനോന്റെ വാക്കുകള്‍ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ കടുപ്പമുണ്ട്. പിന്നിട്ട വഴികളൊന്നും അവര്‍ക്ക് എളുപ്പമായിരുന്നില്ല. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന വിശേഷണം അവരുടെ കഠിനാധ്വാനത്തിന്റെയും സ്വയം തീര്‍ച്ചപ്പെടുത്തലിന്റേയും വലിയൊരു യാത്രയുടെ വിലയാണ്. സങ്കീര്‍ണമായ സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം ഒരു തൊഴിലായി തിരഞ്ഞെടുക്കുമ്പോള്‍ അതിനവര്‍ക്ക് നേരിടേണ്ടി വന്നത് പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും മാത്രമാണ്. പക്ഷെ, കാലപ്രയാണത്തിൽ സൈബര്‍ കുറ്റാന്വേഷണത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ അവര്‍ സാധിച്ചു.
2018-ല്‍ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളുടേയും സമാനതകളില്ലാത്ത നേട്ടത്തിന്റെ പേരിലും കേന്ദ്രസര്‍ക്കാര്‍ ധന്യയെ ആദരിച്ചു. സൈബര്‍ സുരക്ഷ, മൊബൈല്‍ ദുരുപയോഗം, ഐഡന്റിറ്റി മോഷണം, വ്യാജ പ്രൊഫൈലുകള്‍, പൈറസി തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ ഇന്ന് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സൈബര്‍ കുറ്റാന്വേഷണ മേഖലയില്‍ 20 വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ ഡോ. ധന്യ മേനോന്‍ മാതൃഭൂമി ഡോട്ട് കോമിനോട് തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.
സൈബര്‍ കുറ്റാന്വേഷണം ഇന്ന് കാണുന്ന തരത്തില്‍ ' ഗ്ലാമറസ് ജോബ് ' അല്ലാതിരുന്ന കാലത്താണ് ധന്യ മേനോന്‍ എന്ന പെണ്‍കുട്ടി സൈബര്‍ നിയമങ്ങള്‍ പഠിക്കാനിറങ്ങിത്തിരിച്ചത്. ആര്‍ക്കും തന്നെ വലിയ ധാരണയില്ലാത്ത വിഷയത്തില്‍ ഒരു കോഴ്‌സ് പഠിക്കാനിറങ്ങിയ അവളെ കളിയാക്കിച്ചിരിക്കുകയാണ് ചുറ്റുമുള്ളവര്‍ ചെയ്തത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന മുത്തച്ഛന്‍ പി.ബി. മേനോന്‍ മാത്രമാണ് തന്റെ ആഗ്രഹത്തെ പ്രോത്സാഹിപ്പിച്ചതും കൈത്താങ്ങ് തന്നതെന്നും അവര്‍ സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നു. കാനഡയില്‍നിന്നു ബി.ടെക്ക്. പൂര്‍ത്തിയാക്കിയ അവര്‍ പൂനെയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോസില്‍നിന്ന് സൈബര്‍ സ്പേസില്‍ സൈബര്‍ നിയമത്തിലും ബൗദ്ധിക സ്വത്തവകാശത്തിലും ബിരുദാനന്തര ഡിപ്ലോമ നേടി. പിന്നീടിന്ന് വരെ സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെയാണ് അവര്‍ സഞ്ചരിച്ചത്. തൃശൂര്‍ അയ്യന്തോളില്‍ സൈബര്‍ സുരക്ഷ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് നേതൃത്വം വഹിക്കുകയാണ് ധന്യ. വന്‍കിട സ്ഥാപനങ്ങളേയും കമ്പനികളും സൈബര്‍ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തല്‍ , സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായുള്ള സൈബര്‍ ഓഡിറ്റിങ്, കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പോലീസിനെ സഹായിക്കല്‍ തുടങ്ങി അവരുടെ കര്‍മ്മമേഖലയുടെ വ്യാപ്തി വലുതാണ്.

സൈബര്‍ നിയമങ്ങള്‍ പഠിക്കുകയും അതിലൊരു കരിയര്‍ കണ്ടെത്തുകയും ചെയ്ത സ്ത്രീ, തുടക്കക്കാലത്ത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ കരിയര്‍ ? കരിയറിനെക്കുറിച്ച് സ്വപ്നം കണ്ടുതുടങ്ങിയ കാലത്ത് ഇത്തരമൊരു ജോലിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ? ഈ ജോലി അല്ലായിരുന്നുവെങ്കില്‍ എന്ത് ജോലി തിരഞ്ഞെടുക്കുമായിരുന്നു?
അന്ന് കരിയര്‍ ഓപ്ഷനായി സൈബര്‍ ലോ തിരഞ്ഞെടുക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ ചിരിക്കുകയാണ് ചെയ്തത്. സ്ത്രീ-പുരുഷന്‍ വ്യത്യാസങ്ങള്‍ക്കപ്പുറം ഈ ജോലി തന്നെ ആളുകള്‍ക്ക് വലിയ പരിഹാസമായിരുന്നു. ഇതില്‍നിന്നെന്ത് ലഭിക്കാന്‍...! എന്തൊക്കെയോ ചെയ്യുന്നു എന്ന ഭാവത്തിലാണ് ചുറ്റുമുള്ളവര്‍ ഈ തൊഴിലിനെ വിലയിരുത്തിയത്. ഒരു കരിയര്‍ എന്ന നിലയില്‍ ആദ്യകാലത്ത് ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. എന്നേെപ്പാലെ ഇതേ ജോലി ചെയ്തിരുന്ന എല്ലാവരും തന്നെ ഈ പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകളും വളരെ വലുതായിരുന്നു.സാമ്പത്തികമായി വലിയ നേട്ടമൊന്നുമുണ്ടാക്കാനൊന്നും ആദ്യസമയത്ത് കഴിഞ്ഞിരുന്നില്ല. ജീവിതത്തില്‍ വല്ലാതെ തളര്‍ന്നുപോയപ്പോള്‍ ചുറ്റുള്ളവരുടെ വിമര്‍ശനവും കൂടിയായപ്പോള്‍ വല്ലാതെ വേദനിച്ചിട്ടുണ്ട്. അന്നും മുത്തച്ഛന്‍ പി.ബി. മേനോന്റെ വാക്കുകളാണ് മുന്നോട്ട് നയിച്ചത്. നാളെ നിന്റെ പേരില്‍ ഞാനറിയപ്പെടുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം എനിക്ക് വലിയൊരു മാര്‍ഗദര്‍ശിയായിരുന്നു. എല്ലാ നോവുകളിലും നമ്മള്‍ക്ക് വേണ്ടി ചിന്തിക്കുന്ന ചിലരുടെ സാമീപ്യം വളരെ വലുതാണ്.വായനയും നൃത്തവുമാണ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതായുള്ളത്. പത്താമത്തെ വയസില്‍ അകന്ന ബന്ധുകൂടിയായ ലീല മേനോനാണ് വായനയിലേക്ക് എന്നെ വഴി തിരിച്ചവിട്ടത്. പുസ്തകങ്ങള്‍ക്ക് വേണ്ടി വഴക്ക് കൂടിയിരുന്ന കുട്ടിയായിരുന്നു ഞാന്‍. സിനിമകള്‍ കാണുന്നത് പോലും എനിക്ക് ചെറുപ്പത്തില്‍ താത്പര്യമില്ലായിരുന്നു.

എപ്പോഴാണ് സൈബര്‍ ക്രൈം അന്വേഷകയാകാന്‍ തീരുമാനിച്ചത്? ഈ ദിശയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്താണ്?
ഈ തൊഴിലിനെ വലിയൊരു സംഭവം ചെയ്യാന്‍ പോകുന്നു എന്ന നിലയില്‍ സ്വീകരിച്ചതായിരുന്നില്ല. എല്ലാവരും ചിന്തിക്കുന്ന, ചെയ്യുന്ന രീതിയില്‍ കാര്യങ്ങളെ പിന്‍തുടരുന്നത് എനിക്കൊരിക്കലും ഇഷ്ടമല്ലായിരുന്നു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതായിരുന്നു എന്നെ സന്തോഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലൊരു കരിയറിലേക്ക് ഇറങ്ങാന്‍ മനസിലുറപ്പിച്ചത്. പി.എസ്.സി.. എഴുതാനും സി.എ. പഠിക്കാനുമൊക്കെ പലരും ഉപദേശിച്ചിട്ടും അതില്‍നിന്നെല്ലാം മാറി ചിന്തിക്കണമെന്നായിരുന്നു എന്റെ മനസെന്നോട് പറഞ്ഞിരുന്നത്. ഈ തൊഴിലില്‍ വലിയ ബുദ്ധിമുട്ടുകളൊക്കെ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ഈ ജോലി ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല.
ഈ കരിയറില്‍ തുടരേണ്ടതില്ല, ജോലി നിര്‍ത്തണം എന്നു തോന്നിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടോ?
സത്യം പറഞ്ഞാല്‍ പല തവണ മനസില്‍ ജോലി നിര്‍ത്തമെന്ന് തോന്നിയിട്ടുണ്ട്. 12 വര്‍ഷത്തോളം ജോലി ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്കൊരു മാറ്റവും കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന നിരാശ എന്നെ ബാധിച്ചു തുടങ്ങിയിരുന്നു. ഞാന്‍ പറയുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് മനസിലാകുന്നില്ല, അതിന്റെ ഗൗരവം ആരും മനസിലാക്കാതെയായപ്പോള്‍ ജോലി നിര്‍ത്തണമെന്ന തോന്നല്‍ വന്നു. ഗവണ്‍മെന്റിന് പോലും ഈ വിഷയത്തില്‍ അജ്ഞതയായിരുന്നു. പക്ഷെ, അങ്ങനെ ചിന്തിച്ചു തുടങ്ങുമ്പോള്‍ ഗൗരവമുള്ള ഒരു പ്രശ്‌നമുണ്ടാകും അപ്പോള്‍ നമ്മളതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. വീണ്ടും അതില്‍ ഇടപെടുകയും വേണ്ടത് ചെയ്യുകയും ചെയ്യും. അപ്പോള്‍ ആലോചിച്ചതെല്ലാം തെറ്റാണ് എന്നു തോന്നും.
400- സ്‌കൂളിലേക്കുള്ള ബോധവത്ക്കരണ പരിപാടികള്‍ ഗവണ്‍മെന്റുമായി ചേര്‍ന്നാണ് നടപ്പാക്കിയത്. കൂടുതല്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് അന്നേ പല തവണ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അനുമതി മാത്രമാണ് തരുന്നത്, ഫണ്ട് നമ്മള്‍ കണ്ടെത്തണമെന്ന സ്ഥിതിയാണ്. ഇപ്പോള്‍ നടത്തുന്ന ബോധവത്ക്കരണ പരിപാടികള്‍ ഞാന്‍ സ്വയം ചെയ്യുന്നതാണ്. മുന്‍കരുതലെടുക്കണമെന്നാണ് എല്ലാക്കാലത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. ആളുകള്‍ക്കൊന്നും ഇതില്‍ ശ്രദ്ധയില്ല. പ്രതിരോധവും മുന്‍കരുതലുമാണ് പ്രധാനമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

കടമക്കുടിയിലെ കൂട്ട ആത്മഹത്യ, വയനാട്ടിലെ യുവാവിന്റെ ആത്മഹത്യ എന്നിവയെല്ലാം ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയും പറഞ്ഞതില്‍ അധികം പണം ആവശ്യപ്പെട്ടതുമെല്ലാം കാരണമായിരുന്നു. ഇത്തരം ആപ്പുകളുടെ കടന്നുകയറ്റം ആളുകളുടെ ജീവിതത്തെ താളംതെറ്റിക്കുകയാണ്. ഇതിനെക്കുറിച്ച് താങ്കള്‍ക്കെന്താണ് പറയാനുള്ളത് ?
ലോണ്‍ ആപ്പ് എന്ന് മാത്രമായി ഈ വിഷയത്തെ നമ്മള്‍ക്ക് കാണാന്‍ കഴിയില്ല. പ്രധാനമായി ഇത്തരം കേസുകളിലെ പ്രശ്നം പണമല്ല. പണം കൊടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടല്ല അവര്‍ സ്വയം ജീവനെടുക്കുന്ന കടുത്ത തീരുമാനത്തിലേക്കു പോകുന്നത്. വ്യക്തികള്‍ക്ക് സമൂഹത്തില്‍ മാനക്കേടുണ്ടാക്കുന്ന വിഷയങ്ങള്‍ സാമൂഹത്തിലേക്കു വലിച്ചിഴയ്ക്കുമെന്ന പേടി കൊണ്ടാണ്. അവരുടെ അഭിമാനം വെച്ചുകൊണ്ടാണ് ഇത്തരക്കാര്‍ ഭീഷണിപ്പെടുത്തുന്നത്.
പലപ്പോഴും മോര്‍ഫിങ്ങൊന്നുമല്ല ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകളും മറ്റും ഇരകളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നതെന്നതാണ് സത്യം. ഫോട്ടോഷോപ്പെന്ന് പോലും പറയാന്‍ കഴിയാത്ത വിധത്തിലുള്ള വികൃതമായ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തലുകള്‍ നടത്തുന്നത്. വ്യക്തികളെ അവഹേളിക്കാന്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് ആര്‍ക്കും മനസിലാകുന്നതാണ് ഈ ചിത്രങ്ങള്‍. എന്നിരുന്നാലും പലര്‍ക്കും അത് താങ്ങാന്‍ പറ്റിയെന്ന് വരില്ല. അവര്‍ ചിത്രങ്ങളും സുഹൃത്തുക്കള്‍ക്ക് പരിചയക്കാര്‍ക്കും അയക്കുമെന്നോര്‍ത്തുള്ള മാനക്കേട് പലര്‍ക്ക് സഹിക്കാന്‍ കഴിയാതെ വരുന്നു.ആളുകളുടെ ഫോണുപയോഗത്തിലുള്ള അവബോധമില്ലായ്മയും ഇതിനെല്ലാം കാരണമാണ്.നമ്മള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കേണ്ടതെന്ന് എങ്ങനെയെന്ന് പഠിക്കാതെയാണ് അതുപയോഗിച്ചു തുടങ്ങിയത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് നമ്മള്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നത്.
ഇത്തരത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളെ നിയമപരമായി പ്രതിരോധിക്കാന്‍ എന്താണ് വേണ്ടത് ? ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ആദ്യം ചെയ്യേണ്ടതെന്താണ് ?
ഇത്തരം കേസുകളുമായി സമീപിക്കുന്നവരോട് എല്ലായ്പ്പോഴും പറയുന്നത് ഒരേ കാര്യങ്ങളാണ്. ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കരുതെന്നും എത്രയും വേഗം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നുമാണ്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാത്തവര്‍ വളരെ കുറവല്ലേ? തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും അറിയിപ്പ് കൊടുക്കണം. ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും അത്തരം രീതിയിലുള്ള സന്ദേശങ്ങളോ ചിത്രങ്ങളോ ലഭിച്ചാല്‍ ഞാനല്ല അതിലുള്ളതെന്നും ആളുകള്‍ക്ക് മുന്നറിയിപ്പ് കൊടുക്കണം. ആ ഭീഷണിയെ എത്ര പേടിക്കുന്നവോ അത്രയും പ്രശ്നങ്ങളും കൂടും. ഇത്തരം കുറ്റവാളികള്‍ക്ക് വേണ്ടത് പണം മാത്രമാണ്. മാനം കെടുത്തുക എന്നത് അവരുടെ ആവശ്യമല്ല, മറിച്ച് പണമാണ് അവരെ മുന്നോട്ട് നയിത്തുന്നത്. അതിന് ആളുകളുടെ അഭിമാനത്തെ അവര്‍ കരുവാക്കുന്നു എന്നു മാത്രം. നമ്മുടെ പേടിയെയാണ് അവര്‍ പണമാക്കി മാറ്റുന്നത്. എത്രത്തോളം വഴങ്ങിക്കൊടുക്കുന്നുവോ അതിനനുസരിച്ച് അവര്‍ ഭീഷണി തുടര്‍ന്നു കൊണ്ടിരിക്കും എന്നതാണ് വസ്തുത.
എന്നാല്‍, അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ ഇത്തരത്തിലുള്ള ധീരമായ ചുവട് വെയ്ക്കാന്‍ ആളുകള്‍ മടിക്കുകയാണ് ചെയ്യുന്നത്. ആ പ്രവണതയ്ക്ക് മാറ്റം വരണം. ഇത്തരം കേസുകളില്‍ സ്രോതതസ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് നമ്മള്‍ മനസിലാക്കണം. ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയക്കാന്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ കുറ്റകൃത്യം സംഭവിച്ചു കഴിയുമ്പോള്‍ ബാങ്കിനും അതിലൊരു പങ്ക് വരും. ആരുടെ അക്കൗണ്ടായാലും അതെടുക്കുമ്പോള്‍ ബാങ്ക് മാനേജര്‍ അറിഞ്ഞിരിക്കണം. ബാങ്ക് മാനേജർക്ക് ഇതിൽ ഉത്തരവാദിത്വമുണ്ട്. പക്ഷെ, പരാതിപ്പെട്ട് എഫ്.ഐ,ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ഇത്തരത്തില്‍ മാത്രമേ ഈ കേസുകളിലെ ചുരുളഴിക്കുവാന്‍ സാധിക്കുകയുള്ളു.

പ്രതിരോധം ,മുന്‍കരുതല്‍ എന്നിവ പ്രധാനമെന്ന് താങ്കള്‍ പറയുകയുണ്ടായി ,എന്ത് വ്യത്യാസമാണ് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിലുണ്ടായിട്ടുള്ളത്? ഇന്നത്തെ തലമുറ ഇത്തരം വിഷയങ്ങളില്‍ ധാരണയുള്ളവരല്ലേ ?
ആദ്യകാലത്തു പറഞ്ഞിരുന്ന കാര്യങ്ങള്‍ തന്നെയാണ് ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്നുമിന്നും ആളുകള്‍ ചെവികൊള്ളുന്നില്ലായെന്നതാണ് വാസ്തവം.
ഫോണ്‍ എത്തരത്തില്‍ സുരക്ഷിതമായി ഉപയോഗിക്കണമെന്ന് ഇന്നത്തെ തലമുറയ്ക്കും ധാരണയില്ല. ഇന്റര്‍നെറ്റ് എത്തരത്തില്‍ സുരക്ഷിതമായി ഉപയോഗിക്കണം, എത്രത്തോളം അവിശ്വസനീയനമാണ് സൈബറിടം , സ്വകാര്യത എങ്ങനെ ലംഘിക്കപ്പെടുന്നു തുടങ്ങിയ വിഷയങ്ങള്‍ തന്നെയാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. കേസുകള്‍ കൂടുന്നുവെന്നത് എല്ലാ കുറ്റകൃത്യങ്ങളിലെയെന്ന പോലെ ഇവിടെയും സംഭവിക്കുന്നു. ആളുകള്‍ സൈബര്‍ ഇടങ്ങളോട് അത്രത്തോളം അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു, അവിടെ അവര്‍ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.
നമ്മള്‍ വലിയ ശുഭാപ്തി വിശ്വാസമുള്ളവരാണ്. നമുക്ക് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കും. ഗവണ്‍മെന്റ് അതിനെ നിയന്ത്രിക്കുമ്പോള്‍ മാത്രമേ ആളുകള്‍ അനുസരിക്കുവാന്‍ തയ്യാറാകുകയുള്ളൂ. കോവിഡ് നിയന്ത്രണങ്ങള്‍ നമ്മള്‍ അനുസരിച്ചത് സര്‍ക്കാര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ്. ഡിജിറ്റല്‍ ഇടത്തിലും ഇത്തരത്തിലുള്ള നിര്‍ബന്ധങ്ങള്‍ വേണം. ഇന്നതൊക്കെ ചെയ്യണം എന്നു മാത്രമാണ് ഇപ്പോളുള്ളത്. ചെയ്തില്ലെങ്കില്‍ എന്താണെന്ന് കൂടി ആളുകള്‍ ബോധവാന്മാരാകണം. അതൊക്കെ ഡിജിറ്റല്‍ ഇന്ത്യ ആക്ടില്‍ വരും.ഫേക്ക് ഐഡന്റിറ്റിയ്ക്കും ഒരു ഐഡന്റിറ്റിയുണ്ടെന്നുള്ളതാണ് സത്യം. അവിടെയെല്ലാം ഒരാളുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ ഒരളവില്‍ ഇരയോ ഒരളവില്‍ കുറ്റക്കാരനോ അല്ലാത്ത ആരുംതന്നെയില്ല.

നമ്മള്‍ക്ക് സംഭവിക്കുന്നത് വരെ സൈബര്‍ കുറ്റങ്ങളെ ആളുകള്‍ നിസാരവത്ക്കരിക്കുന്ന പ്രവണതയുണ്ടോ?
അത്തനെയൊരു പ്രവണതയുണ്ടെന്ന് പറയാന്‍ കഴിയില്ല. സൈബര്‍ കുറ്റങ്ങളുടെ ഇരയാകാത്തവര്‍ ആരാണുള്ളത്...? ദിനംപ്രതി നമ്മളിൽ പലരും ഇതില്‍ ഇരയാകേണ്ടി വരുന്നുണ്ടെന്നാണ് സത്യം. പലരുടേയും ധാരണ ലോകം ഇങ്ങനെയൊക്കെ തന്നെയാണ്, എല്ലാവര്‍ക്കും സംഭവിക്കുന്നുണ്ട്, അതുകൊണ്ട് കുഴപ്പമില്ല. നമ്മള്‍ക്ക് സഹിക്കാന്‍ കഴിയുന്നതിന് മുകളിലേക്കു പ്രശ്നം വലുതാകുമ്പോഴാണ് ആളുകള്‍ പ്രതികരിക്കാന്‍ തുടങ്ങുന്നത്. അപ്പോഴാണ് അതൊരു പ്രശ്‌നമായി തോന്നുന്നത്. ഒരേ പോലെ കുറ്റവാളിയും ഇരയുമായാണ് നമ്മള്‍ സൈബറിടത്തില്‍ പെരുമാറുന്നത്.
കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്നു. പലര്‍ക്കും ഇതിന്റെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് അറിയില്ല, അതില്‍ മാതാപിതാക്കളുടെ ഇടപെടല്‍ എത്തരത്തിലായിരിക്കണം?
അടിസ്ഥാനകാര്യങ്ങള്‍ പോലും അറിയാത്ത മാതാപിതാക്കളെന്ന് ഈ വിഷയം സംസാരിക്കുമ്പോള്‍ പൊതുവേ പറയാറുണ്ട്. എന്നാല്‍ പറയേണ്ടത് ഇങ്ങനെയാണ് അവര്‍ക്ക് അടിസ്ഥാനകാര്യങ്ങള്‍ മാത്രം ശീലമായിപ്പോയിയെന്നാണ്. മാതാപിതാക്കള്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുകയും കുട്ടിയെ അതിനനുസരിച്ച് നിയന്ത്രിക്കുകയും വേണം.മാതാപിതാക്കള്‍ ചെയ്യുന്നത് കുട്ടികള്‍ അനുകരിച്ചാണ് ആദ്യം ഗാഡ്ജറ്റ് ഉപയോഗം തുടങ്ങുന്നത്. ചെറുപ്പക്കാരായ മാതാപിക്കള്‍ക്കാണ് ആദ്യം ബോധവത്ക്കരണം കൊടുക്കേണ്ടത്. ശേഷമാണ് കുട്ടികളിലും സ്‌കൂളുകളിലുമെല്ലാം ബോധവത്ക്കരണം നടത്തേണ്ടത്.
തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പേരന്റല്‍ ആപ്പ് ഇട്ട് കൊടുത്ത് അവരില്‍ ശീലം വളര്‍ത്തണം. അല്ലാതെ ഇന്ന് കാണുന്ന തരത്തില്‍ എല്ലാത്തരത്തിലും ഫോണും ഇന്റര്‍നെറ്റുമെല്ലാം ഉപയോഗിക്കാന്‍ കൊടുത്തശേഷം 12-13 വയസുള്ള കുട്ടികളെയൊക്കെ ഇതില്‍നിന്നു വേര്‍പ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ വലിയ ബുദ്ധിമുട്ടാണ്. അവരുടെ ശീലങ്ങളെ മാറ്റുന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. തുടക്കത്തിലേ ശീലം ഉണ്ടാക്കിയെടുക്കല്‍ മാത്രമാണ് പരിഹാരം. കുട്ടികളെ ബാധിക്കുന്ന കേസുകളില്‍ വല്ലാതെ മനസ് വേദനിച്ചുപോകാറുണ്ട്. ആ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് നമ്മുടെ കുട്ടിയെക്കുറിച്ച് ചിന്തിച്ചുപോകും.
സാമൂഹിക മാധ്യമങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ പലതരത്തില്‍ ടാര്‍ജറ്റ് ചെയ്യപ്പെടും. കുട്ടികളുടെ സാമൂഹിക മാധ്യമങ്ങളുടെ പകര്‍പ്പ് മാതാപിതാക്കളും സൂക്ഷിക്കേണ്ടതുണ്ട്. ഇപ്പോഴുളള കുട്ടികളെ അത്തരത്തില്‍ ആരും ശ്രദ്ധിക്കുന്നില്ല. ഇപ്പോള്‍ കുട്ടികളുടെ സ്‌ക്രീന്‍ ടൈം 16 മണിക്കൂര്‍ വരെയൊക്കെയാണ് . അവര്‍ക്ക് ഉറങ്ങാനോ പഠിക്കാനോ സമയമില്ല, കൂടാതെ ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. ഇതിലൊക്കെ അമിതമായ ഗാഡ്ജറ്റ് ഉപയോഗത്തിന്റെ സ്വാധീനമുണ്ട്.
ഇപ്പോള്‍ കുട്ടികള്‍ക്ക് ഒന്നിലും കൗതുകമോ ആശ്ചര്യമോ തോന്നിക്കുന്നില്ല. അവരുടെ ഊര്‍ജം കൂടുതലും ചെലവാക്കപ്പെടുന്നത് ഫോണ്‍ പോലെയുള്ള ഗാഡ്ജറ്റുകളിലാണ്. പൂക്കളുടെ നിറവ്യത്യാസം പോലും അവര്‍ക്കറിയില്ല. അത്ഭുതങ്ങളും അതിശയങ്ങളും ഇല്ലാത്ത ജീവിതമാണ് അവരുടേത്. അവരുടെ താത്പര്യങ്ങളും ഇഷ്ടങ്ങളുമെല്ലാം ഗാഡ്ജറ്റുകളുമായി മാത്രമായി ബന്ധപ്പെട്ടിരിക്കുകയാണ്. കുട്ടികളുടെ ഇന്റനെറ്റ് നിയന്ത്രണം ചെറുപ്പത്തിലേ തുടങ്ങണം. അതൊന്നും നടക്കില്ലെന്ന് മാതാപിതാക്കള്‍ പറയും. പക്ഷെ ഇതൊക്കെ നടപ്പിലാക്കാന്‍ പറ്റും. എന്റെ സ്വന്തം മകന് 18 വയസ് വരെ ഇതൊക്കെ ബാധകമായിരുന്നു. ഇന്റര്‍നെറ്റിലും ഫോണിലുമൊക്കെയായി കുട്ടികള്‍ ഭൂരിഭാഗം സമയം ചെലവഴിക്കുമ്പോള്‍ അവര്‍ക്ക് മറ്റു വിഷയങ്ങളിലുള്ള താത്പര്യം കുറയും.

ഇന്ത്യയിലെ സൈബര്‍ ക്രൈം അന്വേഷണങ്ങളില്‍ തെളിവ് കിട്ടാന്‍ പ്രയാസമുണ്ടോ എന്താണ് കാരണം?
തെളിവ് കിട്ടാനുള്ള പ്രധാന പ്രശ്നം ഇര തന്നെ തെളിവ് നശിപ്പിക്കുന്ന രീതി കൊണ്ടാണ്. മൊബൈല്‍ നശിപ്പിക്കുക, ഉപേക്ഷിക്കുക, ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുക തുടങ്ങിയവ കാര്യങ്ങളൊക്കെ ചെയ്യുകയാണ് അവര്‍ ആദ്യം ചെയ്യുന്നത്. പിന്നീട് റിട്രീവ് ചെയ്തെടുക്കുന്ന ഇത്തരം തെളിവുകള്‍ക്ക് ലീഗല്‍ വാലിഡിറ്റി കുറയും. പ്രധാനപ്പെട്ട തെളിവ് കിട്ടാതെ വരുന്ന സ്ഥിതി വരും. ഇരകള്‍ പോലും തങ്ങളുടെ ഗാഡ്ജറ്റ് നമ്മളെ ഏല്‍പ്പിക്കാന്‍ മടിക്കുകയാണ് ചെയ്യുന്നത്.
തെളിവുകള്‍ അവരില്‍നിന്നാണ് ആദ്യം കണ്ടെത്തേണ്ടത്. 'സാമൂഹിക മാധ്യമങ്ങളില്‍ കാണുന്നില്ലേ, അവിടെ നോക്കിയാല്‍ പോരെ, എന്റെ ഫോണില്‍ ഒന്നുമില്ലാ' എന്ന തരത്തിലാണ് ഇരകള്‍ പ്രതികരിക്കുന്നത്. നമ്മള്‍ക്ക് ഫോണ്‍ തരാന്‍ മടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അവര്‍ പറയുന്നത് അനുസരിച്ച് കേസ് അന്വേഷിച്ചാല്‍ അത് മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്ക് കൈകടത്തലാകും. തെളിവ് കണ്ടെത്താനുള്ള പ്രയാസം ഇത്തരം പ്രവണതകള്‍ മൂലമാണ്. നിയമങ്ങളേക്കാള്‍ ആളുകളുടെ സമീപനത്തിലാണ് ആദ്യം മാറ്റം വരേണ്ടത്. അത് പലര്‍ക്കും മനസിലാകുന്നില്ല. ഒരു പ്രശ്‌നമുണ്ടായാല്‍ തെളിവ് നശിപ്പിച്ചു കളയാന്‍ പാടില്ലെന്ന് നമ്മള്‍ മനസിലാക്കണം.
വിവിധ രാജ്യങ്ങളിലെ നിയമങ്ങളിലെ വൈരുധ്യങ്ങള്‍ ഇരകള്‍ക്ക് നീതി കിട്ടുന്നതില്‍ വലിയ തടസം നേരിടുന്നുണ്ടോ?
സൈബര്‍ കേസുകളില്‍ വളരെ കൃത്യമായി പ്രതികരിക്കുകയും വ്യക്തമായ നിയമവുമുള്ള രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര തലത്തില്‍ ജോയിന്റായുള്ള ആക്ടാണ് ഇവിടെയുള്ളത്. രാജ്യങ്ങള്‍ക്ക് അനുസരിച്ച് നിയമങ്ങളിലല്ല ഇതിന്റെ ശിക്ഷകളിലാണ് വ്യത്യാസം വരുന്നത്. ഇന്ത്യയില്‍ പിഴയിടുന്ന കേസുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ശിക്ഷ കിട്ടുന്ന കേസായിരിക്കും. അത്തരത്തില്‍ മറിച്ചും സംഭവിക്കും. സാംസ്‌ക്കാരികമായ ചുറ്റുപാടുകള്‍ക്കനുസരിച്ച് ശിക്ഷകളുടെ രീതികളിലും കാഠിന്യത്തിലുമെല്ലാം വ്യത്യാസമുണ്ട്. ചുരുക്കം കേസുകളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ചില പ്രശ്നങ്ങള്‍ ഉയര്‍ത്താറുണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ശിക്ഷിക്കപ്പെടുന്നതിലേക്ക് നയിക്കുന്നത് അപൂര്‍വമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ ?
സൈബര്‍ നിയമങ്ങള്‍ മാത്രമല്ല, മറ്റു നിയമങ്ങളും ഇവിടെ പതുക്കെയാണ് പ്രവര്‍ത്തിക്കുകയെന്നത് സത്യമാണ്. അത് നമ്മള്‍ ഉള്‍ക്കൊള്ളണം. സിസ്റ്റത്തിന്റെ മന്ദത സൈബര്‍ നിയമങ്ങളേയും ബാധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ ആക്ട് നടപ്പിലാകുമ്പോള്‍ ഇതിനെല്ലാം മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഡ്രാഫ്റ്റ് വായിച്ചാൽത്തന്നെ പേടിയാകും .അത്ര വലിയ മാറ്റങ്ങളാണ് സൈബര്‍ പരിസ്ഥിതിയിലൊട്ടാകെ നടപ്പാക്കാൻ പോകുന്നത്. ഡാറ്റ ഉപയോഗങ്ങളിലൊക്കെ വരുന്ന നിയന്ത്രണങ്ങള്‍ നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറമാണ്. അതൊടൊപ്പം തന്നെ എല്ലാ നിയമങ്ങളേയും പോലെ ബാലാരിഷ്ടതകള്‍ ഇതിലുമുണ്ടാകും. നടപ്പാക്കി വരുമ്പോഴാണ് മറ്റു പ്രതിസന്ധികളെക്കുറിച്ച് ധാരണയുണ്ടാകുക. കാലാനുസൃതമായി കൂട്ടിച്ചേര്‍ക്കലുകളും പരിഹാരങ്ങളും ഇതോടൊപ്പമുണ്ടാകും. എങ്കിലും വലിയ പ്രതീക്ഷയോടെ അതിനെ കാണാം.
സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ എന്നതിനൊപ്പം അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് താങ്കള്‍ ? എങ്ങനെയാണ് രണ്ടും ബാലന്‍സ് ചെയ്യുന്നത്?
രണ്ടര വയസ് മുതല്‍ തുടങ്ങിയ നൃത്തം ഇന്നും തുടരുന്നുണ്ട്. ഒരു പക്ഷേ ഈ ജോലിയല്ലെങ്കില്‍ ഞാന്‍ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേനെ. പക്ഷെ, നൃത്തമല്ല കരിയറെന്ന് എനിക്കന്നേ നിശ്ചയമുണ്ടായിരുന്നു. ചെറുപ്പത്തില്‍ നൃത്തം മുന്നോട്ടുകൊണ്ടുപോകുന്നത് വലിയ ചെലവേറിയ കാര്യമായിരുന്നു. എന്റെ നൃത്തത്തിനുള്ള വസ്ത്രങ്ങള്‍ അമ്മ തയ്ച്ചാണ് തന്നിരുന്നത്. മറ്റു കുട്ടികളെപ്പോലെ പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ എനിക്കുണ്ടായിരുന്നില്ല.അമ്മയുടെ വിവാഹസാരി കൊണ്ടുവരെ എനിക്ക് ഡ്രസ് തയ്ച്ചുതന്നിരുന്നു. ഏറ്റവും നല്ലത് എനിക്ക് തരുവാന്‍ കഴിയാത്തതില്‍ അമ്മയ്‌ക്കെന്നും വിഷമമായിരുന്നു. ഒരുവിധത്തില്‍ നൃത്തം മുന്നോട്ട് കൊണ്ടുപോയി.

വിവാഹം കഴിഞ്ഞതും മകന്‍ ജനിച്ചതും ഒരു ബ്രേക്ക് വരുന്നതിന് കാരണമായി. തുടര്‍ന്ന് വിവാഹമോചനവും കൂടിയായപ്പോള്‍ നൃത്തം ചെയ്യാതിരുന്ന സമയം വന്നിരുന്നു. എന്നിട്ടും നൃത്തം എന്നെ വിട്ടുപോയില്ല. ഇപ്പോഴും കുച്ചിപ്പുടിയും മോഹിനിയാട്ടവും ചെയ്യുന്നുണ്ട്. മോഹിനിയാട്ടത്തിലാണ് പിഎച്ച്.ഡി ചെയ്തത്. സാലഭഞ്ജിക എന്ന ഡാന്‍സ് സ്‌കൂളുണ്ട്. സമയമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കരുതുന്നത്. എല്ലാത്തിലും സമയനിഷ്ഠ പാലിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എല്ലാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിനായി സമയം മാറ്റിവെയ്ക്കും. പ്രായത്തെ അറിഞ്ഞാണ് ഓരോന്നു ചെയ്യുന്നത്, എന്നെകൊണ്ടു കഴിയുന്നത് ഞാന്‍ ചെയ്യുന്നു. മനസില്‍ എപ്പോഴും നൃത്തമാണ്.നൃത്തം ഒരു പാഷനാണ്; അന്നുമിന്നും.
Content Highlights: dr dhanya menon,India’s first woman cybercrime investigator,cybercrime,cyberlaw,cyber space
Published: 28 Sept 2023, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented