പാലക്കാട്: പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച മൊബൈൽഫോൺ ഉപയോഗിച്ച്, വ്യാപാരസ്ഥാപനത്തിന് നൽകിയ ഓർഡർപ്രകാരം ഉത്പന്നം കയറ്റിപ്പോയ ഓട്ടോ ഡ്രൈവറിൽനിന്ന് 14,700 രൂപ തട്ടിയെടുത്തെന്ന് പരാതി. പാലക്കാട് വലിയങ്ങാടി കോഴിപ്പറമ്പ് വൃന്ദാവൻ ഗാർഡൻ സ്വദേശിയും പെട്ടി ഓട്ടോ ഡ്രൈവറുമായ വി. മണികണ്ഠനാണ് തട്ടിപ്പിനിരയായത്. ടൗൺ നോർത്ത് പോലീസ് കേസെടുത്തു. സൈബർ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

To advertise here,

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വലിയങ്ങാടി മേലാമുറിയിലെ ഒരു വ്യാപാര സ്ഥാപനത്തിലേക്ക് വിളിച്ചയാൾ ഇരുമ്പുപൈപ്പുകൾ ഓർഡർ ചെയ്തു. വാളയാറിലെ സിമന്റ് ഫാക്ടറിയിലേക്കാണെന്നുപറഞ്ഞാണ് പൈപ്പിന് ഓർഡർ നൽകിയത്. കടയുടമയുടെ നിർദേശ പ്രകാരം മണികണ്ഠൻ ഓട്ടോറിക്ഷയിൽ പൈപ്പ് കയറ്റി പുറപ്പെട്ടു. ഓർഡർചെയ്തയാളെ ഇതിനിടെ വിളിച്ച് ഇറക്കേണ്ടസ്ഥലം എവിടെയെന്ന് അന്വേഷിച്ചു. ഓട്ടോറിക്ഷ കോട്ടമൈതാനത്തിനടുത്തുള്ള ആശുപത്രിക്ക് സമീപം നിർത്തിയിടാനായിരുന്നു നിർദേശം. നിർമാണമേഖലയിൽ ഉപയോഗിക്കുന്ന യന്ത്രംകൂടി വാഹനത്തിൽ കയറ്റാനുണ്ടെന്നും അറിയിച്ചു.

ആശുപത്രിക്ക് സമീപം വണ്ടിനിർത്തി കാത്തുനിന്ന ഓട്ടോ ഡ്രൈവറെ ഫോണിൽവിളിച്ച് യന്ത്രംവാങ്ങാൻ തുക തികയില്ലെന്ന് വിശ്വസിപ്പിച്ച് 14,700 രൂപ ഗൂഗിൾപേ വഴി വാങ്ങി. ഇതിൽ 5,000 രൂപ വിവരമറിഞ്ഞ് ഇരുമ്പുവ്യാപാര സ്ഥാപനത്തിൽ നിന്ന് അയച്ചുകൊടുത്തതായിരുന്നെന്നും മണികണ്ഠൻ പറയുന്നു. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഓർഡർ നൽകിയ ആളുടെ ഫോൺ സ്വിച്ച് ഓഫായി.

തട്ടിപ്പാണെന്ന് സംശയം തോന്നിയ ഇരുമ്പ് വ്യാപാരസ്ഥാപനത്തിലെ മാനേജർ, മണികണ്ഠനോട് ഓട്ടോയിലെ സാധനങ്ങൾ തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഓർഡർ ചെയ്തയാളുടെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ പാലക്കാട് ടൗണിലെ ബാറിലെത്തിയാൽ വാങ്ങിയ തുക തിരികെ നൽകാമെന്നറിയിച്ചു. മണികണ്ഠൻ അവിടെയെത്തിയെങ്കിലും ആളെ കാണാൻ കഴിഞ്ഞില്ല. പിന്നീട് ഫോണിൽ വിളിച്ചപ്പോൾ നേരിട്ട് കടയിലെത്തി തുക നൽകാമെന്ന് അറിയിച്ചു. ഇതോടെ വാഹനത്തിൽ കയറ്റിയിരുന്ന 50,000 രൂപയോളം വിലവരുന്ന ഇരുമ്പ് ഇറക്കാതെ ഒന്നരദിവസത്തോളം കാത്തിരുന്നു. ഇതിനിടെ ഫോൺ വീണ്ടും സ്വിച്ച് ഓഫായി.

ബുധനാഴ്ച വീണ്ടും വിളിച്ചപ്പോൾ ഫോണെടുത്തത് വേറൊരാളായിരുന്നു. തന്റെ ഫോൺ പാലക്കാട് റെയിൽവേ സ്റ്റേഷനിൽവെച്ച് മോഷ്ടിക്കപ്പെട്ടെന്നും ഡൂപ്ളിക്കേറ്റ് സിംകാർഡ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ഇയാൾ അറിയിച്ചതോടെയാണ് ഓട്ടോ ഡ്രൈവർ പരാതിയുമായി പോലീസിലെത്തിയത്.

മണികണ്ഠൻ മൂന്ന് തവണയായി ഗൂഗിൾ പേ വഴി തുക നൽകിയ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് തുടർനടപടി കൾക്കൊരുങ്ങുകയാണ് സൈബർ പോലീസ്.