തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ കൈക്കൂലി വാങ്ങിയയെന്ന പരാതിയില്‍ പരീക്ഷാഭവന്‍ ജീവനക്കാരനു സസ്പെന്‍ഷന്‍. പരീക്ഷാഭവനിലെ പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മന്‍സൂറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
മറ്റൊരു പരാതിയില്‍ ജീവനക്കാരനെതിരേ അന്വേഷണം തുടരുകയാണെന്നും രജിസ്ട്രാര്‍ അറിയിച്ചു.
മലപ്പുറം സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. അപേക്ഷകയില്‍നിന്ന് ഗൂഗിള്‍പേ വഴി 5000 രൂപയാണ് കൈപ്പറ്റിയത്. അപേക്ഷ നല്‍കി മടങ്ങിയ ഇവര്‍ക്കു ദിവസങ്ങള്‍ക്കകം സര്‍വകലാശാലയില്‍നിന്ന് മെമ്മോ ലഭിച്ചു. മതിയായ ഫീസ് അടച്ചില്ലെന്നായിരുന്നു അറിയിപ്പ്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് അറിയുന്നത്.
അപേക്ഷക നേരത്തേ തപാല്‍ ഇനത്തില്‍ അടച്ച 50 രൂപയുടെ ചലാന്‍ ഉദ്യോഗസ്ഥന്‍ 1350 ആക്കി തിരുത്തുകയായിരുന്നു. ജീവനക്കാരന്റെ തട്ടിപ്പില്‍ വെട്ടിലാകുമെന്ന് അറിഞ്ഞതോടെയാണ് അപേക്ഷക സര്‍വകലാശാലയ്ക്ക് പരാതിനല്‍കിയത്. ഗൂഗിള്‍പേ വഴി പണം അയച്ചതിന്റെ പകര്‍പ്പ് സര്‍വകലാശാലയ്ക്കു നല്‍കിയിട്ടുണ്ട്. കൈക്കൂലി വാങ്ങിയതിനു പുറമെ ചലാനില്‍ തിരുത്തല്‍ നടത്തി സര്‍വകലാശാലയെയും ജീവനക്കാരന്‍ കബളിപ്പിച്ചതായാണു തെളിയുന്നത്. ബിരുദ സര്‍ട്ടിഫിക്കറ്റിലെ പേരിലുണ്ടായ പിശക് തിരുത്താനായിരുന്നു അപേക്ഷ.
പരാതി പുറത്തുവന്നതോടെ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. നടപടിയാവശ്യപ്പെട്ട് സര്‍വകലാശാലാ ജീവനക്കാരുടെ സംഘടനകളും വിവിധ രാഷ്ട്രീയനേതൃത്വങ്ങളും രംഗത്തെത്തി.
നടപടി ആവശ്യപ്പെട്ട് സംഘടനകള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ കൈക്കൂലി വാങ്ങിയതില്‍ അറസ്റ്റിലായ ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
അക്കാദമിക് സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന അഴിമതിക്കഥകളാണ് സി.പി.എം. ഭരണത്തില്‍ സര്‍വകലാശാലയില്‍നിന്ന് പുറത്തുവരുന്നതെന്ന് മുസ്ലിംലീഗ് കുറ്റപ്പെടുത്തി. സര്‍വകലാശാലാ ഭരണാധികളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് വള്ളിക്കുന്ന് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് ഡോ. വി.പി അബ്ദുല്‍ഹമീദ് പറഞ്ഞു.
നടപടി വേണം
അഴിമതിക്കാരായ ഒരാളെയും സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ല. സിന്‍ഡിേക്കറ്റിനു വേണ്ടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണംനടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- കെ.കെ. ഹനീഫ (സിന്‍ഡിക്കേറ്റ് അംഗം)
ഉന്നതന്മാര്‍ക്കും പങ്കുണ്ട്
കൈക്കൂലിവാങ്ങിയതില്‍ ഉന്നതന്‍മാര്‍ക്കും പങ്കുണ്ട്. ആരോപണവിധേയവരായവര്‍ കണ്ണികള്‍ മാത്രമാണ്. നേരത്തെ അഴിമതി നടക്കുന്നതായ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇതില്‍ അന്വേഷണം നടന്നിട്ടില്ല
- ഡോ. പി. റഷീദ് അഹമ്മദ്, (സിന്‍ഡിേക്കറ്റ് അംഗം)
ആരോപണം തെറ്റെന്ന് എംപ്ലോയീസ് യൂണിയന്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനില്‍ കൈക്കൂലിവാങ്ങിയ ജീവനക്കാര്‍ ഭരണാനുകൂല സംഘടനാ അംഗങ്ങളാണെന്ന ആരോപണം തെറ്റാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍. ആരോപണ വിധേയരായ രണ്ടു ജീവനക്കാരും യൂണിയന്‍ അംഗങ്ങളല്ല. കൈക്കൂലി വാങ്ങിയ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കണം
കൈക്കൂലിവാങ്ങിയ ജീവനക്കാര്‍ക്കെതിരേ ശക്തമായി നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ആവശ്യപ്പെട്ടു. പരീക്ഷാഭവനിലെ ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമമല്ലാത്തതാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് വേദിയൊരുക്കുന്നതെന്നും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
Published: 02 Feb 2022, 02:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented