തിരുവനന്തപുരം: പോലീസിനെ വലച്ച് അമ്പലമുക്ക് കൊലക്കേസ് പ്രതി രാജേന്ദ്രന്‍. കൊലപാതകത്തിന് ശേഷം രാജേന്ദ്രന്‍ വിനീതയില്‍ നിന്ന് കവര്‍ന്നെടുത്ത മാലയിലെ താലി കണ്ടെത്താനായില്ല. ഇതോടെ താലിയും കത്തിയും കണ്ടെത്താന്‍ അന്വേഷണ സംഘം തമിഴ്‌നാട്ടിലെ കാവല്‍ക്കിണറില്‍ നടത്തിയ തെളിവെടുപ്പും വിഫലമായി. 

To advertise here,

കേസിലെ പ്രധാന തെളിവാണ് വിനീതയുടെ മാലയിലെ താലിയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും. താലി കാവല്‍ക്കിണറിലെ ലോഡ്ജില്‍ വെച്ചിട്ടുണ്ടെന്നായിരുന്നു പ്രതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംഘം രാജേന്ദ്രനെയും കൂട്ടി കാവല്‍ക്കിണര്‍ തങ്കശാലൈ സ്ട്രീറ്റിലെ ലോഡ്ജിലെത്തിയത്. 

എന്നാല്‍ നാല് മണിക്കൂര്‍ നീണ്ട തെളിവെടുപ്പില്‍ താലി കണ്ടെത്താനായില്ല. അതേസമയം, മാല പണയംവെച്ച രസീത് പോലീസ് കണ്ടെടുത്തു. അന്വേഷണവുമായി രാജേന്ദ്രന്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് ഇവിടെവരെ കൊണ്ടുവന്ന പ്രതി പലതും മാറ്റിമാറ്റി പറയുകയാണെന്ന് പേരൂര്‍ക്കട എസ്എച്ച്ഒ വി. സജികുമാര്‍ പറഞ്ഞു. 

അതേസമയം, രാജേന്ദ്രനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷമായി രാജേന്ദ്രന്‍ കാവല്‍ക്കിണറിലെ ലോഡ്ജിലാണ് താമസം. കഴിഞ്ഞ മൂന്ന് മാസമായി ഇയാളെക്കുറിച്ച് വിവരമില്ലായിരുന്നു. കൊലപാതകത്തിന് ശേഷമാണ് ഇയാള്‍ തിരിച്ചെത്തിയത്. രാജേന്ദ്രന്‍ കൂലിപ്പണിക്കാരനാണെന്നാണ് നാട്ടുകാര്‍ ധരിച്ചിരുന്നത്. 

കാവല്‍ക്കിണറിലെ തെളിവെടുപ്പ് വിഫലമായതോടെ താലിയും കത്തിയും കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അന്വേഷണ സംഘം.

content highlights: ambalamukku murder case, vineetha murder