കൊട്ടിയം (കൊല്ലം): വെളിച്ചിക്കാലയിൽ കണ്ണനല്ലൂർ മുട്ടയ്ക്കാവ് ചാത്തന്റഴികത്തു വീട്ടിൽ നവാസിനെ (35) കുത്തിക്കൊന്ന കേസിൽ നാലു പ്രതികൾ പിടിയിൽ. വെളിച്ചക്കാല ശാന്തിപുരം സ്വദേശി സദ്ദാം, അൻസാരി, നൂറുദ്ദീൻ, സദ്ദാം എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

To advertise here,

പ്രതികൾ നാലുപേരും ചേർന്ന് നവാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഇതിൽ ഒന്നാം പ്രതി സദ്ദാം ആണ്. ഇയാൾ കത്തി ഉപയോഗിച്ച് നവാസിന്റെ കഴുത്തിന്റെ പിൻഭാഗത്ത് കുത്തിയത്. കൊല്ലത്തെ വിവിധയിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. നവാസിന്റെ സഹോദരൻ കഴിഞ്ഞ ദിവസം തന്നെ പ്രതികളെക്കുറിച്ച് പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തഇൽ പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.

സഹോദരനെ ആക്രമിച്ചതറിഞ്ഞ്‌ എത്തിയ യുവാവിനെ കുത്തിക്കൊന്നു

കൊട്ടിയം: സഹോദരനെ ആക്രമിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ യുവാവിനെ അക്രമിസംഘം കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ചാത്തൻറഴികത്തു വീട്ടിൽ നവാസാ(35)ണ് മരിച്ചത്. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരുമ്പോൾ ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് രാത്രിതന്നെ ഇവർ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു.

പിന്നീട് രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സഹോദരനെ അക്രമിച്ചതറിഞ്ഞ് വിവരം തിരക്കാനെത്തിയ നവാസിനെ വെളിച്ചിക്കാലയിൽ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു. രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. കഴുത്തിനു പിന്നിൽ ആഴത്തിൽ കുത്തേറ്റ നവാസ് തത്‌ക്ഷണം മരിച്ചു. മൃതദേഹം മീയണ്ണൂരിലുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. കണ്ണനല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.