വണ്ടൂർ: പത്തുവയസ്സുകാരിയെ 70-കാരൻ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ 46-കാരൻ അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വട്ടപ്പറമ്പിൽ നൗഫലിനെയാണ് വണ്ടൂർ സി.ഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

To advertise here,

പകർത്തിയ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ഫോൺ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ മുരുകലയ വീട്ടിൽ വിജയകുമാർ കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് പത്തുവയസ്സുകാരിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വിജയകുമാറിന്റെ അയൽവാസിയായ നൗഫൽ കുട്ടിയെ ഇയാൾ കൊണ്ടുപോകുന്നത് കണ്ടിരുന്നു. തുടർന്ന് ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് വിജയകുമാറിനെ ഈ മാസം 11-ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പീഡനദൃശ്യങ്ങൾ നൗഫൽ മൊബൈലിൽ പകർത്തി സൂക്ഷിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പീഡനദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനും പീഡനവിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്നതിനുമുള്ള വകുപ്പുകൾ ഉൾപ്പെടെയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. പി.പി. മുഹമ്മദ് അസ്ലം, എസ്.സി.പി.ഒ. എം. ലിജേഷ്, ഉമ്മുൽ സമീമ, സാബിറ, ജാഫർ, ഡ്രൈവർ ഷഹബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.