ലഖ്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇതിൽ രണ്ടുപേരെ കണ്ടെത്തുകയും ഇവർ ബലാത്സംഗത്തിനിരയാകുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഭദോഹി ജില്ലയിലാണ് സംഭവം. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. മൂന്നാമത്തെ പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല. ഒരു പ്രതിയെയും കണ്ടെത്താനുണ്ടെന്ന് പോലീസ് അറിയിച്ചു.

To advertise here,

ഒക്ടോബർ 21-ന് രാവിലെ, ഗോപിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവിധ ഗ്രാമങ്ങളിൽ നിന്നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. സൈക്കിളിൽ സ്കൂളിലേക്ക് പോയ 14, 15, 16 വയസ്സുള്ള മൂന്ന് പെൺകുട്ടികൾ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. തിരച്ചിലിനൊടുവിൽ, സ്കൂളിൽ നിന്ന് പെൺകുട്ടികളുടെ സൈക്കിളുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് യുവാക്കൾക്കൊപ്പം പെൺകുട്ടികളെ കണ്ടതായി വിവരം ലഭിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. 14 വയസ്സുകാരിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 22-നും 24-നും ഇടയിൽ പ്രായമുള്ള രണ്ടുപേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച 14-ഉം 15-ഉം വയസ്സുള്ള പെൺകുട്ടികളെ കണ്ടെത്തുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയിൽ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചതിനെത്തുടർന്ന്, ബി.എൻ.എസ് സെക്ഷൻ 64(1), പോക്സോ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തി. കണ്ടെത്തിയ രണ്ട് പെൺകുട്ടികളുടെയും മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.