കൊൽക്കത്ത: സൗത്ത് 24 പർഗനാസിലെ ബാരുയ്പുരിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ഇരയുടെ കുടുംബത്തെ കാണാൻ പോകുന്നതിൽനിന്നു തന്നെ തടഞ്ഞുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്ത്. തന്നെ വീട്ടുതടങ്കലിലാക്കിയെന്നാണ് മമതയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ആരോപണം. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് മമതയുടെ ആരോപണം. ബാരുയ്പുരിലേക്ക് മമത എത്തുന്നുവെന്നറിഞ്ഞ ബിജെപി നേതൃത്വത്തിലുള്ള പശ്ചിമബംഗാൾ ഭരണകൂടം അവരുടെ വസതിക്കു പുറത്തു വൻ പോലീസ് സേനയേയും ബാരിക്കേഡുകളും സ്ഥാപിച്ചെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇരയുടെ കുടുംബത്തിനൊപ്പം ദീദി ഉറച്ചുനിൽക്കുമെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
ബാരുയിപുരിലെ സൂര്യപുർ മേഖലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പോലീസ് പറയുന്നത് പ്രകാരം, ശനിയാഴ്ച ഉച്ചയ്ക്ക് സുഹൃത്തിന് ജന്മദിന സമ്മാനം വാങ്ങാൻ പോയ പെൺകുട്ടി തിരികെ വന്നില്ല. നാലുപേർ ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം. രാത്രി മുഴുവൻ പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയെന്നും എന്നാൽ സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും പോലീസ് കൃത്യമായി പ്രതികരിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.പ്രതികളിൽ ഒരാൾ എന്ന് സംശയിക്കുന്ന ഒരു യുവാവിനെ ഞായറാഴ്ച രാവിലെ നാട്ടുകാർ പിടികൂടി.
ഇയാളാണ് പെൺകുട്ടിയുടെ മൃതദേഹം എവിടെയാണെന്ന വിവരം വെളിപ്പെടുത്തിയത് എന്നാണ് നാട്ടുകാർ പറയുന്നത്. സൂര്യപുർ ഹട്ട് മേഖലയിലെ ഒരു കുളത്തിനരികിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഈ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ പിന്നീട് മരിച്ചു. മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ബാരുയിപുർ-ജോയ്നഗർ റോഡ് ഉപരോധിച്ചും ടയറുകൾ കത്തിച്ചും വൻ പ്രതിഷേധം അരങ്ങേറി. പ്രതിഷേധക്കാർ നിരവധി പോലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ എംപി അഭിഷേക് ബാനർജി രംഗത്തെത്തി. 'ബംഗാളിൽ സ്ത്രീ സുരക്ഷ വാഗ്ദാനം നൽകിയാണ് ബിജെപി അധികാരത്തിൽ വന്നത്. പക്ഷേ ഓരോ സംഭവങ്ങളിലൂടെയും അവരുടെ വാഗ്ദാനങ്ങളിലെ പൊള്ളത്തരമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൃണമൂലിന്റെ ആരോപണങ്ങളോട് ബിജെപിയോ സംസ്ഥാന സർക്കാരോ പ്രതികരിച്ചിട്ടില്ല.
Content Highlights: 12-year-old girl raped and murdered in Baruipur, South 24 Parganas., Mamata Banerjee alleges police house arrest to prevent meeting the victim's family., Locals beat a suspect to death after discovering the body near a pond., Protests erupted with road blocks and police vehicle damage in Baruipur-Joynagar., Abhishek Banerjee criticizes the state government over women's safety failures.
Published: 06 Jul 2026, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented