ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബോധരഹിതയാക്കിയശേഷം വ്‌ളോഗറായ യുവതിയെ കൊള്ളയടിച്ചെന്ന് പരാതി. ട്രാവല്‍ വ്‌ളോഗറായ കനിക ദേവ്‌റാണിയാണ് ട്രെയിന്‍ യാത്രയ്ക്കിടെ കവര്‍ച്ചയ്ക്കിരയായെന്ന പരാതിയുമായി രംഗത്തെത്തിയത്. 'ഇന്ത്യന്‍ റെയില്‍വേ സുരക്ഷിതമല്ല' എന്ന പേരില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം യുവതി വെളിപ്പെടുത്തിയത്.

To advertise here,

ബ്രഹ്‌മപുത്ര മെയില്‍ എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍നിന്ന് ഗുവാഹാട്ടിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കവര്‍ച്ച നടന്നതെന്നാണ് യുവതി പറയുന്നത്. ബംഗാളിലെ ന്യൂ ജല്‍പായ്ഗുരി ജങ്ഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിനിലെ സെക്കന്‍ഡ് എസി കോച്ചിലായിരുന്നു കനിക യാത്രചെയ്തിരുന്നത്. സ്‌റ്റേഷനില്‍നിന്ന് അനധികൃതമായി എസി കോച്ചില്‍ കയറിയ ഒരാള്‍ മുഖത്തേക്ക് എന്തോ സ്‌പ്രേ ചെയ്‌തെന്നും ഇതോടെ താനും സഹയാത്രികനും ബോധരഹിതരായെന്നും പിന്നീട് ബോധം വീണ്ടെടുത്തപ്പോഴാണ് തന്റെ ഐഫോണ്‍ 15 പ്രോ മാക്‌സ് നഷ്ടമായവിവരം മനസിലായതെന്നും യുവതി പറഞ്ഞു. തനിക്കൊപ്പം യാത്രചെയ്തിരുന്ന മറ്റുചിലരും കവര്‍ച്ചയ്ക്കിരയായെന്നും ആര്‍പിഎഫ് തന്നെ സഹായിച്ചില്ലെന്നും യുവതി ആരോപിച്ചു. 

'ഫൈന്‍ഡ് മൈ ഡിവൈസ്' ആപ്പിലൂടെ ഫോണ്‍ ട്രാക്ക് ചെയ്തപ്പോള്‍ നിലവില്‍ ബംഗാളിലെ മാള്‍ഡയിലാണ് ഫോണുള്ളതെന്നാണ് കനിക പറയുന്നത്. ഫോണ്‍ വീണ്ടെടുക്കാനായി സഹായിക്കണമെന്ന് ബംഗാള്‍ പോലീസിനോടും യുവതി അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു.