
കൊച്ചി: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസില്‍ നേരിട്ടെത്തി വിജിലന്‍സ് ഉദ്യോഗസ്ഥര്‍. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന് എതിരായ ഇഡി കേസുകളുടെ രേഖകളാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. അനീഷ് ബാബുവിന്റെ കേസുകളുമായി ബന്ധപ്പെട്ട് എന്തൊക്കെ അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇഡി ഓഫീസില്‍ നടന്നിരിക്കുന്നത് എന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാംപ്രതിയായ കേസില്‍, ഇയാളടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. അനീഷിന്റെ കേസുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത് എന്നാണ് കേസ്, അതുകൊണ്ടുതന്നെ ഈ കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യമാണ് എന്നുകാണിച്ചാണ് വിജിലന്‍സ് ഇഡി ഓഫീസിലെത്തിയത്. അനീഷിനെ എത്രതവണ വിളിച്ചുവരുത്തി, മൊഴിയുടെ വിശദാംശങ്ങള്‍ എന്നിവയടങ്ങിയ രേഖകളാണ് വിജിലന്‍സിന് ആവശ്യം.
ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ, അനീഷിനെതിരായ കേസുകളുടെ അന്വേഷണം എത്രത്തോളമായിരുന്നു എന്നും, ഇയാളോട് കൈക്കൂലി ആവശ്യപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നുവോ എന്നും അറിയാന്‍ സാധിക്കുകയുള്ളൂ. നേരത്തേ ഈ രേഖകള്‍ ആവശ്യപ്പെട്ട് ഇഡിക്ക് വിജിലന്‍സ് കത്ത് നല്‍കിയിരുന്നുവെങ്കിലും, ഇഡി ഇതുവരെയും ഈ രേഖകള്‍ കൈമാറിയിട്ടില്ല എന്നാണ് വിവരം. പിന്നാലെയാണ് വിജിലന്‍സ് സംഘം നേരിട്ട് ഇഡി ഓഫീസിലേക്ക് എത്തിയത്.
ഓഫീസിലെത്തിയ വിജിലന്‍സ് സംഘം, തങ്ങള്‍ക്ക് വേണ്ട രേഖകളുടേയും തെളിവുകളുടേയും ഒരു ലിസ്റ്റ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള നീക്കമാണ് വിജിലന്‍സ് നടത്തിയിരിക്കുന്നത്. നിയമപരമായി ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയാണ് വിജിലന്‍സ് ചെയ്തിരിക്കുന്നത്. ഈ നോട്ടീസിന് കൃത്യമായ മറുപടി നല്‍കാത്തപക്ഷം വിജിലന്‍സിന്റെ ഭാഗത്തുനിന്നും കൂടുതല്‍ നിയമനടപടികള്‍ ഉണ്ടാകും.
Content Highlights: ed officials bribery case vigilance raid at ed kochi office crime news ernakulam
Published: 02 Jun 2025, 05:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented