കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന സംശയത്തിൽ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ടാനച്ഛനെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ കുട്ടിയെ വീട്ടിൽ കണ്ടിരുന്നുവെന്നും പിന്നീട് പുറത്തേക്ക് കണ്ടിട്ടില്ലെന്നും പരിസരവാസികൾ പറയുന്നു.

To advertise here,

ഇന്നുരാവിലെ, വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞ് രണ്ടാനച്ഛൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടി മരിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പോലീസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയത്.

വീടിനുമുകളിൽനിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റത് എന്നാണ് രണ്ടാനച്ഛൻ പോലീസിനോടും ആവർത്തിച്ചത്. എന്നാൽ സംശയം തോന്നിയ പോലീസ് ഇവരുടെ വീടിന്റെ പരിസരത്തുള്ളവരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നു എന്ന അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇതൊരു സ്വാഭാവിക അപകടമരണമല്ലെന്ന നിഗമനത്തിലാണ് പോലീസ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ച് നടത്തുന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ യഥാർത്ഥ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ എന്ന് പോലീസ് അറിയിച്ചു.