കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകടവുമായി ബന്ധപ്പെട്ട്, ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിലും അമിതവേഗം സ്ഥിരീകരിച്ചു. കേസിൽ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് കണ്ടെത്തിയ നിഗമനങ്ങളോട് അടുത്ത് നിൽക്കുന്ന വിവരങ്ങളാണ് കാർ കമ്പനിയും പങ്കുവെച്ചിരിക്കുന്നത്.

To advertise here,

അപകടസ്ഥലത്തേക്കുള്ള യാത്രാമധ്യേ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണ് വാഹനം പിന്നിട്ടതെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന് കൂടുതൽ ശാസ്ത്രീയമായ പിന്തുണ നൽകുന്നതാണ് വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് ബിഎംഡബ്ല്യു ഇന്ത്യ ഇന്ന് അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോർട്ട്.

ബിഎംഡബ്ല്യു കമ്പനിയുടെ റിപ്പോർട്ട് പ്രകാരം, അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയതെന്നും വാഹനത്തിന്റെ ക്രാഷ് ഡാറ്റാ വിശകലനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ വിശകലനത്തിലൂടെ അന്വേഷണസംഘം നേരത്തെ കണ്ടെത്തിയ അമിതവേഗം വാഹനത്തിന്റെ ക്രാഷ് ഡാറ്റാ പരിശോധനയിലൂടെയും സ്ഥിരീകരിക്കപ്പെട്ടത് അന്വേഷണത്തിൽ നിർണായകമായ തെളിവാണ്. വാഹനത്തിന്റെ സാങ്കേതിക സംവിധാനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾക്ക് കൂടുതൽ ശാസ്ത്രീയമായ അടിത്തറ നൽകുന്നു.

അപകടത്തിന്റെ സാഹചര്യങ്ങൾ, വാഹനത്തിന്റെ വേഗത, അപകടത്തിന് തൊട്ടുമുമ്പുള്ള ഡ്രൈവറുടെ പ്രവർത്തനങ്ങൾ, മറ്റ് പ്രതികളുടെ പങ്ക് എന്നിവ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡിഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.