കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കുന്നതിന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഏജന്റുമാർ എറണാകുളം വിജിലൻസ് സംഘത്തിന്റെ പിടിയിൽ. എറണാകുളം തമ്മനം സ്വദേശി വിൽസൺ (36)‍, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് (54) എന്നിവർ രണ്ടുലക്ഷം രൂപ കൈപ്പറ്റുമ്പോഴാണ് പിടിയിലായത്.

To advertise here,

കശുവണ്ടി വ്യവസായിയായ കൊട്ടാരക്കര സ്വദേശിയാണ് പരാതിക്കാരൻ. കശുവണ്ടി വ്യവസായ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജ രേഖ ഉപയോഗിച്ച് ഈ പണം വിദേശത്ത് ഉപയോഗിക്കുന്നത് കണ്ടെത്തിയെന്നും കാണിച്ച് പരാതിക്കാരന് കൊച്ചി ഇഡി ഓഫീസിൽനിന്ന് 2024-ൽ സമൻസ് ലഭിച്ചിരുന്നു. പരാതിക്കാരൻ ഇഡി ഓഫീസിൽ ഹാജരായിരുന്നു. വർഷങ്ങൾക്കു മുൻപുമുതലുള്ള ബിസിനസുകളുടെ രേഖകളും കണക്കുകളും കാണിക്കാനും അല്ലെങ്കിൽ കേസെടുക്കുമെന്നും അറിയിച്ചു.

ഇതിനുശേഷം ഇഡി ഓഫീസിലെ ഏജന്റെന്ന് പരിചയപ്പെടുത്തി വിൽസൺ പരാതിക്കാരനെ പല തവണ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് നേരിൽക്കണ്ട് ഇഡി കേസിൽനിന്ന് ഒഴിവാക്കാൻ രണ്ടുകോടി രൂപ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന് അറിയിച്ചു. ഇഡി ഓഫീസുമായുള്ള ബന്ധം തെളിയിക്കുന്നതിന് ഓഫീസിൽനിന്ന്‌ വീണ്ടും സമൻസ് അയപ്പിക്കാമെന്ന് വിൽസൺ പറഞ്ഞു. അതുപ്രകാരം ഇക്കഴിഞ്ഞ 14-ന് പരാതിക്കാരന് വീണ്ടും സമൻസ് ലഭിച്ചു.

അന്ന് ഇഡി ഓഫീസിനു സമീപംവെച്ച് പരാതിക്കാരനെ വിൽസൺ കാണുകയും കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ വീതം നാലു തവണകളായി രണ്ടുകോടി രൂപ ഒരു സ്വകാര്യ ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിൽ ഇടാനും ആവശ്യപ്പെട്ടു. മാത്രമല്ല രണ്ടുലക്ഷം രൂപ പണമായി വിൽസനെ ഏൽപ്പിക്കണമെന്നും ബാങ്ക് അക്കൗണ്ടിൽ പണമിടുമ്പോൾ 50,000 രൂപ അധികമായി ഇടണമെന്നും പറഞ്ഞു. ഇതിനായി അക്കൗണ്ട് നമ്പരും കൈമാറി.

വിവരം എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ പരാതിക്കാരനറിയിച്ചു. ഇതോടെ വിജിലൻസ് നിരീക്ഷണം തുടങ്ങിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് 3.30-ന് പനമ്പിള്ളിനഗറിൽ െവച്ച് പരാതിക്കാരനിൽനിന്ന്‌ രണ്ടുലക്ഷം രൂപ വാങ്ങവേ ഏജൻറായ വിൽസണെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രാജസ്ഥാൻ സ്വദേശി മുരളി മുകേഷിന്റെ പങ്ക് ബോധ്യമായത്. തുടർന്ന് മുരളി മുകേഷിനെയും കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇരുവരെയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.