
ലഖ്നൗ: സി.ബി.ഐ, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സൈബര്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത രണ്ടുപേര്‍ യു.പി. പോലീസിന്റെ പിടിയിലായി. അട്ടര്സുയ സ്വദേശി സന്ദീപ് കുമാര്‍ സെന്‍(23) ഖുല്‍ദാബാദ് സ്വദേശി മുഹമ്മദ് സാഹില്‍(19) എന്നിവരെയാണ് പ്രയാഗ് രാജ് ഡി.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രയാഗ് രാജ് സ്വദേശിയില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 68 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് പ്രതികളെ പിടികൂടിയതെന്നും ഇത്തരം തട്ടിപ്പിലൂടെ ഒന്നരക്കോടിയിലേറെ രൂപ വിവിധയാളുകളില്‍നിന്ന് ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ക്രിപ്റ്റോകറന്‍സി നിക്ഷേപം നടത്തിയാല്‍ വന്‍ലാഭം വാഗ്ദാനം ചെയ്താണ് പ്രതികള്‍ പരാതിക്കാരനെ ബന്ധപ്പെട്ടത്. തങ്ങളുടെ ഓണ്‍ലൈന്‍ ആപ്പിലൂടെ 20 ലക്ഷം രൂപ നിക്ഷേപം നടത്തിയാല്‍ ഉയര്‍ന്നലാഭം കിട്ടുമെന്നായിരുന്നു വാഗ്ദാനം. പണം നിക്ഷേപിച്ചതിന് പിന്നാലെ പ്രതികള്‍ തന്നെ സി.ബി.ഐ, റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പരാതിക്കാരനെ വീണ്ടും ബന്ധപ്പെട്ടു. ക്രിപ്റ്റോ നിക്ഷേപം നടത്തിയതിന് കേസെടുത്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് ഇവര്‍ പരാതിക്കാരനില്‍നിന്ന് പണം തട്ടിയത്. ഇത്തരത്തില്‍ 68 ലക്ഷം രൂപയോളം പ്രതികള്‍ കൈക്കലാക്കിയെന്നും പോലീസ് പറഞ്ഞു.
പോലീസിന്റെ ചോദ്യംചെയ്യലില്‍ ഒട്ടേറെപേരെ സൈബര്‍ തട്ടിപ്പിനിരയാക്കിയതായി ഇരുവരും സമ്മതിച്ചു. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആളുകളെ ഓണ്‍ലൈന്‍ വഴി ബന്ധപ്പെടുകയും ഇവരെ 'വെര്‍ച്വല്‍ അറസ്റ്റ്' ചെയ്ത് ഭീഷണിപ്പെടുത്തിയുമാണ് പണം കവര്‍ന്നിരുന്നത്.
ഇരയെക്കുറിച്ച് വ്യക്തമായി പഠിക്കുകയെന്നതാണ് പ്രതികള്‍ നടത്തിയ തട്ടിപ്പിന്റെ ആദ്യഘട്ടം. വിവിധ ഇന്‍ഷൂറന്‍സ് ഏജന്റുമാരില്‍നിന്നും സെയില്‍സ് എക്സിക്യൂട്ടിവുമാരില്നിന്നും സാമൂഹികമാധ്യമങ്ങളില്നിന്നുമാണ് ആളുകളുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിക്കുന്നത്. പേര്, വിലാസം, മൊബൈല്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകളുടെ വിശദാംശങ്ങള്‍ എന്നിവയടങ്ങിയ ഡാറ്റാബേസ് ഇവര്‍ പണംകൊടുത്തും അല്ലാതെയും കൈക്കലാക്കും. തുടര്‍ന്ന് ഇതില്‍നിന്ന് ഉയര്‍ന്ന സാമ്പത്തികമുള്ളവരെ ലക്ഷ്യമിടും. ഇവരെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്നിന്നടക്കം ശേഖരിക്കും. തുടര്‍ന്ന് ഇവരെ വിളിച്ച് ക്രിപ്റ്റോ നിക്ഷേപം നടത്താന്‍ പ്രലോഭിക്കുകയും പിന്നീട് കേസെടുത്തെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൂടുതല്‍ തുക കൈക്കലാക്കുന്നതുമായിരുന്നു രീതി.
12-ാംക്ലാസ് തോറ്റവര്‍, സ്വന്തമായി ബാര്‍ ഹോട്ടലുകള്‍...
അറസ്റ്റിലായ രണ്ടുപേരും ആഡംബരജീവിതത്തിനായാണ് സൈബര്‍ തട്ടിപ്പ് നടത്തി പണം സമ്പാദിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 12-ാംക്ലാസ് തോറ്റ ഇരുവരും സൈബര്‍ തട്ടിപ്പില്‍ 'വിദഗ്ധരാണ്'. തട്ടിയെടുക്കുന്ന പണം ആഡംബരജീവിതത്തിനായാണ് ഇവര്‍ ചെലവഴിച്ചിരുന്നത്. ഡല്‍ഹിയില്‍ സ്വന്തമായി ബാര്‍ ഹോട്ടല്‍ ശൃംഖല പ്രതികള്‍ക്കുണ്ട്. മാസം അറുപതിനായിരം രൂപയോളം വാടകയുള്ള ഫ്ളാറ്റിലായിരുന്നു താമസം. ഇവിടെ നടത്തിയ പരിശോധനയില്‍ വിലകൂടിയ വസ്ത്രങ്ങളുടെ ശേഖരമാണ് കണ്ടെത്താനായതെന്നും പോലീസ് പറഞ്ഞു.
ആഡംബര കാറുകളും വിലകൂടിയ വസ്ത്രങ്ങളും ഷൂസുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വാച്ചുകളും പ്രതികള്‍ വാങ്ങിക്കൂട്ടിയിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ പ്രതികളിലൊരാളായ സാഹില്‍ ധരിച്ചിരുന്നത് 15,000 രൂപയോളം വിലവരുന്ന ടീഷര്‍ട്ടായിരുന്നു. ഇതിനുപുറമേ പതിനായിരവും 25,000 രൂപയും വിലയുള്ള ടീഷര്‍ട്ടുകളാണ് പ്രതികളുടെ അലമാരകളില്‍നിന്ന് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.
Content Highlights: up police arrested cyber fraud gang
Published: 22 Aug 2024, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented