മുംബൈ: ഗുജറാത്ത് സ്വദേശിയായ വ്യാപാരിയെ (67) വഞ്ചിച്ച് 1.95 കോടി രൂപ വിലമതിക്കുന്ന സ്വർണവും 30 ലക്ഷത്തിലേറെ രൂപയും തട്ടിയെടുത്തുമുങ്ങിയ രണ്ട് മലയാളികളുടെപേരിൽ കേസെടുത്തു. മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസ് തുംബ്ലൻതൊടി, നിയാസ് മുഹമ്മദ് കാട്ടുമാടത്തിൽ എന്നിവരുടെപേരിലാണ്‌ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. മുംബൈ വിമാനത്താവളത്തിൽവെച്ചായിരുന്നു സംഭവം.

To advertise here,

ദുബായിൽനിന്നു സ്വർണംവാങ്ങി നാട്ടിൽ വിൽക്കാൻ പദ്ധതിയിട്ട വ്യാപാരി, ഇന്ത്യയിലെത്തുമ്പോൾ കസ്റ്റംസ് നികുതിയായി അടയ്ക്കാൻ 1.28 ലക്ഷം യു.എ.ഇ. ദിർഹം (ഏകദേശം 33.35 ലക്ഷം രൂപ) കൈയിൽ കരുതിയിരുന്നു. ദുബായിൽനിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണു നിയാസ് മുഹമ്മദിനെ വ്യാപാരി പരിചയപ്പെട്ടത്. മുംബൈയിൽ വിമാനമിറങ്ങിയശേഷം, കസ്റ്റംസ് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കാമെന്നു പറഞ്ഞ്‌ നിയാസ് വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. നികുതിയടയ്ക്കാൻ തയ്യാറെടുക്കുന്നതിനിടെ, സഹായിക്കാനെന്ന വ്യാജേന സ്വർണവും പണവും അടങ്ങിയ ബാഗ് കൈക്കലാക്കിയ ഇയാൾ ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ കടന്നുകളഞ്ഞെന്ന് പോലീസ് പറഞ്ഞു. വിമാനത്താവളത്തിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. നിയാസിനൊപ്പം പദ്ധതി ആസൂത്രണം ചെയ്യാനും കൃത്യം നടത്താനും ഹാരിസും സഹായിച്ചെന്നും വ്യാപാരിയുടെ പരാതിയിലുണ്ട്.