പോത്താനിക്കാട്: ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ പണിപൂർത്തിയായി വരുന്ന വീട്ടിൽ മോഷണം. പൈങ്ങോട്ടൂർ ആയങ്കരയിലെ വീട്ടിൽ ഞായറാഴ്ച ആറരയോടെയാണ് സംഭവം. വീട്ടുകാരോ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. മതിൽ ചാടി വന്ന മോഷ്ടാവ് വീടിനുള്ളിൽ നിർമാണത്തിന്റെ ഭാഗമായുണ്ടായിരുന്ന വൈദ്യുതി കേബിളുകൾ മുറിച്ച് കടത്തി. വൈദ്യുതി പാനൽ ബോർഡ് അറുത്തെടുത്തു.

To advertise here,

50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. പറഞ്ഞു. പോത്താനിക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കല്ലൂർക്കാട് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. വിരലടയാള വിദഗ്ധർ, ശാസ്ത്രീയ പരിശോധക സംഘം എന്നിവർ സ്ഥലത്തെത്തി. മോഷണ മുതലുകൾ വിൽക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നും പോലീസ് തിരക്കുന്നുണ്ട്.

പല്ലാരിമംഗലം ശിവക്ഷേത്രത്തിൽനിന്ന് വിളക്കുകളും നിവേദ്യ പാത്രങ്ങളും മോഷണം പോയി. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്. സി.സി.ടി.വി. യിൽ മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി.