ലണ്ടൻ: പെൻഷൻ തുക തട്ടിയെടുക്കാൻ അമ്മയുടെ മൃതദേഹം മൂന്ന് വർഷത്തോളം ഫ്രീസറിൽ ഒളിപ്പിച്ചുവെച്ചയാൾക്ക് ജയിൽശിക്ഷ വിധിച്ച യു.കെ കോടതി. സൗത്ത് വെയ്‌ൽസിലെ പോർത്ത്‌കോളിൽ നിന്നുള്ള ക്രിസ്റ്റഫർ ഫിലിപ്‌സ് (60) എന്നയാൾക്കാണ് കോടതി രണ്ട് വർഷവും നാല് മാസവും ശിക്ഷ വിധിച്ചത്.

To advertise here,

ക്രിസ്റ്റഫറിന്റെ അമ്മ സിൽവിയ ഫിലിപ്‌സ് 2023 മാർച്ചിലാണ് മരിച്ചത്. എന്നാൽ, വിവരം അധികൃതരെ അറിയിക്കാതെ ക്രിസ്റ്റഫർ മൃതദേഹം ഫ്രീസറിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. തുടർന്ന് അമ്മയുടെ പേരിലുള്ള പെൻഷനും ക്ഷേമ പദ്ധതികൾ, ഭവനപദ്ധതി, മറ്റു സർക്കാർ സഹായങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങളും കൈപ്പറ്റുകയായിരുന്നു. ഈ മൂന്ന് വർഷത്തിനിടെ 78,190 പൗണ്ട് (ഏകദേശം ഒരു കോടി രൂപ) ഇങ്ങനെ കൈക്കലാക്കി. അമ്മയുടെ ബാങ്ക് അക്കൗണ്ടുകൾ ഇയാൾ അനധികൃതമായി ഉപയോഗിച്ചിരുന്നതായും കോടതി കണ്ടെത്തി.

സിൽവിയ ഫിലിപ്‌സിനെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ഇവരുടെ ഡോക്ടർമാർ ആണ് 2026 ഫെബ്രുവരിയിൽ പോലീസിൽ വിവരമറിയിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോൾ അമ്മ ബന്ധുക്കളോടൊപ്പം ലണ്ടനിലാണെന്നാണ് ക്രിസ്റ്റഫർ ആദ്യം പറഞ്ഞത്. എന്നാൽ, ഇയാളെ ചോദ്യംചെയ്തതോടെ പോലീസിന് സംശയം തോന്നുകയും വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രീസറിനുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

വർഷങ്ങളോളം അമ്മയെ പരിചരിച്ചത് താനാണെന്നും അമ്മയുടെ മരണം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും അവരെ വിട്ടുപിരിയാൻ കഴിയാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, ഇതെല്ലാം കോടതി തള്ളിക്കളഞ്ഞു. 

സാമ്പത്തിക തട്ടിപ്പിനുവേണ്ടിയാണ് അമ്മയുടെ മരണം പുറത്തറിയിക്കാതെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനും മൃതദേഹം ശരിയായി അടക്കംചെയ്യാതിരുന്നതിനും ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതിനായി സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് കോടതി ക്രിസ്റ്റഫറിനെ ശിക്ഷിച്ചത്.