ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ ആക്രിക്കടയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. തടിപ്പെട്ടിയിൽ അടച്ച നിലയിലായിരുന്നു അസ്ഥികൂടം. തുടർന്ന് ശുചീകരണപ്രവർത്തനത്തിൽ ഏർപെട്ടിരുന്നവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെ ഒരു സ്‌കൂളിൽനിന്നാണ് ഈ വസ്തു തനിക്ക് ലഭിച്ചതെന്നാണ് ഇവിടെ ആക്രിവസ്തുക്കൾ സൂക്ഷിക്കുന്ന വ്യാപാരി പോലീസിന് നൽകിയിരിക്കുന്ന മൊഴി.

To advertise here,

ഇത് യഥാർത്ഥ അസ്ഥികൂടമാണോ അതോ സ്‌കൂളിൽ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്ന കൃത്രിമമായി നിർമിക്കപ്പെട്ട ഘടനയാണോ എന്നത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു. അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സ്‌കൂളിലെ ജൈവമാലിന്യങ്ങൾ (Biological Waste) ആക്രിക്ക് നൽകിയ കൂട്ടിത്തിലാകാം അസ്ഥികൂടവും ഉൾപ്പെട്ടത്. ഇവയെല്ലാം ഒരുമിച്ച് ഒരു സ്ഥലത്തുകൊണ്ടുപോയി തട്ടുകയാണ് പതിവ്, ശേഷമാണ് വേർതിരിക്കുക.

ഇത്തരത്തിൽ വേർതിരിക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണപ്രവർത്തനങ്ങളുടെ ഇടയിൽ പെട്ടി തൊഴിലാളികളുടെ കണ്ണിൽ പെടുകയായിരുന്നു. സ്‌കൂളിൽനിന്ന് ആക്രി വ്യാപാരിയിലേക്ക് ഈ വസ്തു എത്തപ്പെട്ട സാഹചര്യം ഇതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  ഇതിനുപിന്നിൽ മറ്റെന്തെങ്കിലും നിഗൂഢതയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. 

അതിനായി, ലഭിച്ച അവശിഷ്ടങ്ങൾ യഥാർത്ഥ അസ്ഥികൂടമാണോ അതോ ഡമ്മിയാണോ എന്നാണ് ആദ്യം അറിയേണ്ടത്. ഇതിനായി കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾ വേണ്ടിവരും. അസ്ഥികൂടം ലഭിച്ചുവെന്ന് പറയപ്പെടുന്ന സ്‌കൂളും ആക്രി വ്യാപാരിയും തമ്മിലുള്ള ബന്ധവും പോലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂൾ അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഇത് യഥാർത്ഥ അസ്ഥികൂടമാണെന്ന് തെളിഞ്ഞാൽ സ്‌കൂളിൽ നിന്നുതന്നെയാണോ ഈ അവശിഷ്ടങ്ങൾ ലഭിച്ചത്, അങ്ങനെയെങ്കിൽ അവർക്ക് ഈ അസ്ഥികൂടം എവിടെനിന്നാണ് കിട്ടിയത്, സ്‌കൂളിൽ നിന്നല്ല അസ്ഥികൂടം ലഭിച്ചതെങ്കിൽ ആക്രിവ്യാപാരിക്ക് എവിടെനിന്നാണ് ഇത് കിട്ടിയത്, അസ്ഥികൂടം അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയതാണോ അതോ മനപൂർവം ഒളിപ്പിച്ചതാണോ, എങ്കിൽ അതിനുപിന്നിലെ കാരണമെന്ത് എന്നതടക്കം പല വഴികളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടി വരുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.