തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ചിദംബരത്ത് കണ്ടെത്തിയ മൃതദേഹം നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി രക്ഷപ്പെട്ട സുരേഷിന്റേതെന്ന് സംശയം. വ്യാഴാഴ്ച രാവിലെയാണ് ചിദംബരത്തെ റെയിൽവേട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് പോലീസിൽനിന്ന് ലഭിച്ച വിവരങ്ങളും ചിത്രങ്ങളും അനുസരിച്ച് ഇത് സുരേഷിന്റേതാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച പുലർച്ചെ 5.45-ഓടെയാണ് നാലാഞ്ചിറ മഠത്തുനട കെ.ആർ.എ. 158 തിരുപ്പതി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യെ കൊലപ്പെടുത്തിയശേഷം ഭർത്താവ് സുരേഷ്(46) കാറിൽ രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. മൊബൈൽടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽഫോൺ ബുധനാഴ്ച വൈകിട്ട് കിള്ളിപ്പാലത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുരേഷിന്റെ കാർ കരമന കടന്നുപോയതായി സ്ഥിരീകരിച്ചിരുന്നു. പിന്നീട് ബാലരാമപുരത്ത് കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയതായും പറയുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിലും സ്ഥിരീകരണമില്ല.
വഴക്കിന് പിന്നാലെയാണ് സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഹസീനയും സുരേഷും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായി. ഒരാഴ്ചയായി ഹസീനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ഇരുവരും വഴക്ക് തുടർന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകം നേരിൽക്കണ്ട ഇവരുടെ മൂത്തമകൾ അമൃതാ സുരേഷാണ് ഫോണിൽ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകത്തിനുശേഷം കത്തി കുളിമുറിയിൽ കൊണ്ടുപോയി കഴുകിയശേഷം സുരേഷ് കാറിൽ കടന്നുകളയുകയായിരുന്നു.
ഹസീനയും സുരേഷും ഇവരുടെ നാലു മക്കളും ബന്ധുവായ സ്ത്രീയ്‌ക്കൊപ്പം അഞ്ചുമാസം മുൻപാണ് ഈ വീട്ടിൽ താമസിക്കാൻ എത്തിയത്. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ സുരേഷും മണക്കാട് സ്വദേശിനിയായ ഹസീനയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മണ്ണന്തല, വട്ടിയൂർക്കാവ് മേഖലകളിൽ വാടകവീടുകളിലാണ് ഇവർ നേരത്തേ താമസിച്ചിരുന്നത്.
രക്ഷപ്പെട്ടശേഷം മകളോട് ഫോണിൽ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. രണ്ടാഴ്ച മുൻപ് ആത്മഹത്യാശ്രമത്തെ തുടർന്ന് സുരേഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദ്യാർഥികളായ ആനന്ദ്, അനയ, റോഷൻ എന്നിവരാണ് മറ്റു മക്കൾ.
Content Highlights: Haseena (36) was murdered by her husband Suresh (46) at their residence in Nalanchira., The suspect fled in a car after the incident and abandoned his mobile phone in Killipalam., A body found on railway tracks in Chidambaram, Tamil Nadu, is suspected to be that of Suresh., The incident followed a domestic dispute; the couple's eldest daughter witnessed the crime and alerted the police., Police are currently verifying the identity of the recovered body.
Published: 04 Jun 2026, 12:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented