
തിരുവനന്തപുരം: യുഎസില്‍ താമസിക്കുന്ന സ്ത്രീയുടെ പേരിലുള്ള കവടിയാറിലെ കോടികള്‍ വിലവരുന്ന വസ്തു ആള്‍മാറാട്ടം നടത്തി തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഡിസിസി അംഗവും വെണ്ടറുമായ അനന്തപുരി മണികണ്ഠനെയാണ് പോലീസ് പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അമേരിക്കയില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിസ്പിയുടെ കവടിയാര്‍ ജവഹര്‍നഗറിലെ നാലരക്കോടി വിലവരുന്ന വീടും സ്ഥലവുമാണ് മണികണ്ഠനടക്കമുള്ള പ്രതികള്‍ ചേര്‍ന്ന് തട്ടിയെടുത്തത്. വ്യാജരേഖ ചമച്ചും ആള്‍മാറാട്ടം നടത്തിയുമായിരുന്നു തട്ടിപ്പ്. കേസില്‍ പുനലൂര്‍ സ്വദേശിനി മെറിന്‍ ജേക്കബ്(27), വട്ടപ്പാറ സ്വദേശിനി വസന്ത(76) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ചാണ് മെറിനും മണികണ്ഠനും അടക്കമുള്ളവര്‍ തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്. ഡോറയുടെ വളര്‍ത്തുമകളാണെന്ന വ്യാജേന മെറിന്‍ ജേക്കബിന്റെ പേരില്‍ വസ്തുവും വീടും ശാസ്തമംഗലം രജിസ്റ്റര്‍ ഓഫീസില്‍വച്ച് ധനനിശ്ചയം ചെയ്തു. തുടര്‍ന്ന് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വസ്തു വിലയാധാരം ചെയ്തു നല്‍കി. ഡോറ അമേരിക്കയില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം.
മണികണ്ഠനായിരുന്നു ഇതിന്റെയെല്ലാം സൂത്രധാരനെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രജിസ്ട്രാര്‍ ഓഫീസിലെ രേഖകളിലെ വിരലടയാളം പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.
Content Highlights: A Congress leader has been arrested in Trivandrum for allegedly orchestrating a multi-crore property
Published: 29 Jul 2025, 12:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented