വിവാഹമോചനക്കേസിൽ സംഗീത സ്വർണ്ണലിംഗം കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ശ്രദ്ധാകേന്ദ്രമായി വിജയ്‌യുടെ ചെന്നൈയിലെ നീലാങ്കരൈയിലെ വസതി. വിവിധ റിപ്പോർട്ടുകൾ പ്രകാരം 80 കോടിയോളം രൂപയാണ് കാസുറിന ഡ്രൈവിലെ കടലിന് അഭിമുഖമായുള്ള വസതിക്ക് വിലമതിക്കുന്നത്. പ്രൈവറ്റ് ജിമ്മും സ്വിമ്മിങ് പൂളും ചെറിയ പൂന്തോട്ടവും ഉൾപ്പെടുന്നതാണ് വസതി.

To advertise here,

തമിഴ്‌നാട്ടിൽ പോയസ് ഗാർഡൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റികളും പണക്കാരും താമസിക്കുന്ന ഇടംകൂടിയാണ് നീലാങ്കരൈ. 18,000 മുതൽ 25,000 വരെയാണ് ചതുരശ്ര അടിക്ക് ഇവിടെ മൂല്യംകണക്കാക്കപ്പെടുന്നത്. താമസക്കാരെല്ലാം മിക്കവാറും സെലിബ്രിറ്റകളായതുകൊണ്ട് തന്നെ കടുത്ത സുരക്ഷയാണ് ഇവിടെയൊരിക്കിയിരിക്കുന്നത്.

വിശാലമായ തുറന്നസ്ഥലങ്ങളും മിനിമലിസ്റ്റിക് ഡിസൈനുമാണ് വിജയ്‌യുടെ വീടിന്റെ പ്രത്യേകത. മൾട്ടി- ലെയേഡ് സെക്യൂരിറ്റിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരേക്കറിലേറെ സ്ഥലത്താണ് വസതി സ്ഥിതിചെയ്യുന്നത്. നമ്പർ 36, കാസുറിന ഡ്രൈവ്, ശ്രീ കപാലീശ്വർ നഗർ, നീലാങ്കരൈ, ചെന്നൈ- 600 115 എന്നാണ് സംഗീതയുടെ ഹർജി പ്രകാരം വിജയ്‌യുടെ വിലാസം.

വിവാഹമോചന ഹർജിയിൽ തീരുമാനമാവുന്നതുവരെ ഭർതൃവീട്ടിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗീതയുടെ പുതിയ ഹർജി. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടുള്ള ഹർജിക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 22-നാണ് സത്യവാങ്മൂലം സമർപ്പിച്ച തീയതി.

നിയമപരമായി വിവാഹം വേർപ്പെടുത്താൻ ശ്രമിച്ചാൽ ഭർതൃവീട്ടിൽ ഒരുമിച്ച് താമസിക്കാൻ അനുവദിക്കില്ലെന്ന് വിജയ്‌യുടെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയതായി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. യുകെ പൗരയായ താൻ ലണ്ടനിൽ ബയോമെഡിക്കൽ സയൻസിൽ ബിരുദം പൂർത്തിയാക്കി. വിവാഹശേഷം വിജയ്‌ക്കൊപ്പമാണ് താമസം. സാലിഗ്രാമത്തിലെ വസതിയിലും തുടർന്ന് അഡയാറിലെ കസ്തൂർബ നഗറിലെ വീട്ടിലുമായി ഇപ്പോൾ ഏറെക്കാലമായി നീലാങ്കരൈയിലെ വസതയിലേക്കും താമസം മാറി. ഇവിടെനിന്ന് ഇറക്കിവിട്ടാൽ തനിക്ക് ഇന്ത്യയിൽ താമസിക്കാൻ മറ്റൊരിടമില്ലെന്നും പ്രധാന ഹർജിയിൽ തീരുമാനമാകുന്നതുവരെ നീലാങ്കരയിലെ വസതിയിൽ താമസിക്കാൻ അനുവദിക്കണമെന്നും ഇതിനായി ഇടക്കാല ഉത്തരവിറക്കണമെന്നുമാണ് ആവശ്യം.