പാട്യാല: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. സർവകലാശാലയിലെ ഗേൾസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിയെ ഹോസ്റ്റൽ ജീവനക്കാരൻ പീഡനത്തിനിരയാക്കിയതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പീഡന വിവരം പുറത്തുവന്നതിന് പിന്നാലെ സംഭവം ഒത്തുതീർപ്പാക്കാൻ അധികൃതർ പെൺകുട്ടിയെ വീട്ടിലേക്ക് അയക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വീട്ടിലെത്തിയ പെൺകുട്ടി ശനിയാഴ്ച വൈകീട്ടോടെ ആത്മഹത്യ ചെയ്യുകയായിരുന്നു.

To advertise here,

പെൺകുട്ടിയുടെ മരണവാർത്ത പുറത്തുവന്നതോടെ വിദ്യാർഥികൾ സർവകലാശാലയിലെ വാഹനങ്ങൾക്കും ഉപകരണങ്ങൾക്കും തീയിടുകയും വലിയ കേടുപാടുകൾ വരുത്തുകയും ചെയ്തു. സർവകലാശാലാ ഗേറ്റിന് തീയിട്ട വിദ്യാർഥികൾ, ക്യാമ്പസിന് പുറത്ത് സ്ഥാപിച്ചിരുന്ന ഉപയോഗശൂന്യമായ ഒരു ജെറ്റ് വിമാനത്തിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. പ്രക്ഷോഭത്തിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഹോസ്റ്റലിലെ ഇലക്ട്രിക്കൽ ജീവനക്കാരനാണ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയതെന്ന് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ആദ്യഘട്ടത്തിൽ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് അധികൃതർ അത് മറച്ചുവെക്കുകയായിരുന്നെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. കൂടാതെ, തങ്ങൾക്ക് വലിയ രീതിയിലുള്ള സുരക്ഷാഭീഷണിയുണ്ടെന്നും പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താനാണ് ശ്രമം നടക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. പെൺകുട്ടിയെ പീഡിപ്പിച്ചതിൽ ഇലക്ട്രിക്കൽ ജീവനക്കാരന് പുറമെ മറ്റു രണ്ടുപേർക്ക് കൂടി പങ്കുണ്ടെന്ന രീതിയിൽ ചില സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.