സുൽത്താൻബത്തേരി: പതിവായി ലോട്ടറി എടുത്തിട്ടും സമ്മാനം ലഭിച്ചില്ലെന്നാരോപിച്ച് ലോട്ടറി കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. പൂങ്കാവനം ലോട്ടറി ഉടമ വിനീത രജീഷി(32)നാണ് പരിക്കേറ്റത്. സംഭവത്തിൽ തമിഴ്നാട് പാട്ടവയൽ പഞ്ചോറ സ്വദേശിയായ ശിവകുമാറി(44)നെ ചെക്ക്പോസ്റ്റിലുള്ള തമിഴ്നാട് പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി പിന്നീട് നൂൽപ്പുഴ പോലീസിന് കൈമാറി.

To advertise here,

കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ നമ്പ്യാർകുന്നിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കടയിൽ വിനീതമാത്രമാണുണ്ടായിരുന്നത്. കത്തിയുമായെത്തിയ ശിവകുമാർ കുറച്ചുനേരം വാക്കുതർക്കത്തിലേർപ്പെട്ട ശേഷം പെട്ടെന്ന് കത്തികൊണ്ട് വിനീതയുടെ തലയ്ക്ക് കുത്തുകയായിരുന്നു.

കത്തികൊണ്ടുള്ള കുത്തിൽ തലയ്ക്കും കഴുത്തിനും പരിക്കേറ്റ വിനീതയെ ആദ്യം ചീരാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് തലയ്ക്കായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണംചെയ്തതായാണ് വിവരം.

റോഡിന് ഇരുവശത്തുമായി അതിർത്തിപങ്കിടുന്ന നമ്പ്യാർകുന്നിൽ കേരളത്തിനുള്ളിൽ തമിഴ്നാട്ടിൽനിന്നുള്ളവരെ പ്രതീക്ഷിച്ച് നിരവധി ലോട്ടറിക്കടകളുണ്ട്. തമിഴ്നാട്ടിൽ ലോട്ടറിയില്ലാത്തതിനാൽ നൂറുകണക്കിനാളുകൾ ദിവസവും ഇവിടെയെത്തി ലോട്ടറിയെടുക്കാറുമുണ്ട്.