മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ നടന്ന വെടിവെപ്പ് കേസിൽ പിടിയിലായ പ്രതികൾ, ആക്രമണത്തിന് മുമ്പ് പ്രമുഖ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരുടെ വീടുകളും സുരക്ഷാ സംവിധാനങ്ങളും നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഈ താരങ്ങളുടെ വീടുകളിലെ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ കാരണം പ്രതികൾ പദ്ധതി ഉപേക്ഷിക്കുകയും ടൈഗർ ഷ്റോഫിനെ ലക്ഷ്യമിടാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

To advertise here,

ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ മുംബൈ ജൂഹുവിലെ ഒരു ഫുട്ബോൾ ക്ലബ്ബിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ കോട്ടയിൽവെച്ച് ട്രെയിനിൽനിന്നാണ് മൂന്ന് പ്രധാന പ്രതികളെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ബീഹാറിലെ ബെഗുസരായി സ്വദേശിയായ റിതിക് എന്ന റോഷൻ, ഹരിയാനയിലെ സോണിപ്പത് സ്വദേശിയായ റെഹാൻ എന്നിവരടക്കം മൂന്നുപേരാണ് പിടിയിലായത്.

അക്രമികളുടെ യഥാർഥ ലക്ഷ്യം ടൈഗർ ഷ്റോഫായിരുന്നില്ലെന്നും മറ്റൊരു പ്രമുഖ ബോളിവുഡ് താരത്തെയായിരുന്നു അക്രമികൾ ലക്ഷ്യമിട്ടിരുന്നതെന്നും മുംബൈ ക്രൈംബ്രാഞ്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ.യോട് വ്യക്തമാക്കിയിരുന്നു. നടൻ സൽമാൻ ഖാനെ വെടിവച്ചുവീഴ്ത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് റിപ്പോർട്ട്. സൽമാൻ ഖാനെ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിക്ക് മുന്നിൽവെച്ച് വെടിവെച്ചുവീഴ്ത്താനായിരുന്നു അക്രമികൾ പദ്ധതിയിട്ടിരുന്നത്.

എന്നാൽ, സൽമാൻ ഖാന്റെ ബാന്ദ്രയിലുള്ള അപ്പാർട്ട്മെന്റിന് മുന്നിൽ കനത്ത പോലീസ് സുരക്ഷയും ബാന്ദ്ര പോലീസ് സ്റ്റേഷന്റെ പട്രോളിങ് വാനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച പോലീസുകാരെയും കണ്ടതിനെ തുടർന്ന് ഇവർ പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. തുടർന്നാണ് ടൈഗർ ഷ്റോഫിന്റെ സുരക്ഷയും നീക്കങ്ങളും വിലയിരുത്തുകയും അദ്ദേഹത്തെ എളുപ്പത്തിൽ ലക്ഷ്യമിടാമെന്ന കണക്കുകൂട്ടലിൽ അക്രമികൾ പദ്ധതി മാറ്റുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് പ്രതികൾ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരുടെ വീടുകളും സുരക്ഷാ സംവിധാനങ്ങളും നിരീക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.