പാലക്കാട്: വാടാനാംകുറുശ്ശിയിൽ കഞ്ചാവ് വിൽപ്പന തടയാൻ ശ്രമിച്ച യുവാക്കൾക്കുനേരെ ആക്രമണം. സംഭവത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. വാടാനാംകുറുശ്ശി സ്വദേശികളായ ജയരാജൻ, രതീഷ്, സന്തോഷ് എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

വാടാനാംകുറുശ്ശി പരുത്തിപ്ര മേലേപുറത്ത് ബാബുരാജ്, മയ്യൻകുന്നത്ത് സുരേഷ്, മയ്യൻകുന്നത്ത് സുബീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കാറൽമണ്ണ സ്വദേശി ഹരികൃഷ്ണനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

വാടാനാംകുറുശ്ശി കുഴിയാനാംകുന്ന് കാരക്കാട് റോഡിൽ ആടുവളർത്തൽ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യംമൂലം യുവാക്കൾ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജയരാജനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു രണ്ടുപേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. തിങ്കളാഴ്ചയാണ് പ്രധാന പ്രതിയായ ബാബുരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സുരേഷിനെയും സുബീഷിനെയും തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി പിടികൂടി.

ലഹരിക്കേസുകളിൽ സ്ഥിരം കുറ്റവാളിയായ ബാബുരാജ് കാപ്പ നിയമപ്രകാരവും അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികളായ സുരേഷിനും സുബീഷിനുമെതിരേ മുൻപും കഞ്ചാവ് കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. ഒളിവിലുള്ള ഹരികൃഷ്ണനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.