കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു ബസ് മോഷ്ടിച്ചുകൊണ്ടുപോയ കള്ളന്മാരെ റോഡിലെ ചെളി ചതിച്ചു. നിയന്ത്രണംവിട്ട ബസ് റോഡരികിലെ ചെളിയിൽ കുടുങ്ങിയതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് തടിതപ്പി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പന്തലായിനി പുത്തലത്തുകുന്ന് അഭിനവി(21) നെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേർകൂടി മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് എസ്.ഐ. എ. കിരൺ പറഞ്ഞു.
കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ‘സെനോ’ ബസാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെ ട്രിപ്പ് അവസാനിപ്പിച്ചശേഷം കൊയിലാണ്ടി ബസ്‌സ്റ്റാൻഡിൽ പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിലാണ് ബസ് നിർത്തിയിട്ടത്.
പുലർച്ചെ രണ്ടുമണിയോടെ ബസ് സ്റ്റാർട്ടാക്കിക്കൊണ്ടുപോയെന്നാണ് വിവരം. മൂന്ന് യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പോലീസ് കണ്ടെത്തി.
കോഴിക്കോട് ഭാഗത്തേക്കാണ് ബസ് ആദ്യം കൊണ്ടുപോയത്. കുറച്ചുകഴിഞ്ഞ് വീണ്ടും കൊയിലാണ്ടി ഭാഗത്തേക്കുതന്നെ ബസ് തിരികെ ഓടിച്ചുകൊണ്ടുവന്നു. ഇതിനിടെ ബൈപ്പാസിൽനിന്ന് ചെങ്ങോട്ടുകാവ് ഭാഗത്തേക്ക് സർവീസ് റോഡിലേക്ക് ഇറങ്ങുന്നിടത്ത് നിയന്ത്രണംവിട്ട ബസ് ഒരുവശത്തേക്ക് ചെരിഞ്ഞു. ഡ്രൈവറുടെ സീറ്റിൽനിന്ന് യുവാവ് ഇറങ്ങുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് മറ്റു രണ്ടുപേരും ഇറങ്ങി ബസിന് ചുറ്റും നടക്കുന്ന ദൃശ്യവുമുണ്ട്. പിന്നാലെ ബസ് ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു.
തിങ്കളാഴ്ച കിട്ടിയ കളക്‌ഷൻ തുക നഷ്ടപ്പെട്ടതായി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി വഫയിൽ സലാഹുദ്ദീൻ പറഞ്ഞു. ഒടുവിൽ രണ്ട് ക്രെയിൻ ഉപയോഗിച്ചാണ് ബസ് ചെളിയിൽനിന്ന് നീക്കിയത്.
Content Highlights: A bus parked at Koyilandy bus stand was stolen during the early hours of Tuesday., The thieves abandoned the bus after it got stuck in mud near Chengottukavu., One person, Abhinav from Pandalayani, has been arrested by Koyilandy police., CCTV footage confirmed the involvement of three youths in the theft.
Published: 26 Aug 2026, 12:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented