തൊടുപുഴ: ചുങ്കത്ത് മൂന്നുദിവസം മുൻപ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ​ഗോഡൗണിന്റെ മാൻഹോളിൽ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിസിനസ് പാര്‍ട്ണര്‍മാര്‍ക്ക് ഇടയിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

To advertise here,

കാണാനില്ലെന്ന കേസാണ് ആദ്യം രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് മനസിലായത്. പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്  കൊലയിലേക്ക് നയിച്ചത്.

ക്വട്ടേഷൻ കൊടുക്കുകയായിരുന്നെന്ന് ഒന്നാം പ്രതി ജോമോൻ സമ്മതിച്ചിട്ടുണ്ട്. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണ്. കേസിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട നാലാമൻ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. അയാൾക്കെതിരെയും നടപടിയുണ്ടാവും. തട്ടിക്കൊണ്ടുപോയ വണ്ടിയിൽവെച്ചുതന്നെ ബിജു കൊല്ലപ്പെട്ടതായാണ് മനസിലാവുന്നതെന്നും പോലീസ് പറഞ്ഞു. അതേസമയം മാൻഹോളിൽനിന്ന് ബിജുവിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. 

കൊല്ലപ്പെട്ട ബിജു ജോസഫിനും പ്രതികളെന്ന് സംശയിക്കുന്നവരിൽ ഒരാളും തമ്മിൽ പങ്കാളികളായിരുന്നു. 'ദേവമാതാ' എന്ന എന്ന പേരിലുള്ള കാറ്ററിങ് സ്ഥാപനവും മൊബൈൽ മോർച്ചറിയും ഇവർ നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായി. കോടതിയിൽ കേസും നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.