തൊടുപുഴ (ഇടുക്കി): കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിന് മുൻപും ഭീഷണികളുണ്ടായിരുന്നെന്ന് സഹോദരൻ എം.ജെ. ജോസ്. മുഖ്യപ്രതിയായ ജോമോൻ ബിജുവിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബിജുവും ജോമോനും തമ്മിൽ സാമ്പത്തിക ഇടപാടുള്ളതായി അറിയില്ല. കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.

To advertise here,

വെളുപ്പിന് നടക്കാൻപോകുന്നയാളാണ് ബിജുവെന്ന് തങ്ങൾക്കറിയാമെന്നും പോകുന്ന വഴിക്ക് വണ്ടികൊണ്ട് ഒരു തട്ടുകൊടുക്കാൻ അറിയാമെന്നുമാണ് ബിജുവിന്റെ ഭാര്യക്ക് വന്ന ഭീഷണി കോളിലുണ്ടായിരുന്നതെന്ന് എം.ജെ. ജോസ് പറഞ്ഞു. ജോമോന് 60 ലക്ഷം രൂപ കൊടുക്കാനുണ്ട് എന്ന് പറയുന്നതിൽ വസ്തുതയില്ല. അതിനുള്ള സാധ്യതയുമില്ല. ഏറെക്കാലമായി കാറ്ററിങ് സ്ഥാപനം നടത്തുന്നയാളാണ് ജോമോൻ. ബിജുവിന് വർക്ക്ഷോപ്പുണ്ടായിരുന്നു. അവിടെവെച്ചാണ് രണ്ടുപേരും പരിചയപ്പെടുന്നത്. ആ പരിചയം കൂടുതൽ അടുപ്പത്തിലേക്ക് വളരുകയായിരുന്നെന്നും ജോസ് പറഞ്ഞു.

വർക്ക്ഷോപ്പ് നിർത്തിയ ശേഷം ജെസിബിയുടെ ജോലിക്കാണ് ബിജു പോയിരുന്നത്. ആ സമയത്ത് ഷു​ഗർ കലശലായി അസ്ഥി പൊടിയുന്ന അവസ്ഥയുണ്ടായിരുന്നു ബിജുവിന്. നടക്കാനുള്ള ബുദ്ധിമുട്ട് വന്നതോടെ ജെസിബിയും ടിപ്പറുമെല്ലാം വിറ്റു. ഇതിനുശേഷമാണ് ജീവിതമാർ​ഗം കണ്ടെത്താനായി ജോമോന്റെ കാറ്ററിങ് ബിസിനസിനൊപ്പം ചേർന്നത്. ജോമോനുമായി പിരിഞ്ഞതിനുശേഷം ഇരുവരും ശത്രുതയിലായി. ജോസിന്റെ വാക്കുകൾ.

കലയന്താനിയിലാണ് ജോമോൻ, ദേവമാതാ കാറ്ററിങ്‌ എന്ന സ്ഥാപനം നടത്തിയിരുന്നത്. ആദ്യ ഘട്ടത്തിൽ കുഴപ്പമില്ലാതെ പോയ രണ്ടുപേരുടേയും കച്ചവടത്തിൽ കുറച്ചുകഴിഞ്ഞപ്പോൾ പ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു. ഇതോടെ ഇരുവരും പിരിയാൻ തീരുമാനിച്ചു. എന്നാൽ, ജോമോന് അർഹമായ വാഹനങ്ങളോ വസ്തുക്കളോ പണമോ ബിജു നൽകിയില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഒന്നിലധികം പോലീസ് സ്റ്റേഷനുകളിൽ ഒത്തുതീർപ്പുണ്ടായെങ്കിലും വ്യവസ്ഥകൾ പാലിക്കാൻ ബിജു തയ്യാറായില്ലെന്നാണ് ജോമോന്റെ സുഹൃത്തുക്കൾ പറയുന്നത്.

ഇതിനിടെ ജോമോന്റെ കാറ്ററിങ് ബിസിനസ് നഷ്ടത്തിലായി. ഭാര്യയ്ക്ക് രോഗവും പിടിപെട്ടു. തുടർന്നാണ് ക്വട്ടേഷൻ കൊടുത്ത് പണം വാങ്ങാൻ ശ്രമിച്ചത്. എന്നാൽ, തട്ടിക്കൊണ്ടുപോകുന്നതിനിടെ ബഹളംവെച്ച ബിജുവിന്റെ കഴുത്തിലും മറ്റും ഗുണ്ടകൾ ചവിട്ടിപ്പിടിച്ചതോടെ കൊല്ലപ്പെടുകയായിരുന്നു.