
തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ കുഞ്ഞിനെ ഉപദ്രവിച്ച ആയ അജിത, മുൻപും അച്ചടക്കനടപടി നേരിട്ടിരുന്നു. കുട്ടിയെ കൈകൊണ്ട് അടിച്ചതിനാണ് വർഷങ്ങൾക്കു മുൻപ് ഇവർക്കെതിരേ നടപടിയെടുത്തത്. ഡ്യൂട്ടിയിൽനിന്ന് ദിവസങ്ങളോളം മാറ്റിനിർത്തി. ഉന്നത ഇടപെടലുണ്ടായതോടെ പിന്നീടു തിരിച്ചെടുക്കുകയായിരുന്നു.
രണ്ടു വർഷത്തിനിടെ 18 ആയമാരെയാണ് ശിശുക്ഷേമസമിതിയിൽനിന്നു പുറത്താക്കിയത്. കുട്ടികളോടും സഹപ്രവർത്തകരോടും സഭ്യമല്ലാതെ സംസാരിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിലായിരുന്നു നടപടി. രണ്ടര വയസ്സുകാരിക്ക് ഉപദ്രവമേറ്റ ദിവസങ്ങളിലും സമീപദിവസങ്ങളിലും കുട്ടിയെ പരിചരിച്ച ഏഴ് ആയമാരെയും പുറത്താക്കിയിരുന്നു.
ദത്തുനടപടികൾ ആരംഭിച്ച കുട്ടിയുടെ ബന്ധുക്കളെ സമിതിയിലെത്തിച്ചതിനും ഒരു ആയയെ പിരിച്ചുവിട്ടിരുന്നു. മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ സമിതിയിലെത്തിയ കുട്ടിയുടെ ആറാം പിറന്നാളാഘോഷം ആയ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ സമിതിയിലെത്തി കുട്ടിയിൽ അവകാശമുന്നയിച്ചു. തുടർന്നാണ് ആയയെ പിരിച്ചുവിട്ടത്.
പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി
രണ്ടര വയസ്സുകാരിയെ ഉപദ്രവിച്ചതിന് പോക്സോ കേസിൽ അറസ്റ്റിലായി ജയിലിൽക്കഴിയുന്ന ആയമാരെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മ്യൂസിയം പോലീസ് അപേക്ഷ നൽകി. അജിത, മഹേശ്വരി, സിന്ധു എന്നിവരെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ ശാസ്ത്രീയ തെളിവെടുപ്പു നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നഖംകൊണ്ട് മുറിവേല്പിച്ച പാടുകളാണുള്ളത്. ചോദ്യംചെയ്യാനായി പോലീസ് വിളിപ്പിച്ച ദിവസം, മൂന്ന് ആയമാരും നഖം മുറിച്ചശേഷമാണ് എത്തിയത്. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്ന് പോലീസ് പറയുന്നു.
ശിശുക്ഷേമസമിതിയിലെ ആയമാരുടെയും മറ്റു ജീവനക്കാരുടെയും മൊഴിയെടുപ്പ് പോലീസ് തുടരുകയാണ്. വിവിധ രേഖകളും പോലീസ് ശിശുക്ഷേമസമിതി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാർക്കെതിരേ മുൻകാലത്തുണ്ടായ പരാതികളും നടപടികളും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മാസം 21 മുതൽ 30 വരെ കുഞ്ഞിനെ നോക്കിയിരുന്നത്, അറസ്റ്റിലായ ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരാണ്. ഈ സമയത്താണ് കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിനെ ഉപദ്രവിച്ചത്. അജിത ജനനേന്ദ്രിയത്തിലും മറ്റു സ്വകാര്യഭാഗങ്ങളിലും ഉപദ്രവിച്ചെന്നും മറ്റു രണ്ടുപേർ സംഭവം മറച്ചുവെച്ചെന്നുമാണ് കേസ്.
Content Highlights: 2.5-year-old suffers abuse at Thiruvananthapuram`s Child Welfare Committee
Published: 06 Dec 2024, 07:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented