കട്ടപ്പന: ഒരു മോഷണശ്രമം. മോഷ്ടാവിനെ സ്ഥാപനം ഉടമയുടെ മകൻ കൈകാര്യംചെയ്തു. കൂട്ടാളി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. കേരളത്തെ ഞെട്ടിച്ച കാഞ്ചിയാർ ഇരട്ടക്കൊലപാതകക്കേസിന്റെ ചുരുളഴിയുന്നത് ഇവിടംമുതൽ. മോഷണത്തിന്റെ അന്വേഷണത്തിനിടെ കട്ടപ്പന പോലീസിന് തോന്നിയ സംശയം, തേഞ്ഞുമാഞ്ഞുപോകുമായിരുന്ന വലിയ കുറ്റകൃത്യങ്ങളാണ് പുറത്തെത്തിച്ചത്.

To advertise here,

കട്ടപ്പന സി.ഐ. എൻ.സുരേഷ് കുമാറിന്റെ അന്വേഷണ മികവാണ് കേസ് തെളിയാൻ കാരണമായത്. അന്വേഷണസംഘത്തിലെ മറ്റുള്ളവർക്കും അഭിമാനിക്കാം. ഏറെനാൾമുമ്പ് നടന്ന കുറ്റകൃത്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തുടക്കം വർക്ക് ഷോപ്പിൽനിന്ന്

പ്രതികളായ നിതീഷും വിഷ്ണുവും മാർച്ച് രണ്ടിന് പുലർച്ചെ കട്ടപ്പന സ്‌കൂൾ കവലയിലെ വർക്ക്‌ ഷോപ്പിൽ മോഷ്ടിക്കാൻ എത്തി. ആളില്ലെന്ന ധാരണയിൽ വിഷ്ണു സ്ഥാപനത്തിന് ഉള്ളിൽ കയറി. നിതീഷ് പുറത്ത് കാവൽനിന്നു. എന്നാൽ, മുൻപ് വർക്ക് ഷോപ്പിൽ മോഷണം നടന്നതിനാൽ ഉടമയുടെ മകൻ ഇവിടെ കാവൽ കിടപ്പുണ്ടായിരുന്നു. മോഷണം തടയാൻ ഇയാൾ വിഷ്ണുവിനെ ഇരുമ്പുവടി കൊണ്ട് കാലിന് അടിച്ചു. നിതീഷ് ഓടി രക്ഷപ്പെട്ടു.

പോലീസെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിതീഷിനെ കാഞ്ചിയാറിൽനിന്ന് പിടികൂടി. ഇവരുടെ മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്ന് പോലീസിന് മനസ്സിലായി. അതിനാൽ പ്രതികളുടെ പശ്ചാത്തലം ഉൾപ്പെടെ പോലീസ് അന്വേഷിച്ചു. കട്ടപ്പനയിലും കാഞ്ചിയാറിലുമായി ഇരുപത് മോഷണങ്ങൾ അടുത്തിടെ നടന്നിരുന്നു. അതിന് പിന്നിൽ ഇവരാണോയെന്ന് പോലീസ് സംശയിച്ചു.

പ്രതികളെ വീണ്ടും വിശദമായി ചോദ്യംചെയ്തപ്പോൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന ചില വിവരങ്ങൾ കിട്ടി. തുടർന്ന് പോലീസ് വിഷ്ണുവിന്റെ കക്കാട്ടുകടയിലെ വാടകവീട്ടിലെത്തി. അവിടെ വിഷ്ണുവിന്റെ അമ്മയും സഹോദരിയുമുണ്ടായിരുന്നു. ഇവരെ ചെറിയ മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.

placeholder
കട്ടപ്പന സി.ഐ. എൻ. സുരേഷ് കുമാർ

വിഷ്ണുവിന്റെ അച്ഛനെവിടെ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ബന്ധുക്കളോട് അന്വേഷിച്ചപ്പോൾ വിഷ്ണുവിന്റെ അച്ഛൻ വിജയനെ മാസങ്ങളായി കാണാനില്ലെന്ന് മനസ്സിലായി. വീട്ടിൽ മന്ത്രവാദത്തിനുള്ള സാധനങ്ങളുണ്ടായിരുന്നെന്നും കണ്ടെത്തി. നിധീഷിന്റെ നേതൃത്വത്തിൽ ദുർമന്ത്രവാദം നടത്താറുണ്ടെന്ന് പോലീസിന് മനസ്സിലായി.

വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുള്ള ബന്ധത്തിൽ ഒരു കുട്ടി പിറന്നെന്നും പോലീസിന് വിവരം കിട്ടി. ഈ കുട്ടിയേയും കാണാനില്ലായിരുന്നു. തുടർന്ന് വാടകവീടിന്റെ ഉടമയെ വിളിച്ചുവരുത്തി. ഇവരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, വീടിന്റെ തറ കുത്തിപ്പൊളിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്തതായി മനസ്സിലായി. ഇതോടെ ആരെയൊ കൊന്ന് ഇവിടെ കുഴിച്ചിട്ടു എന്ന സംശയമുണ്ടായി. മുൻപ് വിഷ്ണുവും കുടുംബവും വിറ്റ കട്ടപ്പന സാഗര ജങ്ഷന് സമീപമുള്ള വീട്ടിലെ തൊഴുത്തിലും എന്തോ കുഴിച്ചിട്ടെന്നും മനസ്സിലായി.

ഇതെല്ലാം മനസ്സിലാക്കിയിട്ട് വീണ്ടും ചോദ്യംചെയ്തപ്പോൾ നിതീഷ് കുറ്റം സമ്മതിച്ചു. 2016 ജൂലായിൽ തന്റെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നെന്നും 2023 ഓഗസ്റ്റിൽ വിജയനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നെന്നും ഇയാൾ മൊഴി നൽകി. ഞായറാഴ്ച വീടിന്റെ തറ തുരന്നപ്പോൾ വിജയന്റെ മൃതദേഹം കണ്ടെത്തിയതോടെ പോലീസിന്റെ സംശയം ശരിയാണെന്ന് തെളിഞ്ഞു.

മോഷണത്തിലൂടെ ചുരുളഴിഞ്ഞ ‘ദൃശ്യം’

സാഗര ജങ്ഷനിലും കാക്കാട്ടുകടയിലുമായി നടന്ന കൊലപാതകങ്ങൾ സിനിമയെ വെല്ലുന്നതാണ്. ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ‘ദൃശ്യം’ സിനിമയുമായി നല്ല സാമ്യം ഈ കുറ്റകൃത്യങ്ങൾക്കും തുടർന്നുള്ള സംഭവവികാസങ്ങൾക്കുമുണ്ട്.

കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളായ നിതീഷും വിഷ്ണുവും മൃതദേഹങ്ങൾ തൊഴുത്തിലും വീട്ടിലും കുഴിച്ചുമൂടിയത് ദൃശ്യം മോഡലിലാണ്. സിനിമയിൽ കൊല്ലപ്പെടുന്ന വരുൺ എന്ന കഥാപാത്രത്തെ, നായകനായ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രം കുഴിച്ചിടുന്നത് പോലീസ് സ്റ്റേഷനിലാണ്.

സിനിമയിലേതുപോലെ കട്ടപ്പനയിലും മൃതദേഹങ്ങൾ വർഷങ്ങളോളം കാണാമറയത്ത് കിടന്നു. നിതീഷും വിഷ്ണുവും മോഷണക്കേസിൽ പിടിയിലായപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

ഇതിൽ സാമ്യം ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം രണ്ടുമായിട്ടാണ്. സിനിമയിൽ കൊല്ലപ്പെടുന്ന വരുണിന്റെ മൃതദേഹം കണ്ടെടുക്കുന്നതിൽ ഒരു മോഷ്ടാവിന്റെ മൊഴിയാണ് നിർണായകമാകുന്നത്. മോഹൻലാലിന്റെ കഥാപാത്രം പോലീസ് സ്റ്റേഷന് ഉള്ളിൽനിന്ന് പുറത്തേക്ക് വരുന്നത് കണ്ട കള്ളന്റെ മൊഴിയിലാണ് പോലീസ് സ്റ്റേഷന്റെ തറപൊളിക്കുന്നതും വരുണിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതും.

റീലിലും റിയലിലും കൊലപാതകങ്ങൾ നടക്കുന്നത് ഇടുക്കി ജില്ലയിലാണെന്നുള്ളത് മറ്റൊരു സാമ്യം.

ജിത്തു ജോസഫിന്റെ മറ്റൊരു ചിത്രമായ ‘കൂമനു’മായിട്ടും കൊലപാതകങ്ങൾക്ക് സാമ്യമുണ്ട്. ആ സിനിമ ആഭിചാരവും അതിനെത്തുടർന്നുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുമാണ് പറയുന്നത്. കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ പ്രധാനപ്രതി നിതീഷ് ദുർമന്ത്രവാദിയാണ്. കൊല്ലപ്പെട്ട വിജയന്റെ വീട്ടിലായിരുന്നു അയാൾ പ്രധാനമായും മന്ത്രവാദം നടത്തിയിരുന്നത്.

പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു

പിഞ്ചുകുഞ്ഞിനെയും മുത്തച്ഛനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റെ (60) മൃതദേഹം കണ്ടെത്തിയെങ്കിലും കുഞ്ഞിന്റെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി, വിജയനും കുടുംബവും മുമ്പ് താമസിച്ചിരുന്ന സാഗര ജങ്ഷന് സമീപമുള്ള വീട്ടിലെ തൊഴുത്ത് കുഴിച്ച് രാത്രിവൈകിയും തിരച്ചിൽ തുടർന്നു.

കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ചാണ് വിജയന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും കേസിലെ പ്രധാനപ്രതിയുമായ പാറക്കടവ് പുത്തൻപുരയ്ക്കൽ നിതീഷിന്റെ (രാജേഷ്-31) സാന്നിധ്യത്തിലായിരുന്നു പരിശോധന. കൊല്ലാനുപയോഗിച്ചെന്ന് കരുതുന്ന ചുറ്റികയും ഇവിടെനിന്ന്‌ കണ്ടെത്തി.

placeholder
The cowshed where the infant was burried. Inside- Vijayan, Nitheesh, Vishnu
നവജാതശിശുവിനെ കൊന്നുകുഴിച്ചിട്ട കന്നുകാലിത്തൊഴുത്ത്. കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതികൾ മുൻപ് താമസിച്ചിരുന്ന വീടും കാണാം (ഇൻസൈറ്റിലുള്ളത്, കൊല്ലപ്പെട്ട വിജയൻ, പ്രതികളായ നിതീഷ്, വിഷ്ണു)

അച്ഛനെയും സഹോദരിയുടെ മകനെയും കൊന്നു എന്ന കേസിൽ വിജയന്റെ മകൻ വിഷ്ണു(29)വും പ്രതിയാണ്. വിജയന്റെ ഭാര്യ സുമ(57)യുടെപേരിലും കേസുണ്ട്. കുഞ്ഞിന്റെ കൊലപാതകത്തിൽ വിജയന് പങ്കുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു.

മൃതദേഹം മൂന്നായി ഒടിച്ചുമടക്കി കാർഡ്ബോഡിൽ പൊതിഞ്ഞ് ഇൻസുലേഷൻ ടേപ്പുകൊണ്ട് ഒട്ടിച്ചനിലയിലായിരുന്നു. അഞ്ചടി താഴ്ചയിൽ കിടന്ന മൃതദേഹം 90 ശതമാനവും ദ്രവിച്ചു. പാന്റ്സും ഷർട്ടും ബെൽറ്റുമുണ്ടായിരുന്നു. തലയോട്ടി വേർപെട്ടുപോയി.

ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈ.എസ്.പി. പി.ബി. ബേബി എന്നിവരുടെ സാന്നിധ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ തോമസ്, അസി. സർജൻ ജോമോൻ ജേക്കബ് എന്നിവർ മൃതദേഹം പരിശോധിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുഞ്ഞിനെ കൊന്നത് ദുരഭിമാനത്തിന്റെപേരിൽ

2016 ജൂലായിലാണ് ആദ്യകൊലപാതകം നടന്നത്. നിതീഷിന്, വിജയന്റെ മകളിലുണ്ടായ ആൺകുട്ടിയെ ജനിച്ച് ഏതാനും ദിവസങ്ങൾക്കകം കൊന്നു എന്നാണ് കേസ്. വിവാഹംകഴിക്കാതെ കുഞ്ഞുണ്ടായതിനാൽ ദുരഭിമാനത്തിന്റെപേരിലാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. നിതീഷാണ് കുഞ്ഞിനെ തുണി മുഖത്തുകെട്ടി ശ്വാസംമുട്ടിച്ച് കൊന്നതെന്നും കുഞ്ഞിന്റെ കാലിലും കൈയിലും പിടിച്ചത് വിജയനും മകൻ വിഷ്ണുവുമായിരുന്നുവെന്നും കേസിൽ പറയുന്നു. കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീട്ടിൽ കുഴിച്ചിട്ടുവെന്നാണ് നിതീഷിന്റെ മൊഴി.

പിന്നീട് ഈ വീട് ഒരുകോടിയോളം രൂപയ്ക്ക് വിറ്റു. ഈ പണത്തിന്റെ വലിയൊരുപങ്ക് മന്ത്രവാദിയായ നിതീഷ്, പൂജാകർമങ്ങൾക്ക് എന്നപേരിൽ വാങ്ങിയിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് വിജയന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 2023 ഓഗസ്റ്റിലാണിത് നടന്നത്. വിജയനെ ഷർട്ടിന്റെ കോളറിൽ പിടിച്ച് താഴെയിട്ടതിനുശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. രണ്ടുദിവസത്തിനുശേഷമാണ് മൃതദേഹം വീടിന്റെ തറതുരന്ന് കുഴിച്ചിട്ടത്. മൃതദേഹം കുഴിച്ചിടാൻ സുമയും വിഷ്ണുവും കൂട്ടുനിന്നെന്നും നിതീഷ് മൊഴിനൽകിയിട്ടുണ്ട്. മാർച്ച് രണ്ടിന് കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് നിതീഷും വിഷ്ണുവും പോലീസ് പിടിയിലായത്. ഇവരെ ചോദ്യംചെയ്ത കട്ടപ്പന സി.ഐ. എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.